Thursday, June 27, 2019 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.14 AM

ശബ്‌ദം നായകനാകുമ്പോള്‍

uploads/news/2019/04/301637/sun4.jpg

ശബ്‌ദങ്ങളുടെ കളിത്തോഴനായ റസൂല്‍ പൂക്കുട്ടിയെക്കുറിച്ച്‌ ലോകത്തിന്‌ വിശേഷണങ്ങളുടെയോ പരിചയപ്പെടുത്തലിന്റെയോ ആവശ്യകതയുണ്ടാവില്ല. സിനിമയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ശബ്‌ദസംവിധാനത്തില്‍ പുതുമകളുടെ ആവിഷ്‌കാരമാണ്‌ റസൂല്‍ പൂക്കുട്ടിയുടെ ജീവിതം. സിനിമയുടെ പിന്നണിയില്‍നിന്നു പ്രേക്ഷകനോട്‌ സംസാരിക്കുന്ന ഇദ്ദേഹം സിനിമാ തിരശ്ശീലയിലേക്ക്‌ ചുവടുവെക്കുന്നു. രാജീവ്‌ പനയ്‌ക്കല്‍ നിര്‍മിച്ച്‌, പ്രസാദ്‌ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദി സൗണ്ട്‌ സ്‌റ്റോറി എന്ന സിനിമയില്‍ റസൂല്‍ പൂക്കുട്ടിയാണ്‌ നായകന്‍. ഒരേസമയം നാലു ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ അന്ധനായ ഒരാള്‍ക്ക്‌ തൃശൂര്‍പൂരം സമ്മാനിക്കുന്ന അനുഭവത്തെക്കുറിച്ചാണ്‌ പറയുന്നത്‌.

ശബ്‌ദസാന്നിധ്യംകൊണ്ട്‌ തിരശ്ശീലയില്‍ അദൃശ്യനായിരുന്ന റസൂല്‍ ക്യാമറാഫ്രെയിമിലേക്കു വരാനുണ്ടായ കാരണമെന്തായിരുന്നു?
ദി സൗണ്ട്‌ സ്‌റ്റോറി എന്ന സിനിമ എെന്ന നടനാക്കാനോ നായകനാക്കാനോ വേണ്ടി നിര്‍മിച്ചതല്ല. ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചതിനുശേഷം എപ്പോഴോ നല്‍കിയ ഒരു അഭിമുഖത്തില്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞതാണ്‌ തൃശൂര്‍പൂരം റെക്കോര്‍ഡ്‌ ചെയ്യണമെന്ന്‌. വര്‍ഷങ്ങള്‍ക്കുശേഷം വാഷിംങ്‌ടണില്‍നിന്ന്‌ എന്റെ ഓഫീസിലേക്കു ഒരു ഫോണ്‍കോള്‍ വന്നു. അത്‌ 2017ലെ തൃശൂര്‍പൂരത്തിന്‌ തൊട്ടുമുമ്പായിരുന്നു. എന്റെ അഭിമുഖം ശ്രവിച്ച ഒരു വ്യക്‌തി എന്റെ ആഗ്രഹം നടപ്പിലാക്കാന്‍ താല്‍പ്പര്യമുണ്ടെന്നറിയിക്കുന്നു. ഒന്നും തിരിച്ചുകിട്ടുന്ന പ്ര?ജക്‌റ്റല്ല എന്നു പറഞ്ഞിട്ടും അദ്ദേഹം പറഞ്ഞത്‌, ഇത്‌ തൃശ്ശൂരുകാര്‍ക്കുള്ള എന്റെ സമ്മാനമാണെന്നാണ്‌. കൂടുതല്‍ ആ വ്യക്‌തിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌, 18 വയസ്സില്‍ തൃശ്ശൂരില്‍നിന്നും നാടുവിട്ടുപോയതാണ്‌ അദ്ദേഹം. അവസാനം ഡോക്യുമെന്ററി ചെയ്യാമെന്നു സമ്മതംമൂളി. കൊല്ലംകാരനായ ഞാന്‍ ഇന്നേവരെ തൃശൂര്‍പൂരം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പൂരം നടക്കുന്നതിനു മുന്‍പുള്ള ചെറുപൂരങ്ങള്‍ കാണാന്‍പോയി. ഇത്‌ എനിക്കു കിട്ടിയ അവസരമാണ്‌. പരാമാവധി പ്രയോജനപ്പെടുത്തണമെന്നു മനസ്സു പറഞ്ഞു. പല സ്‌ഥലങ്ങളിലും പോയി ചെറുപൂരങ്ങള്‍ കണ്ടു. ഒന്നും ശരിയായി തോന്നിയില്ല. അവസാനം പെരുവനം അമ്പലത്തില്‍പോയി. വടക്കുംനാഥന്റെ മറ്റൊരു പതിപ്പ്‌. കെട്ടുംമട്ടും അതുതന്നെ. അവിടെയുമുണ്ട്‌ ഇലഞ്ഞിമരം. ഇലഞ്ഞിത്തറമേളവും അവിടെ നടക്കുന്നു. അമ്പലത്തിനു ചുറ്റും വലംവെച്ച്‌ പിന്‍വശത്തെ കവാടംവഴി ഇടവഴിയിലേക്കിറങ്ങി നടക്കുമ്പോള്‍ കൈകൊട്ടിനോക്കി. കൃത്യമായ ശബ്‌ദം. ഇതാണ്‌ ഞാന്‍ തേടിനടന്ന സ്‌ഥലം. ഇവിടെ മേളക്കാരെ വയ്‌ക്കാം. പക്ഷേ അവിടെ തണലില്ല. മേയിലെ ചൂടില്‍ മേളക്കാര്‍ വരുമോ? ആ സമയത്താണ്‌ പെരുവനം കുട്ടന്‍മാരാരെ കണ്ടത്‌. അദ്ദേഹം എന്നെ കണ്ടതും അത്ഭുതംകൊണ്ട്‌ ഞാനെങ്ങനെ അവിടെയെത്തി എന്നാണ്‌ ആദ്യം ചോദിച്ചത്‌. അദ്ദേഹം തുടര്‍ന്നു പറഞ്ഞത്‌ എന്നെ ആശ്‌ചര്യപ്പെടുത്തി.
1137 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പൂരം തുടങ്ങിയതവിടെയാണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. അപ്പോഴാണ്‌ ഞാന്‍ സ്‌ഥലം ശരിക്കും ശ്രദ്ധിച്ചത്‌. ആളുകള്‍ക്ക്‌ ഇരിക്കാന്‍ പറ്റുന്ന തരത്തില്‍ അരമതിലുകള്‍. പെരുവനം ഇടവഴി ചരിത്രത്തില്‍ സ്‌ഥാനം പിടിച്ച ഇടമാണ്‌. ഇതൊരു നിമിത്തമാണ്‌. എന്നെ ആരോ എത്തിച്ചതാണിവിടെയെന്നു മനസ്സു പറഞ്ഞു. അതായിരുന്നു സിനിമയുടെ തുടക്കം. പൂരം റെക്കോര്‍ഡ്‌ ചെയ്യണം. ഡോക്യുമെന്റ്‌ ചെയ്യണം. അങ്ങനെ ചെണ്ടയുണ്ടാക്കുന്ന സ്‌ഥലം കാണാന്‍ പോയി. പിന്നീട്‌ നേരെ ആനപ്പന്തിയിലേക്കും. അവിടുത്തെ പ്രധാന ആനയ്‌ക്ക് കാഴ്‌ചയില്ലെന്ന്‌ പാപ്പാന്‍ പറഞ്ഞപ്പോള്‍ പിന്നെ എന്തിനിവിടെ നിര്‍ത്തിയിരിക്കുന്നു എന്ന ചോദ്യത്തിന്‌ എനിക്കു കിട്ടിയ മറുപടി ശബ്‌ദമാണ്‌ അതിന്റെ കാഴ്‌ച എന്നായിരുന്നു. എന്റെ മനസ്സില്‍ ഉടന്‍ തോന്നിയത്‌, അന്ധനായ ഒരാളെ ആനയ്‌ക്കു പകരം അവിടെ നിര്‍ത്തിയാല്‍ എങ്ങനെയുണ്ടാവും എന്നാണ്‌. കാതുകള്‍ കണ്ണുകളാവും. ആ ഒരു നിമിഷത്തില്‍ ഞാന്‍ എന്റെ സന്തതസഹചാരിയായ പ്രസാദിനെ വിളിച്ചു പറഞ്ഞു, ഒരു സിനിമയ്‌ക്കു കഥ കിട്ടിയിരിക്കുന്നു. ശബ്‌ദസംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ എന്താണ്‌ കേള്‍ക്കുന്നത്‌ എന്നും മേളത്തില്‍നിന്ന്‌ പൂരത്തിലേക്കൊരു യാത്രയുമാണ്‌ ഈ സിനിമ.

ഈയൊരു ചിത്രീകരണത്തില്‍ അവിസമരണീയമായി തോന്നിയ നിമിഷം ഏതാണ്‌?
എന്റെ ജീവിതത്തിലെ ഏറ്റവും അനുഭൂതിയുണര്‍ത്തിയ കാര്യം ഇലഞ്ഞിത്തറമേളം റെക്കോര്‍ഡ്‌ ചെയ്‌തതാണ്‌. ജീവിതത്തില്‍ അത്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇലഞ്ഞിത്തറമേളം ഒരിക്കലും റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയില്ലെന്നാണ്‌ എനിക്കു തോന്നിയിരുന്നത്‌. എന്നെ ആരോ കൈപിടിച്ച്‌ ചെയ്യിപ്പിച്ചതായി തോന്നി. മേളം സിനിമയിലുണ്ട്‌. എന്നാല്‍ ഞാന്‍ റെക്കോര്‍ഡു ചെയ്യുന്നതായി ചിത്രത്തിലില്ല. ഞാനാണത്‌ ചെയ്‌തത്‌. എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ തീരെ രസമില്ലാത്തതായി തോന്നിയ ചില കാര്യങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ രസകരമായി തോന്നുന്നുണ്ട്‌. അഭിനയം എനിക്കു പരിചയമില്ലാത്തതുകൊണ്ടാവാം. പ്രസാദ്‌ ബുദ്ധിപൂര്‍വം പല സ്‌ഥലത്തും ക്യാമറവെച്ച്‌ ഇക്കാ അതു ചെയ്യൂ, അതു ചെയ്യൂ എന്നൊക്കെ പറയും.

ശബ്‌ദസംവിധായകനായ താങ്കള്‍ ഇപ്പോള്‍ ഒരു സിനിമയില്‍ നായകനായിരിക്കുന്നു. ജീവിതത്തിലെ ആകസ്‌മികതകളെ എങ്ങനെ നോക്കിക്കാണുന്നു?
ഇന്ന്‌ എന്നെ എല്ലാവരും അറിയുന്നത്‌ ഓസ്‌കാര്‍ ജേതാവ്‌, സൗണ്ട്‌ എഞ്ചിനീയര്‍ എന്നെല്ലാമാണ്‌. എന്നാല്‍ നിയമം പഠിക്കാന്‍ താല്‍പ്പര്യമില്ലാതെ സിനിമയിലേക്കു പോകണം എന്നു പറഞ്ഞപ്പോള്‍ എന്റെ ആഗ്രഹത്തെ എതിര്‍ക്കാതെ എന്റെ കൈപിടിച്ച്‌ കൂടെനിന്ന ഉമ്മയാണ്‌ എനിക്കു കിട്ടിയ എല്ലാ അംഗീകാരത്തിനുമുള്ള ഉടമസ്‌ഥ. പക്ഷെ ആ അംഗീകാരങ്ങള്‍ കാണാന്‍ ഉമ്മയില്ല എന്നതാണ്‌ സങ്കടം. അന്ന്‌ ഉമ്മ കാണിച്ച ആ സ്‌നേഹമാണ്‌ എന്റെ ജീവിതത്തില്‍ എനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനവും.

ചെയ്‌തു കഴിഞ്ഞ ഏതെങ്കിലും സിനിമ വീണ്ടും കാണുമ്പോള്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. ചെയ്‌തുകഴിഞ്ഞ ഏതു സിനിമയും പിന്നീട്‌ റീമിക്‌സ് ചെയ്‌താല്‍ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്‌. കാരണം ചെയ്‌തു കഴിഞ്ഞതു കാണുമ്പോള്‍ ഇനിയും ഇനിയും നന്നാക്കാന്‍ പറ്റുമായിരുന്നെന്ന ചിന്ത എന്റെ ഉള്ളില്‍ എപ്പോഴും ഉണ്ടാകാറുണ്ട്‌. 20 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ആദ്യം ചെയ്‌ത പ്രൈവറ്റ്‌ ഡിറ്റക്‌ടീവ്‌ എന്ന സിനിമ ചെയ്‌തപ്പോഴുള്ള ബുദ്ധിമുട്ടുകളും സമയവും ഇപ്പോള്‍ സിനിമയില്‍ ആവശ്യമില്ല. അതുകൊണ്ടുതന്നെയാവും എന്റെയീ ചിന്തയും.

ശബ്‌ദസംവിധാനത്തില്‍ മലയാള സിനിമയെ വിലയിരുത്തുമ്പോള്‍ എന്തുതോന്നുന്നു?
കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ മലയാള സിനിമ സാങ്കേതികമായി വളരെ മുന്നിലാണ്‌. മലയാളം മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാചിത്രങ്ങളുടേയും നിലവാരം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഇന്ന്‌ യുവതലമുറയ്‌ക്ക് സിനിമ പഠിയ്‌ക്കാന്‍ നിരവധി കോഴ്‌സുകളുണ്ട്‌. അതില്‍ത്തന്നെ വിദ്യാഭ്യാസത്തെ വ്യവസായവല്‍ക്കരിക്കാത്ത സ്‌ഥാപനങ്ങളില്‍ ചേര്‍ന്നു പഠിച്ചാല്‍ നേട്ടങ്ങളുണ്ടാവുമെന്നുറപ്പാണ്‌. ഓസ്‌കാര്‍ ലഭിച്ച അവസരത്തില്‍ എന്റേയും റഹ്‌മാന്റെയും അഭിമുഖത്തില്‍ റഹ്‌മാന്‍ പറഞ്ഞത്‌, അടുത്ത പത്തു വര്‍ഷത്തില്‍ ഇന്ത്യന്‍ സിനിമ വളരെയധികം പുരോഗമിക്കുമെന്നായിയിരുന്നു. അതു കൃത്യമായിരിക്കുന്നു.

നിയമപഠനം പൂര്‍ത്തിയാക്കാതെ ശബ്‌ദമാണ്‌ ജീവിതവഴി എന്നു തെരഞ്ഞെടുക്കാന്‍ എന്തെങ്കിലും കാരണമുണ്ടായിരുന്നോ?
ബി.എസ്‌.സി ഫിസിക്‌സ് എടുത്ത്‌ എം.എസ്‌.സി ചെയ്‌ത് സൂ്‌പ്പര്‍ കണക്‌ടിവിറ്റിയില്‍ പി.എച്ച്‌.ഡി എടുത്ത്‌ ഇന്ത്യക്കുവേണ്ടി നോബല്‍ സമ്മാനം നേടണമെന്നതായിരുന്നു ആഗ്രഹം. പക്ഷേ, എം.എസ്‌.സിക്ക്‌ സീറ്റ്‌ കിട്ടിയില്ല. അങ്ങനെ ലോ കോളജില്‍ ചേര്‍ന്നു. അപ്പോഴാണ്‌ സുഹൃത്തുക്കള്‍ പറയുന്നത്‌, പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സൗണ്ട്‌ റെക്കോര്‍ഡിംങ്‌ കോഴ്‌സ് ഉണ്ടെന്ന്‌. എന്‍ട്രന്‍സ്‌ എഴുതി കിട്ടി. അവിടെ ഇന്റര്‍വ്യു ബോര്‍ഡിനു മുന്നില്‍ ഇരിക്കുമ്പോള്‍ അവര്‍ ചോദിച്ച ചോദ്യത്തിനു ഞാന്‍ പറഞ്ഞത്‌, പുതിയ സിനിമ എടുക്കും. സൗണ്ട്‌ ചെയ്യും. സമൂഹത്തെ മാറ്റും എന്നൊക്കെയായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി, സുഹൃത്തേ നീയാദ്യം മാറ്‌. എന്നിട്ട്‌ സമൂഹത്തെ മാറ്റാം എന്നായിരുന്നു. അവിടെ ഞാന്‍ പരാജയപ്പെട്ടു. ആ തോല്‍വിയാണ്‌ ശബ്‌ദമാണ്‌ എന്റെ വഴി എന്നു തീരുമാനിക്കാന്‍ കാരണം. തിരിച്ച്‌ തിരുവനന്തപുരത്തെത്തി ഒരു വര്‍ഷം ആര്‍ട്ട്‌ ആന്റ്‌ കള്‍ച്ചറിനെക്കുറിച്ച്‌ പഠിച്ചു. നിരാശനാകാതെ ഞാന്‍ വീണ്ടും പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ എന്‍ട്രന്‍സ്‌ എഴുതുകയും അഡ്‌മിഷന്‍ കിട്ടുകയും ചെയ്‌തു. 92ല്‍ എന്റെ ജോലി ആരംഭിക്കുകയും ചെയ്‌തു.

പുതിയ പ്ര?ജക്‌ടുകള്‍?
മലയാളത്തിലും ഹിന്ദിയിലും പുതിയ കുറച്ചു ചിത്രങ്ങളുണ്ട്‌. പ്രധാനപ്പെട്ട ഒരു പ്ര?ജക്‌ട് ഒരു സിനിമയുടെ കഥയും ശബ്‌ദവും ഞാന്‍ തന്നെയാണ്‌. ഒരു പക്ഷെ, സൗണ്ട്‌ സേ്‌റ്റാറിയില്‍ ഞാന്‍ നായകനായെങ്കില്‍ ആ പ്ര?ജക്‌ടില്‍ ഞാന്‍ സംവിധായകനുമായേക്കാം. പ്രഭാസിന്റെ മൂന്നു ഭാഷയില്‍ പുറത്തിറങ്ങുന്ന ഒരു ചിത്രത്തിനുവേണ്ടി ശബ്‌ദം ചെയ്യുന്നു.

ഉമ ആനന്ദ്‌

Ads by Google
Sunday 14 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW