Thursday, May 23, 2019 Last Updated 21 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

ഹിന്ദു മേഖലയില്‍നിന്ന്‌ കോണ്‍ഗ്രസ്‌ 'ഒളിച്ചോടി'

വാര്‍ധ (മഹാരാഷ്‌ട്ര): സമാധാനപ്രിയരായ ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ച കോണ്‍ഗ്രസിനു തിരിച്ചടി നല്‍കാന്‍ രാജ്യം തീരുമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഭൂരിപക്ഷജനവിഭാഗമായ ഹിന്ദുക്കള്‍ക്കു സ്വാധീനമുള്ള മേഖലയില്‍നിന്നു പരാജയഭീതി മൂലം കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒളിച്ചോടുകയാണെന്നും അമേഠിക്കു പുറമേ വയനാട്ടില്‍നിന്നും ജനവിധി തേടാനുള്ള കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പരിഹസിച്ച്‌ മോഡി പറഞ്ഞു.
മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മോഡിയുടെ വിവാദപരാമര്‍ശം. ഹിന്ദുത്വ തീവ്രവാദമെന്നു വിശേഷിപ്പിച്ച്‌ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ കോണ്‍ഗ്രസ്‌ അപമാനിച്ചു. ആയിരക്കണക്കിനു വര്‍ഷത്തെ രാജ്യചരിത്രത്തില്‍ ഹിന്ദുതീവ്രവാദത്തിന്‌ ഒരു ദൃഷ്‌ടാന്തമെങ്കിലും ഉയര്‍ത്തിക്കാട്ടാനാകുമോയെന്ന്‌ അദ്ദേഹം വെല്ലുവിളിച്ചു.
പ്രതിപക്ഷത്തെ ശിക്ഷിക്കുകയെന്ന തീരുമാനവുമായി ഹിന്ദുക്കളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ്‌ ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്‌. ഇതോടെ ഭൂരിപക്ഷം ന്യൂനപക്ഷമായ സുരക്ഷിതമണ്ഡലങ്ങള്‍തേടി കോണ്‍ഗ്രസ്‌ നേതാക്കള്‍ പരക്കം പായുകയാണ്‌- മോഡി ആരോപിച്ചു.
വോട്ട്‌ ഉറപ്പിക്കാന്‍ മോഡി വര്‍ഗീയപരാമര്‍ശം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തി. ഭരണനേട്ടമൊന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്തതിനാലാണ്‌ വര്‍ഗീയ ചേരിതിരിവിനു മോഡി ശ്രമിക്കുന്നത്‌. രാജ്യത്തിന്റെ മതേതരസ്വഭാവത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി സംസാരിക്കരുതായിരുന്നു. രാജ്യത്തിനുവേണ്ടി വീരചരമമടഞ്ഞ പഴശിരാജയുടെ നാടാണു വയനാട്‌.
ദക്ഷിണേന്ത്യയെ ഒന്നാകെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ മോഡി മാപ്പു പറയണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW