Saturday, June 22, 2019 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Thursday 04 Apr 2019 06.57 AM

സ്ഥാപക ബിഷപ് ബലാത്സംഗക്കേസില്‍ പ്രതി, ജനറാള്‍ കള്ളപ്പണവുമായി പിടിയില്‍; അടിത്തറ തകര്‍ന്ന എഫ്.എം.ജെ.യില്‍ ഗതികെട്ട് വിദ്യാര്‍ത്ഥികള്‍, പലരും സെമിനാരി വിട്ടു

നാണക്കേട് ഭയന്ന് വിദ്യാര്‍ത്ഥികളില്‍ ഏറെയും ഇതിനകം സെമിനാരി വിട്ടു. അവശേഷിക്കുന്നവര്‍ എവിടേക്ക് പോകുമെന്ന് അറിയാതെ ജലന്ധറില്‍ ചുറ്റിക്കറങ്ങുന്നു. സുഖസൗകര്യങ്ങള്‍ കണ്ട് മറ്റ് സെമിനാരികളില്‍ നിന്നും എഫ്.എം.ജെയിലേക്ക് ചാടിയവരാണ് ശരിക്കും പെട്ടിരിക്കുന്നത്.
Bishop Franco, Msgr. Antony Madassery

കോട്ടയം: സ്ഥാപക ബിഷപ് ബലാത്സംഗക്കേസില്‍ പ്രതി. ജനറാള്‍ കണക്കില്‍പെടാത്ത പണവുമായി പിടിയില്‍. ഇവയുടെ എല്ലാം ദുരന്തം പേറി ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസി (എഫ്.എം.ജെ)ലെ സെമിനാരി വിദ്യാര്‍ത്ഥികള്‍. നാണക്കേട് ഭയന്ന് വിദ്യാര്‍ത്ഥികളില്‍ ഏറെയും ഇതിനകം സെമിനാരി വിട്ടു. അവശേഷിക്കുന്നവര്‍ എവിടേക്ക് പോകുമെന്ന് അറിയാതെ ജലന്ധറില്‍ ചുറ്റിക്കറങ്ങുന്നു. സുഖസൗകര്യങ്ങള്‍ കണ്ട് മറ്റ് സെമിനാരികളില്‍ നിന്നും എഫ്.എം.ജെയിലേക്ക് ചാടിയവരാണ് ശരിക്കും പെട്ടിരിക്കുന്നത്.

ജലന്ധര്‍ രൂപതയുടെ സ്ഥാപക പിതാവായ സിംപോറിയന്‍ കീപ്രത്ത് സ്ഥാപിച്ച മിഷണറീസ് ഓഫ് ജീസസ് (എം.ജെ)എന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും സന്യാസ സഭകള്‍ തകര്‍ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ബിഷപ് ഫ്രാങ്കോ ജലന്ധറില്‍ കാലുകുത്തിയത്. കന്യാസ്ത്രീകളുടെ സഭയെ ഏറെക്കുറെ വരുതിയിലാക്കാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞു. എന്നാല്‍ വൈദികര്‍ ഫ്രാങ്കോയുമായി ചേര്‍ന്നുപോകില്ലെന്ന് കണ്ടതോടെ എന്തിനും ഒപ്പം നില്‍ക്കുന്ന വൈദികരെ സൃഷ്ടിക്കാന്‍ 2016ല്‍ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസ സമൂഹം രൂപീകരിച്ചു. രൂപതയുടെ വൈദിക സഭയെ തകര്‍ക്കുകയായിരുന്നു ഫ്രാങ്കോയുടെ പ്രധാന ലക്ഷ്യം.

സ്ഥാപക ബിഷപ് ബലാത്സംഗക്കേസില്‍ പ്രതിയായതോടെ എഫ്.എം.ജെയില്‍ കൊഴിഞ്ഞുപോക്ക് ആരംഭിച്ചു. പുതുതായി ചേര്‍ന്നവരില്‍ ഏറെയും സഭ വിട്ടുപോയി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച കുറച്ചുപേരെ രക്ഷിതാക്കള്‍ തന്നെ തിരിച്ചുവിളിച്ചു. ഇപ്പോഴും പലരേയും തിരികെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പറയുന്നു. ഇതിനിടെയാണ് സഭയുടെ ജനറാള്‍ ആയ വൈദികന്‍ കണക്കില്‍പെടാത്ത പണവുമായി പിടിയിലാകുന്നത്.

ഇനി എങ്ങോട്ടുപോകുമെന്ന് അറിയാതെ നില്‍ക്കുകയാണ് കുറച്ചുപേര്‍. പല സെമിനാരികളില്‍ നിന്നും പുറത്താക്കപ്പെട്ടവരും ഫ്രാങ്കോയുടെ ഓഫറുകളില്‍ മയങ്ങി എഫ്.എം.ജെയിലേക്ക് ചാടിയവരുമാണ് ഇപ്പോള്‍ കെണിയില്‍ പെട്ടിരിക്കുന്നത്. ഇവര്‍ മാതൃസഭകളിലേക്ക് തിരിച്ചുചെന്നാല്‍ എടുക്കുമെന്ന് ഉറപ്പുമില്ല. പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാനും പറ്റില്ല. തീസിസ് കോപ്പിയടിച്ചതിന്റെ പേരില്‍ കേരളത്തിലെ ഒരു സന്യാസ സഭ പുറത്താക്കിയ വിദ്വാനും ഇക്കൂട്ടത്തിലുണ്ട്. മാതൃസഭയിലേക്ക് തിരിച്ചുകയറാന്‍ എല്ലാ ശ്രമങ്ങളും ഇദ്ദേഹം നടത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം, എഫ്.എം.ജെയ്ക്ക് ഇതുവരെ വത്തിക്കാനില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ സൃഷ്ടിക്കുന്നത് ഫാ.ആന്റണി മാടശേരിയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. ഇന്ത്യയില്‍ ആര്‍ക്കും ഏതു സമയവും സഭകള്‍ സ്ഥാപിക്കാവുന്ന സ്ഥിതിയാണിപ്പോള്‍. ഇതൊക്കെയാണോ കത്തോലിക്കാ സഭയില്‍ കോണ്‍ഗ്രിഗേഷനുകള്‍ സ്ഥാപിക്കാനുള്ള അടിസ്ഥാനമെന്ന് അധികാരികള്‍ പരിശോധിക്കണം. വത്തിക്കാനില്‍ നിന്നും വൈദികരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പ്രതികരിച്ചു.

ഇത്തരത്തിലുള്ള കോണ്‍ഗ്രിഗേഷനുകളാണ് കത്തോലിക്കാ സഭയെയും വിശ്വാസികളെയും നാറ്റിക്കുന്നത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ സമയവും ലക്ഷ്യവുമാണ് നശിക്കുന്നത്. ഓരോരുത്തരുടെ തോന്ന്യവാസത്തിന് വിദ്യാര്‍ത്ഥികള്‍ ബലിയാടാവുകയാണ് ചെയ്യുന്നതെന്ന് വൈദികര്‍ പറയുന്നു.

അതിനിടെ, ജലന്ധറിലേക്ക് ചേക്കേറിയ മറ്റു സഭകളിലെ വൈദികരോട് മടങ്ങിപ്പോകാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസ് നിര്‍ദേശം നല്‍കി. തൃശൂരില്‍ നിന്നുള്ള സി.എം.ഐ വൈദികനാണ് തിരിച്ചുപോകാന്‍ നിര്‍ദേശം കിട്ടിയവരില്‍ ഒരാള്‍. സി.എം.ഐ സഭയുടെ തൃശൂരിലെ സാംസ്‌കാരിക നിലയത്തിന്റെ മേധാവി ആയിരുന്ന ഇദ്ദേഹം അമൃത്സറില്‍ ഒരു സാംസ്‌കാരിക നിലയം എന്ന പ്രൊജക്ടുമായാണ് ബിഷപ് ഫ്രാങ്കോയ്‌ക്കൊപ്പം കൂടിയത്. ഇതിനായി 20 ഏക്കറോളം സ്ഥലവും വാങ്ങിയിരുന്നു. ഇവിടെ 800 കോടി രൂപ മുടക്കി സാംസ്‌കാരിക നിലയത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ബലാത്സംഗക്കേസില്‍ ഫ്രാങ്കോയ്ക്ക് വിലങ്ങ്‌വീണത്. ഇതോടെ സാംസ്‌കാരിക നിലയം എന്ന സ്വപ്നം പൊലിഞ്ഞു.

കേസില്‍ നിന്ന് പിന്മാറാന്‍ കന്യാസ്ത്രീകള്‍ക്ക് പത്തേക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്ത ഫാ.ജെയിംസ് എര്‍ത്തയില്‍ സി.എം.ഐയെ അതിനു വേണ്ടി പ്രേരിപ്പിച്ച് വിട്ടത് ഇദ്ദേഹമാണെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 31ന് ജലന്ധര്‍ വിട്ടുപോകണമെന്നാണ് ഇദ്ദേഹത്തിന് രൂപത നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച കൂടി സാവകാശം നല്‍കണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം രൂപത അംഗീകരിച്ചിട്ടുണ്ട്.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
ബീനാ സെബാസ്റ്റിയന്‍
Thursday 04 Apr 2019 06.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW