Thursday, June 13, 2019 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.22 AM

സമാധാനം: ജമ്മു കശ്‌മീരിലെ മുഖ്യതെരഞ്ഞെടുപ്പ്‌ വിഷയം

uploads/news/2019/04/301893/bft2.jpg

ദേശീയ രാഷ്‌ട്രീയത്തിലെ വിവാദ വിഷയങ്ങള്‍ പലതും ജമ്മു കശ്‌മീരിനെ ബാധിക്കാറില്ല. റാഫേല്‍, അഴിമതി, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വിഷയങ്ങളും കാശ്‌മീര്‍ രാഷ്‌ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഒരുതരം നിസംഗതയോടെയാണ്‌ ഈ വിഷയങ്ങളെ അവര്‍ കാണുന്നത്‌.
ജമ്മു കശ്‌മീരിന്‌ എന്നും പ്രധാനവും അവര്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നതും അവരുടേതായ പ്രശ്‌നങ്ങളാണ്‌. ഇതാകട്ടെ രാജ്യത്തെ പൊതുവിഷയങ്ങളില്‍നിന്നും ആവശ്യങ്ങളില്‍നിന്നും വ്യത്യസ്‌തവും. അതിര്‍ത്തികടന്നു നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഉണര്‍ന്ന യുദ്ധകാഹളത്തില്‍ രാജ്യം ജയ്‌ വിളിച്ചെങ്കില്‍ വടക്കേ മുനമ്പില്‍ ജീവന്‍ കൈപ്പടിയിലൊതുക്കി വിറങ്ങലിച്ചുനിന്ന ഇവരുടെ ജീവിത പ്രശ്‌നങ്ങള്‍ രാജ്യം കാണാതെ പോകുകയായിരുന്നു.
ഏതു നിമിഷവും കടന്നെത്താവുന്ന ഒരു വെടിയുണ്ടയില്‍, പൊട്ടിത്തെറിക്കുന്ന ഗ്രാനേഡിലോ ബോംബിലോ പൊലിഞ്ഞു തീരാവുന്ന ജീവിതങ്ങളായി കശ്‌മീര്‍ ജനത മാറി. അതുകൊണ്ട്‌ തന്നെ സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌. ഈയൊരു ആവശ്യത്തിന്‍മേലാണ്‌ ഇവരുടെ രാഷ്‌ട്രീയം ചിട്ടപ്പെടുത്തിയതും. അതിര്‍ത്തികടന്നും അതിര്‍ത്തിക്കുള്ളില്‍നിന്നും ആവര്‍ത്തിച്ച്‌ നടക്കുന്ന ഭീകരാക്രമണത്തിന്റെ മുറിവില്‍ തലോടാനെന്നവണ്ണമെത്തുന്ന രാഷ്‌ട്രീയ നേതാക്കളുടെ മുതലകണ്ണീരില്‍ ഇവര്‍ക്ക്‌ വിശ്വാസവുമില്ല.
അതുകൊണ്ട്‌ തന്നെ പ്രകടനപത്രികയില്‍ കശ്‌മീരും 370-ാം വകുപ്പുമെല്ലാം ഇടംപിടിക്കുമ്പോഴും ജമ്മു കശ്‌മീരിലെ പ്രചാരണങ്ങളില്‍ ഇതൊന്നും എത്തിനോക്കുക പോലുമില്ല. കശ്‌മീരിനു വേണ്ടി മാത്രമായി തെരഞ്ഞെടുപ്പ്‌ അജന്‍ഡ രൂപീകരിച്ചാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചാരണ രംഗത്തിറങ്ങുന്നത്‌. ആറ്‌ മണ്ഡലങ്ങളാണ്‌ ഇവിടെയുള്ളത്‌.
ബാരാമുള്ള, ശ്രീനഗര്‍, അനന്തനാഗ്‌, മണ്ഡലങ്ങളുള്‍ക്കൊള്ളുന്ന കശ്‌മീര്‍ മേഖല. ജമ്മു, ഉധംപൂര്‍ മണ്ഡലങ്ങളുള്ള ജമ്മു മേഖല, ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ലഡാക്ക്‌ മണ്ഡലം. ആകെയുള്ള ആറു സീറ്റുകളില്‍ അഞ്ചുഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്‌. ബാരാമുള്ള, ജമ്മു മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടന്നു. ശ്രീനഗര്‍, ഉധംപൂര്‍ മണ്ഡലങ്ങളില്‍ 18നാണു വോട്ടെടുപ്പ്‌. അനന്തനാഗില്‍ ഒരു മണ്ഡലത്തില്‍ മാത്രം മൂന്നു ഘട്ടമായാണു വോട്ടെടുപ്പ്‌ നടക്കുക. ഏപ്രില്‍ 23നു മണ്ഡലത്തിലെ അനന്തനാഗ്‌ ജില്ലയിലും 29നു കുല്‍ഗാം ജില്ലയിലും മേയ്‌ ആറിന്‌ പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലും തെരഞ്ഞെുപ്പ്‌ നടക്കും. ലഡാക്ക്‌ മണ്ഡലത്തില്‍ മേയ്‌ ആറിന്‌ അഞ്ചാംഘട്ടത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ബി.ജെ.പി- പി.ഡി.പി. സഖ്യമായിരുന്നു കഴിഞ്ഞ നിമമസഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറിയത്‌. ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീണു. 2018 ഡിസംബര്‍ മുതല്‍ ഗവര്‍ണര്‍ ഭരണത്തിലേക്ക്‌ മാറുകയും ചെയ്‌തു. നിലവില്‍ രാഷ്‌ട്രപതി ഭരണമാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കു വോട്ടെടുപ്പില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട്‌ തുറക്കാന്‍ ലക്ഷ്യംവച്ച ബി.ജെ.പിയ്‌ക്ക്‌ മൂന്ന്‌ സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. ലഡാക്കും ജമ്മുവും ഉധംപൂരുമാണ്‌ ബി.ജെ.പിക്കൊപ്പം നിന്നത്‌. ബാക്കി സീറ്റുകള്‍ അന്നു പി.ഡി.പി. നേടിയെങ്കിലും ശ്രീനഗറില്‍ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ്‌ അബ്‌്ദുള്ള വിജയിച്ചു. ശ്രീനഗറില്‍നിന്ന്‌ ഇത്തവണയും ഫാറൂഖ്‌ അബ്‌ദുള്ള മത്സരിക്കുന്നുണ്ട്‌. അനന്തനാഗില്‍നിന്നു മുന്‍ മുഖ്യമന്ത്രി മഹ്‌ബുബ മുഫ്‌തിയും ജനവിധി തേടുന്നു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ധാരണയിലാണു മത്സരരംഗത്തുള്ളത്‌. കഴിഞ്ഞ തവണ മോഡിയുടെ തെരഞ്ഞെടുപ്പ്‌ റാലികളുടെ ഉദ്‌ഘാടനം ജമ്മുവിലായിരുന്നു.
ഇന്നലെ മോഡിയുടെ പ്രധാന പര്യടന മേഖല ഉധംപൂര്‍ മണ്ഡലവുമായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ഗുലാം നബി ആസാദിനെ തോല്‍പ്പിച്ച്‌ പാര്‍ലമെന്റിലെത്തി, പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയായ ജിതേന്ദ്ര സിങ്ങാണ്‌ ഇത്തവണയും ഉധംപൂരില്‍ മത്സരിക്കുന്നത്‌. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കുകയുമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. നിരന്തരമുള്ള ഭീകര ഭീഷണിയെതുടര്‍ന്നു വോട്ടിങ്‌ ശതമാനം കുറയുന്ന സംസ്‌ഥാനമാണു കശ്‌മീര്‍. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ഇത്തവണ ശക്‌തമായ സുരക്ഷയിലാണു തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പിനു കൂടുതല്‍ സുരക്ഷാസൈനികരെ വിന്യസിക്കാന്‍ ആഴ്‌ചയില്‍ രണ്ടു ദിവസം ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക്‌ പ്രവേശന വിലക്കുമുണ്ട്‌. നേതാക്കള്‍ക്കും സ്‌ഥാനാര്‍ത്ഥികള്‍ക്കും അതീവ സുരക്ഷാ സന്നാഹം ഒരുക്കുമ്പോഴും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം മന്ദഗതിയില്‍തന്നെയാണു പുരോഗമിക്കുന്നത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 15 Apr 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW