Wednesday, June 26, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.38 AM

വേദത്തിലൂടെ നടന്നുനീങ്ങിയ പ്രതിഭ

uploads/news/2019/04/301711/bft1.jpg

"എന്റെ പുസ്‌തകങ്ങള്‍ എനിക്കു ജീവിക്കാനുള്ള എന്റെ സ്‌ഥലത്തേക്കു കടന്നുപോകാനുള്ള വഴിയായിരുന്നു. ദൈവത്തിന്റെ വചനം മണല്‍ക്കാട്ടില്‍ നിന്നു വരുന്നു എന്നതും ദൈവത്തിന്റെ ഹീബ്രുവിലുള്ള ഒരു പേരിന്റെ അര്‍ത്ഥം ഇടം എന്നായതും ആശ്‌ചര്യകരമല്ലേ?"- ഈജിപ്‌തില്‍നിന്നു സൂയസ്‌ കനാല്‍ പ്രതിസന്ധിയില്‍ പുറത്താക്കപ്പെട്ട യഹൂദ കവി എഡ്‌മണ്ട്‌ ജാബസിന്റെ വാക്കുകളാണിവ.
ഡോ. ഡി. ബാബു പോള്‍ എന്ന സുഹൃത്തിന്റെ ഓര്‍മകള്‍ കുറിക്കുമ്പോള്‍ എന്നിലേക്കു വന്ന കാവ്യവചനങ്ങളാണിവ. മണല്‍ക്കാട്ടിലൂടെ നടന്നു ജീവിതത്തിന്റെ പൂന്തോട്ടം സൃഷ്‌ടിച്ചവനായിരുന്നു ബാബു പോള്‍. മണല്‍ക്കാട്‌ ആയുസിന്റെ പുസ്‌തകമാണ്‌. ആ മണല്‍ക്കാടിനെ വേദഗ്രന്ഥമായി വായിച്ചവനും അതില്‍നിന്നു പൂന്തോട്ടത്തിന്റെ കഥ വിരചിച്ചവനുമാണ്‌ അദ്ദേഹം. അതൊരു കാവ്യവൃത്തിയാണ്‌. അദ്ദേഹം പ്രഗത്ഭനായ ഐ.എ.എസ്‌ ഉദ്യോഗസ്‌ഥനും ഭരണാധിപനുമാണ്‌ എന്നു വ്യക്‌തമായി അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഈ കാവ്യബോധത്തെക്കുറിച്ച്‌ എഴുന്നത്‌. അദ്ദേഹത്തിന്റെ സഹോദരന്‍ റോയിയും ഐ.എ.എസിന്റെ അലങ്കാരമുള്ളവനാണ്‌. പക്ഷേ, ഈ പ്രാഗത്ഭ്യത്തേക്കാള്‍ പ്രധാനം ജീവിതം നിര്‍വചിക്കുന്ന മറ്റു ചില വിശ്വാസവീക്ഷണങ്ങളാണ്‌. ചീറോത്തോട്ടത്തില്‍ പൗലോസ്‌ കോര്‍ എപ്പിസ്‌കോപ്പയുടെ മകനായി അദ്ദേഹം വേദപുസ്‌തകത്തില്‍ ജീവിതത്തിന്റെ ഇടം കണ്ടെത്തി എന്നതാണ്‌ വലിയ കാര്യം.
ബൈബിളില്‍ ജീവിച്ച ഒരു കവിയെ ഉദ്ധരിച്ചത്‌ അതുകൊണ്ടാണ്‌. വേദശബ്‌ദ രത്‌നാകരമെന്ന ബൈബിള്‍ നിഘണ്ടു എഴുതിയതു ജീവിതമെഴുത്തിന്റെ ശേഷക്കുറിപ്പാണ്‌. നിരന്തരമായി ബൈബിളിന്റെ പേജുകളില്‍ പരതി ജീവിതത്തിന്റെ കഥയുടെ സത്യം കണ്ടെത്തുകയും കല്‌പിച്ചുണ്ടാക്കുകയും ചെയ്‌തു. അദ്ദേഹം ക്രൈസ്‌തവസഭയുടെ ബാര്‍ ഈത്തോ ബ്രീറോ - സഭയുടെ വിശ്വസ്‌ത പുത്രനായിരുന്നു. ക്രൈസ്‌തവ വിശ്വാസിയായിരിക്കുമ്പോഴും ബൈബിളിന്റെ പേജുകളിലൂടെ ജീവിതം എഴുതിയപ്പോഴും ഏറ്റവും നല്ല പൗരനും ശ്രേഷ്‌ഠമായ സാംസ്‌കാരികജീവിതം നയിച്ചവനും പ്രബുദ്ധമായ മാനവികയുടെ മനുഷ്യനുമായിരുന്നു. ക്രൈസ്‌തവ വിശ്വാസത്തിന്റെ കാതല്‍ ശുദ്ധമായ മാനവികതയാണ്‌ എന്ന്‌ ഉറച്ചു വിശ്വസിക്കുകയും അര്‍ത്ഥശങ്കയില്ലാതെ തുറന്നുപറയുകയും ചെയ്‌ത വ്യക്‌തി.
മതങ്ങളുടെയോ സഭകളുടെയോ വേലികള്‍ക്കതീതമായി ജീവിതം കാണാനും സ്വാംശീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതുകൊണ്ടു മറ്റു മതഗ്രന്ഥങ്ങളില്‍ വേദത്തിന്റെ വെളിച്ചവും രശ്‌മികളും അദ്ദേഹം കണ്ടെത്തിയിരുന്നു. വേദഗ്രന്ഥംപോലെ പ്രപഞ്ചഗ്രന്ഥവും വായിച്ചു സത്യത്തിന്റെ വിസ്‌തൃതമായ ചക്രവാളവുമായി ജീവിച്ചു. അദ്ദേഹത്തോട്‌ ഏറ്റവുമധികം അടുപ്പിച്ച ബന്‌ധം ഞാന്‍ സത്യദീപത്തില്‍ യോനാപ്രവാചകനെക്കുറിച്ച്‌ എഴുതിയ ലേഖനമായിരുന്നു. പതിവില്‍നിന്നു ഭിന്നമായി ബൈബിളിനെ ഒന്നാംതരം ഹാസ്യകൃതിയാണു യോനായുടെ പസ്‌തകം എന്നാണു ഞാന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. യഹൂദപ്രവാചകനായ യോനായെ അടിമുടി ആ ഗ്രന്ഥത്തില്‍ പരിഹസിക്കുന്നു. ദൈവത്തിന്റെ വെളിപാടിലും ഹാസ്യത്തിനു സ്‌ഥാനമുണ്ട്‌. ഈ നിലപാടു ഡോ. ബാബു പോളിനെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ വേദശബ്‌ദരത്‌നാകാരത്തില്‍ അതു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തികഞ്ഞ ഹാസ്യബോധം അദ്ദേഹത്തിന്റെ വ്യക്‌തിത്വത്തിന്റെ നിര്‍വചനവിശേഷമായിരുന്നു.
ഹേഗലിനെ എങ്ങനെ തോല്‌പിക്കും? തത്ത്വശാസ്‌ത്ര ക്ലാസ്സില്‍ അദ്ധ്യാപകന്‍ ചോദിച്ചു; ഈ ചോദ്യത്തിനു പ്രത്യേക അര്‍ത്ഥമുണ്ട്‌. ഹേഗലിനു തത്ത്വശാസ്‌ത്രം തര്‍ക്കശാസ്‌ത്രമാണ്‌. തര്‍ക്കത്തോട്‌ എങ്ങനെ തര്‍ക്കിക്കും എന്നതാണു ചോദ്യം. അനുകൂലിച്ചാലും പ്രതികൂലിച്ചാലും നിങ്ങള്‍ തര്‍ക്കത്തില്‍ത്തന്നെ. അവിടെനിന്നു പുറത്തുകടക്കാനാവില്ല. ഈ പ്രതിസന്ധി ജീവിതത്തിലുടനീളം നമുക്കുണ്ടാകാം. ഈ താര്‍ക്കികരെ നിശബ്‌ദമാക്കാന്‍ എന്താ പണി? ഒരേയൊരു മാര്‍ഗമേ സാംസ്‌കാരികമായിട്ടുള്ളൂ - പരിഹാസം. ഇതിന്റെ കേരളീയ പ്രതിരൂപമാണു കുഞ്ചന്‍ നമ്പ്യാര്‍. കുഞ്ചന്‍ നമ്പ്യാരുടെ ഒരു സ്‌പര്‍ശം എന്നും ഡോ. ബാബു പോളില്‍ കണ്ടിരുന്നു.
വിശാലവും ഉദാരവും പ്രബുദ്ധവുമായ ഒരു ചക്രവാളത്തില്‍ വ്യാപരിച്ചവനായിരുന്നു അദ്ദേഹം. എഡ്‌മണ്ട്‌ ഹുസേല്‍ ജോമിട്രിയുടെ ഉത്‌പത്തിയെക്കുറിച്ച്‌ എഴുതിയപ്പോള്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്‌. വര്‍ഗ-വര്‍ണ-ജാതികള്‍ക്കനുസൃതമായി ഭിന്ന ജോമിട്രികളുണ്ടോ? സമചതുരം കറുത്തവനും വെളുത്തവനും ഇരുണ്ടവനും ഒരുപോലെയാണ്‌. എല്ലാവര്‍ക്കും ഒരേയൊരു ക്ഷേത്രഗണിതമേയുള്ളൂ. ആ ക്ഷേത്രത്തില്‍ വസിക്കുകയും അതിന്റെ മഹത്ത്വപൂര്‍ണമായ ജീവിതമെന്ന സംഭവം വെളിപ്പെടുത്തുകയും ചെയ്‌ത മഹത്ത്വത്തിന്റെ മനുഷ്യനായിരുന്നു ബാബു പോള്‍.
ഇനി അദ്ദേഹത്തിന്റെ ആയുസിന്റെ പുസ്‌തകം തലമുറകള്‍ക്കു വായനയ്‌ക്കായി വയ്‌ക്കപ്പെട്ടിരിക്കുന്നു. ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വ്യാഖ്യാനും പൂര്‍ത്തിയാകാതെ കിടക്കുന്നു. പേരില്ലാത്ത വന്യതയ്‌ക്കു പേരിട്ടു ജീവിതത്തെ സങ്കീര്‍ത്തനമാക്കിയ അത്ഭുതജീവിതം. ജീവിതംകൊണ്ടു സങ്കീര്‍ത്തനമെഴുതുന്നവര്‍ക്ക്‌, മണല്‍ക്കാടുകൊണ്ടു ദൈവത്തിന്റെ ചരിത്രം സൃഷ്‌ടിക്കുന്നവര്‍ക്കു ബാബു പോള്‍ എന്ന പുസ്‌തകം വഴികാട്ടിയായി മാറട്ടെ.

റവ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Sunday 14 Apr 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW