Tuesday, May 21, 2019 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Saturday 06 Apr 2019 07.21 AM

ബിഷപ് ഫ്രാങ്കോയും ഫാ.ആന്റണിയും കൂട്ടുകച്ചവടം തുടങ്ങുന്നത് 2009ല്‍, നടത്തുന്നത് അഞ്ചു കമ്പനികള്‍, റെയ്ഡിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും; ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെ ആവശ്യക്കാരില്‍ കൂടുതല്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ !

അതിനിടെ, റെയ്ഡിന്റെ പേരില്‍ ഫാ.ആന്റണിയും ബിഷപ് ഫ്രാങ്കോയും കൊമ്പുകോര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ബിഷപ് ഫ്രാങ്കോയുടെ മുറിയില്‍ കയറി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. ബിഷപ് ഫ്രാങ്കോയുടെ ആശീര്‍വാദത്തോടെ നടത്തുന്ന സ്ഥാപനങ്ങളാണെങ്കിലും എല്ലാത്തിന്റെയും തലപ്പത്ത് ഫാ. ആന്റണി മാടശേരി ആയതിനാല്‍ നിയമത്തിന്റെ പിടിവീണത് അദ്ദേഹത്തിന്റെ കയ്യില്‍ തന്നെയാണ്.
Father Anthony Madasserry

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ഫാ.ആന്റണി മാടശേരിയുടെ ബന്ധം ഇരുവരും തമ്മിലുള്ള ബിസിനസ് ഇടപാടിലും. ബിഷപ് ഫ്രാങ്കോ ഡല്‍ഹി സഹായ മെത്രാനായിരുക്കേയാണ് ഫാ.ആന്റണിയുടെ പേരില്‍ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. അഞ്ച് കമ്പനികളില്‍ ഡയറക്ടറോ പാര്‍ട്ണറോ ആണ് ഫാ.ആന്റണി. ഇതില്‍ രണ്ടെണ്ണം ഡല്‍ഹിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജലന്ധര്‍ രൂപതയില്‍ ഒരേ സമയം നിരവധി ചുമതലകളാണ് ഫാ.ആന്റണി വഹിക്കുന്നതും. പഞ്ചാബില്‍ നിന്നുള്ള 'ട്രിബ്യൂണ്‍ ന്യൂസ് സര്‍വീസ്' ആണ് ഫ്രാങ്കോ-ആന്റണി കൂട്ടുക്കെട്ടിന്റെ ബിസിനസ് ബന്ധം പുറത്തുകൊണ്ടുവന്നത്.

ജലന്ധര്‍ രൂപതയില്‍ വൈദികരായിരുന്ന കാലം മുതല്‍ ബിഷപ് ഫ്രാങ്കോയും ഫാ.ആന്റണിയും അടുത്ത ബന്ധമാണുള്ളത്. സഹായ മെത്രാനായി 2009ലാണ് ഫ്രാങ്കോ ഡല്‍ഹിയിലെത്തുന്നത്. 2009 നവംബര്‍ 10ന് ഫാ.ആന്റണി, സുനില്‍ ഭാസ്‌കര്‍ എന്നിവര്‍ ഡയറക്ടര്‍മാരായി 'വേര്‍ഡ്‌സ് വര്‍ത്ത് എഡ്യുക്കേഷണല്‍ എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ്(പബ്ലിഷിംഗ് ഫേം)'' എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്‌സൈറ്റില്‍ പറയുന്നു. ന്യുഡല്‍ഹിയിലെ അശോക് വിഹാര്‍ ആണ് കമ്പനിയുടെ ആസ്ഥാനം. 44.01 ലക്ഷം ടേണ്‍ഓവര്‍ കാണിച്ചിരുന്ന കമ്പനിയുടെ മൊത്തം ആസ്തി 25.12 ലക്ഷമാണെന്നും പറയുന്നു.

2011 ഏപ്രില്‍ ആറിന് ഫാ.ആന്റണിയും സുനില്‍ ഭാസ്‌കറും ചേര്‍ന്ന് 'എഡ്യുസോണ്‍ മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് (റീട്ടെയ്ല്‍ ഓഫ് എഡ്യൂക്കേഷന്‍ എയ്ഡ്)' എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി ആസാദ്‌നഗറിലാണ് ആസ്ഥാനം. ടേണ്‍ഓവര്‍ പൂജ്യമാണ്. മൊത്തം ആസ്തി 60,183 ലക്ഷം രൂപയും

2013 ജൂണില്‍ ബിഷപ് ഫ്രാങ്കോ ഡല്‍ഹിയില്‍ നിന്നും ജലന്ധറില്‍ ചുമതലയേറ്റു. ഇതിനു ശേഷമാണ് ഫാ.ആന്റണിയുടെ ബിസിനസ് സാമ്രാജ്യം വളരുന്നത്. 2014ല്‍ സഹോദയ പാര്‍ട്ണര്‍ഷിപ്പ് കമ്പനി തുടങ്ങി. ഫാ.പോള്‍, ഫാ.ജോസ്, ഫാ.ഷൈന്‍ എന്നിവരാണ് കമ്പനിയിലെ മറ്റ് പങ്കാളികള്‍. രൂപതയുടെ സ്‌കൂളുകളിലേക്ക് പുസ്തകങ്ങളും സ്‌റ്റേഷനറി സാധനങ്ങളും യൂണിഫോമും വില്‍ക്കുന്ന ഈ കമ്പനിയാണ്. രൂപതയുടെ കീഴില്‍ പള്ളികളും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും നിര്‍മ്മിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയും രൂപതയിലെ വാഹന സര്‍വീസിന്റെ നടത്തിപ്പുകാരായ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി, സെക്യൂരിറ്റി സര്‍വീസ് എന്നിവയെല്ലാം സഹോദയയുടെ കീഴിലാണ്.

2016 മാര്‍ച്ച് 15നാണ് സഹോദയ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹോദയയുടെ പേരില്‍ നിരവധി കമ്പനികള്‍ ഉണ്ടെങ്കിലും സഹോദയ ട്രാന്‍സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റോറേജ് കമ്പനിയാണിതെന്ന് പറയുന്നു. ഫാ.ജോസഫ് മാത്യു, ഫാ.ജോസ്, ഫാ.പോള്‍ എന്നിവരാണ് ഡയറക്ടര്‍മാര്‍. ഇതില്‍ ഫാ.ജോസിനും ഫാ.പോളില്‍ 5,000 ഷെയറുകള്‍ വീതമുണ്ട്. എന്നാല്‍ ഫാ.ജോസഫ് മാത്യുവിന് ഓഹരി ഒന്നുപോലുമില്ല. എങ്കിലും കമ്പനിയുടെ എല്ലാ യോഗങ്ങളിലും ഇദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ലുധിയാനയിലെ മോഡല്‍ ടൗണ്‍ ആസ്ഥാനമായുള്ള കമ്പനിക്ക് 4.06 കോടിയാണ് ടേണ്‍ ഓവര്‍ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 34.32 ലക്ഷമാണ് മൊത്തം ആസ്തി. എന്നാല്‍ കമ്പനിക്ക് 40 കോടിയോളം ടേണ്‍ഓവര്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

2016 മേയ് മുതലാണ് നവജീവന്‍ നിധി ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം നടക്കുന്നത്. ജലന്ധറിലെ കരോള്‍ ബാഗ് 388-ബി ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനമാണിത്. ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്‌സൈറ്റില്‍ പറയുന്നത്.

ഇതിനു പുറമേ ഫാ.ആന്റണിയുടെ നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ ഇന്റഗ്രെല്‍ ഡവലപ്‌മെന്റ് എന്ന എന്‍ജിഒ സ്ഥാപനം കരോള്‍ ബാഗിലെ ധനകാര്യ സ്ഥാപനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്.

കൂടാതെ 'ഷൈന്‍ കോച്ചിംഗ് ' എന്ന പേരില്‍ അഞ്ചാമതൊരു കമ്പനിയും ഫാ.ആന്റണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 'ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഒരേ ഒരു ഫാ.ആന്റണി മാടശേരി... പല റോളുകള്‍

ജലന്ധര്‍ രൂപതയില്‍ ഒരേ സമയം നിരവധി ചുമതലകള്‍ വഹിക്കുന്നയാളാണ് ഫാ.ആന്റണി മാടശേരി. രൂപത വൈദികന്‍ എന്നതിനപ്പുറം ജലന്ധറിലെ ഒരു പ്രമുഖ സ്‌കൂളിന്റെ ഡയറക്ടര്‍, പള്ളിയുടെ വികാരി, ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറി, ധനകാര്യ വിദഗ്ധന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ, ബുക്ക് വില്‍പ്പനക്കാരന്‍, സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടര്‍, കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടര്‍ എന്നീ പദവികളാണ് ഫാ.ആന്റണി വഹിക്കുന്നത്.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഇഷ്ടപ്പെടുന്ന പാതിരിമാര്‍

ജലന്ധറില്‍ ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളുടെ ആവശ്യക്കാരില്‍ കൂടുതലും ക്രിസ്ത്യന്‍ പുരോഹിതരും പാസ്റ്റര്‍മാരുമാണെന്ന റിപ്പോര്‍ട്ടും 'ട്രിബ്യൂണ്‍' പുറത്തുവിടുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞത് വാഹനങ്ങള്‍ കവചിതമാക്കുകയാണെന്ന് ഈ മേഖലയിലെ പ്രമുഖരായ ലഗ്ഗാര്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സാന്‍ചിത് സൊബ്തി പറയുന്നു. ഖംബ്ര, താജ്പുര്‍, ഖോജെവാള്‍, നകോദര്‍, കര്‍താര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാസ്റ്റര്‍മാരാണ് ഈ ആവശ്യവുമായി തങ്ങളെ സമീപിച്ചിരിക്കുന്നത്. കാസ്റ്റ് അയണ്‍ പ്ലേറ്റുകളും 42 എം.എം കട്ടിയുള്ള ഗ്ലാസുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫോര്‍ച്യുണര്‍, ,സ്‌കോര്‍പിയോ പോലെയുള്ള വാഹനങ്ങള്‍ ബുള്ളറ്റ് പ്രൂഫ് കവചിതമാക്കണമെങ്കില്‍ ഏഴു ലക്ഷം രൂപയെങ്കിലും ചെലവുവരുമെന്നാണ് സ്ഥാപനം പറയുന്നത്.

അതിനിടെ, റെയ്ഡിന്റെ പേരില്‍ ഫാ.ആന്റണിയും ബിഷപ് ഫ്രാങ്കോയും കൊമ്പുകോര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ഖന്ന പോലീസ് പിടികൂടിയ ഫാ.ആന്റണിയെ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വിട്ടയച്ചത്. ആറരയോടെ ഫാ.ആന്റണി ജലന്ധര്‍ ബിഷപ് ഹൗസില്‍ എത്തിയിരുന്നു. ബിഷപ് ഫ്രാങ്കോയുടെ മുറിയില്‍ കയറി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. ബിഷപ് ഫ്രാങ്കോയുടെ ആശീര്‍വാദത്തോടെ നടത്തുന്ന സ്ഥാപനങ്ങളാണെങ്കിലും എല്ലാത്തിന്റെയും തലപ്പത്ത് ഫാ. ആന്റണി മാടശേരി ആയതിനാല്‍ നിയമത്തിന്റെ പിടിവീണത് അദ്ദേഹത്തിന്റെ കയ്യില്‍ തന്നെയാണ്.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
Ads by Google
Loading...
TRENDING NOW