Wednesday, April 24, 2019 Last Updated 13 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 01.56 PM

നേരത്തെ അസ്തമിച്ച എന്റെ സൂര്യന്‍


uploads/news/2017/12/173853/soman121217a.jpg

അവാര്‍ഡുകള്‍-അമ്മ-സ്ഥാനങ്ങള്‍


ഗായത്രിയില്‍ തുടങ്ങി ലേലത്തില്‍ അവസാനിച്ച സോമേട്ടന്റെ 25 വര്‍ഷത്തെ അഭിനയജീവിതത്തില്‍ 'രക്തമില്ലാത്ത മനുഷ്യന്‍' എന്ന ചിത്രത്തിലെ ശിവന്‍കുട്ടിയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. 1975-ല്‍ നല്ല സഹനടന്‍, 1976-ല്‍ ഏറ്റവും നല്ല നടന്‍ (തണല്‍, പല്ലവി) എന്നീ അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി.

എം.ജി.ആറിന്റെ കൂടെ 'നാളെ നമതെ' എന്ന തമിഴ് ചിത്രത്തിലും സോമേട്ടന്‍ പ്രധാന വേഷമിട്ടു. അവള്‍ ഒരു തുടര്‍ക്കഥൈ, കുമാരവിജയം എന്നിവയായിരുന്നു സോമേട്ടന്റെ തമിഴ് ചിത്രങ്ങള്‍. എല്ലാം ഹിറ്റുകളായെങ്കിലും മലയാളസിനിമ മതി എന്ന സോമേട്ടന്‍ തീരുമാനിച്ചു. ജോണ്‍ പോളുമായി ചേര്‍ന്ന് 'ഭൂമിക' എന്ന ചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്.

താരസംഘടനയായ അമ്മയുടെ രൂപീകരണത്തിലും സോമേട്ടന്‍ മുന്‍കൈഎടുത്തു. തുടക്കം മുതല്‍ ദീര്‍ഘകാലം അമ്മയുടെ പ്രസിഡന്റായിരുന്നു. ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പഷേന്‍ അംഗമായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. സോമേട്ടന്‍ പിതൃതുല്യനായി കരുതിയിരുന്ന മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്‍ബന്ധം മൂലമാണ് ആ സ്ഥാനം ഏറ്റെടുത്തത്.

സോമേട്ടന്റെ അവസാന നാളുകള്‍


1997 ഒക്‌ടോബര്‍ 27-ന് തിരുവല്ല ദേവസ്വം ബോര്‍ഡ് ഹെയര്‍ സെക്കന്‍ഡി സ്‌കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനമായിരുന്നു സോമേട്ടന്റെ അവസാനത്തെ പൊതുചടങ്ങ്. ഉദ്ഘാടനം കഴിഞ്ഞ ഉടനെതന്നെ ജമ്മുവിലായിരുന്ന മകള്‍ സിന്ധുവിന്റെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ഞാനും സോമേട്ടനും കൂടി ട്രെയിന്‍ കയറി.

ഞങ്ങളെ റെയില്‍വേ സ്‌റ്റേഷനില്‍ വിട്ടത് നേരത്തെ സൂചിപ്പിച്ച സോമേട്ടന്റെ കുടുംബസുഹൃത്തും പബ്ലിക് പ്രോസിക്യുട്ടറുമായ സലിം കാമ്പിശേരി ആയിരുന്നു. പോകുമ്പോള്‍ സോമേട്ടന്‍ പറന്നു.

'എന്റെ സിനിമാ ജീവിതത്തിന്റെ 25-ാം വര്‍ഷത്തെ ആഘോഷം കൂടി ജൂബിലിയോടൊപ്പം നടത്തണം. ചടങ്ങിന് പ്രസിഡന്റ് കെ.ആര്‍. നാരായണനെ ഞാന്‍ വന്നാലുടനെ പോയി ക്ഷണിക്കാം...' പക്ഷേ ആ ആഗ്രഹം നടന്നില്ല. ആ ചടങ്ങ് പിന്നീട് സോമന്‍ അനുസ്മരണ ചടങ്ങായി മാറി.

ജമ്മുവില്‍ വച്ചാണ് സോമേട്ടന്റെ ആരോഗ്യം അപകടനിലയിലാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഉടന്‍തന്നെ മരുമകന്‍ ഗിരീഷ് ഇപ്പോഴത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനുമായി ബന്ധപ്പെട്ടു. അന്നദ്ദേഹം എം.പി.യായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സോമേട്ടനും ഞാനുംകൂടി ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലെത്തി.

കുര്യന്‍ സാറാണ് സോമേട്ടനെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചത്. പരിശോധനാ ഫലം ഞങ്ങളെ വിഷമത്തിലാക്കി. എന്നാല്‍ എറണാകുളത്ത് പി.വി.എസില്‍ അന്നുണ്ടായിരുന്ന ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ തന്നെ സുഖപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സോമേട്ടന്‍.

അതിനാല്‍ സോമേട്ടന്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്ലെയിനില്‍ സോമേട്ടനെ എറണാകുളത്ത് എത്തിക്കാന്‍ കുര്യന്‍സാര്‍ പ്ലെയിന്‍ ടിക്കറ്റുകള്‍ ഏര്‍പ്പാട് ചെയ്തുതന്നു. (മരണശേഷം ആ പണം കുര്യന്‍ സാറിന് കൊടുത്തയച്ചെങ്കിലും അദ്ദേഹം അത് കൈപ്പറ്റിയില്ല.) നവംബര്‍ 12-നാണ് സോമേട്ടനെ പി.എസി.എസില്‍ അഡ്മിറ്റ് ചെയ്തത്.

കമലഹാസന്‍, മമ്മുട്ടി, മോഹന്‍ലാല്‍ എന്നിവരുള്‍പ്പെടുന്ന ചലച്ചിത്രലോകം മുഴുവന്‍ അവിടെ പറന്നെത്തി. കമലും മമ്മൂട്ടിയും വെല്ലൂര്‍ക്ക് കൊണ്ടുചെല്ലാന്‍ പറഞ്ഞെങ്കിലും സോമേട്ടന്റെ ആരോഗം അനുവദിക്കുമായിരുന്നില്ല. സംവിധായകന്‍ ജേസി നവംബര്‍ 24 വരെയുള്ള എല്ലാ ദിവസവും കിടക്കയ്ക്ക് അരികിലിരുന്നു.

24-ന് വന്നപ്പോള്‍ സോമേട്ടന്‍ നഷ്ടപ്പെടുകയാണെന്ന് മനസിലാക്കിയ ജേസി കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. അന്നുരാത്രി പക്ഷാഘാതം വന്ന് ജേസിയുടെ ഇടതുകൈയും കാലും തളര്‍ന്നുപോയി. ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ മറക്കാനാവാത്ത സഹകരണമാണ് നല്‍കിയത്. ഡിസംബര്‍ 5 വരെ അദ്ദേഹവും ആശ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല. അദ്ദേഹവും അത്ഭുതങ്ങള്‍ക്കായി കാത്തു. ഒടുവില്‍ ഡോക്ടര്‍ സോമേട്ടന്റെ സുഹൃത്ത് പ്രോസസ് കളര്‍ രാജനെ (കുതിരകള്‍ എന്ന സീരിയല്‍ നിര്‍മ്മാതാവ്) യാഥാര്‍ഥ്യം അറിയിച്ചു.

സോമേട്ടന്‍ നഷ്ടപ്പെടുകയാണ്. എന്നോട് പറയാന്‍ മടിച്ച് മുന്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സേനന്റെ പത്‌നി സീതയെക്കൊണ്ടാണ് ആ യാഥാര്‍ത്ഥ്യം എന്നെ അറിയിച്ചത്. പിന്നെ ഫ്രീസറില്‍ വച്ചതുപോലെയായി എന്റെ മസസ്. ഒന്നും അറിയുന്നില്ല. കേള്‍ക്കുന്നില്ല. മനസിലാകുന്നില്ല. ചുറ്റും ഇരുട്ട്. മക്കളായ സാജിയും സിന്ധുവും മരുമകന്‍ ഗിരീഷുമൊക്കെ എന്നെ ആശ്വസിപ്പിച്ചു.

uploads/news/2017/12/173853/soman121217a1.jpg

പക്ഷേ ഡിസംബര്‍ 12 ആയപ്പോഴേയ്ക്കും രോഗം മൂര്‍ച്ഛിച്ചു. ഞങ്ങള്‍ കുടുംബാംഗങ്ങളെ കൂടാതെ അടുത്ത സുഹൃത്തുക്കളായ ചെറിയാന്‍ കല്പകവാടി, സലിം കാമ്പിശ്ശേരി, വി. രവീന്ദ്രന്‍ നായര്‍, അഡ്വ. സുനില്‍ ജോസ് എന്നിവര്‍ അടുത്തുണ്ടായിരുന്നു.

വൈകിട്ട് 4 മണിയോടെ ചെറിയാന്‍ കല്പകവാടി മോണിറ്റര്‍ നോക്കി പറഞ്ഞു. എല്ലാം കഴിയാറായി. ഈ സമയം നടന്‍ വിജയരാഘവന്‍, രണ്‍ജി പണിക്കര്‍ എന്നിവരുമെത്തി.

ഏതാണ്ട് 4.20-ഓടെ സോമേട്ടന്‍ ഞങ്ങളെ വിട്ടിട്ട് മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് താഴ്ന്നുപോയി. ഇനിയുള്ളത് ഞാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. എഴുതാന്‍ കഴിയുന്നില്ല. മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇന്നും എനിക്ക് കഴിയുന്നില്ല.

സോമേട്ടന്‍ വിട പറഞ്ഞശേഷം


വന്‍ തണലേകിയിരുന്ന ആ വന്‍ വടവൃക്ഷം എനിക്ക് നഷ്ടമായപ്പോള്‍ ഞാന്‍ ജീവിതത്തിന്റെ മുന്നില്‍ പകച്ചുനിന്നു. പക്ഷേ സോമേട്ടന്റെ ഓര്‍മ്മകള്‍ എന്റെ മനസിനെ ഉണര്‍ത്തി ഞാന്‍ വ്യവസായത്തെ ഊര്‍ജസ്വലമാക്കി. പതിനഞ്ചോളം ജോലിക്കാര്‍ അവിടെ ജോലി ചെയ്യുന്നു.

സാമാന്യം ഭംഗിയായി ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനം ഇപ്പോള്‍ അവിടെനിന്നും കിട്ടുന്നുണ്ട്. സോമേട്ടന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സിന്ധുവിന്റെ വിവാഹം കഴിഞ്ഞിരുന്നു.

ഭര്‍ത്താവ് ഗിരീഷ് വ്യോമസേനയില്‍നിന്നും ഗ്രൂപ്പ് ക്യാപ്റ്റനായിരിക്കെ വോളന്ററി റിട്ടയര്‍മെന്റ് നടത്തി വിരമിച്ചു. അവര്‍ക്ക് ഗായത്രി, ലക്ഷ്മി എന്നീ രണ്ടു കുട്ടികള്‍. മകന്‍ സാജിയും ബിന്ദുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും സോമേട്ടന്റെ മരണശേഷമാണ് അവരുടെ വിവാഹം നടന്നത്. അവര്‍ക്ക് ശേഖര്‍, ശിവാംഗി എന്നീ മക്കള്‍.

എല്ലാവരും പഠനത്തില്‍ മികച്ച മികവാണ് കാണിക്കുന്നത്. സോമേട്ടന്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹസാമ്രാജ്യം നഷ്ടമായെങ്കിലും ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെല്ലാം ഒരു പ്രചോദനമാണ്. മക്കള്‍ക്ക് പ്രായമായെങ്കിലും അവരെയും ചുറ്റും കിടത്തിയ ശേഷമേ സോമേട്ടന്‍ ഉറങ്ങുമായിരുന്നുള്ളൂ. സോമേട്ടന്‍ ഉറക്കമാകുമ്പോള്‍ അവര്‍ ഓടി രക്ഷപ്പെടും.

രസകരമായ ഓര്‍മ്മകളായിരുന്നു അവയെല്ലാം. സന്ധ്യക്കു മുന്നേ സൂര്യന്റെ മരണം- അങ്ങനെയാണ് സോമേട്ടന്റെ വിടവാങ്ങലിനെക്കുറിച്ച് ഇപ്പോഴും ഞാനോര്‍ക്കുന്നത്. സോമേട്ടന്‍ നട്ട ചക്കരമാവ് പിന്നീട് പലവട്ടം കായ്ച്ചു. പവിഴമല്ലി പലതവണ പൂത്തു. കാണാന്‍ വരില്ലേ സ്വപ്നത്തിലെങ്കിലും...

Ads by Google
Tuesday 12 Dec 2017 01.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW