Tuesday, May 21, 2019 Last Updated 23 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 02.51 PM

ദൈവമായി മാറുന്ന പെണ്‍ തെയ്യം

''വിശ്വാസികളുടെ മനസില്‍ ഭക്തിയുടെ പൂക്കാലം തീര്‍ക്കുന്ന കണ്ണൂരിലെ ഏക പെണ്‍തെയ്യമാണ് ദേവക്കൂത്ത്. തെയ്യക്കോലമണിയുന്ന ഏക സ്ത്രീയായ എം.വി അംബുജാക്ഷിയുടെ ഭക്തിനിര്‍ഭരമായ ജീവിതത്തെക്കുറിച്ച്. ''
uploads/news/2019/03/296078/Pentheyam210319.jpg

കണ്ണൂരിനെന്നും ചുവപ്പ് വര്‍ണ്ണമാണ്. വിപ്ലവവീര്യത്തിന്റെയും തെയ്യക്കോലത്തിന്റെയും ചെഞ്ചോപ്പണിഞ്ഞ മനസാണ് അവരുടേത്. കണ്ണൂരിന് മാത്രം അവകാശപ്പെടാവുന്ന പൈതൃക സ്വത്തുക്കളിലൊന്നാണ് തെയ്യം.

പിഴക്കാത്ത നിഷ്ഠയും വ്രതവുമായി ശരീരവും ആത്മാവും ഒരുപോലെ ശുദ്ധമാക്കിയാണ് തെയ്യംകലാകാരന്‍ തെയ്യക്കോലങ്ങളണിയുന്നത്. മനുഷ്യന്‍ ദൈവമായി മാറുന്ന വ്യത്യസ്ത കാഴ്ചകളാണ് ഓരോ തെയ്യങ്ങളും സമ്മാനിക്കുന്നത്.

നൃത്തം ചെയ്യുന്ന ദേവതാസങ്കല്‍പ്പമാണ് തെയ്യമെങ്കിലും വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യം കെട്ടുന്നത് പുരുഷന്മാരാണ്. വേഷക്കാര്‍ മാത്രമല്ല, ചമയക്കാരും വാദ്യക്കാരും സഹായികളും എല്ലാം പുരുഷന്മാര്‍.

കടാങ്കോട്ട് മാക്കം, കരിഞ്ചാമുണ്ടി, രക്തചാമുണ്ടി, മടയില്‍ ചാമുണ്ടി, പടക്കത്തിഭഗവതി, പുതിയഭഗവതി തുടങ്ങിയ അമ്മദൈവങ്ങളെ കെട്ടിയാടുന്നതും പുരുഷന്മാര്‍തന്നെ. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് തെക്കുമ്പാട് കൂലോം തായക്കാവില്‍ അതിന് വ്യത്യാസമുണ്ട്.

ഒരു സ്ത്രീ തെയ്യംകെട്ടുന്ന ഏക ക്ഷേത്രമാണിത്. ദേവക്കൂത്തെന്ന് അറിയപ്പെടുന്ന ഈ തെയ്യമായി കെട്ടിയാടുന്ന ഒരേയൊരു സ്ത്രീയേ ഇന്ന് കേരളത്തിലുള്ളൂ. കണ്ണൂരിലെ തെക്കുംകാവിലുള്ള എം.വി അംബുജാക്ഷി. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ധനുമാസത്തില്‍ തെക്കുമ്പാട് കൂലോം തായക്കാവില്‍ നടക്കുന്ന കളിയാട്ടത്തിന് തലയില്‍ മയില്‍പ്പീലി ചൂടി, ചെറുചുവടുകളോടെ എത്തുന്ന ദേവക്കൂത്തിന്റെ വരവ് ഏതൊരു മനസിലും ഭക്തിയുടെ പൂക്കള്‍ വിരിയിക്കും.

uploads/news/2019/03/296078/Pentheyam210319a.jpg

ഭക്തിയുണര്‍ത്തും ദേവക്കൂത്ത്


ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ധനുമാസം അഞ്ചാം തിയതിയാണ് കണ്ണൂര്‍ തെക്കുമ്പാട് കൂലോം തായക്കാവില്‍ ദേവക്കൂത്ത് നടക്കുന്നത്. കഴിഞ്ഞ നാല് തവണയായി ദേവക്കൂത്ത് കെട്ടിയാടാനുള്ള ഭാഗ്യം ലഭിച്ച പഴയങ്ങാടി മാടായിയിലെ എം.വി അംബുജാക്ഷിയുടെ വാക്കുകളിലൂടെ...

ദേവക്കൂത്തുമായി ബന്ധപ്പെട്ട ചടങ്ങുകളും പാട്ടുമൊക്കെ സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്. സാധാരണ തെയ്യാട്ടങ്ങളിലുള്ള ചുവടുകളോ ചടുലതാളങ്ങളോ ഒന്നും ദേവക്കൂത്തിലില്ല. കാലില്‍ ചിലമ്പിന് പകരം പാദസരമാണ് അണിയുന്നത്. ലളിതമായ വാദ്യങ്ങളുടെ അകമ്പടിയോടെ പാട്ടുകള്‍ക്കൊപ്പിച്ചുള്ള നൃത്തച്ചുവടുകളാണ് ദേവക്കൂത്തില്‍.

ഇണങ്ങത്തിമാര്‍ക്കാണ് തലമുറകളായി തെയ്യം കെട്ടാനുള്ള അവകാശം. ദേവക്കൂത്ത് കെട്ടാനുള്ള ഒന്നാം അവകാശം ചെറുകുന്ന് ഇടക്കേപ്പുറം വടക്കുംകൂറന്മാര്‍ക്കാണ്.

അവരുടെ വകയില്‍ ആളില്ലാത്തതുകൊണ്ടാണ് രണ്ടാം അവകാശികളായ മൂത്ത ചെറുകുന്നന്മാരായ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കിട്ടിയത്. ഭര്‍ത്താവിന്റെ ഇളയച്ഛന്റെ ഭാര്യയായ ലക്ഷ്മിയമ്മയാണ് മുമ്പ് തെയ്യക്കോലം കെട്ടിയിരുന്നത്. അവര്‍ക്ക് വയ്യാതായപ്പോഴാണ് എനിക്ക് ആചാരം ലഭിച്ചത്.

ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്കേ കോലം കെട്ടാവൂ. ലക്ഷ്മിയമ്മയാണ് ചുവടുകള്‍ പഠിപ്പിച്ചത്. ഭര്‍ത്താവിന്റെ സഹോദരിമാരാണ് തെയ്യത്തിന് പാട്ട് പാടുന്നത്. ഇപ്പോള്‍ നാല് തവണ ഞാന്‍ ദേവക്കൂത്ത് കെട്ടിയാടി.

വ്രതശുദ്ധിയോടെ


41 ദിവസത്തെ വ്രതത്തിനുശേഷമാണ് തെയ്യക്കോലം കെട്ടാന്‍ അമ്പലത്തിലേക്ക് പുറപ്പെടുന്നത്. കല്ലുമാല ഗ്രന്ഥം എന്ന പുസ്തകത്തില്‍ പറയുന്നരീതിയലുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് വ്രതം അനുഷ്ഠിക്കും. മത്സ്യവും മാംസവും വെടിഞ്ഞ് ശുദ്ധിയും വെടിപ്പും കാത്തുസൂക്ഷിച്ച് പൂജാമുറിയില്‍ രണ്ടുനേരം വിളക്ക് കൊളുത്തി പ്രാര്‍ത്ഥനയും നാമജപവുമായി 41 ദിനരാത്രം പുറത്തെങ്ങും പോവാതെ വീട്ടിലിരിക്കും.
uploads/news/2019/03/296078/Pentheyam210319c.jpg

മൂന്നാം തീയതി രാവിലെ വീട്ടില്‍ നിന്ന് പരിവാരങ്ങളായ സ്ത്രീകളൊന്നിച്ചിറങ്ങി വള്ളുവന്‍കടവിലെത്തും. വള്ളുവന്‍ കടവില്‍ ചങ്ങാടവുമായി എതിരേല്‍ക്കാന്‍ ക്ഷേത്രഭാരവാഹികളെത്തിയിട്ടുണ്ടാവും. രണ്ട് തോണികള്‍ കൂട്ടിക്കെട്ടി പലകകള്‍വിരിച്ചാണ് ചങ്ങാടമുണ്ടാക്കുക.

ഒരു തോണിയില്‍ ഞാനിരിക്കും. മറ്റേ തോണിയില്‍ തോഴിമാരും. വള്ളുവക്കുറുപ്പന്മാരുടെ തറവാട്ടിലേക്കാണ് യാത്ര. അവര്‍ കടവത്ത് നിറനാഴിയും തളികയുമായി എതിരേറ്റ് സ്വീകരിച്ചിരുത്തും. രാത്രി താലപ്പൊലിയുമായി ക്ഷേത്രത്തിലേക്ക് ആനയിക്കും.

അമ്പലത്തില്‍ ഓലകൊണ്ട് കുച്ചില്‍ കെട്ടി അതിനുള്ളിലെ പൂജാമുറിയില്‍ പൂജകളൊക്കെയായി കഴിച്ചുകൂട്ടും. അഞ്ചാം തിയതി രാവിലെ ആറുമണിക്ക് മുഖത്തെഴുത്തിന് ഇരിക്കണം. പതിനൊന്ന് മണിയോടെയാണ് തെയ്യം അരങ്ങിലെത്തുക. വാക്കുരിയാടല്‍, വഴിപാട് തുടങ്ങിയ തെയ്യച്ചടങ്ങുകള്‍ ദേവക്കൂത്തിലില്ല. മൃദുവായ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ രണ്ട് സ്ത്രീകള്‍ പിടിക്കുന്ന ചുവന്ന മറപറ്റി ക്ഷേത്രനടയിലെത്തും.

ചമയമണിയുമ്പോള്‍ സ്വയം ദേവിയായി തോന്നും. പിന്നെ ആരാധനയോടെയാണ് എല്ലാവരും എന്നെ നോക്കുന്നത്. ദേവിയായി ആടുമ്പോള്‍ ഞാന്‍ ഞാനല്ലാതായി മാറും. ആ അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയില്ല. തെയ്യം കഴിഞ്ഞാലും അന്നേ ദിവസം കൂടി അമ്പലത്തില്‍ തന്നെ നില്‍ക്കും.

മറ്റു തെയ്യങ്ങളിലേത് പോലെ മുഖത്തെഴുത്തൊക്കെ മായ്ക്കാം. പക്ഷേ നേത്രത്തിലെ എഴുത്ത് മാറ്റില്ല. അമ്പലത്തിലേക്ക് സ്വീകരിച്ചുകൊണ്ടുവന്നതുപോലെ തന്നെ ആറാം തീയതി ചങ്ങാടത്തില്‍ തിരിച്ച് വള്ളുവക്കടവിലെത്തിക്കും. അവിടെ നിന്ന് വീട്ടിലേക്ക്. വീട്ടിലെത്തിയശേഷമാണ് നേത്രം വരച്ചത് കഴുകിക്കളയുന്നത്. അപ്പോഴാണ് മനസില്‍ നിന്നും ദേവിഭാവം മാറുന്നത്.

ഐതിഹ്യം


ദേവലോകത്തുനിന്ന് പൂപറിക്കാനായി തെക്കുമ്പാട് പൂങ്കാവനത്തിലെത്തിയ അപ്സരസ്ത്രീകളില്‍ ഒരു അപ്സരസ് തോട്ടത്തിലെ വള്ളിക്കുരുക്കില്‍പ്പെട്ട് ഒറ്റപ്പെട്ടുപോയി. അവിടെയെത്തിയ നാടുവാഴിത്തമ്പുരാന്‍ ഒരു കുച്ചില്‍ കെട്ടി അവരെ അവിടെ താമസിപ്പിച്ചു. അപ്സരസ്ത്രീയെ അന്വേഷിച്ച് എത്തിയ നാരദ മഹര്‍ഷി അപ്സരസ്ത്രീയെ ദേവലോകത്തേക്ക് തിരികെക്കൊണ്ടുപോയി എന്നതാണ് ദേവക്കൂത്തിന്റെ ഐതിഹ്യം.
uploads/news/2019/03/296078/Pentheyam210319b.jpg

തെയ്യങ്ങളുടെ ലോകം


കണ്ണൂരിലെ കാപ്പാട്ട് മലയന്നാളപ്പിലാണ് ഞാന്‍ ജനിച്ചത്. അച്ഛനും ആങ്ങളമാരും ബന്ധുക്കളായ ആണുങ്ങളും തെയ്യം കെട്ടുന്നവരാണ്. പതിനെട്ടാമത്തെ വയസ്സില്‍ കല്യാണം കഴിഞ്ഞു.

ഭര്‍ത്താവ് കാട്ടുപ്പറമ്പില്‍ കണ്ണന്‍ പണിക്കര്‍, അന്നേ വല്യ തെയ്യക്കാരനാണ്. കല്യാണം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൂടെ തെയ്യം കെട്ടുന്ന സ്ഥലങ്ങളിലൊക്കെ പോകാന്‍ തുടങ്ങി. തെയ്യം കണ്ടും അണിയറയ്ക്കടുത്ത് ഓലത്തടുക്കില്‍ കിടന്നുറങ്ങിയും അതിന്റെ ഭാഗമായി.

മടയില്‍ച്ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, പൊട്ടന്തെയ്യം തുടങ്ങിയ തെയ്യങ്ങളാണ് ഭര്‍ത്താവ് കെട്ടാറുള്ളത്. കാലിന് വയ്യാതായതോടെ തെയ്യം കെട്ടുന്നത് നിര്‍ത്തി. ഇപ്പോള്‍ വാദ്യത്തിനും തോറ്റംപാട്ടിനും പോകാറുണ്ട്. നാല് മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തമകന്‍ അജിത് പണിക്കര്‍ തീച്ചാമുണ്ടി പോലെയുള്ള വലിയ തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്.

ഞാനിപ്പോള്‍ പഴയങ്ങാടിയില്‍ പോസ്റ്റോഫീസില്‍ സ്വീപ്പറാണ്. ദേവിയുടെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി പോകുന്നു. ജീവനുള്ള കാലത്തോളം തെയ്യക്കോലം കെട്ടാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥന മാത്രമേ ഇപ്പോഴുള്ളൂ.

അശ്വതി അശോക്

Ads by Google
Thursday 21 Mar 2019 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW