Wednesday, May 22, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.29 AM

പട്‌നാ സാഹിബില്‍ മത്സരം പൊടിപാറും , രണ്ടും കല്‍പ്പിച്ച്‌ ശത്രുഘ്‌നന്‍ സിന്‍ഹ

uploads/news/2019/04/300209/d4.jpg

ന്യൂഡല്‍ഹി: ബിഹാറിലെ പട്‌നാ സാഹിബ്‌ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായി വന്നിറങ്ങിയ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ പാര്‍ട്ടിയിലെതന്നെ എതിര്‍പക്ഷം കരിങ്കൊടി വീശിയാണു സ്വാഗതമോതിയത്‌. ഇത്തവണ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ പകരം ബി.ജെ.പി നിയോഗിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനേയും പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌ കരിങ്കൊടി "മാര്‍ഗത്തില്‍" തന്നെ. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ബി.ജെ.പി നേതൃത്വത്തോട്‌ കലഹിച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ പട്‌നാസാഹിബില്‍ മത്സരിക്കുമെന്ന്‌ ഉറപ്പായതോടെ മത്സരം പൊടിപാറും.
പട്‌നാസാഹിബിലെ സിറ്റിങ്‌ എം.പിയാണു വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു ജനമനസ്‌ കീഴടക്കിയ ശത്രുഘ്‌നന്‍ സിന്‍ഹ. എന്നാല്‍ കഴിഞ്ഞതവണ വിജയിച്ചതിന്‌ പിന്നാലെ മോഡി- അമിത്‌ഷാ ടീമുമായി ഇടഞ്ഞു. എല്‍.കെ അദ്വാനിയുടെ അടുപ്പക്കാരനായ ശത്രുഘ്‌നന്‍ കേന്ദ്ര മന്ത്രി സ്‌ഥാനം മോഹിച്ചെങ്കിലും മോഡി ഒതുക്കി. അദ്വാനിയ്‌ക്ക്‌ പോലും റോളില്ലാതായ പാര്‍ട്ടിയില്‍ ശത്രുഘ്‌നന്‍ അവഗണിക്കപ്പെട്ടു.
ഇതോടെ അദ്ദേഹം നേതൃത്വത്തിനെതിരേ രംഗത്ത്‌വന്നു. മോഡി- അമിത്‌ഷാ ടീമിനെതിരേ ശക്‌തമായി പ്രതികരിച്ച ശത്രുഘ്‌നന്‍ സിന്‍ഹ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെടാന്‍ ശത്രുഘ്‌നന്‍ പരമാവധി ശ്രമിച്ചെങ്കിലും അമിത്‌ഷാ അവഗണിച്ചു. പാര്‍ട്ടി യോഗങ്ങളില്‍ പോലും പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തി. എം.പി സ്‌ഥാനം ഒഴിയാതെ മറ്റൊരു പാര്‍ട്ടിയിലേക്ക്‌ ചേക്കേറാന്‍ സാധിക്കാത്ത അവസ്‌ഥയും ഉണ്ടാക്കി. കൂറുമാറ്റ നിയമത്തില്‍ കുരുക്കി ഷാ സിന്‍ഹയെ കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലം തടഞ്ഞുനിര്‍ത്തി.
ഇത്തവണത്തെ പ്രതീക്ഷിച്ചതുപോലെ സിന്‍ഹയ്‌ക്ക്‌ ബി.ജെ.പി ടിക്കറ്റ്‌ നിഷേധിച്ചു. പാര്‍ലമെന്റിന്റെ കാലാവധി അവസാനിച്ചതോടെ പാര്‍ട്ടിയില്‍നിന്നു സിന്‍ഹയെ പുറത്താക്കുകയും ചെയ്‌തു. പട്‌നാസാഹിബ്‌ മണ്ഡലം ഉറപ്പാക്കിയ ശേഷമാണ്‌ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.
ആര്‍.ജെ.ഡി നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമാണ്‌ ബിഹാറില്‍ കോണ്‍ഗ്രസ്‌. ജെ.ഡി(യു)- ബി.ജെ.പി സഖ്യത്തിന്റെ സ്‌ഥാനാര്‍ത്ഥിയായി രവിശങ്കര്‍ പ്രസാദ്‌ രംഗത്ത്‌ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്‌ടറേറ്റിലേക്ക്‌ പോകവേയായിരുന്നു കഴിഞ്ഞ തവണ ലോക ഹിത്‌ വികാസ്‌ മഞ്ച്‌ എന്ന സംഘടനയുടെ പേരില്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്‌. എന്നാല്‍ പ്രതിഷേധത്തിന്‌ പിന്നില്‍ യുവമോര്‍ച്ചയായിരുന്നുവെന്നും വ്യക്‌തമായി. എം.പിയായിരിക്കെ സിന്‍ഹ മണ്ഡലത്തിലേക്ക്‌ തിരിഞ്ഞുനോക്കിയില്ലെന്ന്‌ ആരോപിച്ചായിരുന്നു പ്രതിഷേധം.
എന്നാല്‍ ഇത്തവണ സീറ്റിനായി മോഹിച്ച്‌ കാത്തിരുന്ന ബി.ജെ.പി നേതാവ്‌ ആര്‍.കെ സിന്‍ഹയുടെ അനുയായികളാണു രവിശങ്കര്‍ പ്രസാദിനു നേരെ വിമാനത്താവളത്തില്‍വച്ചുതന്നെ കരിങ്കൊടി കാണിച്ചത്‌.
2009 ലെ തെരഞ്ഞെടുപ്പില്‍ 166,770 വോട്ടായിരുന്നു സിന്‍ഹയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാകട്ടെ ഭൂരിപക്ഷം 2,65,805 വോട്ടായി ഉയര്‍ന്നു.
ജെ.ഡി(എസ്‌)- ബി.ജെ.പി സഖ്യമാണു ബിഹാറില്‍ ആര്‍.ജെ.ഡി -കോണ്‍ഗ്രസ്‌ സഖ്യത്തെ നേരിടുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി- ജെ.ഡി(യു)- കോണ്‍ഗ്രസ്‌ മഹാ സഖ്യത്തിലൂടെ ബി.ജെ.പിയെ തറപ്പറ്റിച്ചെങ്കിലും പിന്നീട്‌ ബിജെ.പി പക്ഷത്തേക്ക്‌ ജെ.ഡി(യു) ചായുകയായിരുന്നു.

Ads by Google
Monday 08 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW