Tuesday, June 18, 2019 Last Updated 35 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 02.56 PM

ഭൂമിയുടെ ഉത്ഭവ ദോഷങ്ങളും ആഭിചാരദോഷങ്ങളും ദുരിതം വിതയ്ക്കുമ്പോള്‍...

''വിശ്വാസപരമായി മാത്രമല്ല, ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാലും താമസിക്കാനുള്ള വീട് നിര്‍മ്മിക്കാന്‍ പാടില്ലാത്ത ഭൂമിയാണ് ശ്മശാനഭൂമി. അസ്ഥി ഖണ്ഡങ്ങളിലെ ഫോസ്ഫറസ്, സള്‍ഫര്‍ തുടങ്ങിയവ ജീവജാലങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ശ്വാസകോശരോഗം മുതല്‍ മാനസികരോഗംവരെ അവ വരുത്തിവയ്ക്കും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പലതരത്തിലുള്ള ആത്മാവുകള്‍, (അതില്‍ പലതും ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാത്തവ) ബാധയായി ആ ഭൂമിയില്‍ ഉണ്ടായേക്കാം... ''
uploads/news/2019/04/298574/joythi-010419c.jpg

ശാസ്ത്രം പുരോഗമിച്ചുവെന്ന് നാം അഭിമാനിക്കുമ്പോഴും പല ജീവിത സമസ്യകള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാതെ അലയുകയാണ് മഹാഭൂരിപക്ഷം ജനങ്ങളും. ജീവിതത്തില്‍ എന്തെങ്കിലും നേടിയെന്ന് സമാധാനിക്കുന്ന നേരത്താവും രോഗദുരിതങ്ങളായും ജോലിയിലെ വിഷമതയായും ശത്രുദോഷമായും വിധി നമ്മെ പരീക്ഷിക്കുന്നത്.

ഈ വിഷമതകള്‍ പലതും നാം ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലമായി വന്നുചേരുന്നതല്ലെന്നും അജ്ഞാതമായ ഏതോ കാരണം കൊണ്ടാണെന്നും പിന്നീട് നാം മനസ്സിലാക്കുന്നു. അപ്പോഴേക്കും കാരണമറിയാതെ അലഞ്ഞ് ധാരാളം പണവും സമയവും ചെലവഴിച്ചിട്ടുണ്ടാവും.

ആശുപത്രിയും കോടതിയുമുള്‍പ്പെടെ പലയിടത്തും കയറിയിറങ്ങി ഒരുപാട് വിഷമിച്ച ശേഷമായിരിക്കും പലരും തന്റെ വീടിനോ, ഭൂമിക്കോ ദോഷം വല്ലതുമുണ്ടോയെന്ന് ചിന്തിച്ചു തുടങ്ങുന്നത്.

വാസ്തുവിനെ സംബന്ധിച്ച് രണ്ടുതരത്തിലുള്ള ദോഷങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഒന്ന്- വീടിന്റെ കണക്കിലുള്ള, അല്ലെങ്കില്‍ നിര്‍മ്മിതിയിലുള്ള തെറ്റുകള്‍. അവിടെ വസിക്കുന്നവര്‍ക്ക് ദോഷകരമായി ഭവിക്കുന്നു. രണ്ട്- വീട് വയ്ക്കുന്ന സ്ഥലത്തിനുണ്ടാകുന്ന ദോഷം.

ഗൃഹാദികളുടെ കണക്കിലുള്ള ദോഷം മിക്കപ്പോഴും വളരെ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നു. പക്ഷേ, സ്ഥലത്തിനുണ്ടാകുന്ന ദോഷം അപൂര്‍വ്വമായി മാത്രമേ പലരും ശ്രദ്ധിക്കാറുള്ളൂ. സാധാരണയായി കാണപ്പെടുന്ന സ്ഥലദോഷങ്ങളും ആഭിചാര ക്രിയയിലൂടെ ഉണ്ടാവുന്ന വാസ്തുദോഷവും സംബന്ധിച്ച ചില കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

വാസ്തുദോഷങ്ങള്‍ (സ്ഥലദോഷങ്ങള്‍)


ഉത്ഭവംകൊണ്ടുതന്നെ ദോഷം നല്‍കുന്ന ചിലതരം സ്ഥലങ്ങളുണ്ട്. അവയെ ചുരുക്കത്തില്‍ പ്രതിപാദിക്കാം.

1. ശ്മശാന ഭൂമി: വിശ്വാസപരമായി മാത്രമല്ല, ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാലും താമസിക്കാനുള്ള വീട് നിര്‍മ്മിക്കാന്‍ പാടില്ലാത്ത ഭൂമിയാണ് ശ്മശാനഭൂമി. അസ്ഥി ഖണ്ഡങ്ങളിലെ ഫോസ്ഫറസ്, സള്‍ഫര്‍ തുടങ്ങിയവ ജീവജാലങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ശ്വാസകോശരോഗം മുതല്‍ മാനസികരോഗംവരെ അവ വരുത്തിവയ്ക്കും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പലതരത്തിലുള്ള ആത്മാവുകള്‍ (അതില്‍ പലതും ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാത്തവ) ബാധയായി ആ ഭൂമിയില്‍ ഉണ്ടായേക്കാം. ഇവയില്‍ നിന്നുള്ള പ്രതികൂല ഊര്‍ജ്ജം ഗൃഹത്തില്‍ വസിക്കുന്നവരുടെ ജീവിതത്തെ താളം തെറ്റിക്കും.

2. വെള്ളം കെട്ടി നിന്നിരുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയെടുത്ത ഭൂമി: വാസ്തുശാസ്ത്രം അനുസരിച്ച് ഉറപ്പുള്ള മണ്ണില്‍ വേണം വീട് നിര്‍മ്മിക്കേണ്ടത്. ആയതിനാല്‍ ചെളി കെട്ടി ചതുപ്പുപോലെ നിന്ന ഭൂമി അനുയോജ്യമല്ല. ഇത്തരം സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വീടിന് അസ്ഥിവാരം വേണ്ടത്ര ഉറപ്പില്‍ ചെയ്തില്ലെങ്കില്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാം. കൂടാതെ അടിഭാഗത്തുള്ള ചെളിയിലും മറ്റും ഉണ്ടാകുന്ന വിഷവാതകങ്ങള്‍ പിന്നീട് ആരോഗ്യഹീനതയ്ക്കും കാരണമാകാം. മാത്രമല്ല, നിലം നികത്താന്‍ ഉപയോഗിച്ച മണ്ണ് ശുദ്ധമല്ലെങ്കില്‍ അതും ആരോഗ്യത്തെയും താമസക്കാരുടെ ശാരീരികവും മാനസികവുമായ ഊര്‍ജത്തെയും ബാധിക്കാം.

3. കുന്നിന്‍ ചെരുവിലെ ഭൂമി: വാസ്തു അനുസരിച്ച് കിഴക്ക് ഭാഗവും വടക്കുഭാഗവും അല്പം താഴ്ന്നും പടിഞ്ഞാറ് അല്പം ഉയര്‍ന്നുമുള്ള ഭൂമിയാണ് ഉത്തമം. എന്നാല്‍ വലിയ കുന്നിന്‍ചരുവില്‍ വീട് വയ്ക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വീട് വയ്ക്കുന്ന ഭൂമിയുടെ വടക്കുഭാഗത്തോ, കിഴക്കുഭാഗത്തോ, മലകളോ, കുന്നുകളോ ഉണ്ടാകരുതെന്നാണ് നിയമം. മാത്രമല്ല, ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ള പാറക്കെട്ടുകള്‍ ഉറപ്പില്ലാത്ത മണ്‍തിട്ട എന്നിവയ്ക്ക് സമീപവും വീട് വയ്ക്കരുത്.

4. നാലുവശവും ഉയര്‍ന്ന്, നടുഭാഗം താഴ്ന്നിരിക്കുന്ന ഭൂമി: ഇത്തരം ഭൂമി വാസയോഗ്യമല്ല. ഒരുപാട് തരത്തിലുള്ള മലിന വസ്തുക്കള്‍ കുഴിഞ്ഞ ഭാഗത്ത് വന്ന് അടിഞ്ഞു കിടക്കുകയും പിന്നീട് രോഗകാരണം ആവുകയും ചെയ്യും. കൂടാതെ ഇത്തരം ഭൂമിയില്‍ മണ്ണിന് വേണ്ടത്ര ഉറപ്പ് (ഭാരം താങ്ങാനുള്ള ശേഷി) ഉണ്ടായിരിക്കില്ല. ഇതും വീടിന് ദോഷകരമാകാം.

5. ദുര്‍ഗന്ധം വമിക്കുന്ന ഭൂമി: ഇത്തരം ഭൂമിയില്‍ വീടുവച്ചാല്‍ രോഗം ഒഴിഞ്ഞ സമയം കാണില്ല. ദുര്‍ഗന്ധ കാരണം മലിന വസ്തുക്കളോ, വിഷ വാതകങ്ങളോ, ലോഹ അയിരുകളുടെ സാന്നിധ്യമോ ആകാം. പിശാചഭൂമിയുടെ ഒരു ലക്ഷണം ദുര്‍ഗന്ധമാണ്.

uploads/news/2019/04/298574/joythi-010419a.jpg

6. ദുര്‍മരണങ്ങള്‍ സംഭവിച്ച ഭൂമി: ആത്മഹത്യ, കൊലപാതകം, യുദ്ധം തുടങ്ങിയവ സംഭവിച്ച ഭൂമിയില്‍ താമസിച്ചാല്‍ മനഃസമാധാനം ഉണ്ടാവില്ല. അറുകൊല, രക്ഷസ്സ്, മറുത തുടങ്ങിയ ബാധകളുടെ സാന്നിധ്യം മനുഷ്യരുടെ സ്വസ്ഥ ജീവിതത്തിന് ദോഷം ചെയ്യുന്നതാണ്. എന്നാല്‍ അവിടെ കൃഷി മാത്രം ചെയ്യുന്നതിന് വലിയ ദോഷമില്ല.

7. നദിക്കരയിലെ ഭൂമി: വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവ മൂലം അസ്ഥിവാരത്തിന് ബലക്ഷയം സംഭവിക്കാമെന്നതാണ് പ്രധാന ദോഷം. നദിയിലൂടെ ഒഴുകി വരുന്ന മലിന വസ്തുക്കള്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതശരീരങ്ങള്‍ ഇവ ദോഷകരമായിത്തീരാം. ആയതിനാല്‍ നദിയുടെ തീരം ചേര്‍ന്ന് വീട് വയ്ക്കരുത്. വിശ്വാസപ്രകാരം അസമയത്ത് നദിയില്‍ ഇറങ്ങുന്നവരെ ജല രക്ഷസ്സ് തുടങ്ങിയ പിശാചുകള്‍ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് കാരണം ചിലയിടങ്ങളില്‍ സന്ധ്യയ്ക്കുശേഷം സ്ത്രീകള്‍ നദിയില്‍ മുങ്ങിക്കുളിക്കരുതെന്ന് പറയാറുണ്ട്.

8. വളരെ പഴയ തറവാടുകള്‍ തനിയെ പൊളിഞ്ഞു വീണ് കിടക്കുന്ന ഭൂമി: പഴയ തറവാടുകളില്‍ പലതിലും സേവ (വച്ചുപൂജ) ഉണ്ടായിരുന്നതായി കാണാം. അവകാശികള്‍ മാറുമ്പോള്‍ വേണ്ട രീതിയില്‍ മൂര്‍ത്തികളെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാത്ത തറവാടുകളില്‍ താമസിക്കുന്നത് ഗൃഹവാസികള്‍ക്ക് ദോഷം ചെയ്യും. കൂടാതെ യക്ഷിണി, ആയിരവല്ലി തുടങ്ങിയ മൂര്‍ത്തികളുടെ ദോഷകരമായ സാന്നിധ്യവും ഇത്തരം സ്ഥലങ്ങളിലുണ്ടാകാം. എന്നാല്‍ വിധിപ്രകാരം പൊളിച്ച് മാറ്റിയവയില്‍ ഇത്തരം ദോഷം ഉണ്ടാകാനിടയില്ല.

9. വലിയ കെട്ടിടങ്ങളുടെ നിഴല്‍ വീഴുന്നതും അവയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്നതുമായ ചെറിയ സ്ഥലങ്ങള്‍: ഇത്തരം ഭൂമിയില്‍ ആവശ്യമെങ്കില്‍, വ്യാപാരത്തിനുള്ള കെട്ടിടം പണിയാം; പക്ഷേ, വീട് നിര്‍മ്മിക്കുന്നത് ഒട്ടും നല്ലതല്ല. സൂര്യപ്രകാശം പതിക്കാത്ത ഭൂമി ആരോഗ്യപരമായി ദോഷം ചെയ്യും. ആവശ്യത്തിന് വായൂ പ്രവാഹവും ഉണ്ടാവില്ല.

10. അനേകം ജനങ്ങള്‍ ഒന്നിച്ചു ചേരുന്ന സ്ഥലത്തിന് സമീപത്തെ ഭൂമി: വ്യാപാരത്തിനുള്ള കെട്ടിടം ഇത്തരം ഭൂമിയില്‍ നിര്‍മ്മിക്കാം. പക്ഷേ, അനേകം രീതിയിലുള്ള ആളുകളുടെയും പക്ഷിമൃഗാദികളുടെയും വാഹനങ്ങളുടെയും ഊര്‍ജ്ജതലങ്ങള്‍ ഇടകലരുന്ന ഭൂമിയായതിനാല്‍ ജീവിതം സുഖകരമാവില്ല. അതിനാല്‍, അവിടെ വീട് നിര്‍മ്മിക്കുന്നത് നല്ലതല്ല.

11. മുന്‍ഭാഗത്ത് വനമോ, ഉയര്‍ന്ന വൃക്ഷങ്ങളോ ഉള്ള ഭൂമി: കിഴക്ക് ദിക്കിലും വടക്ക് ദിക്കിലും വനമോ, ഉയരമുള്ള മരങ്ങളോ ഉള്ള ഭൂമി താമസത്തിന് അനുയോജ്യമല്ല. മറ്റു വശങ്ങളില്‍ ആയാലും വീടിനോട് ചേര്‍ന്ന് വനമോ, വന്മരങ്ങളോ നില്‍ക്കുന്നത് നല്ലതല്ല. വിശ്വാസപരമായി, വനം എന്നത് അനേകം മൂര്‍ത്തികളുടെ ആവാസവുമാണ്. അവര്‍ക്ക് ദോഷം ഉണ്ടാകാത്ത നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ അത്തരം സ്ഥലങ്ങളില്‍ താമസിച്ചാല്‍ സ്വസ്ഥത ലഭിക്കൂവെന്നും മനസ്സിലാക്കേണ്ടതാണ്.

12. ദുര്‍മന്ത്രവാദികള്‍, ആഭിചാരക്കാര്‍ തുടങ്ങിയവര്‍ വസിച്ചിരുന്ന സ്ഥലം: പല തരത്തിലുള്ള ആഭിചാരങ്ങളും ബാധകളും അവിടെ ഉണ്ടായേക്കാം. മാനസികനിലയെ തകരാറിലാക്കുന്ന കാഴ്ചകളും അനുഭവങ്ങളും ഉണ്ടായേക്കാം. മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന രസം, നവസാരം എന്നിവ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷകരമായിത്തീരും. ആയതിനാല്‍ ഇത്തരം ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നത് നല്ലതല്ല.

13. നാഗശാപം കിട്ടിയ ഭൂമി: നാഗങ്ങളാണ് ഭൂമിയുടെ രക്ഷകര്‍ എന്നാണ് വിശ്വാസം. ഭൂമിയില്‍ സത്യം വാഴുന്നതിന് കാരണവും നാഗങ്ങള്‍ തന്നെയാണ്. മതിയായ രീതിയില്‍ നാഗങ്ങള്‍ക്ക് പാര്‍ക്കാന്‍ സൗകര്യം ചെയ്യാതെ, നാഗത്തറകള്‍ പൊളിച്ചു നീക്കിയ ഭൂമി താമസത്തിന് അനുയോജ്യമല്ല. സന്താനദോഷം ഉള്‍പ്പെടെ പല വിഷമതകള്‍ക്കും അത് കാരണമാകാം.

14. അസ്ഥാനത്ത് കുളമോ, കിണറോ ഉള്ള ഭൂമി: വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ അല്ലാതെ കുളമോ, കിണറോ, കുഴികളോ ഉള്ള ഭൂമി വാസയോഗ്യമല്ല. അത്തരം അസ്ഥാനത്തുള്ള നിര്‍മ്മിതികള്‍ യഥാവിധി മൂടിക്കളഞ്ഞ ശേഷം മാത്രം ആ ഭൂമി ഉപയോഗിക്കാം.

15. ഓട, മലിന ജല കുഴലുകള്‍ ഇവയ്ക്ക് സമീപമുള്ള ഭൂമി: ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തരം ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നത് നല്ലതല്ല.

16. ചുറ്റുമുളള ഭൂമിയേക്കാള്‍ താഴ്ന്നിരിക്കുന്ന ഭൂമി: ഇത്തരം ഭൂമിയിലേക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ഉണ്ടാകും. അത് മലിനമായ സ്രോതസ്സില്‍ നിന്നാണെങ്കില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ ഉയര്‍ന്ന ഭൂമിയില്‍ ശവസംസ്‌കാരമോ, മറ്റോ നടന്നശേഷം മഴ ചെയ്യുമ്പോള്‍ അവശിഷ്ടങ്ങള്‍ താഴേക്ക് ഒഴുകിവന്ന് അടിഞ്ഞുകിടക്കാനും സാധ്യതയുണ്ട്. ഇത് വളരെ ദോഷകരമായിത്തീരും.

uploads/news/2019/04/298574/joythi-010419b.jpg

17. ആദ്യമായി പ്രവേശിക്കുമ്പോള്‍ ദുര്‍നിമിത്തങ്ങള്‍ കാണുന്ന ഭൂമി: ഒരു ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ അത് എത്ര മനോഹരമായിരുന്നാലും അപ്പോള്‍ കാണുന്ന നിമിത്തങ്ങള്‍ നമുക്ക് അനിഷ്ടം അല്ലെങ്കില്‍ അശുഭം തോന്നുന്നവ ആണെങ്കില്‍ ആ ഭൂമി വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്.

18. ദേവാലയങ്ങള്‍ ഉണ്ടായിരുന്ന ഭൂമി: ദേവസ് അധികാരപ്പെട്ടിരുന്ന ഭൂമി വേണ്ടത്ര കര്‍മ്മങ്ങള്‍ ചെയ്യാതെ മനുഷ്യ വാസത്തിന് അനുയോജ്യമാകില്ല. ക്ഷേത്രവും മറ്റും പൊളിച്ചുമാറ്റിയ ഭൂമിയില്‍ വീട് വയ്ക്കുന്നതിന് പ്രത്യേക ക്രിയകള്‍ ആവശ്യമാണ്. കഴിയുന്നതും അത്തരം ഭൂമി ഒഴിവാക്കുന്നതാണ് നല്ലത്.

19. ചിതല്‍പുറ്റുകള്‍ നിറഞ്ഞ ഭൂമി: ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തരം ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നത് നല്ലതല്ല. അഥവാ ഉപയോഗിക്കണമെങ്കില്‍ പുറ്റുകള്‍ മുഴുവന്‍ കുഴിച്ചെടുത്ത് മാറ്റി ശുദ്ധമായ മണ്ണ് നിറയ്‌ക്കേണ്ടതാണ്.

20. മണ്ണിനടിയില്‍ ഗുഹ, മാളങ്ങള്‍ എന്നിവയുള്ള ഭൂമി: ഇത്തരം ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നത് നല്ലതല്ല. ദോഷങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തില്ലെങ്കില്‍ ജീവിതം ദുരിതമയമാകും.

21. മണല്‍ നിറഞ്ഞ ഭൂമി: അസ്ഥിവാരത്തിന്റെ ബലക്കുറവാണ് നിര്‍മ്മാണപരമായി ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന പ്രശ്‌നം. ശാസ്ത്രീയമായി നോക്കുമ്പോള്‍ പലതരം മണല്‍ത്തരികളും വികിരണങ്ങള്‍ (റേഡിയേഷന്‍) പുറപ്പെടുവിക്കുന്നവയാണ്. ആയതിനാല്‍ കഴിയുന്നതും അത്തരം ഭൂമി ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ മണലും മണ്ണും ഇടകലര്‍ന്ന ഭൂമി അത്ര കുഴപ്പമില്ല.വീട് വയ്ക്കാനുള്ള ഭൂമിയുടെ അനുയോജ്യത മനുഷ്യാലയ ചന്ദ്രികയില്‍ താഴെപ്പറയുന്ന പ്രകാരം സൂചിപ്പിച്ചിരിക്കുന്നു.

''ഗോമര്‍തൈ്യ ഫല പുഷ്പ ദുഗ്ദ്ധതരുഭി
ശ്ച്യാഡ്യാസമാപ്രാക് പ്ലവാ
സ്‌നിഗ്ധാധീരരവാ പ്രദക്ഷിണജലോ
പേതാംശു ബീജോല്ഗമാ
സംപ്രോക്താ ബഹുപാംസുരക്ഷയ ജലാ
തുല്യാ ച ശീതോഷ്ണയോഃ
ശ്രേഷ്ഠാ ഭൂരധമാ സമുക്ത വിപരീ-
താ മിശ്രിതാ മധ്യമാ.''

(പശുക്കളും മനുഷ്യരും അധിവസിക്കുന്നതും പുഷ്പങ്ങളും പാലുള്ള മരങ്ങളും ഉള്ളതും, സമതലമായതും കിഴക്കോട്ട് ചെരിവുള്ളതും മന്ദമായ ശബ്ദമുള്ളതും, ജലം പ്രദക്ഷിണമായി ഒഴുകുന്നതും വിത്തുകള്‍ വേഗം കിളിര്‍ക്കുന്നതും സര്‍വ്വഥാ ജലമുള്ളതും എല്ലാക്കാലത്തും സമശീതോഷ്ണവുമായ ഭൂമി വാസത്തിന് ഉത്തമവും അനുയോജ്യവുമാണ്. ഇതിന് വിപരീത ലക്ഷണങ്ങളുള്ള ഭൂമി അധമവുമാണ്. രണ്ടും ചേര്‍ന്ന് വരുന്നവയാകട്ടെ മധ്യമവുമാകുന്നു.)

പൂര്‍ണ്ണമായും ഉത്തമ ഭൂമി എന്നത് തികച്ചും അപൂര്‍വ്വമായി മാത്രമേ ലഭ്യമാവുകയുള്ളൂ. കൂടുതലും മധ്യമ ലക്ഷണങ്ങള്‍ ഉള്ള ഭൂമിയാണ് കാണപ്പെടുന്നത്. തികച്ചും അധമമായ ഭൂമിയും കുറവാണ്. വീട് വയ്ക്കാനുള്ള ഭൂമി തെരഞ്ഞെടുത്താല്‍ അതില്‍ കാണുന്ന അശുഭതകള്‍ മാറ്റി ശുദ്ധിക്രിയ ചെയ്തശേഷം വേണം ഗൃഹനിര്‍മ്മാണം ആരംഭിക്കേണ്ടത്. ഇതിനായി അവിടെനിന്നും മലിനമായ മണ്ണ് നീക്കം ചെയ്ത് ശുദ്ധമായ മണ്ണ് നിറച്ച ശേഷം പഞ്ചശുദ്ധി ക്രിയയും പുണ്യാഹവും (അഥവാ മതപരമായ ആചാരങ്ങള്‍) നടത്തി ഗൃഹനിര്‍മ്മാണം നടത്താം.

ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ള പാറകളും തിട്ടകളും ഉള്ളയിടത്ത് ആദ്യം അപകടം നീക്കം ചെയ്തശേഷം വേണ്ടത്ര ബലമുള്ള അസ്ഥിവാരം നല്‍കിക്കൊണ്ട് വീട് പണിയാരംഭിക്കാം. വനത്തില്‍നിന്നും മറ്റും നിശ്ചിത അകലം പാലിച്ചും വേണ്ട രീതിയിലുള്ള രക്ഷാവേലികള്‍ നിര്‍മ്മിച്ചതിന് ശേഷവും വേണം വീട് നിര്‍മ്മാണം ആരംഭിക്കേണ്ടത്. ദേവതകളോ, മൂര്‍ത്തികളോ ഉണ്ടെന്ന് കണ്ടാല്‍ അവയെ പ്രീതിപ്പെടുത്തി സമീപത്തുള്ള ക്ഷേത്ര ചൈതന്യത്തില്‍ ലയിപ്പിക്കുകയും വേണം.

(തുടരും..... ഭൂമിയുടെ ശുദ്ധി
നശിപ്പിക്കുന്ന ആഭിചാരങ്ങള്‍ .... )

എസ്. മനോജ്, പനമറ്റം
ശ്രീ ഭദ്രാ ജ്യോതിഷം
മൊ: 9446416845

Ads by Google
Ads by Google
Loading...
TRENDING NOW