Friday, May 17, 2019 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.29 PM

ചന്ദ്രദശയിലെ വ്യാഴാപഹാരഫലം

''ജാതകപ്രകാരം വ്യാഴം ഉച്ചക്ഷേത്രം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം തുടങ്ങിയ രാശിയിലോ, ലഗ്നാല്‍ കേന്ദ്ര ത്രികോണത്തിലോ സ്ഥിതി ചെയ്താല്‍ ആ വ്യാഴന്റെ അപഹാരകാലം വളരെയധികം ഗുണപ്രദമായിരിക്കും. "
uploads/news/2019/04/301251/joythi120419.jpg

1 വര്‍ഷം 4 മാസം ചന്ദ്രദശാകാലം ആരംഭിച്ച് 2 വര്‍ഷവും 11 മാസവും കഴിഞ്ഞ് വരുന്ന 1 വര്‍ഷവും 4 മാസവുമാണ് വ്യാഴാപഹാരകാലഘട്ടം.

ദാനധര്‍മ്മ നിരതസ്സുഖോദയോ
വസ്ത്ര ഭൂഷണസുഹൃജ്ജനാഗമഃ
രാജ സത്കൃതി രതീവ ജായതേ
കൈരവപ്രിയ വയോഹരേ ഗുരൗ

ഈ പ്രമാണപ്രകാരം ചിന്തിക്കുന്ന സമയത്ത് ചന്ദ്രദശയിലെ വ്യാഴാപഹാരകാലഘട്ടം പൊതുവേ ഗുണപ്രദമാണ്. ദാനധര്‍മ്മങ്ങളില്‍ താല്പര്യം, സൗഖ്യാനുഭവങ്ങള്‍, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കുക വലുതായ രാജകീയ ബഹുമാനങ്ങള്‍ സിദ്ധിക്കുക തുടങ്ങി അനേകം സല്‍ഗുണങ്ങള്‍ ഈ സമയത്തിലനുഭവമാകും.

ജാതകപ്രകാരം വ്യാഴം ഉച്ചക്ഷേത്രം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം തുടങ്ങിയ രാശിയിലോ, ലഗ്നാല്‍ കേന്ദ്ര ത്രികോണത്തിലോ സ്ഥിതി ചെയ്താല്‍ ആ വ്യാഴന്റെ അപഹാരകാലം വളരെയധികം ഗുണപ്രദമായിരിക്കും.

ജാതകവശാല്‍ ഏതേതു ഭാവത്തിന്റെ ആധിപത്യവും ബന്ധവുമാണോ ആ വ്യാഴത്തിനുള്ളത്, അതാതു ഭാവത്തിനനുസരിച്ച നല്ല ഫലാനുഭവങ്ങളെ ആ വ്യാഴന്‍ നല്‍കുന്നതായിരിക്കും. (ഉദാ: രണ്ടാംഭാവം= ധനലാഭം അഞ്ച്= പുത്രലാഭം) കൂടാതെ വ്യാഴത്തിന് കര്‍മ്മാധിപന്റേയോ, ഭാഗ്യാധിപന്റേയോ യോഗമുണ്ടായാല്‍ സുഖാനുഭവങ്ങള്‍ സമൃദ്ധമായിത്തന്നെ ഉണ്ടാവുമെന്ന് ഉറപ്പിക്കാം. ഗവണ്‍മെന്റില്‍ നിന്നും ആനുകൂല്യം ഉയര്‍ന്ന സ്ഥാനമാനലബ്ധി, സല്‍കീര്‍ത്തി തുടങ്ങിയ സവിശേഷ ഫലങ്ങളുമനുഭവമാകും.

ദശാനാഥനായ ചന്ദ്രനില്‍ നിന്നും ഇഷ്ടസ്ഥാനത്താണ് വ്യാഴന്റെ സ്ഥിതിയെങ്കിലും മേല്‍പ്പറഞ്ഞ ശുഭഫലങ്ങള്‍ അനുഭവമാകും.

എന്നാല്‍ ജാതകപ്രകാരവും ചന്ദ്രനില്‍നിന്നും അനിഷ്ട സ്ഥാനത്താണ് (6-8-12) വ്യാഴന്‍ നില്‍ക്കുന്നതെങ്കില്‍ കഷ്ടഫലങ്ങള്‍ അനുഭവത്തില്‍ വരും. നീചരാശിയിലോ, ശത്രുക്ഷേത്രത്തിലോ, മൗഢ്യത്തിലോ ആണ് വ്യാഴനെങ്കിലും അനിഷ്ടഫലങ്ങള്‍ക്കാണ് ആധിക്യമുണ്ടാവുക. സര്‍ക്കാരില്‍നിന്നും പ്രതികൂല നടപടികളും പ്രയണപരാജയവും സ്ഥാനഭ്രംശവുമെല്ലാമാകും ഫലം.

പൊതുവെ അനുകൂലനാണ് വ്യാഴനെങ്കില്‍ ആ വ്യാഴാപഹാര സമയത്തില്‍ സര്‍വ്വകാര്യവിജയം, ഈശ്വരാരാധന, സല്‍കീര്‍ത്തി, സമാധാനം, കര്‍മ്മപുഷ്ടി, രാജപ്രീതി, ഭാര്യാപുത്ര സമ്പത്ത്
ധാര്‍മ്മികത, ധനസമൃദ്ധി തുടങ്ങിയ ഗുണങ്ങളുണ്ടാകും.

വ്യാഴം പ്രതികൂലനാണെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ വിപരീത ഫലങ്ങളാകും അനുഭവത്തില്‍ വരിക. കൂടാതെ ശത്രുവര്‍ദ്ധനവ്, കണ്ഠത്തിന് മുകളില്‍ രോഗം, ഹൃദ്രോഗം, കഫരോഗങ്ങള്‍, പുത്രശോകം തുടങ്ങിയവയും ഫലമാണ്.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലഘട്ടത്തില്‍ ചന്ദ്രനേയും വ്യാഴനേയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ചന്ദ്രപ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം വ്യാഴ പ്രീതിക്കായി അനുഷ്ഠിക്കേണ്ട പരിഹാരകര്‍മ്മങ്ങള്‍ മനസ്സിലാക്കാം.

വ്രതം


വ്യാഴദോഷശാന്തിക്കായി വ്യാഴാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. അന്നേ ദിവസം വ്യാഴാഷ്‌ടോത്തര ശതനാമസ്‌ത്രോത്രം വിഷ്ണുസഹസ്രനാമം, വിഷ്ണുസ്‌തോത്രങ്ങള്‍ തുടങ്ങിയവ ജപിക്കുന്നതും നല്ലതാണ്. കൂടാതെ ഏകാദശിവ്രതവും അനുഷ്ഠിക്കാവുന്നതാണ്.

വസ്ത്രം


ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി വ്യാഴത്തിന് പറഞ്ഞിട്ടുള്ള മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണകരമാണ്. വ്യാഴാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ഈ നിറത്തിലും വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്.

പുഷ്പം


വ്യാഴപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ മഞ്ഞമന്ദാരം, മഞ്ഞ അരളി, മഞ്ഞതെച്ചി തുടങ്ങിയ പുഷ്പങ്ങളാണ്.

രത്‌നം


വ്യാഴ പ്രീതിക്കായി ധരിക്കേണ്ട രത്‌നം മഞ്ഞ പുഷ്യരാഗം ആണ്. സമ്പത്ത്, ഐശ്വര്യം, ആത്മീയത, ബുദ്ധിശക്തി എന്നിവയെയെല്ലാം വര്‍ദ്ധിപ്പിക്കുന്ന രത്‌നമാണ് മഞ്ഞ പുഷ്യരാഗരത്‌നം, ജാതകവശാല്‍ പ്രസ്തുത രത്‌നം ജാതകന് അനുകൂലമല്ലെങ്കില്‍ അത് വിപരീതഫലം നല്‍കുവാനുമിടയുണ്ട്. അതിനാല്‍ രത്‌നധാരണം ഉത്തമനായ ദൈവജ്ഞന്റെ നിര്‍ദ്ദേശത്താല്‍ മാത്രമേ ചെയ്യാവൂ.

യന്ത്രം


വ്യാഴപ്രീതിക്കായി ധരിക്കാവുന്ന പ്രധാനയന്ത്രം ബൃഹസ്പതീ യന്ത്രമാണ്. ബുദ്ധിക്ക് തെളിവ്, ഐശ്വര്യാഭിവൃദ്ധി എന്നിവയൊക്കെ ഈ യന്ത്രധാരണം മൂലം കൈവരുന്നു. കൂടാതെ രാജഗോപാലയന്ത്രം, സമ്മോഹനയന്ത്രം തുടങ്ങിയ വൈഷ്ണവ യന്ത്രങ്ങളും ധരിക്കാവുന്നതാണ്. ഏതു യന്ത്രമാണ് ധരിക്കേണ്ടത് എന്നതിനും ജാതക ചിന്തന അത്യാവശ്യമാണ്.

ദോഷപരിഹാരാര്‍ത്ഥം ജപിക്കേണ്ട മന്ത്രങ്ങള്‍


ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം ഗുരും പ്രണതോസ്മ്യഹം

ഗുരുഗായത്രി


ഓം ബാര്‍ഹസ്പത്യായ വിദ്മഹേ
ദേവാചാരയായ ധീമഹി
തന്നോ ബൃഹസ്പതിഃ പ്രചോദയാല്‍

പ്രാര്‍ത്ഥനാമന്ത്രം


ദേവമന്ത്രീ വിശാലാക്ഷഃ
സദാ ലോകഹിതേ രതഃ
അനേക ശിഷ്യ സമ്പൂര്‍ണ്ണഃ
പീഡാം ഹരതു മേ ഗുരുഃ

ഈ മന്ത്രങ്ങള്‍ നിത്യവും കാലത്ത് കുളി കഴിഞ്ഞശേഷം ഭക്തിപൂര്‍വ്വം ജപിക്കാവുന്നതാണ്.

( തുടരും.. ചന്ദ്രദശയിലെ മന്ദാപഹാരഫലം....)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW