Friday, August 16, 2019 Last Updated 46 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 01.15 AM

കളിയരങ്ങിലെ സൗമ്യ ഭാവം

uploads/news/2019/04/299913/sun3.jpg

ആട്ടവിളക്കിനു മുന്നിലെ കണ്ണിളക്കങ്ങളും കൈമുദ്രയും പദചലനവും വേദിയില്‍ വര്‍ണവിതാനങ്ങള്‍ വിതറുമ്പോള്‍ താളലയങ്ങളില്‍ അഭിരമിച്ച്‌ കാണികള്‍ ഇരുളിന്റെ വശ്യതയില്‍ നാട്യവൈഭവം ആസ്വദിക്കുകയാണ്‌. ചമയങ്ങളില്‍ ആഢ്യവിശേഷണങ്ങളുടെ പെരുമ സദാകളിയാടി നില്‍ക്കുന്നു. കലാജ്‌ഞലി കഥകളി സംഘം കലയുടെ കൗമാരഭാവങ്ങള്‍കൊണ്ട്‌ നിതാന്തമായ ഭാവവൈചിത്ര്യങ്ങള്‍ പകര്‍ന്നാടുന്നു. തൊഴുതുണരുന്ന മുദ്രകളുടെയും മെയ്‌വഴക്കത്തിന്റെയും മികവ്‌ ഈ കഥകളി സംഘത്തിന്റെ അമരക്കാരി സൗമ്യാജോര്‍ജിന്റെ തപസ്യയാണ്‌. വനിതകള്‍ക്ക്‌ അപ്രാപ്യമെന്നു കരുതിയിരുന്ന കേരളത്തിന്റെ തനത്‌ കലാരൂപം കഥകളി അരങ്ങില്‍ അവതരിപ്പിച്ചാണ്‌ ഈ കലാകാരി കാണികളുടെ മനംകവര്‍ന്നത്‌.
നിലമ്പൂരില്‍ ഒരു ക്രിസ്‌ത്യാനി കുടുംബത്തില്‍ ജനിച്ച സൗമ്യ തന്റെ ജീവിതം നൃത്തത്തിനു വേണ്ടി ഉഴിഞ്ഞുവച്ചപ്പോള്‍ സഭയിലും നാട്ടിലും അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു. വീട്ടുകാരും നാട്ടുകാരും ഒരേ സ്വരത്തില്‍ പിന്‍മാറണമെന്ന്‌ ആവശ്യപ്പെട്ടപ്പോഴും പിന്‍മാറാന്‍ തയാറാകാത്തത്‌ ആരെയും കൂസാത്ത സ്വഭാവം കൊണ്ടല്ല. കലയോടുള്ള അദമ്യമായ അഭിനിവേശം കൊണ്ടാണ്‌. ജീവന്റെ തുടിപ്പുകള്‍ കലയുടെ അകംപുറങ്ങളില്‍ അലിഞ്ഞുചേര്‍ന്നതുകൊണ്ടാണ്‌. നൃത്തമാണ്‌ കലയുടെ മൂര്‍ത്തീഭാവമെന്ന്‌ സൗമ്യ പറയുന്നു. നൃത്തത്തില്‍തുടങ്ങി മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി ഒടുവില്‍ കഥകളി. കഥകളിയുടെ വേഷവും ആചാര്യന്‍മാര്‍ കഥകളിക്ക്‌ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയും ഈ കലാരൂപത്തെ നെഞ്ചോടടുപ്പിച്ചു. കഥകളി കലോത്സവങ്ങളില്‍ സമ്മാനം നേടാന്‍ മാത്രം ഉപയോഗിക്കുന്നതിനോട്‌ താല്‍പര്യമില്ല. കഥകളിയെ അങ്ങനെ നിസാരമായി കാണാനുമാവില്ല. കഥകളി ഹൈന്ദവ ദര്‍ശനങ്ങളുടെ പരിചേ്‌ഛദമാണ്‌. അതുകൊണ്ടുതന്നെ ആ കലാരൂപത്തെ വളരെ ഭവ്യവും ദിവ്യവുമായി സമീപിക്കാനാണ്‌ സൗമ്യ ശ്രമിച്ചത്‌.
നിലമ്പൂരില്‍ നിന്ന്‌ തന്റെ കലയുടെ കര്‍മമണ്ഡലം തിരുവനന്തപുരത്തേക്ക്‌ മാറ്റി. തിരുവനന്തപുരം കണ്ണേറ്റുമുക്കിന്‌ സമീപം കലാഞ്‌ജലി എന്ന നൃത്തവിദ്യാലയം ആരംഭിച്ചു. നൃത്തവും സംഗീതവും കഥകളിയും ഇവിടെ പാഠ്യവിഷയമാണ്‌. കഥകളി പഠിക്കാന്‍ 12 പെണ്‍കുട്ടികള്‍ താല്‍പര്യം പ്രകടിപ്പിച്ചുവന്നു. അവര്‍ അര്‍പ്പണ മനോഭാവത്തോടെ ഇപ്പോഴും പഠിക്കുന്നു. കലാജ്‌ഞലി ഒരു ഗുരുകുല സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ്‌. ഈ വിദ്യാലയത്തില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടികളാണ്‌ അധികവും. വീട്ടമ്മമാരും കുറവല്ല. മറ്റു നൃത്തയിനങ്ങള്‍ പഠിക്കുന്നവരില്‍ ചിലര്‍ പോയിവരുന്നവരാണ്‌. പഠിക്കാന്‍ ആഗ്രഹമുള്ള വനിതകള്‍ക്ക്‌ കഥകളി കലാജ്‌ഞലിയില്‍ സൗജന്യമായി പഠിക്കാമെന്ന്‌ സൗമ്യ പറയുന്നു. ഭാരിച്ച ചെലവുള്ളതിനാല്‍ കഥകളിക്കുനേരെ മുഖംതിരിക്കുന്നവര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ സൗമ്യയുടെ ഈ തീരുമാനമെന്ന്‌ കഥകളി വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നു.
മറ്റു നൃത്തയിനങ്ങള്‍ അഭ്യസിക്കുന്നതുപോലെയോ അവതരിപ്പിക്കുന്നതുപോലെയോ അല്ല കഥകളി. കണ്ണിനും മനസിനും മെയ്യിനും ഒരുപോലെ സാധകം വേണം. മനസും ശരീരവും ഏകാഗ്രബിന്ദുവില്‍ കേന്ദ്രീകരിച്ചാലേ തൃപ്‌തിയോടെ അരങ്ങില്‍ കഥകളിയാടാനാകൂ. ഏകദേശം അഞ്ചുമണിക്കൂര്‍ വേണം ചമയത്തിന്‌. വേഷവും വളരെ ബുദ്ധിമുട്ടാണ്‌. ചാക്കുകള്‍ ചുറ്റിക്കെട്ടി തറ്റുടുത്താണ്‌ നിറപ്പകിട്ടുള്ള വേഷം ചാര്‍ത്തുക. ചുട്ടികുത്തിനും സമയം വേണം. വേഷം കെട്ടിയാല്‍ കഥകളി അവതരിപ്പിച്ചു കഴിയുന്നതുവരെ ജലപാനത്തിനു പോലും തടസമാണ്‌. മറ്റു നൃത്തങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും കഥകളിയില്‍ അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. അതിനൊരു ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. മൂന്നു മണിക്കൂര്‍ വരെയാണ്‌ ഒരു കഥയുടെ ദൈര്‍ഘ്യം. എന്നാല്‍ ചിലര്‍ ഇന്‍സ്‌റ്റെന്റെ്‌ കഥകളിയും അവതരിപ്പിക്കുന്നുണ്ട്‌. 16 വയസു മുതല്‍ 40 വയസുവരെയുള്ള വനിതകള്‍ക്ക്‌ കഥകളി അഭ്യസിക്കാം.
കഥകളിയും മറ്റു വിവിധ നൃത്ത രൂപങ്ങളുമായി സൗമ്യാജോര്‍ജ്‌ നിരവധി വേദികള്‍ പിന്നിട്ടു. തിരുവനന്തപുരത്ത്‌ പ്രമോദ്‌ പയ്യന്നൂരിന്റെ നേതൃത്വത്തില്‍ ഭാരത്‌ ഭവന്റെ നിരവധി പരിപാടികള്‍ സൗമ്യ അവതരിപ്പിച്ചുവരുന്നു. വിദേശത്തും സ്വദേശത്തും വനിതാകഥകളിയുടെ മേന്മയും തന്മയത്വവും അറിയിക്കാന്‍ ഈ കലാകാരി സദാ പരിശ്രമിക്കുന്നു.
കലാജ്‌ഞലിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയമാവുകയാണ്‌. നിരവധി പെണ്‍കുട്ടികള്‍ മികവ്‌ ബോധ്യമായി ദിനംപ്രതി ഇവിടെ പഠനത്തിന്‌ ചേരുന്നു. സൗമ്യയുടെ നീതിപൂര്‍വമായ ശിക്ഷണം ഈ വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ കരുത്തേകുന്നുണ്ട്‌. ചുവടുകള്‍ പിഴയ്‌ക്കാതെ, ആസ്വാദക മനസില്‍ നിന്നു പടിയിറങ്ങാതെ വ്യത്യസ്‌തത നിലനിര്‍ത്തുന്ന കലാജീവിതത്തിനു എന്നും മാറ്റുണ്ടാകുമെന്നാണ്‌ സൗമ്യയുടെ പക്ഷം. തമാശയോടെ ആരും ഒരു കലയേയും സമീപിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും ഈ കലാകാരി പങ്കുവയ്‌ക്കുന്നു.

വിനു ശ്രീലകം

Ads by Google
Sunday 07 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW