Sunday, August 04, 2019 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

പിടിച്ചെടുത്തത്‌ 16.67 കോടി, പുറത്തുപറഞ്ഞത് 9.66 കോടിയുടെ വിവരങ്ങള്‍മാത്രം, പോലീസ്‌ 6.65 കോടി മുക്കിയെന്ന് ഫാ. മാടശേരി; രേഖകള്‍ പൂര്‍ണമല്ലെന്ന് പോലീസ്‌

uploads/news/2019/04/298467/d5.jpg

ന്യൂഡല്‍ഹി : തന്റെ വസതിയില്‍ സൂക്ഷിച്ച 16.67 കോടി രൂപയാണ്‌ പഞ്ചാബ്‌ പോലീസ്‌ പിടിച്ചെടുത്തതെന്നു ഫ്രാന്‍സിസ്‌കന്‍ മിഷണറീസ്‌ ഓഫ്‌ ജീസസ്‌ സന്യാസസമൂഹത്തിന്റെ ഡയറക്‌ടര്‍ ജനറാള്‍ ഫാ. ആന്റണി മാടശേരി. പോലീസ്‌ 6.65 കോടി രൂപ മുക്കി 9.66 കോടിയുടെ വിവരങ്ങള്‍മാത്രമാണ്‌ പുറത്തുപറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. ഇതു സംബന്ധിച്ചു ചീഫ്‌ ജസ്‌റ്റിസ്‌, പഞ്ചാബ്‌ മുഖ്യമന്ത്രി, പോലീസ്‌ മേധാവി തുടങ്ങിയവര്‍ക്ക്‌ അദ്ദേഹം പരാതി നല്‍കി.

ഫാ. ആന്റണി മാടശേരിയില്‍നിന്നു കണക്കില്‍പ്പെടാത്ത 9.66 കോടി രൂപ പിടിച്ചെടുത്തെന്നു കഴിഞ്ഞ ദിവസം പഞ്ചാബ്‌ പോലീസ്‌ അറിയിച്ചിരുന്നു. വെള്ളിയാഴ്‌ച രാത്രി പഞ്ചാബ്‌-അംബാല ദേശീയപാതയില്‍ ഫാ. ആന്റണിയും സംഘവും സഞ്ചരിച്ച വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ്‌ പണം പിടിച്ചെടുത്തതെന്നും പോലീസ്‌ പറഞ്ഞിരുന്നു. എന്നാല്‍, തന്റെ വസതിയില്‍ സൂക്ഷിച്ച പണമാണ്‌ പോലീസ്‌ പിടിച്ചെടുത്തതെന്നും ആകെ 16.67 കോടിയാണ്‌ പിടിച്ചെടുത്തതെന്നും പോലീസ്‌ 6.65 കോടി രൂപ മുക്കിയെന്നും ഫാ. ആന്റണി പരാതിയില്‍ പറയുന്നു.

പിടികൂടിയ പണത്തില്‍ കള്ളനോട്ടുമുണ്ടെന്ന സൂചന പോലീസ്‌ ശനിയാഴ്‌ച നല്‍കിയിരുന്നെങ്കിലും ഇന്നലെ തിരുത്തി. വിശദീകരണത്തിലെ പിശകാണെന്നാണ്‌ പോലീസ്‌ അറിയിച്ചത്‌. ജലന്ധര്‍ രൂപതയുടെ നിയന്ത്രണത്തിലുള്ള സഹോദയ കമ്പനിയിലെ സ്‌കൂളുകളില്‍ പാഠപുസ്‌തക വിതരണത്തിലൂടെ ശേഖരിച്ച തുകയാണിതെന്നു കാണിച്ചു ഫാ. ആന്റണി മാടശേരി ഇന്നലെ പഞ്ചാബ്‌ പോലീസിനു പണത്തിന്റെ ഉറവിടരേഖകള്‍ ഹാജരാക്കി.

അതേസമയം, ആരോപണങ്ങള്‍ പോലീസ്‌ നിഷേധിച്ചു. ഫാ. ആന്റണി ഹാജരാക്കിയ പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണമല്ലെന്നും ഇവ പരിശോധിച്ചുവരികയാണെന്നും പോലീസ്‌ വ്യക്‌തമാക്കി.

പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ തയാറാക്കിയിട്ടില്ല. കേസ്‌ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിയിട്ടുമില്ല. ഇതു സംശയത്തിനിടയാക്കിയിട്ടുണ്ട്‌. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ്‌ ഫാ. ആന്റണി മാടശേരി പരാതി നല്‍കിയത്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW