Wednesday, June 26, 2019 Last Updated 46 Min 10 Sec ago English Edition
Todays E paper
Ads by Google
എന്‍. രമേഷ്‌
Friday 12 Apr 2019 12.38 AM

പാല'ക്കാടി'ന്റെ പുലിയാര്‌

uploads/news/2019/04/301151/pkdelect1204.jpg

സമപ്രായക്കാരുടെ പോരാട്ടമാണ്‌ പാലക്കാട്ട്‌. മൂവരും ജനപ്രതിനിധികള്‍, സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എം.ബി. രാജേഷ്‌ സിറ്റിങ്‌ എം.പി, യു.ഡി.എഫിന്റെ വി.കെ. ശ്രീകണ്‌ഠന്‍ ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സിലര്‍, ബി.ജെ.പി. സ്‌ഥാനാര്‍ഥി സി. കൃഷ്‌ണകുമാര്‍ പാലക്കാട്‌ നഗരസഭ വൈസ്‌ ചെയര്‍മാന്‍. മൂന്നുപേര്‍ക്കും സ്വന്തം പേരിനു നേരെ വോട്ടുചെയ്യാമെന്ന പ്രത്യേകതയുമുണ്ട്‌. പാലക്കാട്ടെ കൊടുംചൂടില്‍ തീപാറുന്ന ത്രികോണ മത്സരം.

1996 നുശേഷം എല്‍.ഡി.എഫിനെ മാത്രം പാര്‍ലമെന്റിലേക്ക്‌ അയയ്‌ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇടതുപാളയം. ഹാട്രിക്‌ ലക്ഷ്യമാക്കി എം.ബി. രാജേഷ്‌ ആദ്യമേ കളത്തിലിറങ്ങിയത്‌ പ്രചാരണത്തില്‍ നേട്ടമായി. ശക്‌തമായ മത്സരം കാഴ്‌ചവച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ്‌ യു.ഡി.എഫിന്റെ പ്രതീക്ഷ.

പൊരിവെയിലില്‍ ജില്ലയിലുടനീളം 361 കിലോമീറ്റര്‍ പദയാത്ര നടത്തി ഡി.സി.സി പ്രസിഡന്റ്‌്കൂടിയായ വി.കെ. ശ്രീകണ്‌ഠന്‍ സ്‌ഥാനാര്‍ഥിയാകും മുമ്പേ കളംനിറഞ്ഞിരുന്നു. സംസ്‌ഥാനത്തു പാര്‍ട്ടി ഭരിക്കുന്ന ഏക നഗരസഭ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ സ്വാധീനത്തിലാണു ബി.ജെ.പി കോട്ടകെട്ടുന്നത്‌. വി.എസിനോട്‌ പൊരുതി മലമ്പുഴയില്‍ നേടിയ രണ്ടാംസ്‌ഥാനത്തിന്റെ മികവിലാണ്‌ സി. കൃഷ്‌ണകുമാര്‍ അങ്കംനയിക്കുന്നത്‌.

**** മണ്ഡലം ഇങ്ങനെ
ഇ.കെ. നായനാരും എ.കെ.ജിയുമൊക്കെ ജയിച്ചുകയറിയ പാലക്കാട്‌ മുന്നണികളെ മാറിയും മറിഞ്ഞും പിന്തുണച്ചിട്ടുണ്ട്‌. നിലവില്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌ അസംബ്ലി മണ്ഡലങ്ങളാണ്‌ യു.ഡി.എഫിനൊപ്പം. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, കോങ്ങാട്‌, മലമ്പുഴ മണ്ഡലങ്ങള്‍ ഇടതുവശത്താണ്‌. 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ രാജേഷ്‌ 2009-ല്‍ ആദ്യവട്ടം എം.പിയായത്‌. 2014 ല്‍ ഭൂരിപക്ഷം 1,05,300 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതാദളിന്‌ നല്‍കിയതിന്റെ പ്രതിഷേധം കൂടിയായിരുന്നു രാജേഷിന്റെ ലക്ഷം ഭൂരിപക്ഷം.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്‌ ലഭിച്ച ഭൂരിപക്ഷം 68,037 വോട്ടാണ്‌. അസംബ്ലി തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ നേരിയ വര്‍ധന ഉണ്ടായത്‌ പട്ടാമ്പിയില്‍ മാത്രം. 2016-ല്‍ മലമ്പുഴയിലും പാലക്കാടും ബി.ജെ.പി രണ്ടാമതെത്തി. മുന്‍ എം.പി മത്സരിച്ചിട്ടും പാലക്കാട്‌ അസംബ്ലി മണ്ഡലത്തില്‍ സി.പി.എം. മൂന്നാംസ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

**** അട്ടപ്പാടി മുതല്‍ ഐ.ഐ.ടി. വരെ
ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ മുതല്‍ കേരളത്തിലെ ഏക ഐ.ഐ.ടി. വരെ ചര്‍ച്ചയാകുന്ന മണ്ഡലം. കേരളത്തിന്‌ മാതൃകയായ ഓപ്പണ്‍ ജിം, ഡയാലിസിസ്‌ യൂണിറ്റുകള്‍, പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം, റോഡ്‌ വികസനം തുടങ്ങി ഐ.ഐ.ടി. വരെ രാജേഷ്‌ വികസന നേട്ടങ്ങളില്‍ നിരത്തുന്നു.

23 വര്‍ഷം ഇടത്‌ എം.പിമാര്‍ പ്രതിനിധീകരിച്ചിട്ടും വികസനമെത്തിയില്ലെന്നാണു യു.ഡി.എഫിന്റെ തിരിച്ചടി. ശുദ്ധജല പ്രശ്‌നം, തൊഴിലില്ലായ്‌മ, ദേശീയപാതാ വികസനം തുടങ്ങി യു.ഡി.എഫിന്റെ ആവനാഴിയില്‍ ആയുധമേറെ. എങ്ങുമെത്താതെ പോയ കോച്ച്‌ ഫാക്‌ടറി വിഷയത്തില്‍ എം.പിക്കും കേന്ദ്ര സര്‍ക്കാരിനും വിമര്‍ശനമുണ്ട്‌.

ഐ.ഐ.ടി. ഉള്‍പ്പെടെ കേന്ദ്ര പദ്ധതികളെ എം.പി. സ്വന്തം അക്കൗണ്ടിലാക്കുന്നതിലാണു ബി.ജെ.പിക്കു പരാതി. ഒന്നാം യു.പി.എ. ഭരണകാലത്ത്‌ പ്രഖ്യാപിച്ച കോച്ച്‌ ഫാക്‌ടറി നടപ്പാക്കാത്തതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിനും എല്‍.ഡി.എഫിനുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്‌ നഗരസഭയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ അമൃത്‌ പദ്ധതിയില്‍ അനുവദിച്ച 235 കോടി രൂപയും ബി.ജെ.പിക്കു തുറുപ്പുചീട്ടാണ്‌.

*** അണിയറയില്‍
അണിയറയില്‍ കത്തിനില്‍ക്കുന്ന വിവാദങ്ങള്‍ വോട്ടര്‍മാരെ ഏതുവിധത്തില്‍ സ്വാധീനീക്കുമെന്നാണ്‌ രാഷ്‌ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്‌. ഷൊര്‍ണൂരിലെയും ചെര്‍പ്പുളശേരിയിലെയും സ്‌ത്രീ പീഡനാരോപണങ്ങളാണ്‌ അതില്‍ പ്രധാനം. ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ മറ്റു ജില്ലകളേക്കാള്‍ മുന്നിലാണ്‌ പാലക്കാട്‌.

ഇവിടെനിന്നു പതിവായി പോകുന്നവരില്‍ മൂന്നിലൊന്നുപോലും കഴിഞ്ഞ തീര്‍ഥാടനകാലത്തു മലചവിട്ടിയില്ല. ഇതിലടക്കം വിമര്‍ശനങ്ങളില്‍ പ്രതിക്കൂട്ടിലുള്ള ഇടതുപക്ഷം വീടുകയറി പ്രചാരണത്തിലുടെ ഇവയെയെല്ലാം മറികടക്കാനുള്ള ഉദ്യമത്തിലാണ്‌.

മേല്‍ത്തട്ടിലെ ആവേശം അടിത്തട്ടില്‍വരെ നിലനിര്‍ത്താന്‍ കഴിയാത്തതാണു യു.ഡി.എഫിനു തലവേദന. ബി.ജെ.പിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെങ്കിലും അവരുടെ പോക്കറ്റുകളില്‍ ഒതുങ്ങുന്നതായാണ്‌ വിലയിരുത്തല്‍.

Ads by Google
എന്‍. രമേഷ്‌
Friday 12 Apr 2019 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW