Friday, June 21, 2019 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 04.11 PM

വായ്പ്പുണ്ണ് വന്നാലും സൂക്ഷിക്കണം

'' ജീവിതത്തില്‍ ഒരിക്കലെങ്കിലും വായ്പ്പുണ്ണ് വരാത്തവരായി ആരും ഉണ്ടാകില്ല. സര്‍വസാധാരണമാണെങ്കിലും വായ്പ്പുണ്ണ് എപ്പോഴും നിസാരമായി കരുതാവുന്നതല്ല ''
uploads/news/2019/04/298586/Vayapunnu010419a.jpg

'അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്' എന്നു പറയാറില്ലേ? വായ്പ്പുണ്ണ് പിടിപെട്ടാല്‍ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. കാത്തുകാത്തിരുന്ന ആഘോഷ വേളയിലാവും വായ്പ്പുണ്ണ് വില്ലനായി കടന്നുവരുന്നത്. വായ് തുറക്കാനും സംസാരിക്കാനും ബുദ്ധിമുട്ട്.

അതു മാത്രമോ! ഇഷ്ടഭക്ഷണത്തിനു മുന്നില്‍ വായില്‍ വെള്ളം നിറച്ചു മിഴിച്ചു നില്‍ക്കുകയല്ലാതെ ഒരു ചെറു കഷണം പോലും രുചിനോക്കാന്‍ പോലുമാവില്ല. അത്രമാത്രം വേദനയും ബുദ്ധിമുട്ടുമാണ് വായ്പ്പുണ്ണ് സൃഷ്ടിക്കുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായ്പ്പുണ്ണ് വരാത്തവരായി ആരും ഉണ്ടാകില്ല. സര്‍വസാധാരണമാണെങ്കിലും വായ്പ്പുണ്ണ് എപ്പോഴും നിസാരമായി കരുതാവുന്നതല്ല. ചിലപ്പോള്‍ കാന്‍സര്‍ രോഗത്തിന്റെ ലക്ഷണമായി വരെ വായ്പ്പുണ്ണ് കണ്ടുവരുന്നുണ്ട്. കൂടാതെ ഉദരസംബന്ധമായതും വാതസംബന്ധവുമായ നിരവധിരോഗങ്ങളുടെ ഭാഗമായും വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടുന്നു.

രോഗകാരണങ്ങള്‍


പല്ലുതേയ്ക്കുന്ന സമയത്ത് ബ്രഷിന്റെ കൂര്‍ത്ത മുനകള്‍ കൊള്ളുന്നതും കൃത്രിമ പല്ലുകളും കൂര്‍ത്ത പല്ലുകളും മൂലമുണ്ടാകുന്ന മുറിവുകളും വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. ചിപ്‌സ്, സമോസ മുതലായകട്ടികൂടിയ പലഹാരങ്ങള്‍ കഴിക്കുമ്പോഴും ഇത്തരത്തില്‍ വായിക്കുള്ളില്‍ ചെറിയ മുറിവുകള്‍ ഉണ്ടാകാറുണ്ട്.

സാധാരണഗതിയില്‍ ഈ മുറിവുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ഉണങ്ങും. മുറിവുകള്‍ ഉണങ്ങുവാന്‍ താമസമുണ്ടെങ്കില്‍ കൃത്രിമ പല്ലുകളും കൂര്‍ത്ത പല്ലുകളും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ദന്ത ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

ആഫ്തസ് അള്‍സര്‍


സാധാരണ കണ്ടുവരുന്ന വായ്പ്പുണ്ണുകളെ 'ആഫ്തസ് അള്‍സര്‍' എന്നു വിളിക്കുന്നു. കുട്ടികളില്‍ പരീക്ഷാ സമയത്തും യുവാക്കളില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന ഘട്ടങ്ങളിലും വായ്പ്പുണ്ണ് കൂടുതലായും കണ്ടുവരുന്നു. പോഷകാഹാര കുറവു മൂലവും വായ്പ്പുണ്ണ് ഉണ്ടാകാനിടയുണ്ട്.

ചുണ്ടിലും നാവിലും വായുടെ ഇരുവശങ്ങളിലായും കുറുനാവിന്റെ ഭാഗത്തുമാണ് സാധാരണ വായ്പ്പുണ്ണ് കണ്ടുവരുന്നത്. വട്ടത്തില്‍ ചുവപ്പു അരികുകളുള്ള മഞ്ഞ നിറത്തിലുള്ള 1 മുതല്‍ 5 വ്രണങ്ങള്‍ വരെ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാറുള്ളത്.

1 സെന്റീ മീറ്ററിനു താഴെ വലിപ്പമുള്ള വ്രണങ്ങളെ 'ആഫ്തസ് മൈനര്‍' എന്നും അതിനേക്കാള്‍ വലിപ്പവും ആഴവുമുള്ളവയെ 'മേജര്‍ ആഫ്തസ്' എന്നും അറിയപ്പെടുന്നു. സാധാരണയായി മൈനര്‍ ആഫ്തസ് 10 മുതല്‍ 14 ദിവസം വരെ നീണ്ടുനില്‍ക്കും.

എന്നാല്‍ മേജര്‍ ആഫ്തസ് മാറാന്‍ മാസങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ ചെറു കുമിളകളായി തുടങ്ങി അടുത്തടുത്ത നിരവധി പുണ്ണുകളായും ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ ഹെര്‍പ്പെറ്റിഫോം ആഫ്തസ് സ്‌റ്റൊമറ്റൈറ്റിസ് എന്ന് വിളിക്കുന്നു.

uploads/news/2019/04/298586/Vayapunnu010419c.jpg

ആഫ്തസ് അള്‍സര്‍ ഉണ്ടാകുന്ന വ്യക്തികള്‍ക്ക് 3 - 4 മാസത്തിന്റെ ഇടവേളകളില്‍ ഈ പ്രശ്‌നം തുടര്‍ച്ചയായി ഉണ്ടാകുന്നു. ചില ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രോട്ടീനുകള്‍ക്ക് വായിലെ കോശങ്ങളില്‍ ഉണ്ടാകുന്ന പ്രോട്ടീനുമായുള്ള രൂപസാദൃശ്യം ഉള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ പാര്‍ശ്വഫലമായി ഇത്തരം പ്രോട്ടീനുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ മൂലവും വൃണങ്ങള്‍ ഉണ്ടാകാം.

ഉദരസംബന്ധമായ രോഗങ്ങള്‍


അള്‍സറേറ്റീവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് എന്നീ ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നീ രോഗലക്ഷണങ്ങളോടൊപ്പമോ, അതിനു മുന്നോടിയായോ വരാവുന്നതാണ്.

സീലിയാക് ഡിസീസ് അഥവാ ഗ്ലൂട്ടന്‍ സെന്‍സിറ്റീവ് എന്ററോപതി എന്നൊരു രോഗാവസ്ഥയും വായ്പ്പുണ്ണുമായി ബന്ധപ്പെട്ട് കണ്ടുവാരാറുണ്ട്. ഗോതമ്പ്, റാഗി എന്നിവയില്‍ കാണുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനോടുള്ള അലര്‍ജിയാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. ഗ്ലൂട്ടന്‍ ഉള്‍പ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതാണ് ഇതിനുള്ള പരിഹാരം.

ബെഹ്‌സെറ്റ്‌സ് ഡിസീസ്


വായ്പ്പുണ്ണായും രഹസ്യഭാഗങ്ങളിലും പ്രത്യേകിച്ച് പുരുഷന്മാരുടെ ഇനനേന്ദ്രിയത്തില്‍, വൃത്താകൃതിയിലുണ്ടാകുന്ന പുണ്ണുകളായും രോഗം കാണപ്പെടുന്നു. തൊലിപ്പുറത്തും കണ്ണിലും ഉണ്ടാകുന്ന മറ്റ് ചില രോഗലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ഈ രോഗാവസ്ഥ പിടിപെടുന്ന 25 ശതമാനം രോഗികള്‍ക്കും കാലക്രമേണ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വായ്പ്പുണ്ണിനൊപ്പം, രഹസ്യ ഭാഗങ്ങളിലും തൊലിപ്പുറത്തും കണ്ണുകളിലും ഒരുമിച്ചുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ത്വക്ക് രോഗവുമായി ബന്ധപ്പെട്ട വായ്പ്പുണ്ണ്


ത്വക്ക്‌രോഗവുമായി ബന്ധപ്പെട്ട വായ്പ്പുണ്ണ് കണ്ടുവരാറുണ്ട്. ലൈക്കല്‍ പ്ലാനഡ്, പെംഫിഗസ് തുടങ്ങിയ രോഗാവസ്ഥകള്‍ യഥാസമയ രോഗനിര്‍ണയം നടത്തി തക്കതായ ചികിത്സ നടത്തേണ്ടതാണ്. തൊലിപ്പുറത്ത് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മാസങ്ങള്‍ മുമ്പുതന്നെ ഇത്തരം അസുഖവുമായി ബന്ധപ്പെട്ട് വായ്പ്പുണ്ണ് കണ്ടുതുടങ്ങുന്നു.

മരുന്നുകളുടെ ഉപയോഗം


ചില ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും കാന്‍സര്‍ ചികിത്സയിലും ഹൃദ്രോഗ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും വായ്പ്പുണ്ണിന് കാരണമണാകാം. പലപ്പോഴും ഇത് മരുന്നുകള്‍ നിര്‍ത്തുന്ന മുറയ്ക്ക് മാഞ്ഞുപോകാറുമുണ്ട്. അല്ലാത്ത പക്ഷം രോഗകാരണമായ മരുന്നുകള്‍ മാറ്റി പകരം മരുന്നുകള്‍ നല്‍കാവുന്നതാണ്.

പരിശോധനകള്‍


വായ്പ്പുണ്ണിന്റെ കാരണങ്ങള്‍ തിരിച്ചറിയാന്‍ രക്തപരിശോധന അനിവാര്യമായി വന്നേക്കാം. രക്തക്കുറവ്, ശ്വേതരക്താണുക്കളുടെ കുറവ്, ടി.ബി, സിഫിലസ് പോലുള്ള അണുബാധ, ശരീരത്തിലെ ഇരുമ്പിന്റെ അളവിലുള്ള കുറവ് മുതല്‍ രക്താര്‍ബുദം വരെ രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

ചില സാഹചര്യത്തില്‍ ബയോപ്‌സി പരിശോധനയും വേണ്ടിവരും. ചര്‍മ്മരോഗങ്ങളോടൊപ്പം വായ്പ്പുണ്ണ് വരുമ്പോഴും ബയോപ്‌സി പരിശോധന നടത്തണം. വാതസംബന്ധമായ രോഗങ്ങളോടനുബന്ധിച്ച് വരുന്ന വായ്പ്പുണ്ണ് ഉണ്ടാകുമ്പോള്‍ ചില പ്രത്യേക രക്ത പരിശോധനകളും ആവശ്യമെങ്കില്‍ ജനറ്റിക് ടെസ്റ്റുകളും വേണ്ടി വന്നേക്കും.

uploads/news/2019/04/298586/Vayapunnu010419b.jpg

ചികിത്സാരീതികള്‍


സാധാരണ കാണുന്ന ആഫ്തസ് അള്‍സറും മറ്റ് അസുഖങ്ങളും വേര്‍തിരിച്ചറിയുക എന്നതാണ് ചികിത്സയുടെ ആദ്യത്തെ പടി. ആഫ്തസ് അള്‍സറിന്റെ ചികിത്സയ്ക്കായി വായ്ക്കകത്ത് പുരട്ടുന്ന ആന്റിസെപ്റ്റിക് ജെല്‍, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

കൂടാതെ വേദനയ്ക്ക് ആശ്വാസമേകാന്‍ ലിഗ്‌നോകെയ്ന്‍, ബെന്‍സൈഡാമിന്‍ എന്നീ മരുന്നുകള്‍ അടങ്ങിയ ജെല്‍ ഉപയോഗിക്കാറുണ്ട്. പെട്ടെന്നുള്ള രോഗശാന്തിക്കായി സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ 3 - 5 ദിവസം വരെ ഉപയോഗിക്കാവുന്നതാണ്. ഇത് ദീര്‍ഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല. പോഷകാഹാരത്തിന്റെ കുറവുണ്ടെങ്കില്‍ വൈറ്റമിന്‍ ഗുളികകളും കൊടുക്കാറുണ്ട്.

അള്‍സറേറ്റീവ് കോളൈറ്റിസ്, സീലിയാക് ഡിസീസ് എന്നിവയ്ക്ക് ഗ്യാസ്‌ട്രോമെഡിസിന്‍ ഡോക്ടറെ കണ്ട് എന്‍ഡോസ്‌കോപി ഉള്‍പ്പെടെയുള്ള ശരിയായ ചികിത്സ എടുക്കേണ്ടതാണ്. ചില അവസരങ്ങളില്‍ ആന്റിബയോട്ടിക്കുകളും ചില പ്രത്യേക സാഹചര്യങ്ങളില്‍ വളരെ അപൂര്‍വമായി താലിഡോമൈസ്, കോള്‍ചിസിന്‍ എന്നീ മരുന്നുകളും ഉപയോഗിക്കാറുണ്ട്.

രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍


1. വായുടെ ഉള്‍വശം വൃത്തിയായി സൂക്ഷിക്കുക.
2. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായ്ക്കകത്തും തങ്ങി നിന്നു അണുബാധ ക്ഷണിച്ചു വരുത്താതിരിക്കുക. ശരിയായ രീതിയില്‍ പല്ലു തേയ്ക്കുവാനും ഭക്ഷണം കഴിച്ച ശേഷം പ്രത്യേകിച്ച് മധുര പലഹാരങ്ങള്‍ കഴിച്ച ശേഷം വൃത്തിയായി വായ് കഴുകുവാനും ശ്രദ്ധിക്കുക.
3. പുകവലി, മദ്യപാനം, പാന്‍മസാല എന്നിവ ഉപേക്ഷിക്കുക.
4. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും പച്ചിലക്കറികളും സാലഡും ഉള്‍പ്പെടുത്തുക.

സമീകൃതമായ ആഹാരം കഴിക്കുന്നതിലൂടെ ഒരുപരിധിവരെ വായ്പ്പുണ്ണ് തടയാനാവും. പോഷകാഹാരത്തിന്റെ കുറവുകള്‍ യഥാസമയം കണ്ടുപിടിച്ച് പരിഹരിക്കേണ്ടതാണ്.

മറ്റേത് രോഗവും പോലെ വായ്പ്പുണ്ണിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിച്ച് ശരിയായ ചികിത്സ സ്വീകരിക്കുക. തക്കസമയത്തുള്ള ചികിത്സയിലൂടെ കാന്‍സര്‍ പോലുള്ള രോഗാവസ്ഥകള്‍ പോലും പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണെന്ന കാര്യം ഓര്‍ക്കുക.

ഡോ. പ്രവീണ്‍ ഗോപിനാഥ്
കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

Ads by Google
Monday 01 Apr 2019 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW