Friday, June 21, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 09.14 AM

നാലുപെണ്ണുങ്ങളും എന്റെ ജീവിതവും- മധുപാല്‍ പറയുന്നു

''സംവിധായകന്‍, അഭിനേതാവ്, എഴുത്തുകാരന്‍ എന്നീ വേഷപ്പകര്‍ച്ചകള്‍ സമ്മാനിച്ച അനുഭവങ്ങള്‍ക്കൊപ്പം കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് മധുപാല്‍. ''
uploads/news/2019/04/299282/Madhupal030419a.jpg

കാശ്മീരത്തിലെ സുന്ദരനായ ചെറുപ്പക്കാരനായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിനേതാവാകുമ്പോഴും മികച്ച എഴുത്തുകാരനെന്ന് പേരെടുക്കുമ്പോഴും മധുപാല്‍ ഏറെ ആഗ്രഹിച്ചത് സംവിധായകന്റെ തലപ്പാവണിയാനാണ്. കുട്ടിക്കാലത്ത് പാലക്കാട്ടെ തിയേറ്ററിന്റെ പ്രൊജക്ടര്‍ റൂമിലിരുന്ന് സിനിമ കണ്ടു തുടങ്ങിയ നാള്‍ മുതല്‍ ആഗ്രഹിച്ചതും സംവിധായകനാകാണ്.

കലാമൂല്യമുള്ള സിനിമകളും സീരിയലുകളും സമ്മാനിക്കാനാണ് അദ്ദേഹമെന്നും ശ്രമിച്ചിട്ടുള്ളതും. ജീവവായുപോല്‍ കരുതുന്ന സിനിമയും എഴുത്തും യാത്രകളും ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും സാധാരണക്കാരനായ കുടുംബനാഥാനാണ് മധുപാല്‍.

സിനിമ എന്ന ആഗ്രഹം പൂര്‍ത്തിയാക്കാനുള്ള യാത്രയ്ക്കിടയില്‍ എന്നും കുടുംബത്തെ ഒപ്പം ചേര്‍ത്തു പിടിക്കാനും അദ്ദേഹം മറന്നില്ല. തിരക്കുകള്‍ക്ക് ചെറിയൊരു ഇടവേള നല്‍കി കുടുംബത്തിന്റെ തണലില്‍ അല്‍പനേരം ചെലവഴിക്കുകയാണ് മധുപാല്‍.

തൊണ്ണൂറുകളില്‍ സിനിമയിലെത്തിയിട്ടും സംവിധാനം ചെയ്തത് മൂന്ന് ചിത്രങ്ങള്‍ മാത്രം. ഇത്രയും ഇടവേളകളുണ്ടാകുന്നത്?


ഒരു കഥ ഉണ്ടായിവരാനും, അത് എക്സിക്യൂട്ട് ചെയ്യാനുമെടുക്കുന്ന സമയമാണ് ഇടവേളകള്‍ക്ക് കാരണം. തലപ്പാവ് ചെയ്യും മുമ്പുതന്നെ പല കഥകളും പല രീതിയില്‍ ആലോചിക്കുന്നുണ്ടായിരുന്നു. അതില്‍ തൃപ്തിപ്പെടുത്തുന്ന കഥ കിട്ടിയപ്പോഴാണ് തലപ്പാവിലേക്കെത്തുന്നത്.
നമ്മളെ മോഹിപ്പിക്കുന്ന ഒരു കഥയുണ്ടായകുമ്പോഴാണ് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ആ കഥ മറ്റൊരാളോട് പറയുമ്പോള്‍ അവര്‍ക്ക് കേള്‍ക്കാന്‍ താല്‍പര്യമുണ്ടോ അല്ലെങ്കില്‍ കഥ കേള്‍ക്കുമ്പോള്‍ എനിക്കു തന്നെ സംതൃപ്തി കിട്ടുന്നുണ്ടോ എന്നത് വളരെ പ്രധാനമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീടെന്നെ ഒഴിമുറിയില്‍ എത്തിച്ചത്.

ഇതിനിടെ ഞാനും ശ്രീനിയേട്ടനും ഒരുമിച്ചൊരു സിനിമ ആലോചിച്ചിരുന്നു. ഒഴിമുറിയിലേക്കെത്തിയപ്പോള്‍ അത് ലാലേട്ടനായെന്ന് മാത്രം. പിന്നീട് ഞാനും ജയമോഹനും ചേര്‍ന്ന് പല കഥകളും ആലോചിച്ചു. അങ്ങനെയാണ് ഒരു കുപ്രസിദ്ധ പയ്യന്‍ ചെയ്യുന്നത്. ഇതിനിടയില്‍ ഞാന്‍ സീരിയല്‍ അടക്കമുള്ള വര്‍ക്കുകള്‍ ചെയ്യുന്നുണ്ടായിരുന്നു, അതെല്ലാം തന്നെ സംസ്ഥാന അവാര്‍ഡുകളടക്കം ലഭിച്ച് അംഗീകരിക്കപ്പെടുകയും ചെയ്തു.

സിനിമയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണോ ഒരുകുപ്രസിദ്ധ പയ്യന്‍ പോലൊരു കൊമേഴ്ഷ്യല്‍ സിനിമ ചെയ്തത്?


തലപ്പാവും കൊമേഴ്ഷ്യലായി തന്നെ ചെയ്ത സിനിമയാണ്. നോണ്‍ലീനിയര്‍ പാറ്റേണിലാണാ സിനിമ ചെയ്തത്. അതിനുശേഷമാണ് അത്തരം സിനിമകള്‍ മലയാളത്തില്‍ സജീവമായി തുടങ്ങിയത്. അതൊരു കാലം തെറ്റിയ സിനിമ തന്നെയായിരുന്നു.

തലപ്പാവ് കണ്ട പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഇതെന്താ ആദ്യം നടന്ന സംഭവങ്ങള്‍ അവസാനവും അവസാനത്തെ സംഭവങ്ങള്‍ ആദ്യവും കാണിച്ചച്ചതെന്ന്. എല്ലാവര്‍ക്കും അറിയാവുന്നൊരു കഥ പറയുമ്പോള്‍ പറയുന്ന ക്രാഫ്റ്റിലാണ് വ്യത്യസ്തത വേണ്ടത്. അതുകൊണ്ടാണങ്ങനെ ചെയ്തത്.

ഒഴിമുറിയിലും അത്തരമൊരു പാറ്റേണുണ്ടായിരുന്നു. ഇപ്പോഴും ആ സിനിമയെക്കുറിച്ച് ആളുകള്‍ പറയാറുണ്ട്. കഥ പറയാനുള്ള രീതിയിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ആര്‍ട്ട് സിനിമ, കൊമേഷ്യല്‍ സിനിമ എന്നൊരു ആറ്റിറ്റിയൂഡ് ഒരു സിനിമയിലും ഞാന്‍ കണ്ടിട്ടില്ല. എല്ലാ സിനിമയും പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ്. കൂടുതല്‍പേര്‍ കാണുന്നത് കൊമേഴ്ഷ്യല്‍ സിനിമ കുറച്ചുപേര്‍ കാണുന്നത് ആര്‍ട്ട് സിനിമ എന്നൊരു ആറ്റിറ്റിയൂഡ് എനിക്കില്ല.

uploads/news/2019/04/299282/Madhupal030419b.jpg

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഫൈറ്റും പാട്ടുമൊക്കെയുള്ള സിനിമയിലും നല്ലൊരു എലമെന്റ് ഉണ്ടാവാം. ഓരോ സിനിമയിലും ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങളുണ്ടാകാം, മോട്ടിവേറ്റ് ചെയ്യുന്ന ഘടകങ്ങളുണ്ടാകാം. ഒരു ക്ലാസിഫിക്കേഷന്‍ സിനിമയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു കുപ്രസിദ്ധ പയ്യന്‍ ആര്‍ട്ട് സിനിമ, കൊമേഴ്ഷ്യല്‍ സിനിമ എന്ന വേര്‍തിരിവോടെ കണ്ട ചിത്രമല്ല.

കുറ്റവാളിയാക്കപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് പ്രമേയം. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവമാണത്. സിനിമയില്‍ മാത്രമല്ല സംഘട്ടനങ്ങളുള്ളത്. സിനിമയില്‍ കാണുന്നതിനേക്കാള്‍ ബഹളമുള്ള സംഘട്ടനങ്ങള്‍ റോഡില്‍ ഉണ്ടാകുന്നില്ലേ? അങ്ങനെയുള്ള കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ മാത്രം അത് വാണിജ്യവത്ക്കരിക്കപ്പെടുന്നു എന്ന് പറയാനാവില്ല.

ചില കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ആര്‍ട്ട് സിനിമ, വേറെ ചില ഘടകങ്ങളുണ്ടെങ്കില്‍ വാണിജ്യ സിനിമ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഞാനങ്ങനെ കരുതുന്നില്ല.

കഴിഞ്ഞ മൂന്ന് സിനിമയിലും കോടതി, നിയമം, പോലീസ് എന്നിവയൊക്കെയായിരുന്നു വിഷയം?


നിത്യജീവിതത്തില്‍ ഇടപെടുന്ന സാഹചര്യങ്ങളൊക്കെതന്നെയാണത്. ഇന്നത്തെ സമൂഹത്തില്‍ പോലീസുകാരുമായി ഇടപെടാത്ത ഒരു ദിവസംപോലും സാധാരണക്കാരനുണ്ടാവുമെന്ന് തോന്നുന്നില്ല.

വീടിനുള്ളില്‍, വീടിന് പുറത്തിറങ്ങിയാല്‍, റോഡില്‍ എവിടെയായാലും നിയമത്തിന്റെ ഇടപെടല്‍ കാണാനാവും. അതുചിലപ്പോള്‍ ട്രാഫിക് രൂപത്തിലാകാം, മറ്റു ചില പ്രശ്നങ്ങളാവാം, ഹര്‍ത്താലാവാം. പോലീസുകാരെ കാണാതെ ജീവിതം കടന്നുപോവില്ല എന്ന അവസ്ഥയാണുള്ളത്.

ഒരുപാട് കേസുകള്‍ ഉണ്ടാകുന്നതുകൊണ്ടല്ലേ ലോകമെമ്പാടുമുള്ള കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള കേസുകളില്ലാത്ത വളരെ ചുരുക്കം ആളുകളേ കാണൂ. അടിപിടി കേസുകളല്ലെങ്കില്‍ പോലും ട്രാഫിക് നിയമം പാലിക്കാത്തതിനെത്തുടര്‍ന്നുള്ള നിയമനടപടികള്‍ നേരിടാത്ത ആളുകള്‍ ചുരുക്കമായിരിക്കും.

കോടതിയും പോലീസുമെല്ലാം ചേര്‍ത്തൊരു ജീവിതത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അതൊഴിവാക്കിക്കൊണ്ടൊരു ലോകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ബോള്‍ഡായ, പ്രതികരിക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമല്ല, ഒതുങ്ങിയ സ്വഭാവമുള്ള നായികമാരും താങ്കളുടെ ചിത്രത്തിലുണ്ട്?


ആണുങ്ങള്‍ മാത്രമായൊരു ജീവിതം സങ്കല്‍പ്പിക്കാനാവുമോ? സ്ത്രീകളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുമാവില്ല. ഏതൊരാളും ജീവിതത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുമായിട്ടാണ് ഇടപഴകുന്നത് എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍.

ഞാനും എന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും അമ്മയും ചേര്‍ന്നുള്ളൊരു കുടുംബമാണ് എന്റേത്. സ്വാഭാവികമായും എന്റെ നിത്യജീവിതത്തില്‍ ഞാന്‍ കൂടുതലും ഇടപഴകുന്നത് സ്ത്രീകളോടാണ്. ഞാന്‍ കേള്‍ക്കുന്നതും കാണുന്നതും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതുമൊക്കെ അവരോടൊപ്പമുള്ള ജീവിതമാണ്. ഞാനെന്റെ മക്കളോടും ഭാര്യയോടും അമ്മയോടും അവരുടേതായ ലോകത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളോട് ഞാന്‍ സംസാരിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ഞാന്‍ കംഫര്‍ട്ടബിളാകുന്നതും സ്ത്രീകളോട് സംസാരിക്കുമ്പോഴാണ്. കുടുംബത്തിലേറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉള്ളതാണതിന്റെ കാരണം. അമ്മയുടെ വീട്ടിലും അച്ഛന്റെ വീട്ടിലുമൊക്കെ കൂടുതലുള്ളത് സ്ത്രീകളാണ്. അവരില്‍ പലതരത്തിലുള്ള ആളുകളുണ്ട്, അവരോടൊക്കെയുള്ള സമ്പര്‍ക്കം കൊണ്ടാവാം എന്റെ സിനിമകളിലും സ്ത്രീകളുടെ പലതരത്തിലുള്ള സാന്നിധ്യമുണ്ടാകുന്നത്.

ഞാനേറ്റവും കൂടുതല്‍ ഇടപെടുന്നത് സ്ത്രീകളോടായതുകൊണ്ട് അവരുടെ മനസ്ഥിതിയും വിചാരങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. ഇത് പലപ്പോഴും എഴുത്തിലും സിനിമയിലുമൊക്കെ ക്രിയേറ്റീവ് പാര്‍ട്ടായി ഉപയോഗിക്കാനാവും. ഈ അനുഭവങ്ങളൊക്കെ ഉള്ളതുകൊണ്ടാണ് എന്റെ സ്ത്രീകഥാപാത്രങ്ങളൊക്കെ ചുറ്റുമുണ്ടെന്ന് തോന്നിപ്പിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനാവുന്നത്.

മൈല്‍സ് റ്റോണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലേ അവരെ അവതരിപ്പിക്കാനാവൂ. അല്ലാതെ വെറുതേ വന്നുപോകുന്ന കഥാപാത്രങ്ങളാക്കാന്‍ എനിക്കാവില്ല. അത്രമാത്രം സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍.

അച്ഛന്റെ തിയേറ്ററിലിരുന്ന് സിനിമ കണ്ട കുട്ടിക്കാലത്ത് സിനിമയില്‍ ആരാകണമെന്നായിരുന്നു ആഗ്രഹിച്ചത്?


സംവിധായകനാകണമെന്നാണ് ആഗ്രഹിച്ചത്. നടനാകണമെന്ന് ആലോചിച്ചിട്ടേയില്ല. അന്നൊക്കെ പാറപ്പുറത്തിന്റെയും എം.ടിയുടെയും ഉറൂബിന്റെയും നോവലുകളും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുമൊക്കെ സിനിമയാക്കുന്ന പ്രവണ വ്യാപകമായിരുന്നു. എഴുത്തുകാരുടെ കൃതികള്‍ സിനിമയാക്കപ്പെടുന്നു എന്നതും എന്നെ സ്വാധീനിച്ച ഘടകമാണ്. ഞാന്‍ നല്ലൊരു വായനക്കാരനായതിന്റെ മുഴുവന്‍ ക്രെഡിറ്റും സിനിമയ്ക്കാണ്.

അന്നൊക്കെ ഒരു സിനിമ റിലീസ് ചെയ്ത് നാളുകള്‍ക്കുശേഷമാവും ഞങ്ങളുടെ ഗ്രാമത്തിലെ തിയേറ്ററില്‍ വരുന്നത്. അപ്പോഴേക്കും ഏത് പുസ്തകമാണോ സിനിമയാക്കിയത് അത് ഞാന്‍ വായിച്ചിട്ടുണ്ടാകും. സിനിമ വരുന്നു എന്ന് അറിയുമ്പോള്‍ ആദ്യം നോക്കുന്നത് അത് ആരുടെ കഥയാണെന്നാണ്, ആദ്യം പുസ്തകം വായിക്കും എന്നിട്ടാണ് സിനിമ കാണാന്‍ പോകുന്നത്. അപ്പോള്‍ പുസ്തകത്തില്‍ നിന്ന് സിനിമയാകുമ്പോഴുള്ള രൂപാന്തരമാണ് കാണാനാവുന്നത്.

പുസ്തകത്തില്‍ നിന്ന് സിനിമയ്ക്കുള്ള വ്യത്യാസങ്ങള്‍ കാണാന്‍ ശ്രമിച്ചതുകൊണ്ടുതന്നെ ഒരു സിനിമ നമ്മള്‍ കാണുന്ന രീതിയില്‍ ഉണ്ടാക്കിയെടുത്തത് ഒരു സംവിധായകനാണെന്ന് അന്നേ അറിയാമായിരുന്നു.

സ്‌കൂളിലും വെക്കേഷനുമൊക്കെ നാടകങ്ങള്‍ ചെയ്യുമ്പോഴും അതില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിനൊപ്പം സംവിധാനവുമുണ്ടായിരുന്നു. അന്നൊക്കെ നാടകങ്ങള്‍ കാണുന്നത് വളരെ കുറവാണ്. സിനിമ കണ്ടാണ് നാടകങ്ങള്‍ എഴുതിയിരുന്നത്. ചെറിയ സീനുകളായിട്ടാണ് നാടകങ്ങളെഴുതിയിരുന്നത്. സിനിമയോടുള്ള ഇഷ്ടം കൊണ്ടാവാം അന്നത്തെ എന്റെ നാടകങ്ങള്‍ക്ക് സിനിമയുടെ സ്വഭാവം നല്‍കാന്‍ ശ്രമിച്ചിരുന്നു.

uploads/news/2019/04/299282/Madhupal030419d.jpg

സംവിധായകനായും നടനായും സിനിമയി ല്‍ എത്തപ്പെട്ടതിന്റെ കാരണമെന്ന് സ്വയം വിശ്വസിക്കുന്നത്?


ഏതൊരാളും മോള്‍ഡ് ചെയ്തെടുക്കപ്പെടുന്നത് ബാല്യ കൗമാരങ്ങളുടെ സ്വാധീനത്തിലാണ്. അന്നു കണ്ട കാര്യങ്ങളും പഠിച്ച പാഠങ്ങളും വായിച്ച പുസ്തകങ്ങളും ഒക്കെത്തന്നെയാണ് നമ്മളെ മോള്‍ഡ് ചെയ്ത് കൊണ്ടുപോകുന്നത്.

ഒരു സ്ഥലത്ത് എത്തിയിട്ട് എങ്ങനെ ഇവിടെവരെയെത്തി എന്ന് ആലോചിക്കുമ്പോള്‍ എത്ര ദൂരം സഞ്ചരിച്ചുവോ അത്രദൂരം തന്നെ പുറകിലേക്ക് പോകേണ്ടി വരും. അത്രയും നാള്‍ കണ്ട സിനിമകള്‍, വായിച്ച പുസ്തകങ്ങള്‍,എഴുത്തുകാര്‍, അധ്യാപകര്‍, യാത്രയിയില്‍ കണ്ട മനുഷ്യര്‍, സൗഹൃദങ്ങള്‍ ഇവരെയെല്ലാം ചേര്‍ത്തുകൊണ്ടാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.

മറ്റെല്ലാവരേയും പോലെ ബാല്യ, കൗമാരങ്ങളില്‍ കണ്ട കാഴ്ചകളൊക്കെയാണ് എന്നെയും ഇവിടെയെത്തിച്ചത്. ഇപ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ നാളത്തേക്കോ മറ്റന്നാളത്തേക്കോ ഉപകരിക്കപ്പെട്ടേക്കാം. ഇപ്പോഴത്തെ അനുഭവങ്ങള്‍ ഇപ്പോള്‍തന്നെ ഉപയോഗിക്കാനാവില്ല.

അതെല്ലാം ഒരുതരത്തില്‍ സമ്പാദ്യങ്ങളാണ്. ഓരോ അനുഭവങ്ങളും ഓരോ കാഴ്ചകളും ഇന്നല്ലെങ്കില്‍ നാളത്തേക്ക് ഉപകരിച്ചേക്കും. അതിനുവേണ്ടിയാണിപ്പോള്‍ പലതും കാണുന്നത്.

സംവിധാന സ്വപ്നങ്ങള്‍ക്കിടയില്‍ നടനാകുന്നത്?


അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ചില സിനിമകളില്‍ മുഖം കാണിച്ചുവെങ്കിലും അഭിനയ മോഹം മനസിലുണ്ടായിരുന്നില്ല. ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ വരുന്ന ആള്‍ ശരിയായില്ലെങ്കില്‍ എല്ലാ കാലത്തും എല്ലാ അസിസ്റ്റന്റ് ഡയറക്ടറര്‍മാരും സിനിമയില്‍ മുഖം കാണിക്കാറുണ്ട്. അങ്ങനെയാണ് ഞാനും സിനിമയില്‍ മുഖം കാണിച്ചത്. ശ്രദ്ധിക്കപ്പെട്ടൊരു വേഷം ചെയ്തത് കാശ്മീരത്തിലാണ്.

ഞാനാ ചിത്രത്തില്‍ സഹ സംവിധായകനായിരുന്നു. ആ വേഷത്തില്‍ അഭിനയിക്കാനുള്ള ആള്‍ വരാത്തതുകൊണ്ട് ഞാന്‍ അഭിനയിച്ചു. ആ സിനിമ നന്നായി ഓടി, എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അല്ലാതെ എനിക്കൊരു വേഷം തരണമെന്നാവശ്യപ്പെട്ട് ഇന്നുവരെ ആരേയും സമീപിച്ചിട്ടില്ല.

അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഒരേ തരത്തിലുള്ളതായിരുന്നു. അതിന്റെ കാരണം?


നടനാകണമെന്ന് ആഗ്രഹിച്ച് ഇറങ്ങിത്തിരിച്ച ഒരാളായിരുന്നെങ്കില്‍ വ്യത്യസ്തമായിരുന്ന കഥാപാത്രങ്ങള്‍ ചെയ്യാമായിരുന്നു. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം സൗഹൃദത്തിന്റെ പേരില്‍ അഭിനയിച്ചതാണ്. പരിചയമുള്ളവര്‍ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് പറയുമ്പോള്‍ നോ പറയാനാവില്ല. അങ്ങനെയാണ് പല സിനിമകളിലും അഭിനയിച്ചത്.

ഒരാള്‍ ഒരു വേഷം ചെയ്ത് നന്നായാല്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുക എന്നത് മലയാള സിനിമയുടെ സ്വഭാവമാണ്. അയാള്‍ക്ക് മാറി ചിന്തിക്കാന്‍ അവസരം കൊടുക്കാന്‍ ആരും തയാറായിരുന്നില്ല. ഒരു സമയംവരെയും ഈ രീതി പിന്തുടരുന്നുണ്ടായിരുന്നു. പോലീസ് വേഷം ചെയ്ത് നന്നായാല്‍ ആയുഷ്‌കാലം മുഴുവന്‍ പോലീസായി അഭിനയിക്കും.

ഒരു പേരുപോലുമില്ലാതെ സ്ഥിരമായി ഒരേ വേഷങ്ങള്‍ ചെയ്യുന്ന എത്രയോ നടന്മാരുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട്. ഒരേ കഥാപാത്രങ്ങള്‍ തന്നെ വീണ്ടും ചെയ്ത് ബോറടിച്ചപ്പോഴാണ് അഭിനയം നിര്‍ത്തിയത്. അഭിനയമാണ് എന്റെ വഴിയെന്ന് തോന്നിയിട്ടുമില്ല.

ടെലിവിഷനില്‍ ആകാശത്തിലെ പറവകള്‍ സീരിയല്‍ സംവിധാനം ചെയ്തുകൊണ്ടാണ് എന്റെ തുടക്കം. ആ സീരിയലിലൂടെ സാദിഖും പൂര്‍ണ്ണിമയും മികച്ച നടനും നടിയുമായി. രണ്ടാമത് ചെയ്തത് തലപ്പാവാണ്, ആ വര്‍ഷത്തെ മികച്ച നടന്‍ ലാലായിരുന്നു. ഞാന്‍ മികച്ച നവാഗത സംവിധായകനായി. പിന്നീട് ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്ന സീരിയല്‍ ചെയ്തു.

ആ വര്‍ഷത്തെ മികച്ച നടനും നടിയും ആ സീരിയലില്‍ ഉള്ളവരായിരുന്നു. ഒഴിമുറിയിലൂടെ ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടി. കഴിഞ്ഞ വര്‍ഷം കാളിഗണ്ഡകി എന്ന സീരിയല്‍ ചെയ്തപ്പോഴും മികച്ച നടനുള്ള അവാര്‍ഡ് ആ സീരിയലിന് കിട്ടി. ഈ വര്‍ഷം ഒരു കുപ്രസിദ്ധ പയ്യനിലൂടെ നിമിഷ മികച്ച നടിയായി.

നടനെന്ന രീതിയില്‍ എന്നെ പോര്‍ട്രെയറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എനിക്ക് സ്വയം അംഗീകരിക്കാന്‍ കഴിയുന്ന കഥാപാത്രം കിട്ടിയാല്‍ മാത്രമേ അഭിനയിക്കൂ. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നിയാലാണല്ലോ പ്രേക്ഷകര്‍ക്ക് തോന്നൂ. എന്നെ ഞാനായി കാണാതെ മറ്റൊരാളായി കാണുന്ന തരത്തിലുള്ള വേഷങ്ങള്‍ വന്നാലേ അഭിനയിക്കാന്‍ തോന്നൂ. നോ പറയാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനിയതിന് താല്‍പര്യമില്ല.

സംവിധാന മോഹവുമായി സീരിയല്‍ രംഗത്ത് തുടക്കം കുറിച്ചതിന് പിന്നില്‍?


ഞാന്‍ ചെയ്തിട്ടുള്ളതെല്ലാം ഷോര്‍ട്ട് സീരിയലുകളാണ്. സിനിമയുടെ അതേ ടെക്നോളജിയും സ്വഭാവുമുള്ള സീരിയലുകളാണ് ചെയ്തതും. ടെലിവിഷനില്‍ ഒരിക്കല്‍ പോലും ക്രെയിന്‍ ഉപയോഗിക്കുകയോ റെയിന്‍ എഫക്ട് ഉപയോഗിക്കുകയോ എന്തിനേറെ ട്രാക് ആന്‍ഡ് ട്രോളി പോലും ഉപയോഗിക്കാത്ത സമയത്താണ് ഞാന്‍ സിനിമയ്ക്കുവേണ്ട എല്ലാ ടെക്നോളജികളും ഉപയോഗിച്ച് ആകാശത്തിലെ പറവകള്‍ ചെയ്തത്. കാളിഗണ്ഡകി ചെയ്യുന്ന സമയത്തും സിനിമ ചെയ്യുന്ന അതേ ക്യാമറയാണ് ഉപയോഗിച്ചത്.

ഇന്നത്തെ മെഗാസീരിയലുകളില്‍ നിന്ന് വ്യത്യസ്തമായ രീതി പിന്തുടരുന്ന സീരിയലുകളാണ് താങ്കളുടേത്?


ഇപ്പോഴത്തെ മെഗാസീരിയലുകളൊന്നും ഞാന്‍ കാണാറില്ല. ഭക്ഷണം കഴിക്കുന്നതിനിടയിലോ മറ്റോ എപ്പോഴെങ്കിലും അല്‍പനേരം സീരിയല്‍ ശ്രദ്ധിക്കാറുണ്ട്.

അതില്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യമെന്താണെന്നു വച്ചാല്‍ രണ്ട് മാസം മുമ്പ് കണ്ട അതേ സീന്‍ തന്നെയാണ് കുറേനാളുകള്‍ക്ക് ശേഷം ഒരുമാറ്റവുമില്ലാതെ കാണിക്കുന്നത്. ചില സമയങ്ങളില്‍ ഒരേ കാര്യങ്ങള്‍ തന്നെയാണ് മൂന്നോ നാലോ സീനുകളില്‍ കാണിക്കുന്നത്. പ്രേക്ഷകര്‍ക്കത് മതിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിചാരിക്കുന്നത്.

സിനിമയേക്കാള്‍ സീരിയലുകള്‍ക്കാണ് റീച്ചുള്ളത്. ഏതു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കാന്‍ കഴിയുന്ന മീഡിയമാണ് ടിവി. അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ആളുകളുണ്ടെങ്കില്‍ ഇപ്പോഴുള്ള രീതിയൊക്കെ മാറും.

അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?


എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മറ്റൊരാളെ സ്വാധീനിക്കുന്നുണ്ട്. എല്ലാ സമയത്തും ആരൊക്കയോ നമ്മളെ സ്വാധീനിക്കുന്നുണ്ട്. ആ സ്വാധീനങ്ങളില്‍ നമ്മള്‍ സ്വയം മോള്‍ഡ് ചെയ്യപ്പെടുന്നുമുണ്ട്. ഓരോ വ്യക്തികളും എങ്ങനെ സ്വാധീനിച്ചെന്ന് എടുത്ത് പറയാന്‍ കഴിയില്ല.
uploads/news/2019/04/299282/Madhupal030419e.jpg

സിനിമയോടുള്ള ഇഷ്ടം മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ടോ?


അവര്‍ നിരന്തരം സിനിമ കാണുന്നവരാണ്. കുട്ടിക്കാലം മുതലേയുള്ള ശീലമാണ്. എന്തു കാണണം ഏന്ത് കാണരുത് എന്ന് ഞാന്‍ പറയാറില്ല. മാധവി വൈവയ്ക്കായി ഒഴിമുറിയുടെ ഭാഷയാണ് തെരഞ്ഞെടുത്തത്. (സിനിമയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദ്യത്തിനുത്തരം മകളോട് തന്നെ മധുപാല്‍ ചോദിച്ചു, പുഞ്ചിരിയായിരുന്നു ഉത്തരം) പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കകയല്ലാതെ ഏത് പ്രൊഫഷന്‍ തെരഞ്ഞെടുക്കണമെന്ന് ഞാനവരോട് പറയാറില്ല.

ഭര്‍ത്താവ്, അച്ഛന്‍, മകന്‍ എന്നീ റോളുകളെക്കുറിച്ച്?


ആ റോളുകള്‍ ആസ്വദിച്ചില്ലായിരുന്നെങ്കില്‍ ഇത്രയും നാള്‍ ജീവിക്കില്ലായിരുന്നല്ലോ? ജീവിതത്തിലെ എല്ലാ റോളുകളും ആസ്വദിക്കുന്നുണ്ട്. ആര്‍ത്തിയും ആഗ്രഹങ്ങളുമാണ് ഒരാളെ തകര്‍ത്തു കളയുന്നത്. എല്ലാ പുസ്തകങ്ങളും വായിക്കണം, എല്ലാ സിനിമകളും കാണണം ഇത്രയൊക്കെയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എല്ലാത്തിലുമുപരിയായി നല്ലൊരു മനുഷ്യനായി ജീവിക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണുള്ളത്.

ഡബ്ലൂ.സി.സി അടക്കമുള്ള സിനിമ സംഘടനകളെക്കുറിച്ച്?


സാമൂഹിക ജീവികളായ എല്ലാവര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കൂട്ടുകെട്ടുകളുണ്ടാവും. നന്മയുള്ള, തെളിച്ചമുള്ള അവസ്ഥയുണ്ടാക്കാന്‍ കഴിയുന്നവയായിരിക്കണം സംഘടനകള്‍. വൈരാഗ്യവും പകയും വീട്ടാനുള്ള ഇടമായി അതിനെ കാണരുത്.

എല്ലാ സംഘടനകള്‍ക്കും അവരവരുതേതായ ദൗത്യങ്ങളുണ്ട്. അതില്ലാതാകുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഒരാളെ മോശമായി ചിത്രീകരിക്കാനുള്ളതാവരുത് നല്ലതിനുവേണ്ടിയുള്ളതാവാണം സംഘടനകള്‍.

ഒരേ വിഭാഗത്തില്‍ തന്നെ രണ്ട് സംഘടനകളുണ്ടാവാം. സിനിമയില്‍ തന്നെ സംവിധായകരുടേയും നടന്മാരുടേയും നടിമാരുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകള്‍ ഉണ്ടാകുന്നുണ്ട്. ഏത് മേഖലയിലാണോ നില്‍ക്കുന്നത് ആ മേഖലയെ സംരക്ഷിക്കാനുള്ളതാവണം സംഘടനകള്‍.

ആ ബോധമുണ്ടെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. നന്മയ്ക്കുവേണ്ടിയുള്ള ഘടകമെന്ന രീതിയിലാണ് ഞാന്‍ സംഘടനകളെ കാണുന്നത്. ഏതൊരു സംഘടനയിലും നെഗറ്റീവാണെന്ന് തോന്നിയ കാര്യമുണ്ടായാല്‍ തിരുത്തലുകളുണ്ടാവണം. ആ തിരുത്തലുകളുള്ളതുകൊണ്ടാണ് ലോകമിങ്ങനെ മുന്നോട്ട് പോകുന്നത്.

സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച്?


സ്ത്രീയും പുരുഷനും തുല്യ സ്റ്റാറ്റസിലുള്ള ആളുകളല്ലേ? സ്ത്രീ വിരുദ്ധതത, പുരുഷ വിരുദ്ധതത ഇവയൊക്കെ ആപേക്ഷികമാണെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടുകൈയും കൊട്ടിയാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ മാത്രം വീശുന്നത് യാത്ര പറയാനല്ലേ?
ആണ്‍, പെണ്‍ എന്ന വേര്‍തിരിവ് ഞാന്‍ കണക്കാക്കുന്നില്ല. ഈ നിമിഷം വരെ ഒരു സ്ത്രീയും പുരുഷനും മോശമായി പെരുമാറുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ രണ്ടുപേരും മോശമായി പെരുമാറാറുമുണ്ട്. അതവരുടെ ആ സമയത്തെ മാനസികാവസ്ഥയാണ്.

ആണിനും പെണ്ണിനും പകയുണ്ട്. ആ പക വച്ച് അവര്‍ ഭീകരമായി പെരുമാറുന്നതും കണ്ടിട്ടുണ്ട്. വേര്‍തിരിവുകളില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍. സ്ത്രീയേയും പുരുഷനേയും വെവ്വേറെ തട്ടുകളില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പ്രാധാന്യമുള്ളവരാണ്. രണ്ടുപേരും ചേര്‍ന്നാല്‍ മാത്രമേ ഭൂമിയുണ്ടാകൂ. ഒറ്റയ്ക്കൊരാള്‍ മാത്രം വിചാരിച്ചാല്‍ ഇന്നത്തെ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയില്ല.

യാത്രകള്‍ സമ്മാനിച്ച അനുഭവങ്ങള്‍?


അറിയാത്ത നാടുകളിലേക്കുള്ള സഞ്ചാരമാണ് നമ്മളെ കൂടുതല്‍ മാറ്റുന്നത്. കണ്ട ചില സ്ഥലങ്ങള്‍ വീണ്ടും വീണ്ടും കാണുന്ന അവസ്ഥയും ഉണ്ടാകാം. ഓരോ തവണത്തെ കാഴ്ചയും വ്യത്യസ്തമായിരിക്കും. ഓരോ യാത്രയും നമ്മളെ പുതിയൊരാളാക്കി മാറ്റുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഓരോ യാത്രയിലും ആ മാറ്റങ്ങള്‍ കിട്ടുന്നത് കൊണ്ടാണ് ജീവിതത്തില്‍ ഒരിക്കലും ബോറടിക്കാത്തത്.

സിനിമ, എഴുത്ത്, യാത്രകള്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ ജീവിതം എങ്ങനെയാണ് ?


സിനിമ കാണും. പുസ്തകങ്ങള്‍ വായിക്കും. യാത്രകളുണ്ടാകും. ഒറ്റയ്ക്ക്പോലും യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. ഇടയ്ക്ക് കാറെടുത്ത് നഗരത്തില്‍ ഒന്ന് കറങ്ങി ചായയൊക്കെ കുടിച്ച് തിരിച്ചുവരും. ഭാര്യയ്ക്കൊപ്പമോ മക്കള്‍ക്കൊപ്പമോ സിനിമ കാണാന്‍ പോകും. ഇതൊക്കെ തന്നെയാണെന്റെ ജീവിതം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW