Tuesday, May 21, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 08.06 AM

"ഭീഷണിപ്പെടുത്തിയ ഏമാന്‍മാരേ, കാലു പിടിക്കാന്‍ സൗകര്യമില്ല.. വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതെങ്ങനയെന്ന് ഇന്നെനിക്കും ബോധ്യപ്പെട്ടു"; പോലീസ് വംശീയമായി അധിക്ഷേപിച്ചുവെന്ന് ദിനു വെയില്‍

face book post

കാലടി: ദളിതനായതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി കാലടി സര്‍വ്വകലാശാലയിലെ എം എ വിദ്യാര്‍ത്ഥി ദിനു. പെരുവഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് വംശീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന് ദിനു പറയുന്നു. കാണാന്‍ പന്തികേടാണെന്ന് പറഞ്ഞ് തുടങ്ങിയ അധിക്ഷേപം പിന്നീട് വലിയ തെറിവിളിയായെന്നും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ദളിതനായ വിനായകന്റെ അവസ്ഥ ഓര്‍ത്തുപോയെന്നും ദിനു ഫേസ്ബുക്കില്‍ കുറിച്ചു.

ദിനുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ഇന്ന് പുലര്‍ച്ച തൊട്ട് ഇന്നേരം വരെ വിനായകന്‍ പോലീസുക്കാരാല്‍ അനുഭവിച്ചത്, ചില പോലീസ് ദാര്‍ഷ്ഠ്യങ്ങളില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ പലരും അനുഭവിച്ചത്.. അന്തസ്സിനെ അറുക്കുന്ന വേദന എത്ര വലുതായിരിക്കുമെന്ന് തന്നെയാണ് ഓര്‍ത്ത് നെഞ്ച് പിടക്കുന്നത്. എന്റെ ഫിഗര്‍ unusual ആണെന്നാണ് ആ പോലീസുകാരന്‍ ഒരു മണിക്കൂര്‍ ദ്രോഹിച്ച് പറഞ്ഞു വിടുമ്പോള്‍ എന്റെ കൂട്ടുക്കാരിയോട് പറഞ്ഞത്...

ഇന്നു പുലര്‍ച്ചെ ഏകദേശം രണ്ടു മണിയോടുകൂടി കാലടിയില്‍ KSRTC ബസ്സിറങ്ങി സര്‍വകലാശാലയിലേക്ക് നടക്കുകയായിരുന്നു ഞാന്‍. എതിരെവന്ന കാലടി സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം എവിടെയാണെന്നും എവിടെയാണ് പഠിക്കുന്നത് എവിടെ പോകുന്നു എന്നെല്ലാം ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കുകയും ചെയ്തു. മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നു തന്നെ വ്യക്തമായ് പറഞ്ഞു.തുടര്‍ന്ന് അവര്‍ ജീപ്പ് ഒതുക്കി എന്നോട് സൈഡിലേക്ക് മാറി നില്‍ക്കാന്‍ പറഞ്ഞു. ശേഷം ഒരു ഡയറി എടുത്ത് എന്റെ നാട്ടിലെ അഡ്രസ്സ് ചോദിച്ചു എഴുതിയെടുക്കാന്‍ തുടങ്ങി. അഡ്രസ്സ് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് സാറെ അഡ്രസ്സ് എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. ഇത് കേട്ടപ്പോള്‍ അഡ്രസ്സ് മാത്രമല്ല വേണമെങ്കില്‍ നിന്നെ കൊണ്ടുപോയി സ്റ്റേഷന് ഇരുത്തും എന്നാണ് ആ ഉദ്യോഗസ്ഥന്‍ അമര്‍ഷത്തോടെ പറഞ്ഞത് .സര്‍ അകാരണമായി എന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി ഇരുത്താന്‍ പറ്റില്ല എന്ന് സൂചിപ്പിച്ചപ്പോള്‍ ആ രണ്ട് ഉദ്യോഗസ്ഥരും ജീപ്പില്‍ നിന്നും ചാടി ഇറങ്ങുകയും ഒരാള്‍ എന്റെ തോളില്‍ പിടിച്ചുന്തി എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. പോലീസുകാരോട് ആണോടാ ചോദ്യം ചോദിക്കുന്നത് എന്നും
' നീ പോലീസുകാരെ ഊമ്പാന്‍ നില്‍ക്കുകയാണോ' എന്നും അസഭ്യം പറഞ്ഞു .തുടര്‍ന്ന് എന്നെ എടാ പോടാ എന്നെല്ലാം വിളിച്ചു തുടങ്ങിയപ്പോള്‍, സാര്‍ മാന്യമായി സംസാരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു .നീ അങ്ങനെ നിയമം പഠിപ്പിക്കേണ്ട എന്നുപറഞ്ഞുകൊണ്ട് അവര്‍ എന്നോട് ഐഡികാര്‍ഡ് ആവശ്യപ്പെട്ടു. ഐഡി കാര്‍ഡ് ഹോസ്റ്റലില്‍ ആണെന്നും ആവശ്യമെങ്കില്‍ ഹോസ്റ്റലില്‍ പോയി കൊണ്ടുവരാമെന്നും പറഞ്ഞപ്പോള്‍ നിന്നെ ഞങ്ങള്‍ അങ്ങനെ വിടില്ല എന്നാണ് അതില്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞത് .സാര്‍ ഞാന്‍ ക്രൈം ഒന്നും ചെയ്തിട്ടില്ലെന്നും പോകാന്‍ അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ സ്റ്റേഷനില്‍ കൊണ്ടുപോകും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി .സര്‍ ഞാന്‍ നാളെ സ്റ്റേഷനില്‍ ആവശ്യമെങ്കില്‍ ഐഡികാര്‍ഡ് എത്തിക്കാം എന്നും പറഞ്ഞു ഞാന്‍ മുന്നോട്ട് പോകാന്‍ തുന്നിഞ്ഞു.അപ്പോള്‍ എന്റെ കയ്യില്‍ കയറി ബലമായി പിടിക്കുകയും ചെയ്തു .തുടര്‍ന്ന് ദേഹത്ത് തൊടരുതെന്നും എന്നെ തടഞ്ഞു വെക്കരുത് എന്നും ഹോസ്റ്റലില്‍ പോകണം എന്നും പറഞ്ഞ് വീണ്ടും ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ വീണ്ടും രണ്ടുപേരും എന്റെ കയ്യില്‍ ബലമായി പിടിച്ച് പുറകോട്ടു വലിച്ചു .ആരെയെങ്കിലും വിളിക്കാന്‍ എന്റെ മൊബൈല്‍ ഫോണ്‍ ഒരെണ്ണം ഓഫും ആകുമായിരുന്നു മറ്റേതില്‍ ബാലന്‍സും ഇല്ലായിരുന്നു .അവര്‍ എന്നെ പോകാന്‍ അനുവദിക്കാതെ റോട്ടില്‍ ഏകദേശം അരമണിക്കൂറോളം അകാരണമായി അവിടെ തടഞ്ഞുനിര്‍ത്തുകയും തുടര്‍ച്ചയായി അപമാനിക്കുകയും ചെയ്തു. ഞാന്‍ തീര്‍ച്ചയായും ഡിജിപ്പിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി കൊടുക്കും എന്നു പറഞ്ഞപ്പോള്‍ നീ ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്ക് എന്ന് പറഞ്ഞുകൊണ്ട് എന്റെ ഫോട്ടോ എടുക്കുവാനും ഞാന്‍ പരാതി കൊടുക്കും എന്നു പറയുന്നത് ഷൂട്ട് ചെയ്യുവാനും ശ്രമിച്ചു .തുടര്‍ന്ന് ഇവനെ എങ്ങനെ വിട്ടാല്‍ ശരിയാവില്ല എന്നു പറഞ്ഞുകൊണ്ട് അവര്‍ മറ്റ് ഉദ്യോഗസ്ഥരെ വിളിച്ചു. മറ്റൊരാളെയും വിളിക്കാന്‍ ആവാതെ നിസ്സഹായനായി നില്‍ക്കുവാനും കഴിഞ്ഞുള്ളൂ .ഞാന്‍ ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആണെന്നും ചെറിയ സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞപ്പോള്‍ അവര്‍ എന്നോട് വീണ്ടും കയര്‍ത്തു. ആ വഴി ഒരു കാല്‍നടയാത്രക്കാരന്‍ പോയപ്പോള്‍ അയാളുടെ മുന്നില്‍ വച്ചും എന്നെ അപമാനിച്ചു .പൂര്‍ണ്ണമായും ഒറ്റപ്പെട്ട നേരമായിരുന്നു.ഭാഗ്യത്തിന് ആ സമയത്ത് എന്റെ സുഹൃത്തായ ഷംനീറയും അവളുടെ സുഹൃത്തും ക്യാമ്പസിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു അവരെ കണ്ട ഉടനെ എന്നെ തടഞ്ഞുവെച്ചത് ആണെന്നും പോകാന്‍ അനുവദിക്കുന്നില്ലെന്നും അവളോട് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ എന്റെ സ്വഭാവം ശരിയല്ല എന്ന രീതിയിലും ഇവന്റെ figure unusual ആണെന്നും ഉള്ള രീതിയില്‍ വംശീയാധിക്ഷേപം നടത്തി. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി എത്തിച്ചേരുകയും അവരോട് ഞാന്‍ എന്നെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു നടന്ന സംഭവങ്ങള്‍ പറഞ്ഞു .എടാ പോടാ എന്ന് വിളിച്ചെന്നും അസഭ്യം പറഞ്ഞു എന്നും പറഞ്ഞപ്പോള്‍ അതിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആ പറഞ്ഞു ഉദ്യോഗസ്ഥനെ നിന്നെക്കാള്‍ എത്ര പ്രായം ഉണ്ടെന്ന് അറിയുമോ ഡാ എന്നാണ് .ഈ അവസരത്തില്‍ ഷംനീയോട് ഞാന്‍ വീഡിയോ എടുക്കുവാന്‍ പറയുകയും ഞാന്‍ പരാതിപ്പെടും എന്ന് ആവര്‍ത്തിച്ചപ്പോള്‍ അതില്‍ ഒരു ഉദ്യോഗസ്ഥന്‍ മാന്യമായി ഇടപെടുകയും എന്നോട് പൊയ്‌ക്കൊള്ളാന്‍ പറയുകയും ചെയ്തു .തുടര്‍ന്ന് എന്റെ അഡ്രസ്സ് മതിയെന്നു പറഞ്ഞു ആ ഉദ്യോഗസ്ഥര്‍ അത് രേഖപ്പെടുത്തി പോകാന്‍ അനുവദിച്ചു .ഏകദേശം ഒരു മണിക്കൂറോളമാണ് പൊതു റോഡില്‍ വച്ച് എന്നെ തടഞ്ഞുനിര്‍ത്തുകയും അപമാനിക്കുകയും യൂണിവേഴ്‌സിറ്റിയിലേക്ക് ഉള്ള എന്നെ പ്രവേശനത്തെ നിഷേധിക്കുകയും ചെയ്തത്. അവിടെ ധൈര്യത്തോടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും യൂണിവേഴ്‌സ് കവാടം എത്തുന്നതിനുമുന്‍പ് ഉള്ള ഓവുചാലില്‍ തിണ്ണയിലിരുന്ന് ഞാന്‍ കരഞ്ഞുപോയി .ഒരു അരമണിക്കൂര്‍ നേരം കൃത്യമായി ഒറ്റപ്പെടുകയും എന്റെ കൂട്ടുകാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്തെങ്കിലും കള്ളക്കേസില്‍ അവര്‍ കുടുക്കുമായിരുന്നു എന്നതും തീര്‍ച്ചയാണ്. അന്തസ്സിന് ഏല്‍ക്കേണ്ടിവരുന്ന മുറിവു പോലെ മറ്റൊന്നുമില്ല....

ഐഡി അടക്കമുള്ള തെളിയിക്കല്‍ രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ കയ്യിലില്ലെങ്കില്‍ തടഞ്ഞു വയ്ക്കുകയോ ചലിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യരുതെന്ന് കേരള പോലീസ് ആക്ടിലെ വ്യക്തമായ ചട്ടവും ലംഘിച്ചാണ് ഈ ഉദ്യോഗസ്ഥര്‍ എനിക്കെതിരെ ഇത്രയും മോശമായ രീതിയില്‍ പെരുമാറിയത്. പ്രസ്തുത വിഷയത്തില്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. റസീപ്റ്റ് തന്ന ശേഷം അവിടെനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ മാറിയ ഉടനെ മറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് ഈ യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളെയും ബൈക്കിനു പുറകില്‍ വച്ച് കറങ്ങാന്‍ നടക്കുന്ന ചെക്കന്മാര്‍ ഒക്കെ ഉണ്ടെന്നു അതൊക്കെ അറിയാമെടായെന്നും ഇവിടെ ചില ചട്ടക്കൂട് ഉണ്ടെന്നും ഞങ്ങള്‍ ഇഷ്ടംപോലെ പരിശോധിക്കുമെന്നും അമര്‍ഷത്തോടെ എന്നോട് സംസാരിച്ചു. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും വംശീയാധിക്ഷേപവും തടഞ്ഞു വെക്കലുകളും മിക്കപ്പോഴും നടക്കുന്നത് ഞാനടങ്ങുന്ന കറുത്ത ശരീരങ്ങള്‍ക്കും ആദിവാസി ദളിത് ട്രാന്‍സ് ക്യുവര്‍ മുസ്ലീം വിഭാഗങ്ങള്‍ക്കും നേരെആണെന്ന് കൃത്യമായ ബോധ്യമുണ്ട് .അതുകൊണ്ട് തന്നെ ഇത് ഞാനെന്ന വ്യക്തിക്ക് മാത്രം സംഭവിച്ചതേയല്ലെന്ന കൃത്യമായ ബോധ്യമുണ്ട്. എന്റെ യൂണിവേഴ്‌സിറ്റിയുടെ തൊട്ടടുത്ത് വച്ച് അവര്‍ തടഞ്ഞെങ്കില്‍, എം എ വിദ്യാര്‍ത്ഥിയായ എനിയ്ക്ക് ഇത്രയും നേരിടേണ്ടി വന്നെങ്കില്‍ ഒറ്റപ്പെട്ട ,ഒച്ച കളില്ലാത്ത മനുഷ്യരെ നിങ്ങളെ പോലുള്ള ഉദ്യോഗസ്ഥര്‍ എന്തും ചെയ്യും.അതുകൊണ്ടു തന്നെ കൃത്യമായ നിയമ നടപടികളിലൂടെ തന്നെ പ്രസ്തുത വിഷയത്തെ നേരിടും.

പള്ളിക്കൂടങ്ങളില്‍ കയറ്റാത്ത ഞങ്ങടെ അപ്പനപ്പൂപ്പന്‍മാര്‍ ഉയിരുകൊടുത്തും പട്ടിണി കിടന്നും വില്ലുവണ്ടി പായിച്ചുമൊക്കെയാണ് ഞങ്ങള്‍ക്ക് പഠിക്കാനുള്ള അവസരവും പൊതുവഴിയുമൊക്കെ ഉണ്ടാക്കി തന്നത്. ആട്ടിയകറ്റാനും അപമാനിക്കുവാനും നിന്നു തരാന്‍ സൗകര്യമില്ല. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും വരെ ഭരണഘടനാപരമായി മുന്നോട്ടു പോകും.. ഇന്ന് ഭീക്ഷണിപെടുത്തിയ ഏമാന്‍മാരേ,
കാലു പിടിക്കാന്‍ സൗകര്യമില്ല.. അന്തസ്സായി ജീവിക്കും....
ഒപ്പമുണ്ടാകണം.

Ads by Google
Thursday 04 Apr 2019 08.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW