Friday, June 21, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 08.17 AM

ഭര്‍ത്താവ് മരിച്ച് മൂന്നാംനാള്‍ തന്നെ അരുണിനെ വിവാഹം ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടു ; മകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏതു നിമിഷവും അപായം സംഭവിക്കാമെന്ന് ഭയപ്പെട്ടിരുന്നതായി മാതാവ്

uploads/news/2019/04/298521/arun.jpg

തൊടുപുഴ: ഭര്‍ത്താവ് ബിജു മരിച്ച് മൂന്നാം ദിവസം തന്നെ അരുണിനെ വിവാഹം ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടതായിട്ടാണ് വിവരം. 2018 മെയ് 23 നായിരുന്നു ബിജു മരിച്ചത്. അന്നു രാത്രി തന്നെ തൊടുപുഴയില്‍ നിന്നും മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മരണ ദിവസം തന്നെ ഈ വീട്ടിലെത്തിയ അരുണ്‍ തുടര്‍ച്ചയായി മൂന്ന് ദിവസം യുവതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് ഭര്‍ത്തൃകുടുംബത്തെ ഞെട്ടിച്ചു.

ബിജു മരിച്ച ശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ മരുമകള്‍ എപ്പോഴാണ് ആനന്ദിനെ പരിചയപ്പെട്ടതെന്നതോ സ്‌നേഹത്തിലായതെന്നോ ബിജുവിന്റെ വീട്ടുകാര്‍ക്കറിയില്ല. ഇപ്പോള്‍ ബിജുവിന്റെ മരണത്തില്‍ പോലും കുടുംബം സംശയം ആരോപിക്കുകയാണ്. പൂര്‍ണ്ണാരോഗ്യവാനായ ബിജു മരിക്കുന്നതിന്റെ തലേന്ന് പോലും തങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നതായിട്ടാണ് ബിജുവിന്റെ മാതാപിതാക്കള്‍ പറയുന്നത്.

പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനായ അരുണുമായി ബിജു 15 വര്‍ഷം മുമ്പ് വഴക്കിട്ടിരുന്നു. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതായിരുന്നു കാരണം. അതിന് ശേഷം ഇരുവരും മാനസീകമായി അകലത്തിലായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ ബിജു കഠിനാദ്ധ്വാനി ആയിരുന്നു. തൊടുപുഴയില്‍ വീടിനടുത്ത് തന്നെയാണ് ബിജു വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നത്. ഇതില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ടെന്ന് ബിജു മാതാപിതാക്കളെ വിളിച്ചു പറഞ്ഞിരുന്നു. ബിജു കുട്ടികളുടെ പേരില്‍ ഇട്ടിരുന്നു മൂന്ന്‌ലക്ഷം രൂപ പോലും അരുണ്‍ എടുത്തിരുന്നതായിട്ടാണ് വിവരം. മകളെ അരുണുമായുള്ള ബന്ധത്തില്‍നിന്നു വിലക്കിയിരുന്നതായി യുവതിയുടെ മാതാവും പറഞ്ഞു.

രക്ഷിക്കാന്‍ ശ്രമിച്ചിരുന്നന്നെങ്കിലും അവള്‍ കൂട്ടാക്കിയില്ലെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. '' മകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവനില്‍നിന്ന് ഏതു നിമിഷവും അപായം സംഭവിക്കാമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇതിനാല്‍ മകള്‍ അറിയാതെ അവരെക്കുറിച്ച് അനേ്വഷിക്കാറുണ്ടായിരുന്നു. പക്ഷേ, ഒടുവില്‍ ഞാന്‍ ഭയന്നതുതന്നെ സംഭവിച്ചു''-തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ ഏഴു വയസുകാരന്റെ അമ്മൂമ്മയുടെ വാക്കുകളാണിത്. തൊടുപുഴ സി.ഐ: അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തില്‍ കോലഞ്ചേരി ആശുപത്രിയിലെത്തി യുവതിയുടെ അമ്മയില്‍നിന്ന് ഇന്നലെ മൊഴിയെടുത്തപ്പോള്‍ പുറത്തുവരുന്നത് അരുണിന്റെ ക്രൂരതയുടെ കഥകള്‍.

യുവതിയുടെ ഭര്‍ത്താവ് മരിച്ചശേഷം സ്വദേശമായ തിരുവനന്തപുരത്തേക്കു മൃതദേഹം കൊണ്ടുപോയപ്പോള്‍ അരുണും അവിടെയുണ്ടായിരുന്നു. ചടങ്ങു കഴിഞ്ഞു കുറച്ചു ദിവസത്തിനുശേഷം മകളോടൊപ്പം തൊടുപുഴ ഉടുമ്പന്നൂരിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അരുണുമായുള്ള ബന്ധം ശ്രദ്ധയില്‍പ്പെടുന്നത്. ഇതു ചോദ്യംചെയ്‌തെങ്കിലും ധിക്കരിച്ച് അവള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. മകളെ കാണാനില്ലെന്നു കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു സ്‌റ്റേഷനിലെത്തി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും അരുണുമായുള്ള ബന്ധം വിച്‌ഛേദിക്കാന്‍ മകള്‍ തയാറായില്ല.

ഈ ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അമ്മയുമായി വഴക്കിട്ടു യുവതി സ്വന്തം ഇഷ്ടപ്രകാരം അരുണിനൊപ്പം നിയമപ്രകാരം വിവാഹിതരാവാതെ ജീവിച്ചുപോരുകയായിരുന്നു. ഇതിനുശേഷം അമ്മയുമായി ഒരു ബന്ധവും മകള്‍ പുലര്‍ത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ സ്‌കൂളില്‍നിന്നു വിരമിച്ച അധ്യാപികകൂടിയായ യുവതിയുടെ അമ്മ പറയുന്നു. ഇളയകുട്ടി ഇപ്പോള്‍ യുവതിയുടെ അമ്മയുടെ സംരക്ഷണത്തിലാണ്. കുട്ടികളെ അരുണ്‍ ഭീകരമര്‍ദ്ദനത്തിന് ഇരയാക്കിയതോടെയാണ് െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് ഇളയകുട്ടിയെ അമ്മൂമ്മയുടെ സംരക്ഷണയിലാക്കിയത്.

Ads by Google
Monday 01 Apr 2019 08.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW