Friday, May 24, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.25 AM

തെരഞ്ഞെടുപ്പ്‌: ഇന്ധനവിലയില്‍ വലിയ മാറ്റമില്ല

uploads/news/2019/04/301693/k5.jpg

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ ഇന്ധനവിലയിലും കാര്യമായ മാറ്റമില്ല. ദിനംപ്രതി അഞ്ചും പത്തും പൈസ കൂടുകയോ കുറയുകയോ ചെയ്യുന്ന പ്രവണതയാണുള്ളത്‌. ഈ മാസം ഇതുവരെ പെട്രോളും ഡീസലും അമ്പരിപ്പിക്കുന്ന വില സ്‌ഥിരത പുലര്‍ത്തുകയാണ്‌.
ആഗോള അസംസ്‌കൃത എണ്ണവില വിലയില്‍ നേരിയ വ്യതിയാനമുണ്ടായാലും രാജ്യത്ത്‌ എണ്ണവില കൂട്ടാന്‍ ധൃതികൂട്ടുന്ന എണ്ണക്കമ്പനികള്‍ യാതൊരു ഇടപെടലും നടത്തുന്നുമില്ല.
കഴിഞ്ഞ ജനുവരി ഒന്നിന്‌ തിരുവനന്തപുരത്ത്‌ പെട്രോള്‍ വില 71.82 രൂപയും ഡീസല്‍ വില 67.41 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിന്‌ വില യഥാക്രമം 74.21 രൂപയും 70.67 രൂപയുമായി ഉയര്‍ന്നു. മാര്‍ച്ച്‌ ഒന്നായപ്പോള്‍ വില 75.11 ഉം 72.16 രൂപയുമായി. ഏപ്രില്‍ ഒന്നിന്‌ പെട്രോളിനു വില കൂടി 76.13 ആയപ്പോള്‍ ഡീസലിന്‌ വില താഴ്‌ന്ന്‌ 71.02 ആയി. എന്നാല്‍, തിരുവനന്തപുരത്ത്‌ ഇന്നലെ പെട്രോള്‍ വില 76.13 രൂപയും ഡീസലിന്‌ 71.13 രൂപയുമാണ്‌. പെട്രോള്‍ വിലയില്‍ മാറ്റമില്ല, ഡീസലില്‍ മാത്രം നേരിയ വ്യത്യാസം.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന്‌ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന്‌ 74.81 രൂപയായിരുന്നു. ഡീസലിന്‌ 69.68 രൂപയും. ഇന്നലെ കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74.81 രൂപയും 69.78 രൂപയുമാണ്‌. ഇതിനിടയിലെ 13 ദിവസത്തില്‍ എട്ടുദിവസവും ഇന്ധനവിലയില്‍ ഒരു മാറ്റവുമുണ്ടായില്ല. മറ്റു ദിവസങ്ങളില്‍ ഒന്നോ രണ്ടോ പൈസയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രം.
ജനുവരി മുതല്‍ മാര്‍ച്ച്‌ അവസാനംവരെ സംസ്‌ഥാനത്ത്‌ പെട്രോളിനും ഡീസലിനും നാലുരൂപയോളം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ജനുവരി ആദ്യം രാജ്യാന്തര അസംസ്‌കൃത എണ്ണവില ബാരലിന്‌ 60.25 ഡോളര്‍ നിരക്കിലായിരുന്നു. ഇന്നലെ വില 71.52 ഡോളര്‍.
നാലുമാസത്തിനിടെ 11 ഡോളര്‍ കൂടി. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടയിലും ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നു. എന്നാല്‍, ആഭ്യന്തര ഇന്ധനവില അനക്കമില്ലാതെ തുടര്‍ന്നു.
ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ഉയരുന്ന പ്രവണതയാണ്‌ നാലുമാസമായി കണ്ടുവരുന്നത്‌. കര്‍ണാടക, ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലും എണ്ണവില കൂടിയിരുന്നില്ല. എന്നാല്‍, ഡോളറുമായുള്ള വിനിമയത്തില രൂപയുടെ മൂല്യം ഉയര്‍ന്നതാണ്‌ എണ്ണവില തല്‍ക്കാലം കൂടാത്തതെന്നാണ്‌ എണ്ണക്കമ്പനികളുടെ വിശദീകരണം. ഏതാനും ദിവസങ്ങളായി രൂപയുടെ മൂല്യം 69.16 ലേക്ക്‌ എത്തിയിരുന്നു.

ബൈജു ഭാസി

Ads by Google
Sunday 14 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW