Wednesday, June 12, 2019 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 11.45 AM

ആര്‍.എസ്.എസിന് അസഹിഷ്ണുതയുടെ രാഷ്ട്രീയമെന്ന രാഹുല്‍ ഗാന്ധി; കശുവണ്ടി തൊഴിലാളികളെ കയ്യിലെടുത്ത രാഹുല്‍ സി.പി.എമ്മിനെതിരെ നിശബ്ദത പാലിച്ചു

മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്.
rahul gandhi

പത്തനംതിട്ട: വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യം ഒറ്റക്കെട്ടാണെന്ന് സന്ദേശം നല്‍കാനാണ് താന്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നതെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയും ആര്‍.എസ്.എസും അവരുടേതല്ലാത്ത എല്ലാ ആശയങ്ങളും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. അവര്‍ ഒരു ആശയവും ഒരു ചിന്തയും മുന്നോട്ടുവയ്ക്കുന്നത്. അവര്‍ പറയുന്നത് പോലെ മുന്നോട്ടുപോയില്ലെങ്കില്‍ എതിര്‍ക്കുന്നവരെ തുടച്ചുനീക്കുമെന്നാണെന്ന് പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്.

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ഓരോ വ്യക്തിയുടെയും ചിന്തയും ആഗ്രഹവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്നാണ്. ബി.ജെ.പിയെ തുടച്ചുനീക്കമെന്ന് കോണ്‍ഗ്രസ് പറയുന്നില്ല. നിങ്ങളുടെ ആശയം തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും. നിങ്ങള്‍ക്കും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. നിങ്ങളെ അക്രമം കൊണ്ടല്ല, സ്‌നേഹം കൊണ്ടായിരിക്കും ഞങ്ങള്‍ മറുപടി നല്‍കുക. തെരഞ്ഞെടുപ്പിലൂടെ നിങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും മോഡി സര്‍ക്കാരിനെയും കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി പക്ഷേ, സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. ശബരിമല വിഷയവും അദ്ദേഹം ഉയര്‍ത്തിയില്ല. സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷവും രാഹുല്‍ ഗാന്ധി ഈ നിലപാട് ഉയര്‍ത്തികാണിച്ചിരുന്നു.

ഞാന്‍ എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു എന്നത് ഈ നാട്ടിലെ ജനങ്ങള്‍ സ്‌നേഹത്തിനും സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുന്നുവെന്നതു തന്നെയാണ്. കേരളത്തിന്റെ സഹിഷ്ണുതയും മറ്റു സംസ്‌കാരങ്ങളോടു കാണിക്കുന്ന മാന്യതയും പാരമ്പര്യവുമാണ് കേരളം തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. നമ്മേക്കാള്‍ മികച്ചവരാണ് വിദേശത്തുള്ളവര്‍ എന്ന് നിലപാടാണ് ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ തുല്യമായ ബന്ധത്തിന്റെ ഉദാഹരണമാണ് കേരളം ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ആത്മവിശ്വാസമാണ് കേരളത്തിന്റെയും മലയാളികളുടെയും വിജയം. അമിത് ഷാ പറയുന്നത് പോലെയല്ല കേരളം. സഹിഷ്ണുതയുടെ നാടാണ് കേരളം.

മികച്ച വിദ്യാഭ്യാസവും സാക്ഷരത നിലവാരവുമാണ് കേരളത്തിന്റെ വിജയം. പുറംലോകത്തെ ആത്മവിശ്വാസത്തോടെ നോക്കികാണുന്ന മലയാളികളുടെ മാതൃക രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.

രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍, പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടില്‍ എന്തൊക്കെ വാഗ്ദാനങ്ങള്‍ കേട്ടു. എന്നാല്‍ ഈ നാട്ടിലെ കശുവണ്ടി തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി എന്ത് ആശ്വാസമാണ് നല്‍കിയത്? അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഒരിക്കലെങ്കിലും അവരെ ഡല്‍ഹിക്ക് ക്ഷണിച്ചിട്ടുണ്ടോ? ഒരാള്‍ക്കെങ്കിലും അദ്ദേഹം തൊഴില്‍ നല്‍കിയിട്ടുണ്ടോ? എന്നാല്‍ അനില്‍ അംബാനിക്ക് റഫാല്‍ കരാര്‍ വഴി 30,000 കോടി രൂപ നല്‍കി അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ഒരു വര്‍ഷം ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കാവുന്ന തുകയാണ് ഒരു വ്യക്തിക്ക് പ്രധാനമന്ത്രി നല്‍കിയത്.

നിരവ് മോഡി, ലളിത് മോഡി തുടങ്ങി ഈ രാജ്യത്തെ 15 വ്യക്തികള്‍ക്ക് വേണ്ടി മൂന്നര ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നല്‍കിയത്. എന്നാല്‍ ഈ നാട്ടിലെ കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് 300 കോടി മാത്രമാണ്. അതു നല്‍കാന്‍ പ്രധാനമന്ത്രിക്ക് ഫണ്ടില്ല.

ഈ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ദാരിദ്ര്യത്തിനെതിരെ ഒരു മിന്നലാക്രമണം നടത്താന്‍ താന്‍ തീരുമാനിച്ചു. അതിന് കോണ്‍ഗ്രസിലെ സാമ്പത്തിക വിദഗ്ധരെ താന്‍ ചുമതലപ്പെടുത്തി. അവരുടെ കണ്ടെത്തലാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുക എന്നത്. രാജ്യത്തെ 20% പേര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തും. അഞ്ചു വര്‍ഷം കൊണ്ട് 3,60,000 രൂപ ഓരോരുത്തരുടെയും അക്കൗണ്ടില്‍ എത്തും. ഇതുകൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് താന്‍ അവരോട് ആലോചിച്ചു. പ്രധാനമന്ത്രി കൊണ്ടുവന്ന ഗബ്ബാര്‍ സിംഗ് ടാക്‌സ് (ജി.എസ്.ടി) രാജ്യത്തെ സമ്പദ്‌വ്യവസ്ഥയാകുന്ന എഞ്ചിനില്‍ നിന്ന് ഇന്ധനം എടുത്തുമാറ്റുന്നതുപോലെയായിരുന്നു. ഈ എഞ്ചിനിലേക്ക് വീണ്ടും ഇന്ധനം നല്‍കിയാല്‍ രാജ്യം കുതിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ തന്നോട് പറഞ്ഞത്. ജനങ്ങളുടെ കയ്യില്‍ പണം വരുമ്പോള്‍ അവര്‍ വിപണിയില്‍ ഇടപെടും. അതുവഴി ഫാക്ടറികള്‍ ഉണര്‍വ് പ്രാപിക്കും. കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും.

ഈ പണം എവിടെ നിന്ന് വരുമെന്നാണ് മോഡി ചോദിക്കുന്നത്. രാജ്യത്തെ മധ്യവര്‍ഗത്തില്‍ നിന്ന് പിടിച്ചുപറിക്കാതെ പറ്റില്ല എന്നാണ് മോഡി പറയുന്നത്. വരുമാന നികുതി വര്‍ധിപ്പിക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നു. അനില്‍ അംബാനിയെ പോലെ രാജ്യം കൊള്ളയടിക്കുന്നവരില്‍ നിന്നാണ് പണമെടുക്കാന്‍ പോകുന്നത്. രാജ്യം കൊള്ളയടിക്കുന്ന മോഡിയുടെ ചങ്ങാത്ത മുതലാളിമാരില്‍ നിന്നാണ്. നരേന്ദ്രമോഡിയുടെ സുഹൃത്തുക്കളാണെന്നതുകൊണ്ട് മാത്രം കോടികള്‍ ലഭിച്ച ഈ മുതലാളിമാരില്‍ നിന്നാണ് പണം തിരിച്ചുപിടിക്കുന്നത്. ഈ രാജ്യത്തിന്റെ ബാങ്കിന്റെ താക്കോല്‍ എടുത്ത് മോഡി അനില്‍ അംബാനിമാര്‍ക്ക് നല്‍കി.

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോട് എന്താണ് നിങ്ങള്‍ക്ക് ചെയ്തു തരേണ്ടതെന്ന് താന്‍ ചോദിച്ചു. അവര്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നേരിടുന്ന ബുദ്ധിമുട്ട് നീക്കി നല്‍കണമെന്നാണ്. ഈ പ്രശ്‌നം പരിഹരിച്ചുനല്‍കാമെന്ന് താന്‍ അവര്‍ക്ക് ഉറപ്പുനല്‍കി. ഒരു ബിസിനസ് തുടങ്ങാന്‍ മൂന്നു വര്‍ഷത്തേക്ക് ഒരു സര്‍ക്കാര്‍ വകുപ്പില്‍ നിന്നും അനുമതി എടുക്കേണ്ടതില്ലെന്ന് പ്രകടനപത്രികയില്‍ എഴുതി ചേര്‍ത്തത് അതുകൊണ്ടുതന്നെയാണ്. ബിസിനസ് വിജയിച്ചാല്‍ മാത്രം മൂന്നു വര്‍ഷത്തിനു ശേഷം അനുമതികള്‍ നേടിയാല്‍ മതി. രാജ്യത്തിന്റെ ഖജനാവിന്റെ താക്കോല്‍ യുവജനങ്ങളെ ഏല്പിക്കും.

കര്‍ഷകരും ഇതേപോലെയാണ് തങ്ങളോട് പ്രതികരിച്ചത്. തങ്ങള്‍ക്ക് മാത്രമായി ഒരു ബജറ്റ് ആണ് അവര്‍ ആഗ്രഹിച്ചത്. 2019 മുതല്‍ കര്‍ഷകര്‍ക്ക് മാത്രമായി ഒരു ബജറ്റ് ഭാരതത്തിലുണ്ടാകുമെന്ന് താന്‍ ഉറപ്പുനല്‍കുന്നു. അതില്‍ കശുവണ്ടി തൊഴിലാളികളും ഉള്‍പ്പെടും. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കും. കശുവണ്ടി തൊഴിലാളികളുമായി താന്‍ ചര്‍ച്ച ചെയ്യും. നിങ്ങളുടെ ശബ്ദത്തില്‍ നിങ്ങളെ കേള്‍ക്കാനാണ് തനിക്ക് ആഗ്രഹം. നിങ്ങളുടെ മനസ്സില്‍ നിന്ന് ഭയം നീക്കാന്‍ എല്ലായ്‌പ്പോഴും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്.

കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ കഴിഞ്ഞത് തനിക്കു കിട്ടിയ ഏറ്റവും വലിയ ആദരവായി വിനയത്തോടെ കണക്കാക്കുന്നു. നിങ്ങള്‍ കോണ്‍ഗ്രസാണോ സി.പി.എം ആണോ എന്ന് താന്‍ നോക്കുന്നില്ല. കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ എനിക്ക് അവസരം നല്‍കിയ നിങ്ങളോട് താന്‍ നന്ദി പറയുന്നു. രാഹുല്‍ പറഞ്ഞവസാനിപ്പിച്ചു. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥികളെയും ചേര്‍ത്ത് പിടിച്ച് അദ്ദേഹം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW