Sunday, June 23, 2019 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 04.15 PM

മറികടക്കാം ബൈപോളാര്‍ ഡിസോഡര്‍

''ഉന്മാദാവസ്ഥയുളള വ്യക്തികളുടെ മാനസികാവസ്ഥയില്‍ ഏതു നിമിഷവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വളരെ സന്തോഷവാനായി കണ്ട വ്യക്തി വളരെ വേഗം ദേഷ്യഭാവം പ്രകടമാക്കാം. കാരണമൊന്നും കൂടാതെ അസാധാരണമായി സന്തോഷം പങ്കുവയ്ക്കുന്നത് ഇത്തരക്കാരുടെ പതിവാണ്''
uploads/news/2019/03/296942/BipolarDisorder250319.jpg

ഉന്മാദവും വിഷാദവും ഒരു വ്യക്തിയില്‍ വ്യത്യസ്ത സമയങ്ങളില്‍ ഉണ്ടാക്കുന്ന വൈകാരികവും അസാധാരണവുമായ മാനസികാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. ഉന്മാദാവസ്ഥയിലുളള വ്യക്തികളില്‍ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും തോത് കൂടുതലായിരിക്കും. ഇത്തരക്കാര്‍ സന്തോഷമുളള സാഹചര്യങ്ങളില്‍ അമിതമായി സന്തോഷിക്കുകയും എന്നാല്‍ സങ്കടമുണ്ടാകുമ്പോള്‍ അമിതമായി സങ്കടം പ്രകടിപ്പിക്കുകയും ചെയ്യും.

ഉന്മാദാവസ്ഥയുളള വ്യക്തികളുടെ മാനസികാവസ്ഥയില്‍ ഏതു നിമിഷവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വളരെ സന്തോഷവാനായി കണ്ട വ്യക്തി വളരെ വേഗം ദേഷ്യഭാവം പ്രകടമാക്കാം. കാരണമൊന്നും കൂടാതെ അസാധാരണമായി സന്തോഷം പങ്കുവയ്ക്കുന്നത് ഇത്തരക്കാരുടെ പതിവാണ്.

ഉന്മാദാവസ്ഥ തിരിച്ചറിയാം


താന്‍ വളരെ കഴിവുകളുളള വ്യക്തിയാണെന്നു സ്വയം പറയുന്ന രീതി ഉന്മാദാവസ്ഥയിലുളളവരുടെ മാനസിക വൈകൃതമാണ്. അസാധാരണമായ വ്യക്തിത്വവും കഴിവുമുണ്ടെന്നു ഇത്തരക്കാര്‍ സ്വയം കരുതുകയും അത് മറ്റുളളവരുടെ മുന്നില്‍ പ്രകടമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. അസാമാന്യമായ വാക് ചാതുര്യമാണ് ഇത്തരക്കാരുടെ മറ്റൊരു ലക്ഷണം.

വളരെ സമയമെടുത്തു പറയേണ്ട കാര്യങ്ങള്‍ ചുരുങ്ങിയ നിമിഷങ്ങള്‍ക്കുളളില്‍ ഇവര്‍ പറഞ്ഞു തീര്‍ക്കും. വാക്കുകളും വാചകങ്ങളും വളരെ വേഗം കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയും. ആഗ്യം കാണിച്ചുളള സംസാരശൈലി, എന്തെങ്കിലും കാര്യങ്ങളെക്കുറിച്ചുളള അമിത വര്‍ണന എന്നിവയെല്ലാം ഉന്മാദാവസ്ഥയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു.

ഉന്മാദാവസ്ഥയിലുളളവര്‍ക്ക് ഉറക്കം വളരെ കുറവായിരിക്കും. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമായിരിക്കും ഇവര്‍ വിശ്രമിക്കുക. ഏതു കാര്യത്തിനും താന്‍ ശക്തനാണെന്ന ധാരണ ഇവരില്‍ അധികമായിരിക്കും. ലൈംഗിക താല്‍പര്യവും കൂടുതലായിരിക്കും. ഇത്തരത്തില്‍ പെരുമാറ്റത്തിലുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ ഒരുമിച്ചുണ്ടാകുന്ന അവസ്ഥയാണ് ഉന്മാദം അഥവാ മാനിയ.

വിഷാദാവസ്ഥ


ഉന്മാദാവസ്ഥയില്‍ ഒരു വ്യക്തി പെരുമാറുന്നതിന്റെ നേര്‍ വിപരീത അവസ്ഥയാണ് വിഷാദാവസ്ഥ. ഉന്മാദാവസ്ഥയില്‍ അമിത ആഹ്‌ളാദവും സന്തോഷവും പ്രകടമാക്കുന്നുവെങ്കില്‍ വിഷാദാവസ്ഥയിലുളള വ്യക്തിയില്‍ എപ്പോഴും ദു:ഖഭാവമായിരിക്കും. ദു:ഖാവസ്ഥയാണ് വിഷാദത്തിന്റെ പ്രധാന ലക്ഷണം. ഒരു കാര്യത്തിലും ഇത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സന്തോഷമുളള സാഹചര്യത്തിലും ഇവര്‍ ദുഃഖത്തിലായിരിക്കും. പെട്ടെന്നുണ്ടാകുന്ന ശബ്ദങ്ങള്‍ പോലും ഇവര്‍ക്ക് ഉള്‍ക്കെള്ളാനാകില്ല. അത്തരം ശബ്ദകോലാഹലങ്ങളില്‍ ഇവര്‍ വളരെ വേഗം ദേഷ്യം പ്രകടിപ്പിക്കുന്നു. മറ്റൊന്ന് സൈക്കോ മോട്ടോര്‍ ബിഹേവിയറലില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. അതായത് പെരുമാറ്റത്തിലുണ്ടാകുന്ന മിതത്വം.
uploads/news/2019/03/296942/BipolarDisorder250319a.jpg

എല്ലാ കാര്യങ്ങളിലും ഉത്സാഹക്കുറവും ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്നതും വിഷാദാവസ്ഥയിലുളളവരുടെ പെരുമാറ്റങ്ങളില്‍പ്പെടുന്നു. ഏതൊരു കാര്യത്തിലും ഇത്തരക്കാര്‍ക്ക് ശ്രദ്ധകുറവായിരിക്കും. പറയുന്ന കാര്യങ്ങളിലും പ്രവര്‍ത്തിയിലും അശ്രദ്ധമായ പെരുമാറ്റമായിരിക്കും. കാര്യങ്ങള്‍ ഓര്‍ത്തെടുക്കുവാനോ കേട്ടകാര്യങ്ങള്‍ ഓര്‍മ്മയില്‍ നിലനിര്‍ത്താനോ കഴിയാത്ത അവസ്ഥ, ആത്മഹത്യ പ്രവണത എന്നിവയും വിഷാദാവസ്ഥയിലുളളവര്‍ പ്രകടിപ്പിക്കുന്നു.

ഒറ്റയ്ക്കിരിക്കുമ്പോഴോ മറ്റു ജോലികളിലേര്‍പ്പെടാത്തപ്പോഴോ ഇത്തരക്കാര്‍ കാരണം കൂടാതെ കരയുക, ഒന്നും നിലനില്‍ക്കുന്നില്ലെന്ന തോന്നല്‍, അസാധാരണമായ രീതിയിലുളള ലൈംഗിക താല്‍പര്യക്കുറവ് ഇതെല്ലാം വിഷാദാവസ്ഥയിലുളള ഒരു വ്യക്തിയില്‍ പ്രകടമാണ്.

സാഹചര്യവും കാരണവും


സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ജനിതകപരമായ കാരണങ്ങളുമാണ് ഡിസോഡര്‍ ഉണ്ടാകാനുളള പൊതുവായ കാരണങ്ങള്‍. വിവിധ മേഖലകളില്‍ നിന്നും വ്യക്തികള്‍ക്കുണ്ടാകുന്ന മാനസികമായ പ്രത്യാഘാതങ്ങള്‍ ഒരു വ്യക്തിയുടെ മാനസിക നിലയില്‍ ഉണ്ടാക്കുന്ന ചലന വ്യത്യാസങ്ങളാണ് മാനസികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

മാനസിക പിരിമുറുക്കങ്ങള്‍ കൂടുമ്പോള്‍ മനസിന്റെ താളപിഴകളും ആരംഭിക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് തിരിച്ചറിഞ്ഞു കൃത്യസമയത്തു ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയാത്തതും മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാണ്. ജനിതകപരമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഘടകങ്ങള്‍ വ്യക്തിയുടെ മാനസിക നിലയെ ബാധിച്ചേക്കാം. മസ്തിഷ്‌കത്തിലുണ്ടാകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വ്യക്തിയുടെ മാനസിക നിലയെ സ്വാധീനിക്കും.

സമൂഹം ചെയ്യേണ്ടത്


ബൈപോളാര്‍ ഡിസോഡറുളള വ്യക്തികളോടു പെരുമാറുമ്പോള്‍ മറ്റേതൊരു വ്യക്തിക്കു നല്‍കുന്ന സ്‌നേഹവും പരിഗണനയും ഇവര്‍ക്കും കൊടുക്കണം. സമൂഹത്തില്‍ മറ്റു വ്യക്തികള്‍ക്ക് നല്‍കുന്ന മാന്യത ഇവരും പ്രതീക്ഷിക്കുന്നുണ്ട്്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ ഇടപെടലുകളില്‍ ഇക്കൂട്ടരെയും അംഗീകരിക്കാന്‍ തയ്യാറാകണം.

വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍ ഇവരില്‍ വളരെ പെട്ടെന്നു ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അവരോടു കൂടുതല്‍ തര്‍ക്കിക്കാനോ കാര്യങ്ങള്‍ നിര്‍ബന്ധിച്ചു ചെയ്യിക്കാനോ ശ്രമിക്കരുത്. ഇത് അവരുടെ മാനസിക നിലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അവരില്‍ അരോചകമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാനുളള ഉത്തരവാദിത്വം ഡിസോഡറുളള വ്യക്തിയുമായി ബന്ധമുളള ഓരോ വ്യക്തിക്കുമുണ്ട്.

വിഷാദ അവസ്ഥയിലുളള വ്യക്തികളില്‍ വിഷാദം കുറയ്ക്കാന്‍ വേണ്ടി എല്ലാ കാര്യങ്ങളിലും അവരുടെ
പങ്കാളിത്വം ഉറപ്പാക്കണം. നിത്യജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാനുളള അവസരങ്ങള്‍ അവര്‍ക്കും നല്‍കണം. ജീവിതത്തിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കണം. നല്ല കേള്‍വിക്കാരാകാന്‍ ശ്രമിക്കുക. ഒപ്പം നല്ല സൗഹൃദങ്ങളും സുഹൃത്ത് ബന്ധങ്ങളും നല്‍കാന്‍ കഴിയണം.

വിവാഹം സാധ്യമോ?


മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ കൗണ്‍സിലറെ കണ്ടാല്‍ പോലും പിന്നീട് അയാള്‍ കടുത്ത മാനസിക പ്രശ്‌നമുളള വ്യക്തിയായി മുദ്രകുത്തപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നേടിയവര്‍ക്ക് വിവാഹം ഇന്നും ഒരു യാഥാര്‍ത്ഥ്യമാകാത്ത സ്വപ്നം മാത്രമാണ്.

എന്നാല്‍ സമൂഹത്തില്‍ വിവാഹം കഴിക്കുന്നവരാരും പരിപൂര്‍ണരല്ല. എല്ലാവര്‍ക്കുമുണ്ടാകും പൊരുത്തപ്പെടാന്‍ കഴിയാത്ത നിരവധി സാഹചര്യങ്ങള്‍. അതുകൊണ്ട് മാനസികാസ്വാസ്ഥ്യമുളളവര്‍ വിവാഹം കഴിക്കരുതെന്നു ഒരിക്കലും പറയാന്‍ കഴിയില്ല. അഥവാ വിവാഹം കഴിച്ചാലും പങ്കാളിയോടു കാര്യങ്ങള്‍ പൂര്‍ണമായും തുറന്നു പറഞ്ഞതിനു ശേഷം ഉഭയകക്ഷി സമ്മതത്തോടെയുളള ജീവിതത്തിനു തയ്യാറാകണം. പരസ്പര ധാരണയോടു കൂടിയ ജീവിതം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

സാധാരണ വ്യക്തികളെ പോലെ കരുതാനും സംരക്ഷിക്കാനും അംഗീകരിക്കാനും ശ്രമിച്ചാല്‍ വിവാഹജീവിതം ഇവര്‍ക്കും സാധ്യമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകുകയാണ് വേണ്ടത്. പാരമ്പര്യമായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയമാണ് പലരെയും അലട്ടുന്നത്. ജനിതകപരമായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത പത്തു ശതമാനമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നെങ്കിലും ഈ ഒരു കാരണത്താല്‍ ഇക്കൂട്ടര്‍ക്ക് വിവാഹ ജീവിതം നിഷേധിക്കാനാകില്ല.

uploads/news/2019/03/296942/BipolarDisorder250319b.jpg

ഫലപ്രദമായ ചികിത്സ


ബൈപോളാര്‍ ഡിസോഡറിനു രണ്ടു തലങ്ങളുളളതിനാല്‍ അതിനനുസരിച്ചുളള ചികിത്സ രീതികളാണ് നല്‍കുക. ഏതൊരു മാനസിക പ്രശ്‌നവും പോലെ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ് ബൈപോളാര്‍ ഡിസോഡറും. ഉന്മാദാവസ്ഥയിലുളള വ്യക്തികള്‍ക്കു മരുന്നുകള്‍ ഉപയോഗിച്ചുളള ചികിത്സാ രീതിയാണ് നല്‍കുക.

എന്നാല്‍ വിഷാദത്തിനു കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി എന്ന മനഃശാസ്ത്ര ചികിത്സയാണ് അഭികാമ്യം. പ്രധാനമായും ഈ ചികിത്സ രീതികളാണെങ്കിലും സപ്പോര്‍ട്ടിവ് സൈക്കോതെറാപ്പിക്കും കൗണ്‍സിലിങിനും ഈ ര
ണ്ടു ചികിത്സകളിലും പ്രധാന പങ്കുണ്ട്.

ചിലരില്‍ വളരെ വേഗം ഭേദമാകുന്ന മാനസിക പ്രശ്‌നമാണ് ബൈപോളാര്‍. എന്നാല്‍ മറ്റു ചിലരില്‍ ഏറെ കാലത്തെ ചികിത്സകള്‍ വേണ്ടിവന്നേക്കാം. വ്യക്തികളെ അപേക്ഷിച്ചായിരിക്കും ചികിത്സയുടെ കാലയളവ്.

മാനസികമായ ഏറ്റക്കുറച്ചിലുകള്‍ എല്ലാവരിലും ഉണ്ടാകും. മനസിന്റെ താളപിഴകളുണ്ടാകുമ്പോള്‍ അതു തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കുകയെന്നതാണ് പ്രധാനം. ബൈപോളാര്‍ ഡിസോഡറും ഇത്തരത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന മാനസിക പ്രശ്‌നങ്ങളില്‍ ഒന്നാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. കെ. ഗിരീഷ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
തിരുവനന്തപുരം

Ads by Google
Monday 25 Mar 2019 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW