Wednesday, June 12, 2019 Last Updated 33 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.22 PM

സൗദി അറേബ്യയിലെ ഖത്തീഫിൽ ദുരിതപർവ്വം താണ്ടിയ ഗുരുവായൂർ സ്വദേശി അഖിൽ നാടണഞ്ഞു

uploads/news/2019/03/297925/Gulf290319a.jpg

ദമ്മാം:സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് തുർക്കിയയിൽ 11 മാസമായി താമസ രേഖയും വേതനവും ലഭിക്കാതെ കഴിഞ്ഞിരുന്ന തൃശൂർ ഗുരുവായൂർ സ്വദേശി കോരോട്ട് അപ്പുവിന്റെ മകൻ അഖിൽ രണ്ട് മാസത്തെ നിയമ പോരാട്ടത്തിലൂടെ ദമ്മാം ലേബർ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങി.

നാട്ടിൽ നിന്ന് ഏജന്റ് മുഖാന്തിരം രണ്ടായിരം റിയാൽ മാസവേതനമെന്ന വ്യവസ്ഥയിൽ ഇന്റീരിയർ ഡിസൈനറായാണ് 2018 ഫെബ്രുവരി 11ന് അഖിൽ സൗദിയിലെത്തിയത്. നാട്ടിൽ വിസ സ്റ്റാമ്പിംഗ് കഴിഞ്ഞപ്പോൾ മാത്രമാണ് വിസയുടെ പദവി വീട്ടിലെ ഡ്രൈവറാണെന്ന് അഖിൽ അറിഞ്ഞത്.

തുർക്കിയയിൽ സൗദി പൗരൻ പ്രായമായ സ്വന്തം പിതാവിന്റെ പേരിലുണ്ടാക്കിയ ഒരു സ്ഥാപനത്തിലാണ് ഇവിടെയെത്തിയ അഖിൽ ഡിസൈനറായി ജോലി ചെയ്തത്. അഖിലിനോടൊപ്പം കൂടെയുണ്ടായിരുന്ന തൊഴിലാളികളായ വിവിധ രാജ്യക്കാരായ 11 പേർക്കും സ്പോൺസർ ഇതുവരെ താമസ രേഖകൾ എടുത്ത് നൽകിയിട്ടില്ല. മൂന്നു മാസം കഴിഞ്ഞപ്പോൾ നാട്ടിലെ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ ഇവിടെ രണ്ട് മാസത്തെ വേതനം അഖിലിന് ലഭിച്ചെങ്കിലും പിന്നീട് ദൈനംദിന ചിലവുകൾക്ക് മാത്രമാണ് പണം നൽകിയിരുന്നത്.

ഇതിനിടയിൽ അസുഖ ബാധിതനായി ആശുപത്രിയിൽ പോകുന്നതിന് സ്പോൺസറിൽ നിന്ന് വാങ്ങിയ പാസ്പോർട്ട് അഖിൽ തിരിച്ച് നൽകിയിരുന്നില്ല. താമസ രേഖകളില്ലാതെ സമാന ദുരിതത്തിലകപ്പെട്ട കൂടെയുണ്ടായിരുന്നവർ അടുത്ത ദിവസങ്ങളിൽ കോടതിയിൽ എത്തുമെന്നും അഖിൽ പറഞ്ഞു.

നിർധന കുടുംബത്തിലെ മൂത്ത മകനായ അഖിലിന്റെ മാസങ്ങളുടെ ദുരിതപർവ്വത്തിനിടയിൽ 2019 ജനുവരി അവസാനമാണ് തൃശൂർ ജില്ലാ കെ.എം.സി.സിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയമെത്തുന്നത്. ഖത്തീഫ് തുർക്കിയയിൽ നിന്ന് ദമ്മാമിലെത്തിച്ച അഖിലിനെ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ലേബർ കോടതിയിലെത്തിച്ച് പരാതി നൽകുകയായിരുന്നു. രണ്ട് മാസത്തിനിടയിൽ അഞ്ച് തവണ ഹിയറിംഗ് നടത്തിയ കോടതിയുടെ വിധി പ്രകാരം അഖിലിന് താമസ രേഖകൾ ഉണ്ടാക്കി ഫൈനൽ എക്സിറ്റും, വേതനയിനത്തിൽ ആറായിരം റിയാലും ലഭിക്കുകയായിരുന്നു.

ഹിയറിംഗിനിടയിൽ രണ്ട് മാസത്തെ സംരക്ഷണവും ജോലിയും നൽകിയ തൃശൂർ ജില്ലാ കെ.എം.സി.സി യാത്രാ ടിക്കറ്റും നൽകിയാണ് അഖിലിനെ യാത്രയാക്കിയത്‌. ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൾ റഹിം, ട്രഷറർ ഷെഫീർ അച്ചു, ഭാരവാഹികളായ മൻസൂർ തിരുനല്ലൂർ, സിജാർ മാള, ശിഹാബ് പുല്ലാനി, ഫൈസൽ പതിയാശ്ശേരി, അൻവർ കടപ്പുറം എന്നിവരാണ് അഖിലിനെ യാത്രയാക്കിയത്. തനിക്ക് ജോലിയും സംരക്ഷണവും നൽകിയ കെ.എം.സി.സി ഭാരവാഹികളോട് നന്ദിയും കടപ്പാടും അറിയിച്ചാണ് അഖിൽ നാട്ടിലേക്ക് മടങ്ങിയത്.

9 മാസത്തിനിടയിൽ ജില്ലാ കമ്മറ്റി ഇടപെട്ട യഥാർത്ഥ സ്പോൺസറല്ലാത്തവരുടെ മൂന്നാമത്തെ കേസാണ് ഇതെന്നും പുതിയ വിസയിൽ വരുന്നവർ ജാഗ്രത പാലിക്കണമെന്നും ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി അറിയിച്ചു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 29 Mar 2019 01.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW