Saturday, June 09, 2018 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 04.14 PM

ലിച്ചിയും, മേരിമിസ്സും പിന്നെ ഞാനും..


uploads/news/2017/08/141361/lichiremash2908a.jpg

ഡാഡിക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ട് കണ്ട് ഞാന്‍ ഡാഡിയെ ചേട്ടനെ ഏല്‍പ്പിച്ച് വണ്ടി വിളിക്കാന്‍ ഓടിയിറങ്ങി. ഡാഡിയും അല്‍പ്പം വേഗം നടന്നു. പക്ഷേ റോഡെത്തിയപ്പോഴേക്കും ഡാഡി കുഴഞ്ഞു വീണു. നിമിഷവേഗത്തില്‍ കാരത്തുഴ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെത്തിച്ചെങ്കിലും ഡാഡി പോയിക്കഴിഞ്ഞിരുന്നു. എല്ലാം ഞൊടിയിടയില്‍ അവസാനിച്ചു.

ഡാഡിയുടെ മരണം വലിയൊരു ആഘാതമായി. ചുറ്റും വല്ലാത്തൊരു ശൂന്യത. മമ്മി ഒരു വശത്തിരുന്ന് കരയുമ്പോള്‍ ചേട്ടന്‍ മറുവശത്തിരുന്ന് കരയും. ഞാന്‍ നിസ്സംഗതയോടെ ഇതെല്ലാം നോക്കി നില്‍ക്കും.

സാമ്പത്തികം ഞങ്ങളുടെ മുന്നില്‍ ചോദ്യചിഹ്‌നമായി. അങ്ങനെ ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഞാനും ചേട്ടനും ജോലിക്കായിറങ്ങിത്തിരിച്ചു. ഡാഡിയില്ലാത്ത ഏഴാം പക്കം ബാഗുമെടുത്ത് ഞാനുമിറങ്ങി. ഡാഡിയെ കൊണ്ടുപോയ അതേ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലാണ് ജോയിന്‍ ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിങ്ങലായിരുന്നു ആ ദിവസം.

ഡാഡിയുടെ ആഗ്രഹം പോലെ നഴ്‌സാകണം, വിദേശത്ത് പോകണം, എല്ലാവരുടെയും അനുഗ്രഹം വാങ്ങി ജോലിക്ക് പോകണം, കിട്ടുന്ന ആദ്യ ശമ്പളം ഡാഡിക്ക് കൊടുക്കണം എന്നിങ്ങനെ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നുമില്ലാതെ ശൂന്യതയില്‍ നിന്നാണ് ഞാനന്ന് ആദ്യമായി ജോലിക്കിറങ്ങിയത്. ആശുപത്രിയില്‍ ചെന്ന് ഒന്നും ചെയ്യാതെ അവിടെയിരുന്നപ്പോള്‍ വീടിനടുത്തുള്ള നഴ്‌സ്‌ചേച്ചി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി, എല്ലാം പറഞ്ഞു തന്നു.

മാലാഖക്കുപ്പായത്തിലേക്ക്...


നഴ്‌സിങ് സത്യത്തില്‍ ഒരു വരദാനമാണ്. ഈശ്വരാനുഗ്രഹം കിട്ടിയ തൊഴില്‍. ട്രെയിനിങ്ങിലൂടെയാണ് ഞാന്‍ ജോലിയുടെ പവിത്രത തിരിച്ചറിഞ്ഞത്. നമ്മുടെയുള്ളില്‍ സങ്കടമുണ്ടെങ്കിലും എ സ്‌മൈല്‍ ക്യാന്‍ ചെയ്ഞ്ച് ദ ഹോള്‍ വേള്‍ഡ്് എന്ന സത്യം ആ കുപ്പായത്തില്‍ കൂടി തിരിച്ചറിഞ്ഞു.

മാലാഖയെന്ന വിളിപ്പേരു മാത്രമാണ് സത്യത്തില്‍ അതിനുള്ളത്. ആര്‍ക്കും ആ പരിഗണനയില്ല. തുച്ഛ വേതനത്തില്‍ കഷ്ടപ്പാടിലാണ് നഴ്‌സുമാരുടെ ജീവിതം. അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചാലത് അഹങ്കാരമാകും. നഴ്‌സിങ് സംഘടനകളുടെ സമരത്തില്‍ എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.

കാരണം പലരും ലോണെടുത്ത് പഠിച്ച് എത്തിയവരാണ്. ഗര്‍ഭിണികളായ നഴ്‌സുമാര്‍ ഒന്‍പത് മാസം വരെ ജോലി ചെയ്ത് പ്രസവസമയത്തു മാത്രം അവധിയെടുക്കേണ്ടി വരും. ഇങ്ങനെ കഷ്ടപ്പെട്ടിട്ട് ജീവിക്കാനുള്ള ശമ്പളം കിട്ടുകയുമില്ല. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന വേതനം അവര്‍ക്ക് നല്‍കണം.

വെള്ളിത്തിരയിലെത്തിയത്


രാജഗിരിയില്‍ പഠിക്കുമ്പോള്‍ കോളജിന്റെ പരസ്യ ഹോര്‍ഡിംഗില്‍ എന്റെ ചിത്രമായിരുന്നു. അതു കണ്ടാണ് അങ്കമാലി ഡയറീസിലേക്ക് വിളിക്കുന്നത്. രാജഗിരിയിലാണെന്നറിയാമെങ്കിലും വിജയ് ബാബു സാര്‍ അടക്കം പലരും എന്റെ മുഖമന്വേഷിച്ച് പല രാജഗിരിയിലൂടെയും ഒരുപാട് അലഞ്ഞു. അവസാനമാണ് എന്നെ കണ്ടെത്തിയത്.

അന്ന് ഞാന്‍ വിദേശത്തേക്ക് പോകാനുള്ള ആലോചനയിലായിരുന്നു. കുടുംബത്തിലുള്ള പലര്‍ക്കും സിനിമയോട് താത്പര്യമില്ലായിരുന്നു. പക്ഷേ ഞാനത് കാര്യമാക്കിയില്ല. ലൊക്കേഷനിലെത്തുമ്പോള്‍ സ് റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് എന്നീ വാക്കുകള്‍ മാത്രമായിരുന്നു എന്റെ ചെവിയില്‍. ആരുമത് പറയുന്നത് കേട്ടില്ലെങ്കിലും കഥാപാത്രമായി പെട്ടെന്ന് മാറാന്‍ എനിക്കു കഴിഞ്ഞു. രേഷ്മ രാജനില്‍ നിന്ന് ലിച്ചിയാകുന്നതങ്ങനെയാണ്.

സിനിമയിലെ എന്റെ കഥാപാത്രം പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ലിച്ചിയില്‍ നിന്ന് മേരി മിസ്സിലേക്കു വളരെ പെട്ടെന്നാണ് ഞാന്‍ നടന്നു കയറിയത്. ഇതിനിെട പല ഓഫറുകളും വന്നു.

പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണിഷ്ടം. ചവറു പോലെ സിനിമകള്‍ ചെയ്യണമെന്നില്ല. പേരുമാറ്റത്തെക്കുറിച്ച് വീണ്ടുമൊരു ആലോചന വന്നപ്പോഴാണ് അന്ന രാജനിലേക്ക് ചുരുങ്ങാമെന്ന് വച്ചത്. അന്നമ്മോ എന്ന് വിളിക്കുന്നത് എനിക്കു വലിയ ഇഷ്ടമാണ്.

ഇനിയുമുണ്ട് സ്വപ്നങ്ങള്‍...


നഴ്‌സിങ്ങിനെ പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ല. അങ്കമാലി ഡയറീസിന്റെ സമയത്ത് ലീവ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് എമര്‍ജന്‍സി വാര്‍ഡില്‍ നിന്ന് ബില്ലിംഗിലേക്ക് മാറിയത്. ഇപ്പോള്‍ താത്കാലികമായി ഒരു ഇടവേളയെടുത്തു.

നഴ്‌സിങ് വിട്ട് സിനിമയിലേക്ക് വന്നപ്പോള്‍ പലരും നല്ല കൊച്ചാണ്, വെറുതെ ജീവിതം കളഞ്ഞു.. എന്നൊക്കെ പറഞ്ഞു. പക്ഷേ എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല. ഇവിടെ നമുക്ക് കിട്ടുന്ന റെസ്‌പെക്ട്, ഫ്രീഡം ഒക്കെ വളരെ വലുതാണ്. അനാവശ്യമായി ഒരു നോട്ടം വന്നാല്‍ പോലും സ്വരമുയര്‍ത്താം.

തെറ്റ് കണ്ടാല്‍ ഞാനത് ഓപ്പണായി പറയും. രാജഗിരിയില്‍ പോലും എന്റെ സുഹൃത്തുക്കള്‍ക്ക് പ്രശ്‌നമുണ്ടായപ്പോള്‍ ഇടപെട്ടിട്ടുണ്ട്. ഡാഡിയില്‍ നിന്ന് കിട്ടിയ സ്വഭാവഗുണമാണത്.

എന്റെ വ്യക്തിത്വം എവിടെയാണെങ്കിലും കാണിക്കാറുണ്ട്. ചിലപ്പോഴൊരു സംഭാഷണത്തില്‍ കൂടിയോ പെരുമാറ്റത്തില്‍ കൂടിയോ ആവാം മറ്റുള്ളവര്‍ക്ക് നെഗറ്റീവ് സ്വാധീനം ഉണ്ടാവുന്നത്. സുരക്ഷിതമില്ലായ്മ തുടങ്ങുന്നത് അവിടെ നിന്നാണ്. അത് സിനിമയിലല്ല, എവിടെയാണെങ്കിലുമുണ്ടാകും.

സിനിമ എന്നെ സംബന്ധിച്ച് സുരക്ഷിതമാണ്. പിന്നെ ഞാനൊരിക്കലും ഇത് സെലിബ്രേറ്റ് ചെയ്യുന്നില്ല. അനാവശ്യ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ആരെയും ബുദ്ധിമുട്ടിക്കാറില്ല.

സാധാരണ ജീവിതമാണ് എനിക്കിഷ്ടം. തീരെ ഫാഷനബിളല്ല, ഓര്‍ണമെന്റ്‌സിനോട് പോലും താത്പര്യമില്ല. സൗകര്യങ്ങള്‍ കൂടിപ്പോയാല്‍ സിനിമ വിട്ടാലും അങ്ങനെ ജീവിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും.

എനിക്കതിന് താത്പര്യമില്ല. നഴ്‌സിങ്ങില്‍ നിന്നും പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ സത്യങ്ങളില്‍ കൂടിയാണ് ജീവിക്കുന്നത്. ഞാന്‍ തെറ്റു ചെയ്താല്‍ സോറി പറയാനും മടി കാണിക്കില്ല.

ജീവിതത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, കുറെ സ്വപ്നങ്ങളുണ്ട്. അത് സാക്ഷാത്ക്കരിക്കാന്‍ നഴ്‌സിങ്ങിനേക്കാള്‍ ഉചിതം സിനിമയാണ്.

വിവാഹത്തെക്കുറിച്ചൊന്നും അന്നുമിന്നും ചിന്തിച്ചു തുടങ്ങിയിട്ടില്ല. സ്വന്തം കാലില്‍ ഉറച്ചു നിന്ന് ഉത്തരവാദിത്തങ്ങളൊക്കെ തീര്‍ത്ത ശേഷം അതിനെക്കുറിച്ച് ആലോചിക്കാം.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW