Saturday, July 06, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
വിനോദ്‌ കണ്ണോളി
Wednesday 17 Apr 2019 02.11 AM

ആരാകും ഇടുക്കി ഗോള്‍ഡ്‌

uploads/news/2019/04/302149/Idkcandaelecti170419.jpg

കസ്‌തൂരിരംഗന്‍ എന്ന പരീക്ഷണശാലയില്‍ നിന്ന്‌ വികസനവും പ്രളയാനന്തര കര്‍ഷക പ്രശ്‌നങ്ങളുമാണ്‌ ഇന്നു ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ചൂടേറിയ ചര്‍ച്ച. കസ്‌തൂരി രംഗനിലെ നിലപാടുകള്‍, വികസനം, പട്ടയം, കര്‍ഷക ആത്മഹത്യ തുടങ്ങി യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ തര്‍ക്കം വരെ സജീവം.

ഇടതുസ്വതന്ത്രനായി ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പിന്തുണയുള്ള സിറ്റിങ്‌ എം.പി. അഡ്വ. ജോയ്‌സ്‌ ജോര്‍ജും കോണ്‍ഗ്രസിനായി യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷന്‍ കൂടിയായ അഡ്വ. ഡീന്‍ കുര്യാക്കോസും വീണ്ടും നേരിട്ട്‌ ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതം.
എന്‍.ഡി.എയ്‌ക്കുവേണ്ടി ബി.ഡി.ജെ.എസിലെ ബിജു കൃഷ്‌ണനാണ്‌ അങ്കത്തട്ടിലുള്ളത്‌.

രാഷ്‌ട്രീയ ചരിത്രവും വോട്ടു കണക്കുകളുമൊക്കെ പരിശോധിച്ചാല്‍ യു.ഡി.എഫ്‌ അനുകൂല മണ്ഡലം. കഴിഞ്ഞ 11 തെരഞ്ഞെടുപ്പുകളില്‍ ഏഴുതവണയും യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു തെരഞ്ഞെടുപ്പില്‍ മൂന്നിലും ഇടതിനൊപ്പമെന്നത്‌ ചരിത്രം.

പശ്‌ചിമഘട്ട വിവാദവും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കുന്തമുന. ഇതില്‍ യു.ഡി.എഫ്‌ കോട്ട തകര്‍ന്നു. അന്ന്‌ ഡീന്‍ കുര്യാക്കോസിനെ 50,438 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തി ഇടതുസ്വതന്ത്രനായി മത്സരിച്ച ജോയ്‌സ്‌ ജോര്‍ജ്‌ വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ഇതിന്റെ അലയൊലികള്‍ ഉണ്ടെങ്കിലും ഇത്തവണ വികസനവും മറ്റു വിഷയങ്ങളുമാണ്‌ മുഖ്യ ചര്‍ച്ച.

കസ്‌തൂരി രംഗനിലെ പൊള്ളത്തരം യു.ഡി.എഫ്‌ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ക്കാണ്‌ എല്‍.ഡി.എഫ്‌. വോട്ട്‌ ചോദിക്കുന്നത്‌. കഴിഞ്ഞ തവണത്തെപ്പോലെ ഹൈറേഞ്ച്‌ സംരക്ഷണ സമിതി പുറമേ അത്ര ശക്‌തമല്ല.

ക്രൈസ്‌തവ സഭയും നിഷ്‌പക്ഷ നിലപാടില്‍ത്തന്നെ. രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതും യു.ഡി.എഫിന്‌ വളക്കൂറുള്ള മണ്ണായതുമാണ്‌ ഡീന്‍ കുര്യാക്കോസിന്റെ പ്രതീക്ഷ. ജില്ലയിലെ കര്‍ഷക ആത്മഹത്യയും പ്രളയാനന്തര പ്രവര്‍ത്തനത്തിലെ വീഴ്‌ച്ചയും യു.ഡി.എഫ്‌. ഉയര്‍ത്തിക്കാട്ടുന്നു.

യുവ നേതാവെന്ന സ്വീകാര്യതയും കേന്ദ്ര ഭരണത്തോടുള്ള അതൃപ്‌തിയും തനിക്ക്‌ വോട്ടായി മാറുമെന്നാണ്‌ ഡീനിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനം, പാര്‍ലമെന്റിലെ മികച്ച പ്രകടനം എന്നിവ തുണയ്‌ക്കുമെന്നാണ്‌ ജോയ്‌സ്‌ ജോര്‍ജിന്റെ പ്രതീക്ഷ. 4500 കോടിയുടെ വികസനം മണ്ഡലത്തില്‍ എത്തിച്ചുവെന്നാണ്‌ എല്‍.ഡി.എഫ്‌. പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്നത്‌.

ഇതോടൊപ്പം സംസ്‌ഥാന ബജറ്റില്‍ ജില്ലയ്‌ക്ക്‌ അനുവദിച്ചിട്ടുള്ള 5000 കോടിയുടെ പാക്കേജും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്‌ഞാപനം ഇറങ്ങിയില്ലെങ്കിലും കര്‍ഷകര്‍ക്കു ദോഷകരമായ വസ്‌തുതകള്‍ ഒഴിവാക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്താനായെന്നും ഇവര്‍ അവകാശപ്പെടുന്നു. സമിതി ഇത്തവണയും കരുത്തുകാട്ടുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.

മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ ബി.ഡി.ജെ.എസിലെ ബിജു കൃഷ്‌ണനാണ്‌ എന്‍.ഡി.എയുടെ തേരു തെളിക്കുന്നത്‌. ശബരിമല യുവതിപ്രവേശനത്തില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സ്വീകരിച്ച്‌ നിലപാടുതന്നെയാണ്‌ ഇവരുടെ തുറുപ്പുചീട്ട്‌.

മണ്ഡലത്തില്‍ അനുവദിച്ച കേന്ദ്രഫണ്ടും ബി.ജെ.പി ഭരണത്തിന്റെ നേട്ടമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്‌. നടത്തിയ മികച്ച പ്രകടനവും തങ്ങള്‍ക്ക്‌ ഗുണകരമാകുമെന്നാണ്‌ ഇവരുടെ അവകാശവാദം.

1977 ലാണ്‌ ഇടുക്കി മണ്ഡലം രൂപീകൃതമായത്‌. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളാണ്‌ ഉള്‍പ്പെടുന്നത്‌.

കഴിഞ്ഞ തവണ ലോറേഞ്ചിലെ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ യു.ഡി.എഫിന്‌ ഒപ്പമായിരുന്നു. ഇടുക്കിയും ഉടുമ്പഞ്ചോലയും വലിയ ഭൂരിപക്ഷം ഇടതിന്‌ നല്‍കിയപ്പോള്‍ പീരുമേടും ദേവികുളവും ഒപ്പം നിന്നു. ഇത്തവണ തൊടുപുഴ അടക്കമുള്ള ലോറേഞ്ചിലാണ്‌ യു.ഡി.എഫിന്റെ കണ്ണ്‌. ഇടുക്കി അടക്കമുള്ള ഹൈറേഞ്ചില്‍ പിടിച്ചു കയറാമെന്നും കണക്കുകൂട്ടുന്നു. എന്നാല്‍ ഹൈറേഞ്ചിന്റെ മണ്ണില്‍ ആശങ്കയില്ലെന്നാണ്‌ ഇടതു വാദം.

യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ തര്‍ക്കം കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ വോട്ടുകളെ സ്വാധീനിച്ചേക്കാമെന്നും ഇവര്‍ കരുതുന്നു. തൊടുപുഴയിലേയും ഇടുക്കിയിലേയും ഉടുഞ്ചോലയിലേയും ഭൂരിപക്ഷം വിധി നിര്‍ണയിക്കുമെന്നതില്‍ തര്‍ക്കമില്ല.

ശബരിമല വിഷയം എങ്ങനെ വോട്ടിനെ സ്വാധീനിക്കുമെന്നത്‌ ഇരുകൂട്ടരുടേയും നെഞ്ചിടിപ്പേറ്റുന്നു.ബി.എസ്‌.പിയുടെ ലിതേഷ്‌ പി.ടി, വിടുതലൈ ചിരു തൈകള്‍ കക്ഷിയുടെ എം.സെല്‍വരാജ്‌, സ്വതന്ത്രരായി ഗോമതി, കെ.എ. ബേബി, റെജി ഞള്ളാനി എന്നിവരും ഇടുക്കിയില്‍ മത്സരരംഗത്തുണ്ട്‌.

Ads by Google
Ads by Google
Loading...
TRENDING NOW