Tuesday, April 16, 2019 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 03.19 PM

സൗദിയിലുള്ള വിദേശ രാജ്യക്കാർക്ക് ഉംറ വിസയിൽ ബന്ധുക്കളെ കൊണ്ടുവരാം ഒരു വ്യക്തിക്ക് അഞ്ച് വിസാവരെ ലഭിക്കും

uploads/news/2019/03/297442/Gulf270319c.jpg

ജിദ്ദ : സൗദിയിൽ കഴിയുന്ന വിദേശ രാജ്യക്കാർക്ക് ഉംറ വിസ അനുവദിക്കുന്ന പദ്ധതി വൈകാതെ നടപ്പാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു .സൗദിയിൽ കഴിയുന്ന വിദേശികൾക്കും സ്വദേശികൾക്കും മൂന്നു മുതൽ അഞ്ചു വരെ ഉംറ വിസകളാണ് അനുവദിക്കുക. "ഉംറ ആതിഥേയൻ" എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് .വിദേശികളുടെ ഇഖാമ (സൗദി താമസാനുമതി രേഖ )യുടെയും സൗദികളുടെ സിവിൽ രജിസ്റ്ററിലുമാണ് ഉംറ വിസകൾ അനുവദിക്കുക.

ഏറ്റവും അടുത്ത ബന്ധുക്കളെ ഉംറ കർമം നിർവഹിക്കുന്നതിന് സൗദിയിലേക്ക് കൊണ്ടുവരുന്നതിനാണ് വിദേശികൾക്ക് ഉംറ വിസകൾ അനുവദിക്കുക. സൗദികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ആരെയും ഇങ്ങനെ ഉംറ വിസയിൽ കൊണ്ടുവരുന്നതിന് അനുമതിയുണ്ടാകും. ഉംറ വിസകളിൽ രാജ്യത്ത് എത്തുന്നവരുടെ പൂർണ ചുമതല സൗദി പൗരന്മാർക്കും, വിദേശികൾക്കുമായിരിക്കും.

സൗദിയിൽ എത്തുന്നതു മുതൽ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് ഇവരുടെ താമസ, യാത്രാ സൗകര്യങ്ങൾ അടക്കം എല്ലാവിധ സേവനങ്ങളും തീർഥാടകർക്ക് നൽകേണ്ടത് സ്‌പോൺസർമാരെ പോലെ പ്രവർത്തിക്കുന്ന സൗദി പൗരന്മാരുടെയും വിദേശികളുടെയും ചുമതലയാകും. വർഷത്തിൽ മൂന്നു തവണ വരെ സൗദികൾക്കും വിദേശികൾക്കും ഇതേപോലെ ഉംറ വിസകൾ അനുവദിക്കുമെന്ന് ഡോ. അബ്ദുൽ അസീസ് അൽവസാൻ വ്യക്തമാക്കി .

ഉംറ വിസകൾ അനുവദിക്കുന്നതു വഴി പ്രതിവർഷം 18 ലക്ഷത്തോളം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം വിസകൾക്കു പുറമെ, ഒരു കുടുംബത്തെ ഒരു ഗ്രൂപ്പായി പരിഗണിച്ച് ഉംറ വിസകൾ അനുവദിക്കുന്ന രീതിയും നടപ്പാക്കാൻ ആലോചനയുണ്ട് . സൗദി വിമാന കമ്പനിയായ സൗദിയ വഴി ട്രാൻസിറ്റ് ആയി യാത്ര ചെയ്യുന്നവർക്ക് ഉംറ നിർവഹിക്കുന്നതിന് ട്രാൻസിറ്റ് ഉംറ വിസകൾ ഓട്ടോമാറ്റിക് ആയി അനുവദിക്കുന്നതിനും നീക്കമുണ്ട്.

നിലവിൽ സൗദിയിൽ കഴിയുന്ന വിദേശികൾക്കും സൗദി പൗരന്മാർക്കും ഹജ്, ഉംറ മന്ത്രാലയം ഉംറ വിസകൾ അനുവദിക്കുന്നില്ല.സൗദിയിലെ ഉംറ സർവീസ് കമ്പനികൾ മുഖേനെയാണ് വിദേശങ്ങളിലെ തീർഥാടകർക്ക് വിസകൾ അനുവദിക്കുന്നത്.

എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും , പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത് . 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിനാണ് ലഷ്യമിടുന്നത് . ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ മക്കയിലും മദീനയിലും ജിദ്ദയിലും ഒരുക്കിവരികയാണ്. കഴിഞ്ഞ വർഷം വിദേശങ്ങളിൽനിന്ന് 65 ലക്ഷത്തോളം ഉംറ തീർഥാടകരാണ് എത്തിയത്.

വിഷൻ 2030 പദ്ധതി ലക്ഷ്യം നേടുന്നതിന് ഉംറ വിസാ നടപടികൾ ലഘൂകരിക്കുന്നതിനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദേശങ്ങളിൽനിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ വഴി പൂർത്തിയാക്കുന്ന ഉംറ ഓൺലൈൻ പദ്ധതി അടുത്ത വർഷത്തെ ഉംറ സീസൺ മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 27 Mar 2019 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW