Friday, June 21, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 03.30 PM

മനസു പറയുന്നു ഇനിയും ഇനിയും

''ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യാറുണ്ടോ? മനസിലേക്ക് മോശം ചിന്തകള്‍ ഇടിച്ചുകയറി എത്താറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒസിഡി ആവാം''
uploads/news/2019/04/301042/ocdproblm110419.jpg

''പെണ്‍കൊച്ചുങ്ങളായാല്‍ ദേണ്ടെ ഇങ്ങനെ വേണം. ദിവസവും രാവിലെ പള്ളീടെ മുമ്പില്‍ കണ്ണുമടച്ചുകൊണ്ടൊരു നില്‍പ്പുണ്ട്... ഇതുപോലെ ദൈവഭയമുള്ള കൊച്ചുങ്ങളെ മഷിയിട്ട് നോക്കിയാല്‍ പോലും ഇക്കാലത്ത് കാണാന്‍ പറ്റ്വേ...?'' അടുക്കളയിലേക്ക് കസേര വലിച്ചിട്ടുകൊണ്ട് ചേട്ടത്തി പറഞ്ഞു.

''കൊള്ളാം... അവള്‍ കുളിച്ച് തീരുമ്പോഴേക്കും ടാങ്കിലെ വെള്ളം മുഴുവന്‍ തീരൂന്നു മാത്രം. എന്നാലെന്നാ ചേട്ടത്തി പെണ്‍കുട്ടികള്‍ വൃത്തി ശീലിക്കട്ടെ. പിന്നെ ഈ ദൈവഭക്തിയൊക്കെ നമ്മള്‍ പഠിപ്പിക്കുംപോലെയാ...'' പെണ്‍കുട്ടിയുടെ അമ്മ മകളെക്കുറിച്ചുള്ള നല്ലവാക്കില്‍ അഭിമാനംകൊണ്ടു.

'ഇനിയിപ്പോ മോള്‍ക്കൊരു ചെക്കനെ കണ്ടുപിടിക്കണ്ടേ' എന്നായി ചേട്ടത്തി. പക്ഷേ, പെട്ടെന്നായിരുന്നു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

പള്ളിയില്‍ പോകാതെയായി. വീടിനുള്ളിലേക്ക് അവള്‍ ഒതുങ്ങി. മുറി അടച്ച് ഒറ്റയ്ക്കിരിക്കും. അധികം സംസാരമില്ല. മതാപിതാക്കള്‍ തല്ലിയും വഴക്കുപറഞ്ഞുമൊക്കെ നോക്കി. ഫലമുണ്ടായില്ല. പെണ്‍കുട്ടി കൂടുതല്‍ ദുഃഖിതയായി കാണപ്പെട്ടു.

വീടിന് പുറത്തിറങ്ങാന്‍ അവള്‍ ഭയന്നു. ഇവള്‍ക്ക് ഇതെന്തുപറ്റി? അയല്‍ക്കാരും കൂട്ടുകാരുമൊക്കെ അന്വേഷിച്ച് തുടങ്ങി. ഒടുവിലാണ് പെണ്‍കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിച്ചത്.

തുളച്ചെത്തുന്ന അരുതാത്ത ചിന്തകള്‍


സൈക്കോളജിസ്റ്റിന്റെ മുന്നില്‍ അവള്‍ വിതുമ്പി. മനസ് തുറന്ന് സംസാരിക്കാന്‍ തുടങ്ങി. അടുത്തകാലത്തായി പള്ളിയില്‍ പ്രാര്‍ഥിച്ചുനില്‍ക്കുമ്പോള്‍ തെറ്റായ ചിന്തകള്‍ അവളുടെ ഉള്ളിലേക്ക് കടന്നുവരുന്നു. ലൈംഗിക ചിന്തകള്‍ ഒന്നിനു പുറമെ മറ്റൊന്നായി തെളിയുന്നു. മനസില്‍ അശ്‌ളീല ചിത്രങ്ങള്‍.

അതു പലപ്പോഴും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെയാവും. എത്ര ശ്രമിച്ചിട്ടും ഈ ചിന്തകള്‍ക്ക് തടയിടാന്‍ അവള്‍ക്കായില്ല. അതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായി അവള്‍. പള്ളിയില്‍ പോകുന്നത് നിര്‍ത്തി. താന്‍ പാപിയാണെന്ന ചിന്ത മനസില്‍ ശക്തമായി.

'പാപികള്‍ക്ക് സ്വര്‍ഗത്തില്‍ പോകാനാവില്ല' എന്ന മത ചിന്തകൂടി ആയപ്പോള്‍ അവള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. ''ഞാന്‍ സ്വര്‍ഗത്തില്‍ ഇനി പോകില്ല. നരകത്തിലേ പോകൂ. ഞാന്‍ നശിച്ചു. വീണ്ടും വീണ്ടും മനസിനെ വഴക്ക് പറഞ്ഞ് നോക്കി. എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.'' അവള്‍ പൊട്ടിക്കരഞ്ഞു.

uploads/news/2019/04/301042/ocdproblm110419a.jpg

അവള്‍ക്ക് എന്താണ് സംഭവിച്ചത്


ഒബ്‌സസീവ് കംപസള്‍വീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി എന്ന മാനസിക പ്രശ്‌നമാണ് ഇതിനു കാരണം. ഈ വൈകല്യത്തിന്റെ മൂലകാരണം ചിന്തയില്‍ നിന്ന് ആരംഭിക്കുന്നു. അത് ചിലപ്പോള്‍ വൃത്തിയുമായി ബന്ധപ്പെട്ടതാകാം. അല്ലെങ്കില്‍ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള തെറ്റായ ചിന്തകളാകാം.

ഈ വക ചിന്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് വ്യക്തിക്ക് തന്നെ അറിയാം. എന്നാല്‍ അത് ഉറപ്പിക്കാന്‍ മനസിന് കഴിയുന്നില്ല. ഇങ്ങനെ മനസില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന ചിന്തകളെ നിയന്ത്രിച്ച്, ടെന്‍ഷന്‍ കുറയ്ക്കാന്‍ ചിന്തിക്കുന്ന അല്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് കംപള്‍സസ്. അത് നിരന്തരം കൈ കഴുകുന്നതാകാം.

ചിലപ്പോള്‍ പ്രാര്‍ഥനാമന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നതാകാം. എന്തെങ്കിലും അനിഷ്ടം സംഭവിക്കുമോ എന്നുള്ള ഭയവും ആശങ്കയുമൊക്കെയാവാം. കൗമാരത്തിനൊടുവില്‍ ആണ് പൊതുവേ ഇതെല്ലാം പ്രകടമായി കണ്ടുവരുന്നത്.

എങ്ങനെ തിരിച്ചറിയാം


ഇത്തരത്തിലുള്ള ചിന്തകള്‍ എല്ലാവരിലും ചെറിയൊരു ശതമാനം ഉണ്ടെന്നുള്ള കാര്യം തള്ളിക്കളയാനാവില്ല. എന്നാല്‍ ഈ ചിന്തകള്‍ നമ്മുടെ ദിനചര്യ, പഠനം, ജോലി, സാമൂഹ്യ ജീവിതം എന്നിവയെ കാര്യമായി ബാധിച്ചാല്‍ ആ അവസ്ഥയെ രോഗമായി കാണേണ്ടിവരും. ഇതിനെ ഒസിഡി എന്ന് വിളിക്കാം. ഉദാഹരണത്തിന് ഗ്യാസ് സ്റ്റൗ ഓഫ് ചെയ്‌തോ എന്നുള്ള ഉത്കണ്ഠ കാരണം ഒരുപ്രാവശ്യം അടുക്കളയില്‍ പോയി നോക്കുന്നത് സ്വാഭാവികം.

എന്നാല്‍ വീണ്ടും മൂന്നും നാലും തവണയൊക്കെ ആവര്‍ത്തിച്ച് നോക്കാന്‍ തുടങ്ങിയാല്‍ അത് രോലക്ഷണമാണെന്ന് പറയാം. സ്ത്രീകളെ തെറ്റായ രീതിയില്‍ കണ്ടുവോ? എന്ന ചിന്ത പലപ്പോഴും അമിതമായ കുറ്റബോധം തരുന്നതിനാല്‍ രോഗി സമൂഹജീവിവത്തില്‍ നിന്ന് മാറി വിഷാദ അവസ്ഥയില്‍ എത്തുകയും അത് ചിലപ്പോള്‍ ആത്മഹത്യയിലേക്ക് വഴിതെളിച്ചെന്നുമിരിക്കാം. ഒസിഡിയുള്ളവര്‍ കൂടുതല്‍ അടുക്കും ചിട്ടയും കാണിക്കുന്നതായി കണ്ടുവരുന്നു. ഈ രോഗത്തെ ഉത്കണ്ഠാ രോഗത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാരണങ്ങള്‍


1. തലച്ചോറിലെ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗാവസ്ഥ ഉണ്ടാകുന്നതിന് കാരണമായേക്കാം.
2. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. സാധാരണ ആളുകളെ അപേക്ഷിച്ച് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ രോഗം ഉണ്ടെങ്കില്‍ അവരുടെ കുട്ടികള്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ട്.

3. 50 ശതമാനം മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് അമിതമായുള്ള മാനസിക സംഘര്‍ഷം ഉളവാക്കുന്ന ഒരു അനുഭവം നിത്യജീവിതത്തില്‍ ഉണ്ടായതിനു ശേഷം ഒസിഡി ഉണ്ടാകാനുള്ള ലക്ഷണങ്ങള്‍ കൂടുതലാണ്. ജോലി. പഠനം, കുടുംബം തുടങ്ങിയവയിലുള്ള പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദങ്ങളും ഇതിനു ഉദാഹരണമാണ്.

സമൂഹത്തില്‍ നൂറില്‍ രണ്ടോ മൂന്നോ പേരില്‍ ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ കണ്ടുവരുന്നു. കൗമാരത്തിന്റെ ഒടുവിലായാണ് ഒസിഡിയുടെ ആരംഭം. കുട്ടികളിലും ചെറിയതോതില്‍ കാണപ്പെടുന്നുണ്ട്. ഒസിഡി ഉള്ള രണ്ടില്‍ ഒരാള്‍ക്ക് ഇതിനൊപ്പം വിഷാദവും നാലില്‍ ഒരാള്‍ക്ക് സമൂഹത്തെ അകാരണമായ ഭയവും ഉള്ളതായി പഠനങ്ങള്‍ പറയുന്നു.

uploads/news/2019/04/301042/ocdproblm110419b.jpg

നാല് തരം ഒസിഡി


1. പലപ്പോഴും മനസിലേക്ക് ആവര്‍ത്തിച്ചുവരുന്ന വൃത്തിയെപ്പറ്റിയുള്ള ചിന്തകള്‍. ഈ ചിന്തകള്‍ കാരണം വ്യക്തി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൈകാലുകള്‍ കഴുകുന്നു. കുളിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു.

2. അകാരണമായ സംശയം മനസില്‍ വരുന്നു. ഈ സംശയങ്ങള്‍ മാറ്റാന്‍ രോഗി താന്‍ ചെയ്യുന്ന പ്രൃത്തിയെപ്പറ്റി ആവര്‍ത്തിച്ച് പരിശോധിക്കേണ്ടിവരുന്നു. ഉദാഹരണം വാതില്‍ അടച്ചോ എന്നും ഗ്യാസ് പൂട്ടിയോ എന്നുമുള്ള സംശയം.

3. മനസിലേക്ക് ആവര്‍ത്തിച്ച് വരുന്ന തെറ്റായ അല്ലെങ്കില്‍, ലൈംഗിക ചിന്ത ഇതു കാരണം പലപ്പോഴും രോഗി അമിതമായി, തുര്‍ച്ചയായി പ്രാര്‍ഥനയില്‍ മുഴുകി, ആ ചിന്തയെ അതിജീവിക്കുവാനായി ശ്രമിക്കുന്നു.

4. മനസില്‍ ആവര്‍ത്തിച്ച് വരുന്ന എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇതുമൂലം കൂടുതല്‍ സമയനഷ്ടം വ്യക്തിയെ ബാധിക്കുന്നു.

ചികിത്സാരീതികള്‍


മാനസിക ആരോഗ്യശാസ്ത്രം വളരെയേറെ മുന്നേറ്റം നടത്തിയ ഇക്കാലത്ത് ഒസിഡിക്ക് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്. ഒരു മാനസികാരോഗ്യവിഗ്ധന്റെ നിര്‍ദേശപ്രകാരമേ മരുന്നുകള്‍ കഴിക്കാവൂ.

പലപ്പോഴും മരുന്നിനൊപ്പം മനഃശാസ്ത്രപരമായ സമീപനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ചികിത്സാരീതി കൂടുതല്‍ ഫലവത്താണ്. ഇതിന് ഒരു വിദഗ്ധന്റെ സേവനം തേടാവുന്നതാണ്. പ്രധാനമായും മനഃശാസ്ത്രപരമായുള്ള ചികിത്സാ രീതികള്‍ രണ്ടു തരത്തിലുണ്ട്.

കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും എക്‌സ്‌പോഷര്‍ റെസ്‌പോന്‍സ് പ്രിവെന്‍ഷനും. ഇവ രോഗിയുടെ ആവര്‍ത്തിച്ചുള്ള പ്രവൃത്തിയെ കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്നു.

മരുന്നും മനഃശാസ്ത്രപരമായ സമീപനം കൊണ്ടും വേണ്ടരീതിയില്‍ ശാരിയായി ചികിത്സിച്ചാല്‍ ഒരു പരിധിവരെ ഭേദമാക്കാനാവുന്ന രോഗമാണിത്. എന്നാല്‍ സമൂഹത്തിന് ഇതിനെക്കുറിച്ചുള്ള അവബോധമില്ലായ്മ ഇത് ഒരു സാധാരണ സ്വഭാവവൈകല്യമായി തെറ്റിദ്ധരിക്കുകയും രോഗം കൂടാന്‍ കാരണമാകുകയും ചെയ്യുന്നു.

വേണ്ട ചികിത്സ സമയത്ത് കിട്ടാതെ വരുന്നു. അതിനാല്‍ സമൂഹത്തില്‍ ഇതിനെപ്പറ്റിയുള്ള അവബോധം വളര്‍ത്താന്‍ ശ്രദ്ധിക്കണം.

ജോമോന്‍ കെ. ജോര്‍ജ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കോട്ടയം

തയാറാക്കിയത്: എമില്‍ ജോര്‍ജ്

Ads by Google
Thursday 11 Apr 2019 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW