Friday, June 21, 2019 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 03.47 PM

പക്ഷാഘാതം ഒഴിവാക്കാം

''നിസാരമായ കാര്യങ്ങള്‍ക്കുപോലും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് ഇന്ന് ഏറെയും. ജീവിതത്തില്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചാലും മാനസികമായി തകര്‍ന്നാല്‍ ശരീരവും രോഗാതുരമാകും''
uploads/news/2019/04/300325/pashakathadm080419a.jpg

മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടന്നു വന്നു ഭവിക്കുന്ന ഒരു രോഗമാണ് സ്‌ട്രോക്ക്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. ഇത് പണ്ടൊക്കെ ഒരൊറ്റപ്പെട്ട അസുഖമായിരുന്നു. എന്നാല്‍ ഇന്ന് കഥമാറി.

കാരണം ജീവിതശൈലിയിലെ ചിട്ടയില്ലായ്മയും ഭക്ഷണകാര്യത്തിലെ അശ്രദ്ധയും ഈ അസുഖത്തിന് മൂലകാരണമാണ്. ഭൂമിയില്‍ എത്രനാള്‍ ജീവിക്കുന്നുവെന്നതിനല്ല. എത്രനാള്‍ ആരോഗ്യത്തോടെ ജീവിച്ചു എന്നതിനായിരിക്കണം പ്രസക്തി.

ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഒരു പരിധിയോളം പൊരുതിതോല്‍പ്പിക്കാവുന്ന രോഗം തന്നെയാണിത്. ആരോഗ്യകരമായ ജീവിതരീതിയിലൂടെ മറ്റെല്ലാ രോഗത്തേയും പോലെ സ്‌ട്രോക്കിനേയും അതിജീവിക്കാനാകും.

മാനസിക സമ്മര്‍ദങ്ങള്‍


നിസാരമായ കാര്യങ്ങള്‍ക്കുപോലും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് ഇന്ന് ഏറെയും. ജീവിതത്തില്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചാലും മാനസികമായി തകര്‍ന്നാല്‍ ശരീരവും രോഗാതുരമാകും.

അനാവശ്യമായ ആകുലതകളും ആശങ്കകളും നമ്മള്‍പോലും അറിയാതെ ശരീര കോശങ്ങളില്‍ കൊണ്ടെത്തിക്കാറുണ്ട്.അമിതസമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ കൂടുതലായി ഉണ്ടാകുന്ന ചില ഹോര്‍മോണുകള്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ധമനീഭിത്തികളുടെ അപചയത്തിന് കാരണമായിതീരുകയും ചെയ്യുന്നു. ഇത് സ്‌ട്രോക്കിലേക്ക് നയിക്കാവുന്ന സാധ്യത വളരെകൂടുതലാണ്.

കാര്യങ്ങളെ അതിജീവിക്കുവാനുള്ള മാനസികമായ കരുത്തും നല്ലമനോഭാവവും പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സഹായിക്കും. അനാവശ്യമായ മത്സര ചിന്തകളും ലഘുവായ കാര്യങ്ങളെപോലും സങ്കീര്‍ണമായ കണ്ണിലൂടെ കാണുന്നതാണ് ഏറ്റവും അപകടകരമെന്നത് എപ്പോഴും ഓര്‍ക്കുക.

അമിത രക്തസമ്മര്‍ദം


ആധുനിക ജീവിതശൈലീരോഗങ്ങളില്‍ മുന്‍പന്തിയിലാണ് രക്തസമ്മര്‍ദം. ഫാസ്റ്റ്ഫുഡ് ആഹാരരീതി, ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസിക സംഘര്‍ഷം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ രക്തസമ്മര്‍ദത്തിലേക്ക് നയിക്കാം. പക്ഷാഘാതമരണങ്ങളില്‍ പകുതിയിലധികവും പ്രത്യക്ഷമായ കാരണം രക്തസമ്മര്‍ദം തന്നെയാണ്.

തലച്ചോറില്‍ രക്തം എത്തിക്കുന്ന കരോട്ടിക് ധമനികളുടെ മറ്റ് ചെറുധമനികളിലേയോ കൊഴുപ്പ് അടിഞ്ഞുകൂടി അമിത രക്ത സമ്മര്‍ദം ഉണ്ടാകുകയും സ്‌ട്രോക്കിനു കാരണമാകുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ ബി.പി പരിശോധിക്കുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മരുന്നുകഴിക്കുകയും ആഹാരക്രമത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ബി.പി നിയന്ത്രണ വിധേയമാക്കാന്‍
കഴിയുകയുള്ളൂ.

പ്രമേഹം


തെറ്റായ ജീവിതരിതിയാണ് പ്രമേഹത്തിനു കാരണം. അലസജീവിതം, തെറ്റായ ഭക്ഷണരീതി, വ്യയാമമില്ലയ്മ എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങള്‍ യൗവനത്തിലെ പ്രമേഹത്തിന്റെ വലയിലകപ്പെടാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

തലച്ചോറിലെ സൂക്ഷ്മധമനികളുടെ പ്രവര്‍ത്തനങ്ങളെയാണ് പ്രമേഹം ആഴത്തില്‍ ബാധിക്കുന്നത്. ഇതുമൂലം രക്തക്കുഴലുകള്‍ അടഞ്ഞുപോകുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ് സ്‌ട്രോക്കിനു കാരണമായിത്തീരുന്നു. പ്രമേഹം നിയന്ത്രണ വിയേമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

uploads/news/2019/04/300325/pashakathadm080419b.jpg

കൊളസ്‌ട്രോള്‍


ജീവിതശൈലീ രോഗങ്ങളില്‍ ഭക്ഷണരീതിയിലെ പ്രത്യേകത കൊണ്ടു ഉണ്ടാകുന്ന അസുഖമാണ് കൊളസ്‌ട്രോള്‍. ശരീരകലകളിലും, രക്തത്തിലുമുള്ള മെഴുകുപോലുള്ള പദാര്‍ഥമാണിത്.

മാംസഭക്ഷണത്തിലാണ് കൊളസ്‌ട്രോള്‍ കൂടുതലായി കാണുന്നത്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ അമിതമായി ഉല്‍പാദിപ്പിക്കപെടുമ്പോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു.

ഇതു മൂലം രക്തത്തിന്റെ സുഗമമായ ഒഴുക്കിന് തടസം നേരിടുന്നു. ധമനികളില്‍ അടിയുന്ന കൊഴുപ്പില്‍ ചെറിയ രക്തകട്ടകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ രക്ത കട്ടകള്‍ രക്തക്കുഴലുകളിലൂടെ ഒഴുകി തലച്ചോറിലെ ധമനികളിലെത്തി തടഞ്ഞു നില്‍ക്കാം. ഇത് സ്‌ട്രോക്ക്ിനു വഴിവെക്കുന്നു. അതിനാല്‍ കൃത്യമായ വ്യയാമത്തിലൂടെ കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യുക.

പൊണ്ണത്തടി


ശരീരം അനങ്ങിയുള്ള ജോലികള്‍ കുറഞ്ഞ് ഇരുന്നു ചെയ്യുന്ന ജോലികളിലേക്ക് സമൂഹം മാറിയതോടെ പൊണ്ണത്തടിയന്‍ മാരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചു. കൊഴുപ്പു കൂടിയ ഭക്ഷണവും ശരീരികാധ്വാനം കുറവുള്ള ജീവിതരീതിയും ശരീരത്തിലേക്ക് കൂടുതല്‍ കൊഴുപ്പും ഊര്‍ജ്ജവും എത്തിച്ചേരാന്‍ കാരണമാകുന്നു. ഇത് കാര്യമായി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് പ്രശ്‌നം.

ഇതുമൂലം കൊളസ്‌ട്രോള്‍ രക്താധി സമ്മര്‍ദം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിക്കുന്നു. ഇതിനൊപ്പം വ്യായാമക്കുറവ് കൂടിയാകുമ്പോള്‍ രക്തകുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സ്‌ട്രോക്കിലേക്ക് നയിക്കുകയും ചെയ്യുന്നു. ചിട്ടയായ വ്യായാമം രക്തക്കുഴലുകള്‍ ശരിയായി വികസിച്ച് സുഖമമായ രക്ത പ്രവാഹത്തിന് അത്യാവശ്യമാണ്.

മദ്യപാനവും പുകവലിയും


ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പമോ അതില്‍ കൂടുതലോ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം. പ്രത്യേകിച്ച് പുകവലി. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന വിഷവസ്തു ടാര്‍പോലെ രക്തകുഴലുകളില്‍ പറ്റിപിടിച്ചിരിക്കുകയും രക്തപ്രവാഹത്തെതടസപ്പെടുത്തുകയും ചെയ്യുന്നു.

രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന മുഖ്യകാരണം എന്നതിനാല്‍ പുകവലി ഒഴിവാക്കുക. മദ്യപാനം രക്തധമനികളുടെ അപചയത്തിന് കാരണമായിത്തീരുന്നു. അതിനാല്‍ മദ്യത്തിന്റെ ഉപയോഗവും നിയന്ത്രിക്കണം.

സ്‌ട്രോക്ക് ഒഴിവാക്കാന്‍


1. മാതാപിതാക്കള്‍ ചെറുപ്പം മുതല്‍ തന്നെ കുട്ടികള്‍ക്ക് ശരിയായ ഭക്ഷണരീതിയും വ്യായാമത്തിന്റെ ആവശ്യകതയും മനസിലാക്കി കൊടുക്കണം.
2. ഫാസ്റ്റ്-ഫുഡ് കുട്ടികള്‍ക്ക് അമിതമായി വാങ്ങി കൊടുക്കരുത്.
3. ഉറക്കം ഒഴിവാക്കിയുള്ള പ്രവര്‍ത്തികള്‍ പരമാവധി കുറയ്ക്കുക.
4. രാത്രി ജോലിയുള്ളവര്‍ പകല്‍ ഉറങ്ങി ശരീരത്തിന് വേണ്ട വിശ്രമം കൊടുക്കുക.
5. അമിത ഭക്ഷണശീലം ഒഴിവാക്കുക. പച്ചകറികളും, പഴവര്‍ഗങ്ങളും കൂടുതലായി ആഹാരത്തില്‍ ഉള്‍പെടുത്തുക.
6. കൂടുതല്‍ സമയം ഒരേ ഇരുപ്പിരുന്ന് ജോലി ചെയ്യുന്നത് പൊണ്ണത്തടിക്ക് കാരണമാകുന്നു. അതിനാല്‍ ഇടയ്ക്ക് ലഘുവായ വ്യായാമങ്ങള്‍ ചെയ്യുക.
7. ദിവസവും ക്രമമായി വ്യയാമം ചെയ്യുക.
8. സ്‌ട്രോക്ക് വന്നിട്ടുള്ളവര്‍ ജീവിതരീതി ക്രമപ്പെടുത്തി ജീവിക്കാന്‍ ശ്രദ്ധിക്കണം.

കടപ്പാട്:
ഡോ. സുധീഷ് കരുണാകരന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
മെഡിക്കല്‍ സര്‍ജന്‍, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW