Friday, June 21, 2019 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 11.55 AM

ഇനിമുതല്‍ സ്തനാര്‍ബുദനിര്‍ണയത്തിന് ആശുപത്രികള്‍ കയറി ഇറങ്ങേണ്ട; മലബാര്‍ കാന്‍സര്‍ സെന്ററില്‍ വികസിപ്പിച്ചെടുത്ത ബ്രായുടെ പരീക്ഷണം വിജയകരം

breast cancer

തലശ്ശേരി: കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്തനാര്‍ബുദ രോഗനിര്‍ണയത്തിന് രോഗികളുടെ സഹായത്തോടെ നടത്തിയ പരീക്ഷണം വിജയം കണ്ടു. 117 രോഗികളാണ് ഗവേഷണത്തോട് സഹകരിച്ചത്. ഗവേഷണത്തിനായി വികസിപ്പിച്ചെടുത്ത വെയറബിള്‍ സ്‌ക്രീനിങ് ഉപകരണം (ബ്രാ) ഉടന്‍തന്നെ വിപണിയിലെത്തും. മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയില്‍ എത്തിക്കുക.

സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. രോഗമുള്ളവര്‍ ബ്രാ ധരിച്ചാല്‍ സ്തനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സിമേറ്റ്, സിഡാക്ക്, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതുപയോഗിച്ചാല്‍ വേദനയോ ബുദ്ധിമുട്ടോ ഇല്ലെന്ന് ധരിച്ചവര്‍ വ്യക്തമാക്കി. പൊതുവെ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് മാമോഗ്രാഫി പരിശോധനയാണ് നടത്തുന്നത്. ബ്രാ വരുന്നതോടെ ഇതുപയോഗിച്ച് സംശയമുള്ളവര്‍ രോഗസ്ഥിരീകരണത്തിന് മാമോഗ്രാഫി പരിശോധന നടത്തിയാല്‍ മതി.

ബ്രാ വിപണിയിലെത്തിയാല്‍ ഒരാള്‍ക്ക് പരിശോധന നടത്താന്‍ 50 രൂപയില്‍ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സീമ പറഞ്ഞു. വസ്ത്രം കഴുകി വീണ്ടും ഉപയോഗിക്കാം. സ്ത്രീകളില്‍ കാണുന്ന അര്‍ബുദത്തില്‍ ഭൂരിഭാഗവും സ്തനാര്‍ബുദമാണ്. 2014 മുതല്‍ 2018 വരെയായിരുന്നു ഗവേഷണകാലാവധി. മൂന്നരക്കോടി രൂപയാണ് ചെലവായത്. രോഗം പ്രാരംഭദശയില്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Ads by Google
Ads by Google
Loading...
TRENDING NOW