Wednesday, June 12, 2019 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.19 AM

ഓഹരി റിവ്യൂ : വിപണിയില്‍ കാലാവസ്‌ഥ അനുകൂലം

ഇന്ത്യന്‍ ഓഹരിവിപണി എട്ട്‌ ആഴ്‌ച നീണ്ട ബുള്‍ റാലിക്കിടയില്‍, ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍നിരഓഹരികളില്‍ ലാഭമെടുപ്പിന്‌ നീക്കംതുടങ്ങി. ആഭ്യന്തര മ്യൂച്വല്‍ഫണ്ടുകളും പ്രോഫിറ്റ്‌ ബുക്കിങിന്‌ മുന്‍തൂക്കം നല്‍കുന്നുണ്ട്‌. ബോംബെ സൂചിക 95 പോയിന്റും നിഫ്‌റ്റി 22 പോയിന്റും നഷ്‌ടത്തിലാണ്‌ പോയവാരം വ്യാപാരം അവസാനിപ്പിച്ചത്‌.
ബുധനും വെള്ളിയും വിപണി അവധിയായതിനാല്‍ ഈവാരം ഇടപാടുകള്‍ മൂന്ന്‌ ദിവസങ്ങളായി ചുരുങ്ങും. അതുകൊണ്ടുതന്നെ വന്‍ കുതിപ്പുകള്‍ക്ക്‌ സാധ്യത കുറയും. അതേ സമയം കോര്‍പറേറ്റ്‌ മേഖലയില്‍നിന്നുള്ള നാലാം ക്വാര്‍ട്ടറിലെ പ്രവര്‍ത്തന ഫലങ്ങള്‍ ധനകാര്യസ്‌ഥാപനങ്ങളെ സ്വാധീനിക്കാം.
മുന്‍നിരയിലെ പത്ത്‌ കമ്പനികളുടെ പട്ടികയില്‍ ആറ്‌ എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 42,827.39 കോടി രൂപ ഇടിഞ്ഞു. ഐ.ടി. കമ്പനിയായ ടി.സി.എസ്‌. ആണ്‌ ഏറ്റവും കൂടുതല്‍ നഷ്‌ടം നേരിട്ടത്‌. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യം 14,146.5 കോടി രൂപ ഇടിഞ്ഞു.
ബോംബെ ഓഹരി സൂചിക 38,484-38,949 നിലവാരത്തില്‍ കയറി ഇറങ്ങിയശേഷം വാരാന്ത്യം 38,767 പോയിന്റിലാണ്‌. 38,517 ലെ താങ്ങ്‌ നിലനിര്‍ത്തി 38,982 ലേക്ക്‌ ഉയരാനുള്ള ശ്രമം വിജയിച്ചാല്‍ 39,198 പോയിന്റ്‌വരെ കയറാം. ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാല്‍ 38,268-37,803 ലേക്ക്‌ താഴാം. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങള്‍ വിലയിരുത്തിയാല്‍ പ്രതിദിന ചാര്‍ട്ടില്‍ പാരാബോളിക്‌ എസ്‌.എ.ആര്‍, സൂപ്പര്‍ ട്രെന്‍ഡ്‌ തുടങ്ങിയവ ബുള്ളിഷാണ്‌.
നിഫ്‌റ്റി സൂചിക 11,666 പോയിന്റില്‍ നിന്ന്‌ 11,684 ഉയര്‍ന്നെങ്കിലും പിന്നീട്‌ 11,560 ലേക്ക്‌ താഴ്‌ന്നു. എന്നാല്‍ വ്യാപാരാന്ത്യം മികവ്‌ കാണിച്ച്‌ സൂചിക 11,643 പോയിന്റിലാണ്‌. ഈ വാരം 11,698-11,753 ലേക്ക്‌ നീങ്ങാന്‍ ശ്രമം നടത്താം. നിഫ്‌റ്റിക്ക്‌ 11,574 ലെ താങ്ങ്‌ നഷ്‌ടപ്പട്ടാല്‍ 11,505 വരെ താഴാം. ഏപ്രില്‍ സീരീസ്‌ സെറ്റില്‍മെന്റിനുള്ള ദിവസം അടുക്കുന്നതും ഇടപാടുകാരില്‍ സമ്മര്‍ദം ഉളവാക്കാം.
മുന്‍നിര ഐ.ടി. കമ്പനികള്‍ ത്രൈമാസ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടു. ഇന്‍ഫോസീസ്‌ ടെക്‌നോളജിയും ടി.സി.എസും മികവ്‌ കാണിച്ചു. ഇന്‍ഫോസിസിന്റെ നാലാംപാദ അറ്റാദായം 4,078 കോടി രൂപയായി ഉയര്‍ന്നു. ഇന്‍ഫോസിസിന്റെ വരുമാനം 21 ശതമാനം ഉയര്‍ന്ന്‌ 21,539 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 19.1 ശതമാനമായിരുന്നു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ അറ്റാദായം 17.7 ശതമാനം ഉയര്‍ന്ന്‌ 8,126 കോടിയായി. ടി.സി.എസ്‌. 1.46 ലക്ഷം കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടി. വിദേശ ഫണ്ടുകള്‍ 4,000 കോടിരൂപയുടെ ഓഹരികള്‍ പോയവാരം വാങ്ങി. ഈ മാസം അവരുടെ മൊത്തം നിക്ഷേപം 14,000 കോടി രൂപയാണ്‌. ഫെബ്രുവരി-ഏപ്രില്‍ കാലയളവില്‍ വിദേശ നിക്ഷേപം 62,000 കോടി രൂപയാണ്‌.
വിനിമയ വിപണിയില്‍ ഡോളറിന്‌ മുന്നില്‍ രൂപ 69.15 ല്‍ നിന്ന്‌ 69.69 ലേക്ക്‌ ഇടിഞ്ഞ ശേഷം 68.91 ലേക്ക്‌ തിരിച്ചുവരവ്‌ നടത്തിയെങ്കിലും ക്ലോസിങില്‍ രൂപ 69.18 ലാണ്‌.
കാലവര്‍ഷം ദുര്‍ബലമാവുമെന്ന സൂചനകളാണ്‌ സ്വകാര്യ എജന്‍സികളില്‍ നിന്ന്‌ പുറത്തുവരുന്നത്‌. മഴയുടെ അളവ്‌ കുറഞ്ഞാല്‍ അത്‌ കാര്‍ഷികോല്‍പാദനത്തെ ബാധിക്കും. ധാനംപയര്‍ വര്‍ഗങ്ങളുടെയും എണ്ണകുരുക്കളുടെയും ഉല്‍പാദനം ചുരുങ്ങിയാല്‍ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാവും.
രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണവില ബാരലിന്‌ 63.85 ഡോളറിലാണ്‌. ക്രൂഡ്‌ ഓയിലിന്‌ 64.91 ഡോളറിലും 66.51 ഡോളറിലും പ്രതിരോധമുണ്ട്‌. ക്രൂഡ്‌ ഓയില്‍ വില ഉയരുന്നത്‌ വിനിമയ വിപണിയില്‍ രൂപയ്‌ക്ക്‌ തിരിച്ചടിയാവും. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ്‌ ഔണ്‍സിന്‌ 1289 ഡോളറിലാണ്‌. രൂപയുടെ മൂല്യം തകര്‍ച്ച ആഭ്യന്തര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ഉയര്‍ത്താം.

കെ.ബി. ഉദയഭാനു

Ads by Google
Monday 15 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW