Saturday, June 15, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Friday 05 Apr 2019 07.38 AM

സഹോദയയില്‍ നഴ്‌സറി സ്‌കൂളിലെ ഒരു പാഠപുസ്തകത്തിന് 675 രൂപ; രസീത് നല്‍കില്ല, മാര്‍ക്കറ്റിലും പുസ്തകങ്ങള്‍ കിട്ടില്ല; വൈദികരുടെ ബിസിനസ് കാനന്‍ നിയമത്തിന്റെ ലംഘനമെന്ന് വിമര്‍ശനം; പണം കാണാനില്ലെന്ന ആരോപണം പോലീസിനെ നാണംകെടുത്താന്‍?

കാണാതായ പണം പോലീസ് എടുത്തുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. അത് ഫാ.ആന്റണിയുടെ രഹസ്യ കേന്ദ്രങ്ങളില്‍ തന്നെ കാണും. പോലീസിനെ കേസില്‍ കുടുക്കാനാണ് ഫാ.ആന്റണിയുടെ ശ്രമം. കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ ബിഷപ് ഫ്രാങ്കോ നേരത്തെ കേസ് കൊടുത്തതും ഇതേ രീതിയില്‍ തന്നെയാണ്. അന്ന് ബിഷപിനെ ഉപദേശിച്ച സുപ്രീം കോടതിയിലെ അതേ അഭിഭാഷകന്‍ തന്നെയാണ് ഫാ.ആന്റണി മാടശേരിക്കും ഉപദേശം നല്‍കുന്നതെന്നും വൈദികര്‍ പറയുന്നു.
Sahodhaya

സഹോദയ പുസ്തകങ്ങള്‍ വിറ്റിരുന്നത് കൂടിയ വിലയ്ക്ക്; രസീത് നല്‍കില്ല, മാര്‍ക്കറ്റിലും പുസ്തകങ്ങള്‍ കിട്ടില്ല; വൈദികരുടെ ബിസിനസ് കാനന്‍ നിയമത്തിന്റെ ലംഘനമെന്ന് വിമര്‍ശനം; പണം കാണാനില്ലെന്ന ആരോപണം പോലീസിനെ നാണംകെടുത്താന്‍?

ജലന്ധര്‍: ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) ജനറാള്‍ ഫാ.ആന്റണി മാടശേരി എം.ഡിയായുള്ള സഹോദയ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കളും ഒരു വിഭാഗം വൈദികരും. സഹോദയയില്‍ നിന്നു മാത്രമേ പുസ്തകങ്ങള്‍ വാങ്ങാവൂ എന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുമെന്നും രസീത് നല്‍കുന്ന രീതി സ്‌കൂളുകള്‍ക്ക് ഇല്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പ്രധാന ആരോപണം. പഞ്ചാബില്‍ നിന്നുള്ള 'ട്രിബ്യൂണ്‍' ദിനപത്രത്തോടാണ് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍.

എം.ആര്‍.പി വിലയേക്കാള്‍ കൂടുതല്‍ വില പുസ്തകങ്ങള്‍ക്ക് ഈടാക്കുന്നുവെന്ന ആരോപണവും സുജന്‍പുരിലെ കോണ്‍വെന്റ് സ്‌കൂളിനെ കുറിച്ച് ഒരു വിഭാഗം രക്ഷിതാക്കള്‍ ഉന്നയിക്കുന്നു. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തും. പൊതുവിപണിയില്‍ ഈ പുസ്തകങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നുതന്നെ വാങ്ങാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുകയാണ്. വാങ്ങുന്നവയ്‌ക്കൊന്നും ബില്‍ തരാറില്ല. പുസ്തകങ്ങള്‍ക്ക് ഈടാക്കിയ വിലയും എം.ആര്‍.പിയും ഒത്തുനോക്കുമ്പോള്‍ വലിയ വ്യത്യാസം കാണാറുണ്ട്. പല തവണ ഇതിനെതിരെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്‌കൂള്‍ കാമ്പസില്‍ പുസ്തക വില്‍പ്പന നടത്താന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. സ്‌കൂള്‍ കൗണ്ടറുകളില്‍ നിന്ന് പുസ്തകം വാങ്ങുന്നുവെന്ന പരാതി ഒഴിവാക്കാനാണ് അവരുടേതായ ഒരു കമ്പനി കൊണ്ടുവന്നിരിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

നഴ്‌സറി സ്‌കൂളിലെ ഒരു പാഠപുസ്തകത്തിന് 675 രൂപ വരെ ഇവിടെ ഈടാക്കുന്നുണ്ട്. പുസ്തക വില്പനയുടെ പേരിലുള്ള കൊള്ളയ്‌ക്കെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച സുല്‍ത്താന്‍പുര്‍ ലോധിയില്‍ രക്ഷിതാക്കളുടെ പ്രതിഷേധവും നടന്നിരുന്നു.

സഹോദയ കമ്പനിയിലെ നാല് വൈദികരില്‍ രണ്ടുപേര്‍ രണ്ട് സ്‌കൂളുകളുടെ ഡയറക്ടര്‍മാരുമാണ്. ഫാ.ആന്റണി മാടശേരി ഡിഫന്‍സ് കോളനിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റേയും ഫാ. ജോസ് പാലക്കുഴ നകോദര്‍ സെന്റ് ജൂഡ്‌സ് കോണ്‍വെന്റ് സ്‌കൂളിന്റേയും ഡയറക്ടര്‍മാരാണ്.

മുന്‍പ്, അധ്യാപകരേയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരേയും ഉള്‍പ്പെടുത്തിയ സമിതികള്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം അവരുടെ ശിപാര്‍ശ പ്രകാരമാണ് പ്രസാധകരെ വിളിച്ച് കരാറുകള്‍ നല്‍കിയിരുന്നതെന്ന് കോണ്‍വെന്റ് സ്‌കൂളില്‍ ജോലി ചെയ്യുന്ന ഒരു വൈദികന്‍ പ്രതികരിച്ചു. കരാര്‍ ലഭിക്കുന്നവര്‍ ചിലപ്പോള്‍ പള്ളികള്‍ക്ക് സംഭാവനകള്‍ നല്‍കിരുന്നു. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ് ആയി വന്നശേഷമാണ് ഈ രീതികളൊക്കെ മാറിയത്. രൂപതകളുടെ സ്‌കൂളുകളുടെ കാര്യത്തില്‍ ഫ്രാങ്കോയും ഫാ.ആന്റണി മാടശേരിയും ചേര്‍ന്ന് എല്ലാം മാറ്റിമറിച്ചു.- അദ്ദേഹം പറയുന്നു.

ജലന്ധര്‍ രൂപതയുടെ കീഴില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പഞ്ചാബി ബോര്‍ഡ് സ്‌കൂളുകളാണുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലാണ് പുസ്തക വില്പനയുടെ പേരിലുള്ള കൊള്ള കൂടുതലും നടക്കുന്നത്. ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ഇത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ ഇല്ലെന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് തയ്യബ് പറയുന്നത്. ഐ.സി.എസ്.ഇയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് അവരുടെ നിലപാട്.

അതേസമയം, വൈദികരുടെ ഇത്തരം ബിസിനസുകള്‍ കാനന്‍ നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് ചില വൈദികര്‍ പ്രതികരിച്ചു. കാനന്‍ നിയമത്തിലെ 286ാം വകുപ്പ് പ്രകാരം വൈദികര്‍ സഭാതലത്തില്‍ നിന്നുള്ള നിയമപരമായ അനുമതിയില്ലായെ സ്വന്തം പേരിലോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ കച്ചവടവും വാണിജ്യവും ചെയ്യാന്‍ പാടില്ലെന്ന് കര്‍ശനമായി പറയുന്നുണ്ട്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവരാണ് ഞങ്ങള്‍. അങ്ങനെയുള്ള ഞങ്ങള്‍ക്കെങ്ങനെ 40 കോടിയുടെ ബിസിനസ് നടത്താന്‍ കഴിയും. ഇത് പൂര്‍ണ്ണമായും ധാര്‍മ്മിക വിരുദ്ധവും പല തവണ വൈദിക യോഗങ്ങളില്‍ ചോദ്യം ചെയ്തിരുന്നതുമാണ്-ഒരു മുതിര്‍ന്ന വൈദികന്‍ പറയുന്നു.

എന്നാല്‍ ബിഷപ് ഫ്രാങ്കോയുടെ അനുമതിയോടെയാണ് സഹോദയയുടെ പ്രവര്‍ത്തനമെന്നും അതിനാല്‍ കാനന്‍ നിയമത്തിന്റെ ലംഘനമില്ലെന്നുമാണ് ഫാ.ആന്റണി മാടശേരിയുടെ വാദം. ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ല ഞങ്ങള്‍ നടത്തുന്നത്. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും കാരുണ്യ പ്രവര്‍ത്തിയും മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. സ്‌കൂളിനു വേണ്ടി ട്രാന്‍സ്‌പോര്‍ട്ട് ബിസിനസും നടത്തുന്നുണ്ട്. ഡ്രൈവര്‍മാരേയും കണ്ടക്ടര്‍മാരേയും നല്‍കുന്നുണ്ട്- ഫാ.ആന്റണി വ്യക്തമാക്കി.

2013ല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപായി വന്നതിനു ശേഷമാണ് ചില സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ആദ്യം പ്രാര്‍ത്ഥനാ ഭവന്‍ എന്ന ടിവി ചാനല്‍ തുടങ്ങി. 2014ലാണ് സഹോദയ തുടങ്ങുന്നതും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും. ക്രമക്കേടുകള്‍ ഉയര്‍ന്നതോടെ നാല് വൈദികരില്‍ ഒരാള്‍ സഹോദയയില്‍ നിന്ന് വിട്ടുപോയി. എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഇപ്പോഴും റെക്കോര്‍ഡിലുണ്ട്. ഇത്തരത്തില്‍ ബിസിനസ് നടത്തുന്നതിനെ ചില കന്യാസ്ത്രീകളും പരസ്യമായി എതിര്‍ത്തിരുന്നുവെന്നും വൈദികര്‍ പ്രതികരിച്ചു.

ഖന്ന പോലീസിന് ജാഗ്രതക്കുറവുണ്ടായി; കാണാതായ തുക ഫാ.മാടശേരിയുടെ രഹസ്യ സങ്കേതങ്ങളില്‍ കാണുമെന്ന് വൈദികര്‍

കണക്കില്‍പെടാത്ത പണവുമായി ഫാ.ആന്റണി മാടശേരിയെ ഖന്ന പോലീസ് പിടികൂടിയത് പ്രതാപുരയിലെ എഫ്.എം.ജെയുടെ വൈദിക മന്ദിരത്തില്‍ നിന്നുതന്നെയാണെന്ന് ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പ്രതികരിക്കുന്നു. റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് പ്രതാപുരയാണ്. ഖന്ന പോലീസിനുണ്ടായ ജാഗ്രത കുറവാണ് ആശയക്കുഴപ്പത്തിന് കാരണം. ജലന്ധര്‍ പോലീസിനെ അറിയിക്കാതെയായിരിക്കാം ഖന്നയില്‍ നിന്നുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. അവരുടെ അധികാരപരിധിയില്‍ വരാത്ത സ്ഥലമായതിനാലാകാം പഞ്ചാബ്-അംബാല ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ പണം പിടികൂടിയതെന്ന് പറഞ്ഞത്.

ജലന്ധര്‍ പോലീസിനെ അറിയിച്ചിരുവെങ്കില്‍ റെയ്ഡ് വിവരം നേരത്തെ ചോര്‍ന്നേനെ. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ ബിഷപ് ഹൗസില്‍ എത്തിയ കേരള പോലീസ് സംഘത്തെ നോക്കിയിരുത്തി ഫ്രാങ്കോയെ പിന്‍വാതിലിലൂടെ രക്ഷപ്പെടുത്തിയത് ജലന്ധര്‍ പോലീസായിരുന്നു. അത്രയ്ക്കുണ്ട് ജലന്ധര്‍ പോലീസിന് ഫ്രാങ്കോയോടുള്ള കൂറ്- വൈദികര്‍ പറഞ്ഞു.

പിടിച്ചെടുത്ത പണം അവിടെവച്ചുതന്നെ എണ്ണി കണക്ക് ബോധിപ്പിച്ചിരുന്നുവെങ്കില്‍ 6.67 കോടി രൂപ കാണാതായെന്ന ഫാ.ആന്റണിയുടെ ആരോപണം കേള്‍ക്കേണ്ടിവരില്ലായിരുന്നു. കാണാതായ പണം പോലീസ് എടുത്തുവെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. അത് ഫാ.ആന്റണിയുടെ രഹസ്യ കേന്ദ്രങ്ങളില്‍ തന്നെ കാണും. പോലീസിനെ കേസില്‍ കുടുക്കാനാണ് ഫാ.ആന്റണിയുടെ ശ്രമം. കൗണ്ടര്‍ കേസുകള്‍ ഇവരുടെ സ്ഥിരം പരിപാടിയാണ്. കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ ബിഷപ് ഫ്രാങ്കോ നേരത്തെ കേസ് കൊടുത്തതും ഇതേ രീതിയില്‍ തന്നെയാണ്. അന്ന് ബിഷപിനെ ഉപദേശിച്ച സുപ്രീം കോടതിയിലെ അതേ അഭിഭാഷകന്‍ തന്നെയാണ് ഫാ.ആന്റണി മാടശേരിക്കും ഉപദേശം നല്‍കുന്നതെന്നും വൈദികര്‍ പറയുന്നു.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഫാ.ആന്റണി കഴിഞ്ഞ ദിവസം വിശദീകരണ കുറിപ്പ് ഇറക്കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഉപദേശകസംഘം തന്നെയാണ് ബിഷപ് ഗ്രേഷ്യസിനെയും ഉപദേശിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ ഒരിക്കല്‍ പോലും ആദായ നികുതി അധികൃതര്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന ഫാ.ആന്റണിയുടെ വാദവും ജലന്ധറില്‍ നിന്നുള്ള വൈദികര്‍ തള്ളിക്കളഞ്ഞു. രണ്ടു വര്‍ഷം ആദായ നികുതി വകുപ്പില്‍ നിന്നും സഹോദയയ്ക്ക് നോട്ടീസ് കിട്ടിയിരുന്നുവെന്നും രണ്ടു കോടി രൂപ പിഴയടച്ചാണ് അന്ന് തലയൂരിയതെന്നും വൈദികര്‍ പറയുന്നു.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW