Friday, June 21, 2019 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 03.02 PM

അമിത വിയര്‍പ്പിന് കാരണങ്ങള്‍ ഇവയാകാം

''ശാരീരികമായി അധ്വാനിക്കുന്ന ഏതൊരാളുടെയും ശരീരം വിയര്‍ക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത്തരം അധ്വാനങ്ങളൊന്നും ചെയ്യാതിരിക്കുന്ന ആളുകളാണ് വിയര്‍ക്കുന്നതെങ്കില്‍ അത് സ്വാഭാവികമായുണ്ടാകുന്നതല്ല. അമിതമായി വിയര്‍ക്കുന്നത് ചില രോഗങ്ങളുടെ ലക്ഷണമാകാം''
uploads/news/2019/03/297702/Viyarppu280319b.jpg

വിയര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മനുഷ്യശരീരത്തിലെ താപനില വര്‍ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനായി ശരീരം ത്വക്കിലൂടെ വിയര്‍പ്പ് പുറന്തള്ളുന്നു.

ശാരീരികമായി അധ്വാനിക്കുന്ന ഏതൊരാളുടെയും ശരീരം വിയര്‍ക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

ഇത്തരം അധ്വാനങ്ങളൊന്നും ചെയ്യാതിരിക്കുന്ന ആളുകളാണ് വിയര്‍ക്കുന്നതെങ്കില്‍ അത് സ്വാഭാവികമായുണ്ടാകുന്നതല്ല.

അമിതമായി വിയര്‍ക്കുന്നത് ചില രോഗങ്ങളുടെ ലക്ഷണമാകാം. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയുമാകാം. കൃത്യ സമയത്ത് ചികിത്സിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

സാമൂഹ്യമായ ഒറ്റപ്പെടല്‍


പല പ്രൊഫഷനിലും ആളുകള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത് അമിതമായ വിയര്‍പ്പാണ്. കൈകാലുകള്‍ അമിതമായി വിയര്‍ക്കുന്നവര്‍ക്ക് നിത്യജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്്. പരീക്ഷകള്‍ എഴുതുമ്പോള്‍ പേപ്പറുകള്‍ നനഞ്ഞൊലിക്കുന്നതുള്‍പ്പെടെ ഹസ്തദാനം നല്‍കുന്നതു പോലും ഇവര്‍ക്ക് പ്രയാസമുണ്ടാക്കും.

എപ്പോഴും കൈയിലൊരു കര്‍ച്ചീഫ് കൂടെ കരുതേണ്ട അവസ്ഥ ഇവര്‍ക്കുണ്ടാക്കുന്ന മാനസികമായ ബുദ്ധിമുട്ടും കുറച്ചല്ല. കായികക്ഷമത ആവശ്യമുള്ള പല ജോലികള്‍ക്കും (പോലീസ,് ആര്‍മി) ചേരാന്‍ ഇവര്‍ക്കു കഴിയാതെ വരുന്നു. ഈയൊരു ഘട്ടത്തിലെത്തുമ്പോഴാണ് പലരും അമിതമായ വിയര്‍പ്പിനെ ഗൗരവത്തോടെ കണ്ട് ചികിത്സ തേടിയെത്തുന്നത്.

uploads/news/2019/03/297702/Viyarppu280319.jpg

അതിരുവിടുന്ന ആശങ്ക


ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ഇപ്പോഴെ ആശങ്കപ്പെടുന്ന ആളുകള്‍ക്ക് അമിതമായ വിയര്‍ക്കുന്നത് ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിട്ടുണ്ടാകാം. ഉത്കണ്ഠ മറികടക്കുമ്പോള്‍ ഇവര്‍ ചികിത്സയെക്കുറിച്ച് ചിന്തിക്കുന്നില്ല.

ഇത്തരം ആളുകളുടെ പ്രധാന പ്രശ്‌നം പെഴ്‌സണാലിറ്റി ഡിസോര്‍ഡറാണ്. മാനസിക സംഘര്‍ഷത്തെ വേണ്ട രീതിയില്‍ നിയന്ത്രിക്കുവാനാകാതെ വരുമ്പോള്‍ ശരീരം ജലാംശം പുറന്തള്ളുന്നു ഇത് വിയര്‍പ്പായി പുറത്തേക്കു പോകുന്നു.

കാരണങ്ങള്‍ പലത്


അമിതമായ വിയര്‍പ്പ് ശരീരം പുറന്തള്ളുന്നതിന്റെ പ്രധാന കാരണം നാഡീ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ്. അമിതമായ ഉത്കണ്ഠ പ്രധാന കാരണമാണ്. ടെന്‍ഷന്‍ കൂടുതലാകുമ്പോള്‍ തലച്ചോറില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെ ഫലമായി വിയര്‍പ്പുഗ്രന്ഥികള്‍ സ്രവം പുറന്തള്ളുന്നു.

അലര്‍ജി, വ്യായാമം, ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ തുടങ്ങി അനേകം കാരണങ്ങള്‍ അമിതമായ വിയര്‍പ്പുണ്ടാകുന്നതിനു പിന്നിലുണ്ട്. ചിലരില്‍ കൈകാലുകള്‍ മാത്രം അമിതമായി വിയര്‍ക്കുന്നു. ഈ അവസ്ഥയില്‍ മറ്റ് ശരീരഭാഗങ്ങള്‍ അമിതമായ വിയര്‍പ്പു പുറന്തള്ളുന്നില്ല. താപനിലയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളും ഇതില്‍ പ്രധാനമാണ്.

ചിലര്‍ക്ക് ഏതു കാലാവസ്ഥയിലും ശരീരതാപനില വളരെ ഉയര്‍ന്ന നിലയിലായിരിക്കും. ഇവരിലാണ് കൂടുതലും അമിതമായ വിയര്‍പ്പുണ്ടാകുന്നത്. മറ്റ് ചിലര്‍ക്ക് ഇത് കുറഞ്ഞ നിലയിലായിരിക്കും. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് ഇത് പകരുന്നതിന് സാധ്യത വളരെ കുറവാണ്. അപൂര്‍വമായി മാത്രമേ ഒരു കുടുബത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് ഈ പ്രശ്‌നം കാണപ്പെടാറുള്ളൂ.

കുട്ടികളേക്കാള്‍ മുതിര്‍ന്നവരില്‍


മുതിര്‍ന്നവരിലെ അമിത വിയര്‍പ്പ് നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രയാസം. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ അമിതമായി വിയര്‍ക്കുന്നത് കാര്യമായ ചികിത്സകളില്ലാതെ തന്നെ മാറ്റിയെടുക്കാം.

ആദ്യഘട്ടത്തില്‍ തന്നെ ചില മരുന്നുകളിലൂടെ ഇത് പരിഹരിക്കാം. പ്രായം കൂടിവരുമ്പോള്‍ അമിതവിയര്‍പ്പ് പഴകിയ രോഗമായി മാറുകയാണ്. ഇതിന്റെ തീവ്രതയും വര്‍ധിച്ചിരിക്കും.

40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വിദഗ്ധമായ ചികിത്സ തന്നെ ആവശ്യമാണ്്. ജീവിതശൈലി രോഗങ്ങളും ഈ പ്രായത്തില്‍ പടിവാതില്‍ക്കലെത്തിയിരിക്കും അതുകൊണ്ടു തന്നെ നീണ്ടകാലത്തെ ചികിത്സ ഇവര്‍ക്ക് ആവശ്യമാണ്.

uploads/news/2019/03/297702/Viyarppu280319a.jpg

ചികിത്സയിലൂടെ പരിഹരിക്കാം


കൈകാലുകളുള്‍പ്പെടെ ശരീരം അനിയന്ത്രിതമായി വിയര്‍ക്കുന്നതിന് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. ഷുഗര്‍ പ്രഷര്‍ കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും ഇതിനു കാരണമാണ്.

മറ്റ് രോഗങ്ങളുണ്ടെങ്കില്‍ അവയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ചികിത്സ നിര്‍ണയിക്കുന്നത്. സാധാരണഗതിയില്‍ തീവ്രതയില്ലാത്ത വിയര്‍പ്പാണെങ്കില്‍ കൈകാലുകളില്‍ പുരട്ടുന്ന ഓയിന്‍മെന്റുകള്‍, ബോഡിലോഷനുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്.

വളരെ തീവ്രതയേറിയതാണെങ്കില്‍ ഇഞ്ചക്ഷനുകള്‍ നല്‍കേണ്ടി വരും. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു കൊണ്ടു മാത്രമാണ് ഇത് ചെയ്യുന്നത്. വളരെ അടിയന്തിരമായ ഘട്ടങ്ങളില്‍ മാത്രമേ ഈ ഇഞ്ചക്ഷനുകള്‍ നല്‍കാറുള്ളൂ.

പലരും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഇത് സ്വീകരിക്കുന്നത്്. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ഇഞ്ചക്ഷന്റെ ഫലമായി വളരെ വേഗം തന്നെ പാര്‍ശ്വഫലങ്ങളുണ്ടാകാം. വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഈ ചികിത്സ നടത്തുക.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. എം.എസ് സദീപ്
കണ്‍സള്‍ട്ടന്റ്
ഡെര്‍മറ്റോളജിസ്റ്റ്, കോട്ടയം

Ads by Google
Thursday 28 Mar 2019 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW