Friday, June 21, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 11.45 AM

കഴിഞ്ഞതൊക്കെ വിധിയാണ്; ദൈവത്തോട് നന്ദി പറഞ്ഞ് മനോജ്.കെ.ജയന്‍

''വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് അഭിനയ ജീവിതത്തില്‍ 31 വര്‍ഷങ്ങള്‍ പിന്നിടുന്ന മനോജ് കെ. ജയന്‍ ഭാര്യ ആശയോടൊപ്പം വിഷു വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നു. ''
uploads/news/2019/04/301955/manojkjayanINW160419a.jpg

ഒരു നടന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാവുന്നത് അഭിനയ മികവും ലാളിത്യവും കൊണ്ടാണ്. മനോജ് കെ. ജയന്‍ അത്തരത്തിലൊരാളെന്ന് പറയാതെവയ്യ.

ഏതു കഥാപാത്രവും പൂര്‍ണ്ണതയോടെ അവതരിപ്പിക്കാനുള്ള മികവ് ഈ കൈകളില്‍ ഭദ്രം. അതുപോലെ തന്നെ മിനുക്കിയെടുത്ത ജീവിതമാണ് അദ്ദേഹത്തിന്റേത്. ഭാര്യ ആശ ആ ജീവിതത്തിന്റെ സൗന്ദര്യമാണെന്ന് അവരുടെ ബന്ധവും അതിന്റെ ഇഴയടുപ്പമുള്ള കെട്ടുറപ്പും നമുക്ക് കാട്ടിത്തരുന്നു.

തന്റെ സൗന്ദര്യമുള്ള ജീവിതത്തെക്കുറിച്ചും സിനിമ തന്ന സൗഭാഗ്യത്തെക്കുറിച്ചും വിഷുക്കാല ഓര്‍മ്മകളെക്കുറി
ച്ചും മനോജ് കെ. ജയന്‍...

ഓര്‍മ്മയിലെ വിഷുക്കാലം?


വിഷുവിനുവേണ്ടി കാത്തിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. സിനിമയോട് അടങ്ങാത്ത ഭ്രമമുള്ള ആ കാലത്ത് സിനിമ കാണാനുള്ള പണം കിട്ടുന്ന സമയമാണ് വിഷു. കൈനീട്ടം കൊണ്ട് കോട്ടയത്തെ അനുപമ, ആശ, അനശ്വര തിയേറ്ററുകളിലൊക്കെ പോയി സിനിമകള്‍ കണ്ടതും വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കൊപ്പം വിഷു ആഘോഷിച്ചതുമൊക്കെ രസമുള്ള ഓര്‍മ്മകളാണ്. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള കൊന്നപ്പൂവിനും മേടമാസത്തെ വെയിലിനുമൊക്കെ ഒരു പ്രത്യേക ഭംഗിയാണ്. അമ്മ കണിയൊരുക്കി കണ്ണുപൊത്തി ഞങ്ങളെ കണികാണിച്ചതൊക്കെ നല്ല ഓര്‍മ്മകളാണ്.

അമ്മയുടെ മരണത്തോടെ കണികാണുന്ന പതിവ് അവസാനിക്കുമെന്ന് കരുതിയെങ്കിലും ആശ ജീവിതത്തിലേക്ക് കടന്നുവന്നശേഷം ആ പതിവ് തുടര്‍ന്നുപോരുന്നു. വിഷുവിന് തലേദിവസമേ കണി കാണാനുള്ളതെല്ലാം ഒരുക്കി വച്ച്, പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് എന്നേയും മക്കളേയും അച്ഛനേയുമൊക്കെ കണികാണിക്കും.

സിനിമയില്‍ വന്നശേഷം വിഷുവിനൊരു സിനിമ റിലീസ് ചെയ്യുന്നതും നന്നായി ഓടുന്നതുമൊക്കെ സന്തോഷമാണ്. ഒരു വിഷുക്കാലത്താണ് സര്‍ഗം റിലീസ് ചെയ്തത്. ആ വിഷു വളരെ സ്പെഷ്യലാണ്. എന്റെ അഭിനയ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് സമ്മാനിച്ച ആ ചിത്രം ഹരിഹരന്‍ സാര്‍ തന്ന കൈനീട്ടമായിരുന്നു. പിന്നീട് വിഷുക്കാലത്ത് പല സിനിമകളും റിലീസ് ചെയ്തു. വിഷുവിന് ഒരു ചിത്രം എന്നത് ഏതൊരു നടന്റേയും സ്വപ്നമാണ്.

കാരണം പുതിയൊരു വര്‍ഷം തുടങ്ങുന്ന, വിളവെടുപ്പിന്റെ ഉത്സവമായ വിഷുവിന് ഒരു ചിത്രം റിലീസ് ചെയ്യുന്നത് സന്തോഷമുള്ള കാര്യമല്ലേ?
പഴശിരാജ ഇറങ്ങിയ വിഷുക്കാലത്ത് ഞാന്‍ അമേരിക്കയില്‍ ഒരു സ്‌റ്റേജ് പ്രോഗ്രാം ചെയ്യുകയായിരുന്നു. വിഷുവായിട്ട് കണിയും കൈനീട്ടവുമൊക്കെ മുടങ്ങുമല്ലോ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് സ്‌പോണ്‍സറായ താരാ ആര്‍ട്സ് വിജയേട്ടന്‍ വിഷുക്കൈനീട്ടവുമായി എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഗുരുവായൂരപ്പനെയാണ് കണികണ്ടത്. പുലര്‍ച്ചെ മൂന്നുമണിക്ക് നടതുറന്നപ്പോള്‍ കണ്ണനെ കണികണ്ട്, മേല്‍ശാന്തിയുടെ കൈയില്‍നിന്ന് കൈനീട്ടമൊക്കെ വാങ്ങി. സാധാരണ അച്ഛന്റെ കൈയില്‍ നിന്ന് കൈനീട്ടം വാങ്ങുകയും ആശയ്ക്കും മക്കള്‍ക്കുമൊക്കെ കൈനീട്ടം നല്‍കുന്നതുമാണ് പതിവ്. കഴിഞ്ഞ വര്‍ഷം ആശയും കുട്ടികളും ലണ്ടനിലായിരുന്നു.

അവിടെ ഒരു വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കുറച്ചുനാള്‍ അവര്‍ക്കവിടെ തങ്ങേണ്ടി വന്നു. ഇടയ്ക്ക് ഞാനുമവിടേയ്ക്ക് പോകുമായിരുന്നു. ആ സമയത്താണ് മനോജ് കെ. ജയന്‍ രണ്ടാമതും വിവാഹമോചിതനായെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്. പലരുമത് വിശ്വസിച്ചു. ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നവരോട് സഹതാപം മാത്രമാണുള്ളത്. ബാക്കി പറഞ്ഞത് ആശയാണ്, വാര്‍ത്ത കേട്ടപ്പോള്‍ പലരും വിളിച്ചന്വേഷിച്ചു, ദൈവാനുഗ്രഹംകൊണ്ട് എല്ലാം നന്നായി പോകുന്നു. ഈ വര്‍ഷവും എല്ലാവര്‍ക്കുമൊപ്പം വിഷു ആഘോഷിക്കണം..

uploads/news/2019/04/301955/manojkjayanINW160419.jpg

പെണ്‍കുട്ടികള്‍ അച്ഛന്‍ കുട്ടികളും ആ ണ്‍മക്കള്‍ അമ്മക്കുട്ടികളുമാണെന്നാണ് പൊതുവേ പറയുന്നത്. കുഞ്ഞാറ്റയും അ മൃതും അങ്ങനെയാണോ?


കുഞ്ഞാറ്റ അച്ഛന്‍കുട്ടിയാണ്, മോനുണ്ടായപ്പോള്‍ ഞാനോര്‍ത്തത് അവന്‍ അമ്മക്കുട്ടിയാകുമെന്നാണ്. അമൃതിന് അച്ഛനോടാണ് കൂടുതല്‍ ഇന്റിമസിയെന്ന് ആശ. അച്ഛനാകണമെന്നാണ് മോന്‍ പറയുന്നത്. അനിയേട്ടന്‍ ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ ഏട്ടന്റെ ഡ്രസും കെട്ടിപ്പിടിച്ചാണ് അവന്റെ ഉറക്കംപോലും. ഞാനാണെങ്കില്‍ പഠിക്കാന്‍ പറഞ്ഞ് പുറകെ നടക്കും, അച്ഛനാണെങ്കില്‍ എപ്പോഴും സ്നേഹത്തോടെയേ പെരുമാറൂ..

എന്നുകരുതി എന്നെ അത്യാവശ്യം പേടിയൊക്കെ ഉണ്ടട്ടോ,, എന്നായി മനോജ്. മുമ്പ് പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ അടുത്തുവരുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ കാണുമ്പോള്‍ അവന്‍ കരഞ്ഞ് ബഹളമുണ്ടാക്കും. ഇപ്പോഴങ്ങനെ പ്രശ്നമൊന്നുമില്ല. എങ്കിലും ഭയങ്കര കുറുമ്പനാണവന്‍.

സംഗീത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ്. ആ സൗഭാഗ്യത്തെക്കുറിച്ച്?


ദക്ഷിണേന്ത്യ മുഴുവന്‍ സംഗീത കച്ചേരികളുമായി ഏറ്റവും തിരക്കുള്ള കര്‍ണ്ണാടക സംഗീതഞ്ജരായിരുന്നു അച്ഛനും കൊച്ചച്ചനും. കുട്ടിക്കാലത്ത് അച്ഛനെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. അമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്. അമ്മ വി.കെ സരോജിനി സ്‌കൂള്‍ ടീച്ചറായിരുന്നു. മൂന്നോ നാലോ മാസം കൂടുമ്പോഴൊക്കെയാണ് അച്ഛന്‍ വീട്ടില്‍ വരുന്നത്. വരുമ്പോള്‍ ഉത്സവത്തിന്റെ പ്രതീതിയാണ്.

ഞാനും ചേട്ടനും അമ്മക്കുട്ടികളായിരുന്നു. ചേട്ടന്‍ ബിജു കെ. ജയന്‍, ചേട്ടന്റെ ഭാര്യ പ്രിയ. രണ്ട് മക്കളാണവര്‍ക്ക്. മകന്‍ അദ്വൈദ്, മകള്‍ അഭിരാമി. ചേട്ടന്‍ ആര്‍.എല്‍.വി മ്യൂസിക് കോളജില്‍ സംഗീതം പഠിച്ചിരുന്നു. ഞാനാകട്ടെ സംഗീതം പഠിച്ചിട്ടുമില്ല.

പലരും വിചാരിച്ചിരിക്കുന്നത് ഞാന്‍ സംഗീതം പഠിച്ചിട്ടുണ്ടെന്നാണ്, ഞാനത് തിരുത്താറുണ്ട്. അച്ഛനും കൊച്ചച്ചനുമൊന്നും സംഗീതം പഠിപ്പിക്കാന്‍ സമയമുണ്ടായിരുന്നില്ല. സംഗീതം പഠിക്കാത്തതില്‍ ഇപ്പോള്‍ ചെറിയ വിഷമമൊക്കെ തോന്നാറുണ്ട്.

തൊണ്ണൂറുകളില്‍ തുടങ്ങി ഇന്നുവരെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തേടിയെത്തിയിട്ടുണ്ട്?


30 വര്‍ഷത്തോളം സിനിമയിലിങ്ങനെ സജീവമായി നില്‍ക്കാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല. നല്ലൊരു നടനായി അറിയപ്പെടണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചപ്പോള്‍ അഭിനയിച്ചു എന്നല്ലാതെ സൂപ്പര്‍സ്റ്റാറായി സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.

സിനിമയിലെത്തിയിട്ട് 31 വര്‍ഷമാകുന്നു. ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ തൃപ്തനാണ്. ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളാണ് അടുത്തിടെ റിലീസ് ചെയ്തത്. തൊട്ടപ്പന്‍, തിയേറ്റര്‍, കെ.കെ രാജീവിന്റെ ചിത്രം എന്നീ സിനിമകളാണിനി റിലീസ് ചെയ്യാനുള്ളത്. മമ്മൂക്ക നായകനായ രമേശ് പിഷാരടി ചിത്രത്തിന്റെ ഷൂട്ട് ഉടനെ ആരംഭിക്കും.

uploads/news/2019/04/301955/manojkjayanINW160419b.jpg

ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ നായകനായും പ്രതിനായകനായും സഹനടനായുമൊക്കെ വ്യത്യസ്തമായ വേഷങ്ങളില്‍ അഭിനയിച്ചു?


അഭിനേതാവെന്ന നിലയില്‍ ഞാനൊരു വൈറ്റ് ബ്ലാങ്ക് പേപ്പറാണ്. അതിലേക്ക് സംവിധായകര്‍ പറഞ്ഞു തന്ന് എന്തെഴുതുന്നോ അതാണെന്റെ ക്യാരക്ടര്‍. ഒരു കഥാപാത്രം കിട്ടിയാല്‍ അത് പെര്‍ഫോം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നത് വലിയൊരു ചുമതലയാണ്.

അനന്തഭദ്രത്തിലെ ദിംഗംബരന്‍ ഈ സമൂഹത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരാളാണ്, പെര്‍ഫോമന്‍സുകൊണ്ടുമാത്രമാണ് ആ കഥാപാത്രം പിടിച്ചു നിന്നത്. പഴശിരാജയില്‍ സുരേഷ് കൃഷ്ണ ചെയ്ത കൈതേരി അമ്പുവിന്റെ റോളിലേക്കാണ് എന്നെ ആദ്യം വിളിച്ചത്. തലയ്ക്കല്‍ ചന്തുവായി അഭിനയിക്കാനിരുന്ന നടന് വരാന്‍ സാധിക്കാതെ വന്നപ്പോള്‍ ഹരിഹരന്‍ സാര്‍ എന്നോടാ വേഷം ചെയ്യാന്‍ ആവശ്യപ്പെട്ടു.

കൈതേരി അമ്പുവായി അഭിനയിക്കാന്‍ കുതിരസവാരി പഠിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കഥാപാത്രത്തിനായി മാനസികമായി തയാറെടുക്കുമ്പോഴാണ് തലയ്ക്കല്‍ ചന്തുവിന്റെ വേഷം തേടിയെത്തുന്നത്. ചരിത്രത്താളുകളില്‍ എഴുതപ്പെട്ട പോരാളിയാണ് ചന്തു, ചന്തുവിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്. വിഖ്യാത സംവിധായകനായ ഹരിഹരന്‍ സാറിന് കൈതേരി അമ്പുവില്‍ നിന്ന് തലയ്ക്കല്‍ ചന്തുഎന്ന കഥാപാത്രത്തിലേക്ക് എന്നെ മാറ്റാന്‍ കഴിഞ്ഞു. മനോജ് കെ. ജയന് ഈ വേഷമേ ചേരൂൂ എന്നൊരു ചിന്ത സാറിന്റെ മനസില്‍ തോന്നിയില്ല എന്നതാണ് നടനെന്ന നിലയില്‍ എന്റെ വിജയം.

മറ്റ് ചില സംവിധായകര്‍ക്കും ആ ഇമേജില്ലായ്മ തോന്നിയിട്ടുണ്ട്. സീനിയേഴ്സിലെ കോളജ് വിദ്യാര്‍ത്ഥിയും മൂന്നാമത്തെ സംസ്ഥാന അവാര്‍ഡ് നേടിത്തന്ന കളിയച്ഛനിലെ കഥകളി നടനുമൊക്കെ അങ്ങനെ ഉണ്ടായ കഥാപാത്രങ്ങളാണ്.

ഒരു യുവനടന്റെ ഊര്‍ജ്ജസ്വലതയോടെ സിനിമയില്‍ സജീവമായി നില്‍ക്കുന്നതിന് പിന്നിലുള്ള രഹസ്യമെന്താണ്?


ആ രഹസ്യമാണ് എന്റെ പ്രിയതമ ആശ. കുടുംബാന്തരീക്ഷവും മനസിന്റെ സന്തോഷവുമൊക്കെയാണ് എന്റെ എനര്‍ജി. മുമ്പ് ജീവിതത്തിലുണ്ടായ കാര്യങ്ങളൊക്കെ വിധിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പിന്നീട് എനിക്ക് കിട്ടിയ ജീവിതത്തില്‍ വളരെയധികം സന്തുഷ്ടനാണ്. ഞാനതിന് ദൈവത്തോട് നന്ദി പറയുന്നു. വീട്ടിലുള്ള സമയത്ത് മിക്കവാറും ദിവസങ്ങളിലും ആശയ്ക്കും മോനുമൊപ്പം പുറത്തൊക്കെ ഒന്ന് കറങ്ങും, ഭക്ഷണം കഴിക്കും, തിരിച്ചു വരും. ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സമയങ്ങളാണത്.

സംഗീത യാത്രയില്‍ വിലമതിക്കാനാവാത്ത അംഗീകാരമാണ് അച്ഛനെത്തേടിയെത്തിയിരിക്കുന്നത്. അഭിമാനം തോന്നിയ ആ നിമിഷത്തെക്കുറിച്ച്?


വലിയൊരു അംഗീകാരമാണ് അച്ഛനിപ്പോള്‍ കിട്ടിയിരിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് ഞാനും അച്ഛനെ സ്നേഹിക്കുന്നവരുമൊക്കെ.
ആശ: അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് ഞാനും അച്ഛനും ടി.വി കണ്ടിരിക്കുകയായിരുന്നു. അച്ഛന്‍ മുറിയിലേക്ക് പോയ സമയത്താണ് അച്ഛന് അവാര്‍ഡ് ഉണ്ടെന്ന് ടി.വിയില്‍ കാണിക്കുന്നത്. കൊച്ചച്ഛനും അമ്മയും ഈ സന്തോഷം കാണാന്‍ കൂടെയില്ലല്ലോ എന്നാണ് അച്ഛനാദ്യം പറഞ്ഞത്.
uploads/news/2019/04/301955/manojkjayanINW160419c_1.jpg

മനോജ് കെ.ജയന്‍: എല്ലാവര്‍ഷവും നോമിനേഷനുള്ളതുകൊണ്ട് ഇത്തവണയും പ്രതീക്ഷയുണ്ടായിരുന്നില്ല. അവാര്‍ഡ് പ്രഖ്യാപിച്ചയുടന്‍ ആശ വിളിച്ച് പറഞ്ഞു. ഞാനന്ന് ദുബായിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. എനിക്ക് സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ അവാര്‍ഡ് വിവരം ഓഡിയന്‍സിനോട് പറഞ്ഞു. അവരെല്ലാം എഴുന്നേറ്റ് നിന്ന് കൈയടിക്കുകയായിരുന്നു.

പത്മശ്രീ അവാര്‍ഡിന്റെ വലിപ്പം ശരിക്കും മനസിലാക്കുന്നത് അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴാണ്. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ അച്ഛനൊപ്പം ഞാനും ആശയും ചേട്ടനും പോയിരുന്നു. പ്രധാനമന്ത്രിയും മറ്റ് പ്രമുഖരും ഇരിക്കുന്ന വേദിയില്‍ വച്ച് രാഷ്ട്രപതിയാണ് പത്മശ്രീ സമ്മാനിക്കുന്നത്. അത്രയും വലിയൊരു വേദിയില്‍ സദസിന്റെ രണ്ടാംനിരയിലിരുന്ന് അച്ഛന്‍ അവാര്‍ഡ് സ്വീകരിക്കുന്നത് കണ്ട സന്തോഷത്തോടെ ഞാന്‍ ആശയേയും ചേട്ടനേയും നോക്കുമ്പോള്‍ അവര്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു.

അവാര്‍ഡ് ജേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിശിഷ്ടാതിഥികളെ പരിചയപ്പെടാനും അവസരമുണ്ട്. രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ക്കും കൈ കൊടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞതൊക്കെ വലിയ ഭാഗ്യമാണ്. അച്ഛന് ലഭിച്ച അംഗീകാരം ഞങ്ങളുടെ കുടുംബത്തിലെല്ലാവര്‍ക്കും ലഭിച്ച ഭാഗ്യമാണ്.

ആശ: ഏതോ ജന്മത്തില്‍ ചെയ്ത പുണ്യംകൊണ്ടാണ് ഈ കുടുംബത്തിലെ അംഗമാകാന്‍ കഴിഞ്ഞത്. ഈ ഭാഗ്യം എന്നും ഉണ്ടാവണമെന്ന പ്രാര്‍ത്ഥനയേ എനിക്കുള്ളൂ. അച്ഛന്‍ എന്നോട് വളരെ ഫ്രണ്ട്ലിയാണ്. എവിടെപ്പോയി വന്നാലും വിശേഷമൊക്കെ എന്നോടാണ് പറയുന്നത്.

മക്കള്‍ക്ക് സംഗീതത്തോടാണോ അഭിനയത്തോടാണോ താല്‍പര്യം?


കുഞ്ഞാറ്റ ബെംഗലൂരു ക്രൈസ്റ്റ് കോളജില്‍ ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അമൃത് ചോയ്സ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്നു. കുഞ്ഞാറ്റ ടിക് ടോക്കിലും മ്യൂസിക്കലി ആപ്പിലുമൊക്കെ പോസ്റ്റ് ചെയ്ത വീഡിയോകളൊക്കെ വൈറലായിരുന്നു. അവള്‍ക്ക് അഭിനയിക്കാന്‍ കഴിവുണ്ടെങ്കിലത് നല്ല കാര്യമാണ്, അച്ഛനും അമ്മയും ആക്‌ടേഴ്സാകുമ്പോള്‍ മകള്‍ക്കും അഭിനയത്തോട് ചെറിയൊരു താല്‍പര്യം കാണുമല്ലോ.
uploads/news/2019/04/301955/manojkjayanINW160419d.jpg

കുഞ്ഞാറ്റയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാനതിനെ സപ്പോര്‍ട്ട് ചെയ്യും. അതല്ല ഉപരിപഠനമാണ് ആഗ്രഹമെങ്കില്‍ അങ്ങനെ. സിനിമയിലേക്ക് വരുന്നുണ്ടെങ്കില്‍ പ്രോപ്പര്‍ വേയിലൂടെയാവണമെന്നയുള്ളൂ.

ആശ: അമൃതിന് സംഗീതത്തിലും അഭിനയത്തിലുമൊക്കെ താല്‍പര്യമുണ്ട്. അനിയേട്ടനും ബിജു ചേട്ടനും മറ്റ് പേരക്കുട്ടികള്‍ക്കുമൊന്നും അച്ഛനില്‍ നിന്ന് കിട്ടാത്ത അടുപ്പവും സ്വാതന്ത്ര്യവമൊക്കെ കിട്ടുന്നത് അമൃതിനാണ്.

മനോജ്.കെ.ജയന്‍: അവന്‍ അച്ഛന്റെ റൂമില്‍ പോയിരിക്കുമ്പോള്‍ അച്ഛന്‍ കീര്‍ത്തനങ്ങള്‍ പാടിക്കൊടുക്കും, അവനത് ഏറ്റ് ചൊല്ലും. അടുത്തിടെ അച്ഛനവനെ ചെമ്പൈ സംഗീതോത്സവത്തില്‍ കച്ചേരിയില്‍ ഒപ്പമിരുത്തി. അമൃതിപ്പോള്‍ തൃപ്പൂണിത്തുറയില്‍ സംഗീതം പഠിക്കുന്നുണ്ട്.

മനോജ് കെ. ജയന്‍ എന്ന വ്യക്തിയില്‍ ഇഷ്ടപ്പെടുന്നത്?


ആശ: അനിയേട്ടനിലെ നടനെയും ഗായകനേയുമൊക്കെ ഒരുപാടിഷ്ടമാണ്. അതിലുമുപരി നല്ല ഭര്‍ത്താവാണ്; അച്ഛനാണ്. ആരേയും വേദനിപ്പിക്കുന്ന വാക്കോ പ്രവര്‍ത്തിയോ അനിയേട്ടനില്‍ നിന്ന് ഉണ്ടാവാറില്ല. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായാല്‍ പറഞ്ഞു മനസിലാക്കി തരും. ഞങ്ങളുടെ എല്ലാ കാര്യത്തിലും ഭയങ്കര ശ്രദ്ധയാണ്. പുറത്തുപോകാനുള്ള ഡ്രസ്സുകളും ഓര്‍ണമെന്റ്‌സുമൊക്കെ സെലക്ട് ചെയ്ത് തരുന്നത് അനിയേട്ടനാണ്.

മനോജ് കെ.ജയന്‍: മക്കളുടെയും ആശയുടേയുമൊക്കെ കോസ്റ്റിയൂം ഡിസൈനര്‍ ഞാനാണ്. കോസ്റ്റിയൂമിലൊക്കെ ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. വിദേശത്തൊക്കെ പോകുമ്പോള്‍ ഷോപ്പിങ്ങിനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന പതിവൊന്നുമില്ല. ഇഷ്ടപ്പെട്ടാല്‍ മാത്രമേ വാങ്ങൂ.

uploads/news/2019/04/301955/manojkjayanINW160419f.jpg

മക്കളുടെയടുത്ത് ആരാണ് കൂടുതല്‍ സ്ട്രിക്ട്്?


ആശ: ഞാനാണ് പഠിക്കാന്‍ പറഞ്ഞ് അവരുടെ പുറകെ നടക്കുന്നത്. അനിയേട്ടനാണെങ്കില്‍ ചില കാര്യങ്ങളില്‍ നോ പറയുമെങ്കിലും മക്കളോട് ഭയങ്ക സ്നേഹമാണ്. അമൃതിനെ ഞാന്‍ വഴക്കു പറയുന്നതില്‍ ഏറ്റവും കൂടുതല്‍ പരിഭവം കുഞ്ഞാറ്റയ്ക്കാണ്. അവനെ വഴക്കേ പറയരുതെന്നാണ് കുഞ്ഞാറ്റയുടെ നിലപാട്. അമൃതിന്റെ ഹെയര്‍ സ്‌റ്റൈലും ഡ്രസിങ്ങിലുമൊക്കെ അവള്‍ക്ക് വലിയ ശ്രദ്ധയാണ്. ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാല്‍ കുഞ്ഞാറ്റ അമൃതിന്റെ പേരേ പറയൂ.

ഞങ്ങളുടെ മക്കള്‍ കുഞ്ഞാറ്റയും ചിന്നുവും അമൃതുമെല്ലാം പരസ്പരം വളരെ അറ്റാച്ച്ഡാണ്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമതാണ്. ചിന്നുവിപ്പോള്‍ യു.കെയില്‍ എ ലെവല്‍ പഠിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളെല്ലാവരുമൊരുമിച്ച് അവളെ കാണാന്‍ പോകാറുണ്ട്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW