Thursday, June 20, 2019 Last Updated 26 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 10.24 AM

വേറെയെന്താ പറയണ്ടേ? എനിക്ക് അറിയില്ല. ഞാന്‍ കൊച്ചല്ലേ ! ആരാണ് ഈ മിന്റു ജോണ്‍

''പ്രകൃതിയെന്ന കലാശാലയില്‍ നിന്ന് ബിരുദവും നൃത്തത്തോടും ഫോട്ടോഗ്രാഫിയോടും തീരാത്ത പ്രണയവും. ഒരു വരിയില്‍ പറഞ്ഞാല്‍ അതാണ് മിന്റു ജോണ്‍.''
uploads/news/2019/03/297666/mintujohn280319c.jpg

വാലിട്ടു കണ്ണുകളെഴുതി നെറ്റിയില്‍ പൊട്ടു കുത്തി കരിവളയിട്ട കൈകളില്‍ ക്യാമറയെടുത്ത് ഫ്രെയിം സെറ്റ് ചെയ്ത് ഒരു ക്ലിക്ക്! ഇതെന്ത് വട്ട് എന്നല്ലേ? എല്ലാവരും സര്‍ട്ടിഫിക്കറ്റിനും അംഗീകാരങ്ങള്‍ക്കും പിറകെ നെട്ടോട്ടമോടുമ്പോള്‍ ടൈം ടേബിളിന്റേയോ സിലബസിന്റെയോ തലവേദനകളില്ലാതെ മിന്റുവും ഓടി തന്റെ ഇഷ്ടങ്ങള്‍ക്കു പിറകെ...

കഷ്ടെപ്പട്ടല്ല ഇഷ്ടെപ്പട്ടല്ലേ പഠിക്കേണ്ടത് കൂട്ടുകാരെ?? എന്ന് പറഞ്ഞു പഠിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, സംഗീതം അങ്ങനെ നീളുന്നു ലിസ്റ്റ്.

ആര്‍ട്ടിസ്റ്റ് ആയ ജോണിന്റെയും ആര്‍ട്ടിസ്റ്റും ശില്പിയുമായ മിനി ജോണിന്റെയും രണ്ടു മക്കളില്‍ ഇളയവള്‍. ആദ്യ സിനിമയിലൂടെ തന്നെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കരം നേടിയ മിനോണ്‍ ജോണിന്റെ സഹോദരി, മിന്റു.

മിനോണിനെ പോലെ മിന്റുവും സ്‌കൂളില്‍ പോയിട്ടില്ല. ചിരിക്കുന്ന മുഖങ്ങളേയും സ്‌നേഹിക്കുന്ന ഹൃദയങ്ങളേയും അവള്‍ പഠന വിഷയമാക്കി. ചിലപ്പോള്‍ കരുണവും ഹാസ്യവും അത്ഭുതവുമെല്ലാം തിരശീലയുന്ന പോലെ മുഖത്തു മിന്നി മറയുന്ന നര്‍ത്തകിയായി.

കണ്ണുകളാല്‍ കഥ പറഞ്ഞും, കൈമുദ്രകളാല്‍ ചിത്രം വരച്ചും ചടുലമായ ചുവടുകളാല്‍ കാണികളെ വിസ്മയിപ്പിച്ചു. മനസ്സില്‍ തെളിയുന്ന ഓര്‍മ്മചിത്രങ്ങളെ ക്യാമറ കണ്ണുകളാല്‍ ഒപ്പിയെടുത്ത് ചിലപ്പോള്‍ അവള്‍ ഫോട്ടോഗ്രാഫര്‍ ആകും.

മറ്റുചിലപ്പോള്‍ പൊട്ടിച്ചിരിച്ചും ചേട്ടനോട് ചിണുങ്ങിയും കൂട്ടുകാരോട് കളി പറഞ്ഞും നടക്കുന്ന പാവം പതിനെഴുകാരി. ഇതൊക്കെയാണെങ്കിലും ഫെവറേറ്റ് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു മിന്റുവിന്, ഒരുപാടു സംസാരിക്കുന്ന കൂട്ടുകൂടി ചിരിക്കുന്ന ഈ ഞാന്‍ തന്നെയെന്ന്!

uploads/news/2019/03/297666/mintujohn280319.jpg

സ്‌കൂള്‍ എന്ന് കേട്ടാല്‍


നിങ്ങള്‍ക്ക് എന്ത് ഭാഗ്യമാണ് സ്‌കൂളില്‍ പോകണ്ടല്ലോ! എന്ന് കൂട്ടുകാരൊക്കെ പറയുമ്പോള്‍ ഉള്ള ഒരു സുഖം ഉണ്ടല്ലോ, അത് വേറെ ലെവലാണ്. പരീക്ഷ, സെമിനാര്‍, പ്രൊജക്റ്റ്, ഹോംവര്‍ക്ക്... അയ്യയ്യോ! തലയില്‍ കൈവച്ച് ഇങ്ങനെ കൂട്ടുകാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും അച്ഛനും അമ്മയും എന്നെ സ്‌കൂളില്‍ വിടാഞ്ഞത് നന്നായി എന്ന്.

ടീച്ചറുടെ തല്ലും പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ വീട്ടുകാരുടെ വഴക്കും ഒന്നും അനുഭവിക്കണ്ടല്ലോ. അതുകൊണ്ട് സ്‌കൂളില്‍ പോകാഞ്ഞതില്‍ ഒരു വിഷമവും തോന്നിയിട്ടില്ല.

കളിക്കാനും കറങ്ങി നടക്കാനും കൂട്ട് കൂടാനും ഒരുപാട് സമയം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. എല്ലാവരും പരീക്ഷ ജയിക്കാന്‍ പഠിച്ചപ്പോള്‍ ഞങ്ങള്‍ മനസിലാക്കാന്‍ പഠിച്ചു, അറിയാന്‍ പഠിച്ചു.

വായനയുടെ അടിത്തറ വീട്ടില്‍ നിന്ന് തന്നെ ലഭിച്ചിരുന്നു. അച്ഛനും അമ്മയും ഉറക്കെ കഥകള്‍ വായിച്ചു തരുമായിരുന്നു. അത് ശ്രദ്ധിച്ചു കേള്‍ക്കുന്നതായിരുന്നു ആദ്യത്തെ പഠന കളരി. പിന്നെ അവര്‍ ആ പരിപാടി നിര്‍ത്തി. വേണമെങ്കില്‍ തന്നേ വായിക്കാന്‍ പറഞ്ഞു.

കഥകളോടുള്ള ഇഷ്ടമാണ് അക്ഷരങ്ങളോടും അറിവിനോടും കൂട്ടുകൂടാന്‍ സഹായിച്ചത്. അച്ഛനും അമ്മയും ഞങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനവും അതാണ്. ഞങ്ങളുടെ ഇഷ്ടങ്ങളെ കണ്ടെത്തി ഇഷ്ടപ്പെടാനും കഷ്ടപ്പെടാതിരിക്കാനും പഠിപ്പിച്ചു. അതുകൊണ്ടാവാം പഠിച്ച ഒന്നിനോടും മടുപ്പ് തോന്നിയിട്ടില്ല.

uploads/news/2019/03/297666/mintujohn280319a.jpg

ഒരു കാര്യം കേട്ടാല്‍ അതിനെ കുറിച്ച് കൂടുതല്‍ അറിയാനൊരു ആഗ്രഹം തന്നെയുണ്ടാകും. ഞങ്ങളെ മോള്‍ഡ് ചെയ്യാന്‍ വേറൊരാള്‍ വേണ്ടിവന്നില്ലയെന്നും പറയാം. ഒരു റോള്‍മോഡലും ഞങ്ങള്‍ക്ക് ഭാരം ആയില്ല. ഓരോരുത്തരും വ്യത്യസ്തരാണെന്ന ബോധ്യം, ആ വ്യത്യസ്തതയാണ് ഒരാളുടെ വ്യക്തിത്വം. അതാണ് ഏറ്റവും വലിയ പാഠം.

മുദ്രകളില്‍ വിരിഞ്ഞ ഭാഷ


നൃത്തത്തോട് ഇഷ്ടം തോന്നി തുടങ്ങിയത് എന്നാണെന്ന് അറിയില്ല. ഇഷ്ടം എന്ന് പറഞ്ഞാല്‍ ചെറുതായി പോകും. ഒരുതരം ഭ്രാന്ത് എന്ന് വേണം പറയാന്‍. ചെറുപ്പം തൊട്ടു ഈ കിറുക്ക് എനിക്കുണ്ട്.

വീട്ടില്‍ ആര്‍ക്കും നൃത്ത പശ്ചാത്തലമില്ല. വലിയ തമാശ എന്താണെന്ന് പറഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും നൃത്തത്തോട് പ്രത്യേകിച്ച് താല്‍പര്യം പോലുമില്ലായിരുന്നു. പേക്ഷ ഞങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

പത്താം വയസ്സിലാണ് ഞാന്‍ ഹരിപ്പാട് സാരംഗ സ്‌കൂളില്‍ ഡാന്‍സ് പഠിക്കാന്‍ ചേരുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളിയൊക്കെ പഠിച്ചു. പഠിച്ചു തുടങ്ങിയപ്പോള്‍ കുച്ചിപ്പുടിയെക്കുറിച്ച് ആഴത്തില്‍ അറിയണമെന്നും പഠിക്കണമെന്നും തോന്നി.

അങ്ങനെ ഗുരു ശ്രീ പസുമാര്‍ത്തി രാട്ടയഹ ശര്‍മയുടെ ശിഷ്യയും കുച്ചിപ്പുടിയുടെ വേരുകളിലേക്ക് ഇറങ്ങി ചെന്ന ഏതാനും നാര്‍ത്തകികളില്‍ ഒരാളുമായ ശ്രീലക്ഷ്മി ഗോവര്‍ദ്ദനന്റെ കീഴില്‍ പഠനം തുടങ്ങി. വന്നു ചേര്‍ന്ന ഭാഗ്യങ്ങളുടെ പട്ടികയില്‍ പ്രിയപ്പെട്ട ഒന്ന്. ചിലങ്കകളണിയുമ്പോള്‍ ഞാന്‍ കൂടുതല്‍ ഞാനായി മാറും.

uploads/news/2019/03/297666/mintujohn280319d.jpg

ചേട്ടനെന്ന കൂട്ടുകാരന്‍


മിനോണും ഞാനും എപ്പോഴും ഒന്നിച്ചായിരുന്നു. സ്‌കൂള്‍ വിട്ടു വരുമ്പോഴും രാത്രികളിലുമാണല്ലോ എല്ലാവരും വീട്ടിലുള്ളവരെ കാണുന്നത്. ഞങ്ങള്‍ക്ക് ആ പ്രശ്‌നം ഇല്ലായിരുന്നത്
കൊണ്ട് എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ കട്ടയ്ക്ക് നില്‍ക്കാന്‍ മിനോണ്‍ ഉണ്ടായിരുന്നു.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് എനിക്ക് മിനോണെ അധികം കിട്ടാതായത്. എങ്കിലും എന്റെ എല്ലാ കാര്യത്തിനും ഏത് സമയത്തും മിനോണ്‍ ഹാജരാണ്. ചിത്ര രചനയാണ് മിനോണ് ഏറ്റവും പ്രിയപ്പെട്ടത്.

പ്രധാന പരിപാടിയും അതുതന്നെ. വലിയ ഒരു ആര്‍ട്ടിസ്റ്റ് അതാണ് മിനോണിന്റെ സ്വപ്നം. എട്ടു വയസ്സ് തൊട്ട് പെയിന്റിംഗ് എക്‌സിബിഷന്‍ നടത്തുന്നു.

എല്ലാ തവണയും അച്ഛനും അമ്മയുമാണ് കാര്യങ്ങള്‍ ഒക്കെ ചെയ്തു കൊടുക്കുന്നത്. കഴിഞ്ഞ ജൂണില്‍ 69 ാമത്തെ എക്‌സിബിഷന്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്നപ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങള്‍ക്കും ഞാനും മിനോണിനൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഒരുപാട് ആസ്വദിച്ച കുറച്ചു ദിവസങ്ങള്‍ ആയിരുന്നു അത്.

uploads/news/2019/03/297666/mintujohn280319e.jpg

ഫോട്ടോഗ്രാഫര്‍ മിന്റു


യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. യാത്രയില്‍ കാണുന്നതൊക്കെ ക്യാമറയില്‍ പകര്‍ത്താനും കുറെ കാലം കഴിഞ്ഞു കണ്ടു ചിരിക്കാനും ഇഷ്ടമാണ്. അങ്ങനെയാവാം ഫോട്ടോഗ്രാഫി തലയില്‍ കയറിയത്. കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ക്ലിക്ക് ചെയ്തു തുടങ്ങി. കൂട്ടുകാരുടെ ചിത്രങ്ങള്‍, സീനറികള്‍ അങ്ങനെ അങ്ങനെ.

രാവിലെ പോയി വൈകുന്നേരം ജീവിതം മടുത്തു തിരിച്ചുവരുന്ന തരം ജോലി ഒന്നും എനിക്ക് പറ്റില്ല. നല്ല മടിച്ചി ആണ്. ഒരിടത്ത് മിണ്ടാതെയും ചിരിക്കാതെയുമൊക്കെ അടങ്ങിയിരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക്.

എപ്പോഴും ചിരിച്ചും സന്തോഷിച്ചും ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ടാവും സന്തോഷം തരുന്ന, സ്വാതന്ത്ര്യം തരുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് എനിക്കേറെ പ്രിയം.

ഒരു ചിത്രത്തിന് ആയിരം വാക്കുകള്‍ പറയാനാകും എന്നല്ലേ? അപ്പോള്‍ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് എന്തൊക്കെ കഥകള്‍ പറയാനുണ്ടാകും. സ്റ്റീവ് മക്കറിയില്‍ നിന്നൊക്കെ പഠിക്കാന്‍ ശ്രമിക്കുന്നതും അതാണ്.

ഫോട്ടോഗ്രാഫിയില്‍ പ്രചോദനം നല്‍കിയ ഒരാള്‍ ഇല്ല. എല്ലാവരും ഏതെങ്കിലും ഒരു രീതിയില്‍ എന്നെ സ്വാധീനിക്കാറുണ്ട്. എനിക്ക് പാഠ്യ വിഷയമാകാറുണ്ട്. അവരില്‍ നിന്ന് കുട്ടി കുട്ടി കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കാറുണ്ട്.

uploads/news/2019/03/297666/mintujohn280319b.jpg
മിന്റു കുടുംബത്തോടൊപ്പം

തീരാത്ത യാത്ര


വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയായിരുന്നു യാത്രകളും. കണ്ടും കേട്ടും മാത്രമല്ല അറിഞ്ഞും അനുഭവിച്ചും വേണം പഠിക്കാന്‍ എന്ന് അച്ഛനും അമ്മയ്ക്കും നിര്‍ബന്ധം ഉണ്ടായിരുന്നു. കാട്ടിലും മലമുകളിലുമൊക്കെ ഞങ്ങള്‍ താമസിച്ചു. സ്‌കൂളില്‍ പോയി പഠിച്ചവരെക്കാള്‍ പതിനായിരം മടങ്ങു ഓര്‍മ്മകള്‍ ആണ് ഞങ്ങള്‍ക്ക് കൈവന്നത്.

സത്യം പറഞ്ഞാല്‍ ഞങ്ങളുടെ വീട്ടില്‍ ഉള്ളവരേക്കാള്‍ കൂട്ടുകാരുടെ മാതാപിതാക്കള്‍ക്കായിരുന്നു കൂടുതല്‍ പരാതി. സ്‌കൂളില്‍ പോകാതിരുന്നാല്‍ എങ്ങനെ ലൈസന്‍സ് എടുക്കും, പാസ്സ്‌പോര്‍ട്ടിനു അപേക്ഷിക്കും എന്നിങ്ങനെയായിരുന്നു അവരുടെ ആശങ്കകള്‍.

എല്ലാവരും അവരുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു പഠിക്കണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇഷ്ടപ്പെട്ട് പഠിച്ചാല്‍ മാത്രമേ അത് അവസാനം വരെ നിലനില്‍ക്കൂ. അതിനു യാത്രകള്‍ ഒരുപാട് സഹായിച്ചു. പല തരത്തിലുള്ള ആളുകളെ കാണാനും പരിചയപ്പെടാനും കൂട്ടുകൂടാനും സാധിച്ചു. അതിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല.

ഞാന്‍ ഇപ്പോള്‍ എന്താണോ അതിന്റെ ഫുള്‍ ക്രെഡിറ്റ് ഇതിനൊക്കെ ആണ്. അച്ഛന്റെയും അമ്മയുടെയും സപ്പോര്‍ട്ട്, ചേട്ടന്റെ കമ്പനി അങ്ങനെ അങ്ങനെ... വേറെയെന്താ പറയണ്ടേ? എനിക്ക് അറിയില്ല. ഞാന്‍ കൊച്ചല്ലേ!

ചന്ദന സന്തോഷ്

Ads by Google
Thursday 28 Mar 2019 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW