Thursday, May 23, 2019 Last Updated 32 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

ദക്ഷിണേന്ത്യയില്‍ നോട്ടമിട്ട്‌ ബി.ജെ.പി. , അയോധ്യയില്‍ അയഞ്ഞു; ശബരിമലയില്‍ മുറുകി

uploads/news/2019/04/300366/d4.jpg

ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്‌ വെല്ലുവിളിയുടെ സ്വരം ഒഴിവാക്കി അനുരഞ്‌ജനത്തിന്റെ പാത സ്വീകരിച്ച്‌ ബി.ജെ.പി. അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കാന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ്‌ ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്‌ദാനം.
അയോദ്ധ്യയിലെ ഭൂമിതര്‍ക്കകേസ്‌ കോടതിയുടെ മദ്ധ്യസ്‌ഥ ശ്രമത്തിലാണ്‌ ഇപ്പോഴുള്ളത്‌. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ അയോധ്യ കേസില്‍ വിധി ഉണ്ടാകണമെന്ന്‌ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ആഗ്രഹിച്ചിരുന്നെങ്കിലും സുപ്രീംകോടതി മദ്ധ്യസ്‌ഥ ശ്രമത്തിന്‌ വിട്ടതോടെ നടന്നില്ല. മദ്ധ്യസ്‌ഥ ശ്രമത്തിലെ വാദങ്ങള്‍ വാര്‍ത്തയാക്കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക്‌ കോടതി നിര്‍ദേശം നല്‍കിയതോടെ വിഷയം സജീവ ചര്‍ച്ചയാക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ മറ്റ്‌ മത വിഭാഗങ്ങളുടെ കൂടെ സഹകരണത്തോടെ രാമക്ഷേത്ര നിര്‍മാണം എന്നതിലേക്ക്‌ ബി.ജെ.പി നിലപാട്‌ മാറി.
രാമക്ഷേത്ര നിര്‍മാണത്തിനായി നിയമ നിര്‍മാണം അടക്കമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന്‌ വിവിധ സന്യാസ സമൂഹവും തീവ്രഹിന്ദു സംഘടനകളും ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുനയ മാര്‍ഗമാണ്‌ ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്‌. കാലപഴക്കത്താല്‍ വോട്ട്‌ ശേഖരണത്തിനുള്ള സാധ്യത രാമക്ഷേത്രത്തിന്‌ കുറഞ്ഞ്‌ വരുന്നതായി ബി.ജെ.പിയും മനസിലാക്കി തുടങ്ങിയെന്ന്‌ വേണം വിലയിരുത്താന്‍.
അതേസമയം രാമക്ഷേത്രത്തിന്‌ നീക്കിവച്ചതിനെക്കാള്‍ വാക്കുകള്‍ ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട നിലപാട്‌ വ്യക്‌തമാക്കുന്നതിന്‌ നീക്കിവച്ചുവെന്നതും ശ്രദ്ധേയമാണ്‌. ബി.എസ്‌.പി- എസ്‌.പി മഹാസഖ്യത്തിന്‌ മുന്നില്‍ യു.പിയില്‍ നഷ്‌ടമായേക്കാവുന്ന സീറ്റുകളുടെ ഒരു ഭാഗം ദക്ഷിണേന്ത്യയില്‍നിന്ന്‌ ശേഖരിക്കാനാണ്‌ അമിത്‌ഷായുടെ തന്ത്രം.
ശബരിമല കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ തന്നെ വികാരമാണെന്ന കണക്ക്‌കൂട്ടലിലാണ്‌ പ്രകടനപത്രികയില്‍ പ്രാധാന്യം ലഭിച്ചത്‌. അയ്യപ്പഭക്‌തര്‍ കൂടുതലുള്ള തമിഴ്‌നാട്ടില്‍ അണ്ണാ എ.ഡി.എം.കെയുമായി സഖ്യത്തിലാണ്‌ ബി.ജെ.പി മത്സരിക്കുന്നത്‌.
സുപ്രീംകോടതിയില്‍ വിശ്വാസ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്‌ നടപടിയുണ്ടാകുമെന്ന്‌ പറയുമ്പോള്‍ തന്നെ പുന:പരിശോധനാ ഹര്‍ജികളുടെ അടിസ്‌ഥാനത്തില്‍ കേസ്‌ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കണമോയെന്നതില്‍ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടില്ല. സുപ്രീംകോടതി പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ ബോധ്യപ്പെടുത്താനുള്ള സാഹചര്യവും ഇല്ലാതാകും. അത്തരമൊരു ഘട്ടത്തില്‍ നിയമനിര്‍മാണമല്ലാതെ മറ്റൊരു മാര്‍ഗവും സര്‍ക്കാറിനു മുന്നിലുണ്ടാകില്ല. വിശ്വാസ സംരക്ഷണത്തിന്‌ ഭരണഘടനാ പരിരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നല്ലാതെ വിശദീകരണം പ്രകടന പത്രികയിലുമില്ല.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ വലിയ പ്രക്ഷോഭങ്ങള്‍ സംസ്‌ഥാനത്ത്‌ രൂപപ്പെട്ടപ്പോഴും സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമെന്നത്‌ തങ്ങളുടെ അജണ്ടയിലില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയത്‌.
രാമക്ഷേത്ര വിഷയമുയര്‍ത്തി ഉത്തരേന്ത്യയില്‍ ആധിപത്യം നേടിയതോടെ ശബരിമല വിഷയത്തില്‍ ദക്ഷിണേന്ത്യയിലും സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ്‌ ബി.ജെ.പി നീക്കം. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന്‌ അനുകൂല പ്രതികരണമുണ്ടായാല്‍ നിയമനിര്‍മാണത്തിനും മുതിര്‍ന്നേക്കുമെന്ന സൂചനയാണ്‌ ബി.ജെ.പി പ്രകടന പത്രികയിലൂടെ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW