Wednesday, June 12, 2019 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 10.54 AM

ഗുജറാത്ത് കലാപ ഇരയേയും വാളെടുത്തവനെയും ഇരുപുറവും ഇരുത്തി പി ജയരാജന്‍ ; വിഷുസദ്യ ഒന്നിച്ചു കഴിച്ചവര്‍ ഇനി തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഒരുമിച്ച് വടകരയില്‍ ഇറങ്ങും

uploads/news/2019/04/301947/p-jayarajan.jpg

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ വിഷു ആഘോഷത്തില്‍ ഇന്ത്യ ഏറെ ചര്‍ച്ച ചെയ്ത ഗുജറാത്ത് കലാപത്തിലെ ഇരയേയും അക്രമിയേയും അപ്പുറത്തും ഇപ്പുറത്തും ഇരുത്തി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി വര്‍ഷങ്ങളോളം പഴികേട്ട ഗുജറാത്ത് കലാപത്തിന്റെ മുഖമുദ്രയായി മാറിയ അശോക് മോച്ചിയും കുത്ത്ബുദ്ദീന്‍ അന്‍സാരിയുമാണ് ഒരേ പന്തിയില്‍ ജയരാജനൊപ്പം വിഷുസദ്യ ഇന്നലെ കഴിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടത് ജയരാജന്‍ തന്നെയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അറിഞ്ഞ് കഴിഞ്ഞദിവസം ഇരുവരും ജയരാജനെ തേടിയെത്തുകയായിരുന്നു. ഇരുവരും ഇന്നലെ ജയരാജനൊപ്പം മണ്ഡല പര്യടനത്തിനും എത്തിയിരുന്നു. ഇനിയുള്ള ദിവസങ്ങള്‍ ജയരാജന് വേണ്ടി പ്രചരണത്തില്‍ ഇരുവരും പങ്കെടുക്കും. തനിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ഒരു കേക്കും ഇന്നലെ ഇരുവരും ചേര്‍ന്ന് മുറിച്ചെന്നും തെരഞ്ഞെടുപ്പില്‍ ഇരുവരും പങ്കാളികളാകുമെന്നും ജയരാജന്‍ പോസ്റ്റില്‍ കുറിച്ചു.

2007 ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ തന്നെ ആക്രമിക്കാന്‍ വന്നവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിറകണ്ണുകളോടെ ജീവന് വേണ്ടി യാചിക്കുന്ന കുത്ത്ബുദ്ദീന്റെ ദൃശ്യം മനസ്സാക്ഷി മരവിപ്പിക്കുന്നതായിരുന്നു. ഇതിനൊപ്പം തന്നെ കലാപത്തില്‍ കത്തിയെരിയുന്ന അഗ്നിക്ക് മുന്നില്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ച് ആക്രോശിക്കുന്ന അശോക് മോച്ചിയുടെ ചിത്രവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കലാപത്തിന്റെ നീറ്റലും ഭീകരതയും വെളിപ്പെടുത്തുന്ന രണ്ടു ചിത്രങ്ങളായി കുത്ത്ബുദ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും മാറിയതോടെ ഇരുവരും വര്‍ഷങ്ങളോളം പല രീതിയില്‍ വേട്ടയാടപ്പെടുകയും ഒളിച്ചു താമസിക്കേണ്ടി വരികയും ചെയ്തു.

പിന്നീട് ഇരുവരെയും സംരക്ഷിച്ചതും പുറത്തു കൊണ്ടു വന്നതുമെല്ലാം സിപിഎം ആയിരുന്നു. 2012 ല്‍ ഇരുവരെയും വംശഹത്യയുടെ ഒരു വ്യാഴവട്ടം എന്ന പേരില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചു. ഈ പരിപാടിയില്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ അന്ന് അശോക് മോച്ചിയും കുത്ത്ബുദ്ദീന്‍ അന്‍സാരിയും പങ്കു വെച്ചിരുന്നു. താന്‍ നേരിട്ട ദുരനുഭവം അന്‍സാരി പറഞ്ഞപ്പോള്‍ ദളിതനായ തന്നെ വംശീയമായി ഉപയോഗപ്പെടുത്തിയതും വംശഹത്യയുടെ ഭാഗമാക്കുകയായിരുന്നു എന്നാണ് അശോക് മോച്ചി പറഞ്ഞത്.

രാജ്യമാകെ ചര്‍ച്ചചെയ്യപ്പെട്ട പരിപാടിയുടെ സംഘാടകന്‍ ജയരാജനായിരുന്നു. അതിന് ശേഷം തുടങ്ങിയ ബന്ധം ഇരുവരുമായും ഇപ്പോഴും തുടരുന്നുണ്ടെന്നും ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ജയരാജന്‍ പറയുന്നു. ഇതിനിടയില്‍ ജയരാജന്‍ മത്സരിക്കുന്നതറിഞ്ഞാണ് ഇരുവരും ആശംസയുമായി എത്തിയത്. വടകരയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുമെന്ന അറിയിച്ചാണ് ഇരുവരും പോയതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW