Tuesday, May 21, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 03.29 PM

ശിഥിലമാകുന്ന ആത്മബന്ധങ്ങള്‍

''ഭാര്യാഭര്‍തൃബന്ധങ്ങളിലും സൗഹൃദങ്ങളിലും തെറ്റിദ്ധാരണകള്‍ ആ ബന്ധത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഏതുബന്ധത്തിലും പരസ്പര ധാരണയോടും കരുതലോടും കൂടി സമീപിച്ചാല്‍ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടാതെ നിലനിര്‍ത്താനാകും''
uploads/news/2019/04/300821/relationship100419.jpg

ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകള്‍ സഹിക്കാനാകാതെയാണ് അയാള്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയുന്നതിനു മുന്‍പ് ഇരുവരും അകല്‍ച്ചയിലായി. നിസാരകാര്യങ്ങള്‍ക്ക് പോലും പരസ്പരം വഴക്കായി.

വാക്കുതര്‍ക്കങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ ഭാര്യ തയാറാകാത്തത് അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. ഉറക്കം നഷ്ടപ്പെട്ടു, മദ്യപാനവും പുകവലിയും വര്‍ധിച്ചു. സമയത്ത് വീട്ടില്‍ വരാതെയായി. മാനസിക സമ്മര്‍ദം വര്‍ധിച്ചതോടെ അയാള്‍ക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെയായി.

ഭാര്യാഭര്‍തൃബന്ധങ്ങളിലും സൗഹൃദങ്ങളിലും തെറ്റിദ്ധാരണകള്‍ ആ ബന്ധത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഏതുബന്ധത്തിലും പരസ്പര ധാരണയോടും കരുതലോടും കൂടി സമീപിച്ചാല്‍ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടാതെ നിലനിര്‍ത്താനാകും.

ആത്മബന്ധങ്ങളില്‍ വിള്ളല്‍ വീഴുമ്പോള്‍


പുതുതലമുറയില്‍പെട്ട ആളുകളെ സംബന്ധിച്ച് ഒന്നിനും സമയം ലഭിക്കാറില്ല. തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന കാലത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. മുന്‍കാലങ്ങളില്‍ കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ അതു പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനും മുതിര്‍ന്നവര്‍ മുന്‍കൈയെടുത്തിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടുകുടുംബത്തില്‍ മുതിര്‍ന്നവരുടെ പങ്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ക്കോ പ്രശ്‌നപരിഹാരങ്ങള്‍ക്കോ ഉള്ള സാഹചര്യം ഇല്ല. അണുകുടുംബങ്ങളാണ് കൂടുതലും.

മുന്‍കാലങ്ങളില്‍ കുടുംബാംഗങ്ങള്‍, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, അധ്യാപകര്‍ എന്നിങ്ങനെ വ്യക്തിയുമായി അടുപ്പമുള്ള ഒരുപാട് ആളുകള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഉണ്ടായിരുന്നു. ഒരു പ്രശ്‌നമുണ്ടാകാതെ നോക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ഇത്തരത്തിലുള്ള സോഷ്യല്‍ സപ്പോര്‍ട്ട് വളരെ കൂടുതലായിരുന്നു. ബന്ധങ്ങള്‍ നല്ല രീതിയില്‍ നിലനില്‍ക്കാന്‍ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. ഇന്ന് പല ബന്ധങ്ങളിലും സോഷ്യല്‍ സപ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്നവര്‍ ഇല്ലാതായിട്ടുണ്ട്.

തെറ്റിധാരണകള്‍ ഒഴിവാക്കാം


എല്ലാ ബന്ധങ്ങളിലും അകല്‍ച്ചകളും വാക്കുതര്‍ക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും. കൃത്യമായിട്ടുള്ള ആശയവിനിമയം എല്ലാ ബന്ധങ്ങളിലും അനിവാര്യമാണ്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ പോലും പരസ്പരം കരുതലും പിന്തുണയും ലഭിക്കാതാകുമ്പോള്‍ അകല്‍ച്ച ഉണ്ടാകും.
uploads/news/2019/04/300821/relationship100419a.jpg

ഭാര്യാഭര്‍തൃ ബന്ധത്തിലാണെങ്കിലും സൗഹൃദത്തിലാണെങ്കിലും, ഏതൊരു ബന്ധത്തിലും രണ്ട് രീതിയില്‍ സ്‌നേഹം പ്രകടമാക്കാം. മെറ്റീരിയലിസ്റ്റിക് ആയി സ്‌നേഹിക്കാം. അല്ലെങ്കില്‍ വൈകാരികമായി കരുതലും പിന്തുണയും പ്രകടമാകുന്ന തരത്തില്‍ സ്‌നേഹിക്കുകയുമാകാം. മെറ്റീരിയലിസ്റ്റിക് ആയി സ്‌നേഹിക്കുന്നവര്‍ പങ്കാളിക്ക് അല്ലെങ്കില്‍ സുഹൃത്തിന് സമ്മാനങ്ങള്‍ നല്‍കിയായിരിക്കും സ്‌നേഹം പ്രകടിപ്പിക്കുക.

വൈകാരികമായി സ്‌നേഹിക്കുന്നവര്‍ പങ്കാളിയുടെ കാര്യങ്ങളില്‍ കൂടുതല്‍ കരുതലും സ്‌നേഹവും നല്‍കുന്നവരായിരിക്കും. പരസ്പരം ഇഷ്ടമാണെന്നു ഇടയ്ക്കിടെ പറയുന്നതിനേക്കാള്‍ പരസ്പരം കരുതുന്നതിലൂടെയും ചെറിയ കാര്യങ്ങള്‍ക്ക് പോലും ശ്രദ്ധ നല്‍കുന്നതിലൂടെയും ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനാകും.

എല്ലാ ബന്ധങ്ങളിലും അന്യോന്യം സ്‌നേഹവും ശ്രദ്ധയും ആഗ്രഹിക്കാത്തവരില്ല. സൗഹൃദത്തിലാണെങ്കിലും പരസ്പരം എങ്ങനെ പരിഗണന നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ബന്ധത്തിന്റെ മൂല്യം.

രണ്ടു വ്യക്തികള്‍ ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും പ്രധാന ഘടകമാണ്. പങ്കാളി കൂടുതല്‍ കരുതല്‍ പ്രകടിപ്പിക്കുന്നത് തന്നെ നിയന്ത്രിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. പങ്കാളിയുടെ സ്‌നേഹവും ശ്രദ്ധയും ആത്മാര്‍ഥമാണെന്ന തിരിച്ചറിവ് ബന്ധങ്ങളില്‍ ഉണ്ടാകണം. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വരുന്നവര്‍ ആയതിനാല്‍ ശരിയായ രീതിയില്‍ പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയാത്തതും തെറ്റിദ്ധാരണകള്‍ വര്‍ധിപ്പിക്കും.

പരസ്പരം അറിയുക


വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നും വരുന്നവര്‍ പരസ്പരം മനസിലാക്കാന്‍ സമയമെടുക്കും. പങ്കാളികള്‍ പരസ്പരം അറിയുന്നതിലൂടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാനാകും. ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടായാല്‍ അതു പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് തന്നെ ശ്രമിക്കുന്നതാണ് ഉചിതം.

ജീവിതപങ്കാളി കരുതലും സ്‌നേഹവും പ്രതീക്ഷിക്കുന്നത് ഏതു രീതിയിലാണെന്ന് മനസിലാക്കി പെരുമാറണം. ഒരിക്കലും അവരെ നിയന്ത്രിക്കുകയാണെന്ന തോന്നല്‍ ഉണ്ടാകരുത്. ഇത് പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. ആത്മബന്ധങ്ങളില്‍ അകല്‍ച്ച തോന്നിത്തുടങ്ങിയാല്‍ ഇരുവരും പരസ്പരം സംസാരിച്ച് പ്രശ്‌നപരിഹാരം തേടുന്നതാണ് അഭികാമ്യം.

പക്വതയോടെയുള്ള സമീപനമായിരിക്കും പ്രശ്‌നപരിഹാരത്തിനു ഉചിതം. ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും പക്വതയോടെ സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കണം. അതുവരെയുള്ള ദേഷ്യവും വാശിയും മാറ്റി വച്ച് സംസാരിക്കാന്‍ തയാറായാല്‍ വഴക്കുകളും പിണക്കങ്ങളും പരിഹരിക്കാനാകും.

uploads/news/2019/04/300821/relationship100419b.jpg

ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയ വിഷയത്തെയും സന്ദര്‍ഭത്തെക്കുറിച്ചും മാത്രം സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനു മുന്‍പും ശേഷവുമുണ്ടായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുക. ഇപ്പോഴത്തെ പ്രശ്‌നപരിഹാരം മാത്രമായിരിക്കണം ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടത്.

ഇരുവരും വ്യത്യസ്ത വ്യക്തിത്വമുള്ളവരാണെന്ന തിരിച്ചറിവില്‍ സംസാരിക്കുക. അതുകൊണ്ട് തന്നെ രണ്ടുപേരുടെയും ചിന്താഗതിയും പ്രവര്‍ത്തനവും വ്യത്യസ്തമായിരിക്കും. ഇത് പരസ്പരം ഉള്‍ക്കൊണ്ട് സംസാരിക്കാന്‍ ശ്രമിച്ചാല്‍ തെറ്റിധാരണകള്‍ ഒഴിവാക്കാനാകും.

സമയം കണ്ടെത്തുക


രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകളുണ്ടെന്ന് അംഗീകരിച്ച് പരസ്പരം കുറ്റപ്പെടുത്താതെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. പരസ്പരം സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുവര്‍ക്കും വിശ്വസ്തനായ ഒരാളെ പ്രശ്‌നപരിഹാരത്തിനു ഇടനിലക്കാരനായി നിയോഗിക്കാം.

രണ്ടുപേരെയും നന്നായി അറിയാവുന്ന ഒരാളെ മീഡിയേറ്ററായി തിരഞ്ഞെടുക്കാം. പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരാളായിരിക്കണമെന്ന് മാത്രം. ഒരു പ്രശ്‌നമുണ്ടായാല്‍ ദേഷ്യവും വാശിയും പ്രകടിപ്പിക്കാതെ പരസ്പരം തുറന്നു സംസാരിക്കാന്‍ തയാറാകണം. പ്രശ്‌നങ്ങളും ഇഷ്ടക്കേടുകളും മനസില്‍ വച്ചുകൊണ്ട് പെരുമാറരുത്.

തുറന്നു പറച്ചിലുകള്‍ സൗഹൃദത്തിലും ദാമ്പത്യബന്ധത്തിലും ഉണ്ടാകണം. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എല്ലാ ബന്ധങ്ങളിലുമുണ്ട്. അതു പരസ്പരം മനസിലാക്കി പെരുമാറുക.

തിരക്കുകള്‍ക്കിടയിലും അല്‍പം സമയം പ്രിയപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കുക. തിരക്കുകള്‍ക്കിടയിലും വേണ്ടപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തുന്നതിലാണ് അവര്‍ക്കുള്ള പരിഗണന. സന്തോഷത്തിലും സങ്കടങ്ങളിലും ഒപ്പമുണ്ടാവുകയെന്നതാണ് ആത്മബന്ധങ്ങളുടെ അടിത്തറ.

ജിതിന്‍ ബാബു
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
തിരുവനന്തപുരം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Wednesday 10 Apr 2019 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW