Tuesday, July 16, 2019 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 07.34 AM

അഗ്നിബാധയില്‍ യേശുവിന്റെ മുള്‍ക്കിരീടത്തിനു കേടുപാടില്ല ; നോത്രെ ദാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ ശതകോടീശ്വരന്‍മാര്‍; രക്ഷാദൗത്യത്തില്‍ ഫയര്‍ എന്‍ജിനുകളും ആളില്ലാവിമാനങ്ങളും

uploads/news/2019/04/302157/nothredam-cathedral.jpg

പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് അഗ്നിക്കിരയായ നോത്രെ ദാം കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്ത് ശതകോടീശ്വരന്‍മാര്‍ രംഗത്ത്. തിങ്കളാഴ്ച രാത്രിയാണു പുരാതനവും ചരിത്രസ്മാരകവുമായ കത്തീഡ്രലിന്റെ ഗോപുരങ്ങളും മേല്‍ക്കൂരയും കത്തിനശിച്ചത്. കത്തീഡ്രല്‍ പഴയ പ്രൗഢിയോടെ പുനര്‍നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു സഹായ വാഗ്ദാന പ്രവാഹം.

ഫ്രഞ്ച് കോടീശ്വരന്‍മാരായ ബെര്‍നാഡ് ആര്‍നോള്‍ട്ട് (20 കോടി യൂറോ), ഫ്രാങ്കോയിസ് പിനാള്‍ട്ട് (10 കോടി യൂറോ) എന്നിവരാണു കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് ആദ്യം സഹായവാഗ്ദാനം ചെയ്തത്. പാരീസ് നഗരസഭ അഞ്ചുകോടി യൂറോ സംഭാവന ചെയ്യുമെന്നു മേയര്‍ ആന്‍ ഹിഡാല്‍ഗോ അറിയിച്ചു. ശില്‍പകലയുടെ ഉദാത്തമാതൃകയായ കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ രാജ്യാന്തരസംരംഭകരുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് സഹായം ലഭ്യമാക്കുമെന്നും മേയര്‍ വ്യക്തമാക്കി. മേല്‍ക്കൂരനിര്‍മാണത്തിനായി മുന്തിയ ഇനം ഓക്ക് മരയുരുപ്പടികള്‍ നല്‍കാന്‍ തയാറാണെന്നു തടിവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ലോയിസ് ഗ്രൂപ്പ് മേധാവി സില്‍വെയ്ന്‍ ചാര്‍ലോയിസ് അറിയിച്ചു.

ധനസമാഹരണത്തിനായി വിവിധ വെബ്‌െസെറ്റുകള്‍ കേന്ദ്രീകരിച്ചും പ്രചാരണം ശക്തമാക്കി. 850 വര്‍ഷം പഴക്കമുള്ള കത്തീഡ്രലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അഗ്നിബാധ. 12-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരങ്ങളും നിലംപൊത്തിയെങ്കിലും ക്രൂശീകരണവേളയില്‍ യേശു ക്രിസ്തു ധരിച്ചതെന്നു കരുതുന്ന വിശുദ്ധ മുള്‍ക്കിരീടം, 13-ാം നൂറ്റാണ്ടിലെ ലൂയിസ് രാജാവിന്റെ മേലങ്കി, ഒട്ടേറെ അമൂല്യകലാരൂപങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ കഴിഞ്ഞു. ഇവ പാരിസ് ടൗണ്‍ ഹാളിലേക്കു മാറ്റി.ചുവരുകള്‍ക്കും മണിഗോപുരങ്ങള്‍ക്കും പ്രസിദ്ധമായ ചുറ്റു ഗ്ലാസ് ജനാലകള്‍ക്കും തകരാറില്ല. എന്നാല്‍, നിരവധി അപൂര്‍വ ചിത്രങ്ങളും കലാരൂപങ്ങളും അഗ്നിക്കിരയായി.

അഗ്നിബാധ അണയ്ക്കാനുള്ള രക്ഷാദൗത്യത്തില്‍ ഒട്ടേറെ ഫയര്‍ എന്‍ജിനുകളും ആളില്ലാവിമാനങ്ങളും ഉപയോഗപ്പെടുത്തി. കത്തീഡ്രലിനുള്ളില്‍ പ്രവേശിക്കാന്‍ റോബോട്ടിന്റെ സഹായവും തേടി. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച, ''ജലബോംബ്'' വിമാനങ്ങളുടെ ഉപയോഗം മേല്‍ക്കൂരയിലെ തീ നിയന്ത്രണാതീതമായതിനാല്‍ വേണ്ടെന്നുവച്ചു. തീ അതിവേഗം പടരുകയായിരുന്നെന്നു പാരിസ് ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗറി പറഞ്ഞു. പ്രതിദിനം ഏകദേശം 35,000 പേരും പ്രതിവര്‍ഷം 130 ലക്ഷം പേരും സന്ദര്‍ശിക്കുന്ന കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ സാമ്പത്തികസഹായത്തിനു പുറമേ, വിദഗ്ധശില്‍പ്പികളുടെ സേവനവും അപൂര്‍വസാമഗ്രികളും ആവശ്യമുണ്ട്. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ദശാബ്ദങ്ങള്‍തന്നെ എടുത്തേക്കാമെന്നും ആയിരക്കണക്കിനു ക്യുബിക് മീറ്റര്‍ തടി വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1991-ല്‍ ലോകെപെതൃകകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കത്തീഡ്രല്‍ പുനര്‍നിര്‍മിക്കാന്‍ ഫ്രാന്‍സിന് എല്ലാ സഹായവും നല്‍കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരികവിഭാഗമായ ''യുനെസ്‌കോ'' പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ നോത്രെ ദാം കത്തീഡ്രലിനുണ്ടായ നഷ്ടം വിലയിരുത്താന്‍ യുനെസ്‌കോ ഉടന്‍ വിദഗ്ധസംഘത്തെ അയയ്ക്കും. സംഭവത്തില്‍ ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് നടുക്കം രേഖപ്പെടുത്തി. അഗ്നിബാധയില്‍ വത്തിക്കാനും അഗാധദുഃഖം രേഖപ്പെടുത്തി. തീ പടര്‍ന്നത് എങ്ങനെയെന്ന് അന്വേഷണമാരംഭിച്ചു.

നവീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെയും മറ്റും മൊഴിയെടുത്തു. 15 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമായത്. നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പ്രാഥമികനിഗമനം. 12-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിക്കപ്പെട്ട നോത്രെ ദാം കത്തീഡ്രല്‍ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്.

18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവസമയത്ത് കത്തീഡ്രല്‍ കൊള്ളയടിക്കപ്പെട്ടു. ഒട്ടേറെ നാശനഷ്ടങ്ങളുമുണ്ടായി. 1831-ല്‍ വിക്ടര്‍ ഹ്യൂഗോയുടെ ''നോത്രെ ദാമിലെ കൂനന്‍'' എന്ന നോവലിലൂടെ നോത്രെ ദാം ലോകപ്രശസ്തമായി. രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ജര്‍മന്‍ അധിനിവേശത്തില്‍നിന്നു പാരിസ് മോചിതമായപ്പോള്‍ നോത്രെ ദാം കത്തീഡ്രലില്‍ മണി മുഴക്കിയാണു വിവരം ജനങ്ങളെ അറിയിച്ചത്. നോത്രെ ദാം കത്തീഡ്രല്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അടയാളമാണെന്നു ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.

Ads by Google
Wednesday 17 Apr 2019 07.34 AM
Ads by Google
Loading...
LATEST NEWS
TRENDING NOW