Friday, June 21, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 02.54 PM

കുഞ്ഞുങ്ങളുടെ വീഴ്ച അമ്മമാരുടെ ശ്രദ്ധയ്ക്ക്

''കുരുന്നുകളുടെ കൗതുകങ്ങള്‍ നിറഞ്ഞ വികൃതികള്‍ ആസ്വദിക്കുന്നതിനൊപ്പം അതിനു പിന്നിലെ അപകടങ്ങള്‍ കൂടി തിരിച്ചറിയണം. കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകാം.''
uploads/news/2019/04/300570/childprblm090419a.jpg

കുഞ്ഞുങ്ങള്‍ മുട്ടിലിഴഞ്ഞു തുടങ്ങുമ്പോള്‍ മുതല്‍ അമ്മമാരുടെ ആധി കൂടും. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആരംഭിക്കുന്നത് ഈ പ്രായത്തിലാണ്. വളര്‍ച്ചയ്‌ക്കൊപ്പം അപകടങ്ങളും വിളിച്ചു വരുത്തുന്ന പ്രായം കൂടിയാണിത്.

മാതാപിതാക്കളുടെ കണ്ണൊന്നു തെറ്റിയാല്‍ കുസൃതികള്‍ ഒപ്പിക്കുന്ന പ്രായം. കുരുന്നുകളുടെ കൗതുകങ്ങള്‍ നിറഞ്ഞ വികൃതികള്‍ ആസ്വദിക്കുന്നതിനൊപ്പം അതിനു പിന്നിലെ അപകടങ്ങള്‍ കൂടി തിരിച്ചറിയണം.

കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ക്കപ്പുറം മാതാപിതാക്കളുടെ അശ്രദ്ധയും ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഗൗരവമായി തന്നെ കണക്കാക്കണം.

പ്രത്യക്ഷത്തില്‍ ആഴത്തിലുള്ള മുറിവുകളല്ലെന്നു തോന്നാമെങ്കിലും ആന്തരിക ക്ഷതങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാനാകില്ല. അതുകൊണ്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും അപകടങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും ഏറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വീഴ്ചയിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍


ചെറിയ കുട്ടികള്‍ വീഴുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനം വീഴ്ചയിലുണ്ടാകുന്ന ആഘാതങ്ങള്‍ തന്നെയാണ്. കുട്ടികളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ശരീരത്തില്‍ ഏല്‍ക്കുന്ന ചെറിയ മുറിവുകള്‍ പോലും അവരുടെ ചര്‍മ്മത്തില്‍ പോറലേല്‍പ്പിക്കാം. വളരെ ആഘാതമുള്ള വീഴ്ചയാണെങ്കില്‍ അത് ബാധിക്കുന്നത് എല്ലുകളെയും മസ്തിഷ്‌കത്തെയുമാണ്.

മുട്ടില്‍ ഇഴഞ്ഞുനടക്കുന്ന പ്രായം മുതല്‍ കുഞ്ഞുങ്ങള്‍ വീഴാന്‍ സാധ്യത കൂടുതലുള്ള സമയമാണ്. പിന്നീടുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വയം എഴുന്നേല്‍ക്കാനും പിടിച്ച് നടക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ വീഴ്ചകള്‍ സ്വാഭാവികമാണ്. എന്നാല്‍ വീഴ്ചയുടെ ആഘാതങ്ങള്‍ വലുതാണെങ്കില്‍ ഗൗരവപൂര്‍വം കാണേണ്ടതാണ്.

വീഴ്ചയില്‍ ശരീരത്തിലെ എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകള്‍, ഒടിവുകള്‍, തലയോട്ടിക്കും മസ്തിഷ്‌കത്തിനുമുണ്ടാകുന്ന ക്ഷതങ്ങള്‍, ചര്‍മ്മത്തിലുണ്ടാകുന്ന പോറലുകള്‍, ആഴത്തിലുള്ള മുറിവുകള്‍ തുടങ്ങിയവയൊക്കെ വീഴ്്ചയില്‍ സംഭവിക്കാം. കട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ് ഉറക്കത്തിലോ അല്ലെങ്കില്‍ തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന വീഴ്ചകള്‍ മുറിവുകളുടെ ആഴം കൂട്ടാം.

കുഞ്ഞുങ്ങളുടെ എല്ലുകള്‍ അധികം കട്ടിയുള്ളതല്ലാത്തതിനാല്‍ ഒടിവുകളോ പൊട്ടലുകളോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്്. അതുകൊണ്ട് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുന്ന വീഴ്ചകള്‍, കട്ടിലില്‍ നിന്നുള്ള വീഴ്ചകള്‍, ഉയര്‍ന്ന പടിക്കെട്ടുകളില്‍നിന്നുള്ള വീഴ്ചകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

uploads/news/2019/04/300570/childprblm090419b.jpg

ലക്ഷണങ്ങള്‍


വീഴ്ചയിലൂടെ ഉണ്ടാകുന്ന മുറിവുകള്‍ പുറമെയുള്ളതാണെങ്കില്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. ചര്‍മ്മത്തിലുണ്ടാകുന്ന പോറലുകളാണെങ്കില്‍ വേഗത്തില്‍ തിരിച്ചറിയാം. മുറിവ് ആഴത്തിലുള്ളതാണെങ്കില്‍ അതില്‍ നിന്ന് രക്തസ്രാവമുണ്ടാകും.

വീഴ്ചയിലൂടെ തലയിലോ മുഖത്തോ മുറിവുകളുണ്ടായാല്‍ രക്തസ്രാവം മിക്കവാറും കൂടുതലായിരിക്കും. ഈ ഭാഗങ്ങളില്‍ രക്തയോട്ടം കൂടുതലുള്ളതാണ് രക്തസ്രാവം കൂടുതലായി ഉണ്ടാകാന്‍ കാരണം.

എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലുകളാണെങ്കില്‍ വേദന അനുഭവപ്പെടും. പൊട്ടലുണ്ടായ ഭാഗം പെട്ടെന്ന് നീരുവയ്്ക്കുവാനും, ആ ഭാഗം ചലിപ്പിക്കുവാനും പ്രയാസമുണ്ടാകുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞുങ്ങള്‍ കുറച്ചു സമയം കരയുന്നത് സ്വാഭാവികമാണ്.

ഒരു പക്ഷേ വീഴ്ചയിലുണ്ടായ വേദനകൊണ്ട് കുറച്ചു സമയം കുഞ്ഞ് കരയും. പ്രിയപ്പെട്ടവര്‍ ആശ്വസിപ്പിക്കുമ്പോള്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്തും. എന്നാല്‍ കാര്യമായ പരിക്കുകളാണെങ്കില്‍ അമ്മയോ മറ്റു ബന്ധുക്കളോ ആശ്വസിപ്പിച്ചിട്ടും കുഞ്ഞ് കരച്ചില്‍ തുടര്‍ന്നേക്കാം.

മുറിവോ ക്ഷതമോ ഗൗരവമുള്ളതാണെങ്കില്‍ നിര്‍ത്താതെയുള്ള കരച്ചില്‍, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലുണ്ടാകാം. ഇത്തരം അവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ ഒന്നോ രണ്ടോ തവണ ഛര്‍ദ്ദിച്ചാല്‍ അതൊരു അപകടസൂചനയായി കരുതേണ്ടതില്ല.

എന്നാല്‍ തലയടിച്ചുള്ള വീഴ്ചകളില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന ആഘാതങ്ങളാണെങ്കില്‍ പ്രത്യേകം ശ്രദ്ധനല്‍കേണ്ടതുണ്ട്. ഇത്തരം ആന്തരിക പരിക്കുകളാണെങ്കില്‍ കുഞ്ഞിന് തുടരെ തുടരെയുള്ള ഛര്‍ദ്ദി, അമിതമായ ക്ഷീണം, മയക്കം എന്നിവ ലക്ഷണങ്ങളായി ഉണ്ടാകാം.

കുഞ്ഞ് എപ്പോഴും ഉറങ്ങുന്ന അവസ്ഥയുണ്ടായാല്‍ ശ്രദ്ധിക്കണം. അതുപോലെ ചെവിയില്‍ നിന്നും മൂക്കില്‍നിന്നും വായില്‍നിന്നും ഉണ്ടാകുന്ന രക്തസ്രാവം, അപൂര്‍വം ചില കുഞ്ഞുങ്ങളില്‍ അപസ്മാരം എന്നിവയും ഉണ്ടാകാം. മസ്തിഷ്‌കത്തിനുണ്ടാകുന്ന ഗുരുതരമായ പരിക്കുകളിലാണ് ഇത്തരത്തില്‍ അപസ്മാരത്തിനുള്ള സാധ്യത ഉണ്ടാകാറുള്ളത്.

കുഞ്ഞുങ്ങള്‍ വീണാല്‍


കുട്ടികള്‍ വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവലാതി അമ്മമാര്‍ക്കായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ വീണാലുടന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മനസിലാക്കേണ്ടതും അമ്മമാര്‍ തന്നെയാണ്. കാര്യമായ പ്രശ്‌നങ്ങളില്ലാത്ത വീഴ്ചയാണെങ്കില്‍ പേടിക്കേണ്ടതില്ല.

മസ്തിഷ്‌കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും വീഴുമ്പോഴുണ്ടാകുന്ന മുറിവുകള്‍ വലുതായിരിക്കും. എന്നാല്‍ ഇത്തരം അപകടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.

uploads/news/2019/04/300570/childprblm090419c.jpg

1. കുഞ്ഞുങ്ങള്‍ വീണതിനുശേഷം വേദന കാരണം കൂടുതല്‍ കരയുന്നുണ്ടോയെന്നു ശ്രദ്ധിക്കണം.
2. മുറിവുകള്‍ ആഴത്തിലുള്ളതാണോയെന്നു പരിശോധിക്കുക
3. ചെറിയ മുറിവുകളാണെങ്കില്‍ കഴുകി വൃത്തിയാക്കി മരുന്നുകള്‍ വയ്ക്കുക.
4. ക്ഷതമുണ്ടായ ഭാഗത്ത് നീര് വയ്ക്കുകയോ ചതവോ ഉണ്ടായാല്‍ നീര്‍വീക്കവും കുറയ്ക്കാന്‍ പ്രഥമശുശ്രൂഷ എന്ന രീതിയില്‍ ഐസ്പായ്ക്ക്്് വയ്ക്കാവുന്നതാണ്.
5. തലയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍കൊണ്ട് അപസ്മാരമോ ഛര്‍ദ്ദിലോ ഉണ്ടായാല്‍ കുഞ്ഞിനെ ഒരിക്കലും മലര്‍ത്തി കിടത്തരുത്. ചെരിച്ച് കിടത്തുക.
6. ആന്തരിക ക്ഷതങ്ങളാണെങ്കില്‍ വീണതിനുശേഷം കുറച്ചു സമയങ്ങള്‍ കഴിഞ്ഞായിരിക്കും വേദന അനുഭവപ്പെടുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്രയും വേഗം ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് ഉചിതം.

അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്


1. കുഞ്ഞുങ്ങളെ ഉയരത്തിലുള്ള തൊട്ടിലിലും കട്ടിലിലും കിടത്താതിരിക്കുക
2. കളിപ്പാട്ടങ്ങള്‍ അലക്ഷ്യമായി നിലത്തിടുന്നത് ഒഴിവാക്കുക, കുഞ്ഞുങ്ങള്‍ ഇതില്‍ ചവിട്ടി വീഴാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ മാത്രം നല്‍കുക.
3. വെള്ളം, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ നിലത്തു വീണു കിടപ്പുണ്ടോയെന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ ഉടന്‍ വൃത്തിയാക്കുക. കുഞ്ഞ് തെന്നി വീഴാനുള്ള സാധ്യത ഒഴിവാക്കാനാകും.
4. കട്ടിലില്‍ ഉറക്കികിടത്തുമ്പോള്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കുക.
5. സ്‌റ്റെയര്‍കേസുകളില്‍ കുഞ്ഞുങ്ങള്‍ കയറുന്നത് തടയുക.
6. ചെറിയ കുഞ്ഞുങ്ങളായതിനാല്‍ എപ്പോഴും അവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.

ഒരു വയസ് മുതല്‍ നാലു വയസ് വരെ കുഞ്ഞുങ്ങള്‍ വളരെ ആക്ടീവായിരിക്കും. അതുകൊണ്ട് ഈ പ്രായത്തില്‍ അവരിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വലിയ അപകടങ്ങള്‍ ഒഴിവാക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സോനാ അഗസ്റ്റിന്‍
പീഡിയാട്രീഷന്‍, കോട്ടയം

Ads by Google
Tuesday 09 Apr 2019 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW