Thursday, July 18, 2019 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.24 AM

മതികെട്ടാന്‍: പ്രതികള്‍ ശിക്ഷിക്കപ്പെടണം

uploads/news/2019/04/301895/editorial.jpg

കേരളം കണ്ട ഏറ്റവും വലിയ വനം കൈയേറ്റങ്ങളില്‍ ഒന്നാണ്‌ ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ചോലയില്‍ 2001-2002 കാലയളവില്‍ ഉണ്ടായത്‌. ഉടുമ്പന്‍ചോല താലൂക്കില്‍ പെടുന്ന മതികെട്ടാന്‍ ചോലയിലെ 3,131 ഏക്കര്‍ ഏലം റിസര്‍വ്‌ ഭൂമി റവന്യൂ വകുപ്പിന്റെ കൈവശമുള്ളതായിരുന്നു. അതിലെ മരങ്ങള്‍ വനം വകുപ്പിന്റേതും. പാരിസ്‌ഥിതികമായി ഏറെ പ്രാധാന്യമുള്ള ഈ കൊടുംവനത്തിന്റെ മേല്‍നോട്ടം സംബന്ധിച്ച ആശയക്കുഴപ്പം മുതലെടുത്തായിരുന്നു കൈയേറ്റം. മരങ്ങള്‍ വന്‍തോതില്‍ മുറിച്ചും വനത്തിനു തീയിട്ടും പ്രകൃതിയെ പരമാവധി തകര്‍ത്തുകൊണ്ടായിരുന്നു കൈയേറ്റം. വനപ്രദേശത്തുകൂടി റോഡ്‌ വെട്ടിയും കൃഷി ചെയ്‌തും ഷെഡുകള്‍ പണിതും ആരാധനാ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയും പരമാവധി ആസൂത്രിതമായിരുന്നു കൈയേറ്റം. ഇവര്‍ക്കു റവന്യൂ വകുപ്പിലെയും വനംവകുപ്പിലെയും ഉദ്യോഗസ്‌ഥര്‍ ഒത്താശചെയ്‌തു. പ്രമുഖ രാഷ്‌ട്രിയ നേതാക്കന്മാരും മന്ത്രിമാര്‍ അടക്കമുള്ളവരും കൈയേറ്റക്കാര്‍ക്കു പിന്തുണയുമായെത്തി.

കണ്ണായ ഈ കന്യാവനങ്ങള്‍ കാട്ടുകള്ളന്മാര്‍ വെളുപ്പിച്ചു സ്വന്തമാക്കുന്നത്‌ മാധ്യമപ്രവര്‍ത്തകരുടെയും പരിസ്‌ഥിതിപ്രവര്‍ത്തകരുടെ ഉചിതസമയത്തെ ഇടപെടല്‍ കൊണ്ടാണു തടയാനായത്‌. ഇവരെ ഒഴിപ്പിച്ചശേഷം ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു സംരക്ഷിച്ചു വരികയാണ്‌. ഏതുവിധേനയും സംരക്ഷിക്കപ്പെടേണ്ട ഭുപ്രദേശമാണു മതികെട്ടാന്‍ചോല. ജൈവ വൈവിധ്യത്തിന്റെ കലവറയാണ്‌ ഈ പ്രദേശം. വിവിധ വന്യജീവികളുടെ ആവാസകേന്ദ്രമായ ഇവിടെ അപൂര്‍വങ്ങളായ സസ്യജാലങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. അപൂര്‍വഇനം ശലഭങ്ങള്‍ ദേശാടനത്തിനെത്തുന്ന സ്‌ഥലവുമാണ്‌ ഇവിടം. ജുറാസിക്‌ കാലഘട്ടം മുതല്‍ ജനിതകമാറ്റത്തിനു വിധേയമാകാതെ നിലനില്‍ക്കുന്ന പന്നല്‍ വര്‍ഗമായ ട്രീഫേണ്‍, റോഡോഡെന്‍ടോണ്‍, കുറിഞ്ഞി വര്‍ഗങ്ങള്‍ എന്നിവ ഇവിടെയുള്ളതില്‍ ചിലതുമാത്രമാണ്‌. ഈ മേഖലയുടെ മുഴുവന്‍ ജലസ്രോതസുകൂടിയാണ്‌ മതികെട്ടാന്‍ ചോല.

ലോകമെമ്പാടും പരിസ്‌ഥിതി സംരക്ഷണത്തിന്‌ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ നാടിന്റെ സമ്പത്തിനെക്കുറിച്ച്‌ ഒരു ചിന്തയുമില്ലാതെയായിരുന്നു കൊള്ളക്കാര്‍ വനം കൈയേറിയതും അവരെ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്‌ഥരും വേണ്ട ഒത്താശനല്‍കി പിന്തുണച്ചതും. വനം കൈയേറ്റക്കേസ്‌ വിചാരണ ആരംഭിക്കാനിരിക്കെ 2013-ല്‍ പ്രതികള്‍ നേടിയ സ്‌റ്റേ ഉത്തരവ്‌ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട്‌ വിജിലന്‍സ്‌ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. റവന്യു ഉദ്യോഗസ്‌ഥരും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും സ്വകാര്യ വ്യക്‌തികളുമാണു പ്രതികള്‍. ഉദ്യോഗസ്‌ഥര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കുറ്റപത്രം നിലനില്‍ക്കുമെന്നാണു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌. ഇവര്‍ക്ക്‌ ഉറച്ചപിന്തുണ നല്‍കിയ രാഷ്‌ട്രീയ നേതാക്കളും മറ്റു പ്രമുഖരും കേസില്‍നിന്ന്‌ ഒഴിവായി നില്‍ക്കുകയുമാണ്‌. സ്വാര്‍ഥലാഭത്തിനു വേണ്ടിമാത്രം പരിസ്‌ഥിതിയെ തകര്‍ത്തെറിഞ്ഞവരെയും അവര്‍ക്ക്‌ കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിലെത്തിച്ച്‌ ഉചിതമായ ശിക്ഷ നല്‍കുക തന്നെ വേണം. 17 വര്‍ഷത്തോളമായി ഇവര്‍ നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നില്‍ക്കുകയാണെന്നത്‌ നീതി ന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്‌.

Ads by Google
Monday 15 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW