Thursday, June 20, 2019 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 11.05 AM

‘എലി’യുടെ എക്സ്ട്രീമായിട്ടുള്ള കഥാപാത്രങ്ങള്‍ക്കുവേണ്ടി ഞാന്‍ കാത്തിരുന്നു; ഇതു പുതിയ രജീഷ

''അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലിയായി സംസ്ഥാന അവാര്‍ഡ് നേടി പ്രേക്ഷക മനസുകവര്‍ന്ന രജിഷ വിജയന്‍ ജൂണ്‍ എന്ന ചിത്രത്തിലൂടെ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ''
uploads/news/2019/03/295377/rajeeshavijian180319.jpg

തോളൊപ്പം വെട്ടിയ മുടിയും പല്ലില്‍ ക്ലിപ്പുമിട്ട് സ്‌കൂള്‍ യൂണിഫോമണിഞ്ഞെത്തിയ രജിഷ വിജയനെ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി. നീളന്‍ മുടിയുള്ള പഴയ രജിഷ തന്നെയാണോ ഇതെന്നായി സംശയം. ഇതാണ് ജൂണ്‍, രജിഷയുടെ ആദ്യ ടൈറ്റില്‍ റോള്‍.

നീണ്ട തലമുടി തോളൊപ്പം വെട്ടിയും ജിമ്മില്‍ ദിവസവും നാലുമണിക്കൂര്‍ ഭാരം പൊക്കിയും വിയര്‍ത്തും ഒന്‍പതു കിലോഗ്രാം കുറച്ചും പുതിയ രുചികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഫുഡി ആയിട്ടും ഡയറ്റ് കര്‍ശനമാക്കിയുമൊക്കെയാണ് രജിഷ ജൂണായി മാറിയത്.

തീര്‍ന്നിട്ടില്ല, കഥാപാത്രത്തിന് പൂര്‍ണ്ണത നല്‍കാന്‍ സിനിമയെ സ്‌നേഹിച്ച ആ പെണ്‍കുട്ടി ഒരു വര്‍ഷം പൂര്‍ണമായും സിനിമയില്‍ നിന്നു മാറി നിന്നു. ആ പരിശ്രമം വെറുതെയായില്ല, ജൂണിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യചിത്രത്തിലൂടെ 'എലി'യെന്ന വിളിപ്പേരോടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് നേരിട്ടു പ്രവേശനം നേടിയ രജിഷ ജൂണായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രജിഷയുടെ വിശേഷങ്ങളിലൂടെ...

രജിഷയുടെ ജൂണ്‍ ഓര്‍മ്മകള്‍?


എന്റെ പുതിയ സിനിമയാണ് ജൂണ്‍. എന്റെ ആദ്യത്തെ ടൈറ്റില്‍ കഥാപാത്രമാണ്. 16 വയസു മുതല്‍ 25 വരെയുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പ്രമേയം. എനിക്ക് മാത്രമല്ല, എല്ലാ പെണ്‍കുട്ടികള്‍ക്കും റിലേറ്റ് ചെയ്യാവുന്ന കഥാപാത്രമായിരിക്കും ജൂണ്‍. ജോജു ജോര്‍ജ്, അശ്വതി, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നീ താരങ്ങള്‍ക്കൊപ്പം 16 പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

രസകരമായൊരു സെറ്റായിരുന്നു. ജോജു ചേട്ടന്‍ സെറ്റില്‍ വന്നാല്‍ വളരെ ജോളിയാണ്. പാട്ടുപാടിയും തമാശ പറഞ്ഞുമൊക്കെ എല്ലാവരേയും കംഫര്‍ട്ടബിളാക്കും. ജോജു ചേട്ടന്റെ വര്‍ക്കിംഗ് സ്റ്റൈലൊക്കെ കാണുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. ആര്‍ക്കും പരസ്പരം ഈഗോയൊന്നുമില്ലായിരുന്നു. ഞാന്‍ ഇതുവരെ ചെയ്ത നാലു സിനിമകളിലും ഒപ്പം അഭിനയിച്ചവര്‍ അതുപോലെയായിരുന്നു. ഞാനടക്കമുള്ളവര്‍ കണ്ടുപഠിക്കേണ്ടതാണത്.

കഴിഞ്ഞ വര്‍ഷം സിനിമയില്‍ കണ്ടതേയില്ല?


അത് ഞാന്‍ അറിഞ്ഞുകൊണ്ട് എടുത്ത ബ്രേക്കായിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാലേ ജൂണിന് ഫ്രെഷ്‌നസ് ലഭിക്കൂ.

അനുരാഗ കരിക്കിന്‍ വെള്ളത്തിനുശേഷമാണ് ഞാന്‍ ജൂണിന്റെ കഥ കേള്‍ക്കുന്നത്. ഞാന്‍ രണ്ടാമത് കമ്മിറ്റ് ചെയ്തതും ഈ പ്രോജക്ടായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോയി. പിന്നീട് ഈ സിനിമയ്ക്കു വേണ്ടിത്തന്നെ ഒരു വര്‍ഷം കരിയറില്‍ മാറി നിന്നു. ഒരുപാടു തയാറെടുപ്പുകളും ശാരീരിക മാറ്റങ്ങളും ആവശ്യമുള്ള സിനിമയായിരുന്നു.

uploads/news/2019/03/295377/rajeeshavijian180319a.jpg

പുതിയ മേക്ക് ഓവറിനെക്കുറിച്ച്?


സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ജീവിതത്തിലൂടെ വളരുന്ന ചിത്രമാണിത്. ഓരോ സമയത്തും കഥാപാത്രത്തിന്റെ അപ്പിയറന്‍സില്‍ വ്യത്യാസമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ശാരീരികവും മാനസികവുമായ ഹോംവര്‍ക്കുകള്‍ നടത്തി. ആദ്യത്തേത് ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നു.
ഇഷ്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് ഡയറ്റീഷ്യന്റെ നിര്‍ദേശപ്രകാരമുള്ള ഡയറ്റിലൂടെ മൂന്നുമാസം കൊണ്ട് ഒമ്പത് കിലോ ഭാരം കുറച്ചു.

ഇടയ്ക്ക് യോഗ ചെയ്യാറുണ്ടായിരുന്നു എന്നതല്ലാതെ ജിമ്മുമാ യി ഒരു ബന്ധവുമില്ലായിരുന്നു. പക്ഷേ സിനിമയ്ക്കു വേണ്ടി ദിവസവും നാലു മണിക്കൂര്‍ ജിമ്മിലായിരുന്നു. മുടിയിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ആറ് വ്യത്യത്യസ്ത ലുക്കുകള്‍ക്കായി ആറു ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്. കഥാപാത്രത്തെ വ്യത്യസ്ത ലുക്കില്‍ എത്തിക്കാന്‍ പല്ലിന് ക്ലിപ്പിട്ടു.

10 വര്‍ഷം ഒരു പെണ്‍കുട്ടിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിച്ചത്. ഏറെ കഷ്ടപ്പെടേണ്ടി വരും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ആ ചലഞ്ച് ഏറ്റെടുത്തത്. ഒരു കഥാപാത്രത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തതിനുശേഷം കിട്ടുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ്. ആ സംതൃപ്തിയാണ് ഞാനിപ്പോള്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്.

എലിസബത്ത് എന്ന കഥാപാത്രത്തെ എപ്പോഴെങ്കിലും പരിചയപ്പെട്ടിട്ടുണ്ടോ?


ഒരാളല്ല, ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ചില മുത്തശ്ശിമാര്‍, അവരുടെ കൊച്ചുമക്കള്‍ എലിസബത്തിനെപ്പോലെയാണെന്നു പറഞ്ഞിട്ടുണ്ട്. ചിലരുടെ ഗേള്‍ഫ്രണ്ട്സും സുഹൃത്തുക്കളും അതുപോലെയാണെന്നും പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു എലി. ജൂണും അതുപോലെ തന്നെയായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.

പല താരങ്ങളെയും അഭിമുഖം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അഭിമുഖങ്ങള്‍ നല്‍കുന്നു. എങ്ങനെയുണ്ട് ആ അനുഭവം?


സത്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് എളുപ്പം. ഉത്തരം പറയുന്നത് അത്ര എളുപ്പമല്ല, ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതും ഇഷ്ടപ്പെടുന്നുണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടാണ് ഞാന്‍ ജേര്‍ണലിസം പഠിക്കാന്‍ പോയത്. ഞാന്‍ അത്യാവശ്യം നന്നായി സംസാരിക്കുന്ന ആളാണ്, മീഡിയയില്‍ എത്തിപ്പെടണമെന്ന് ആഗ്രഹിച്ചാണ് ജേര്‍ണലിസം തെരഞ്ഞെടുത്തത്.

അതുപോലെ ഇഷ്ടപ്പെട്ടു തന്നെയാണ് ആങ്കറിംഗ് ചെയ്തു തുടങ്ങിയത്. പിന്നെ സിനിമയിലേക്ക് വന്നപ്പോള്‍ അതും എന്‍ജോയ് ചെയ്യുന്നു. എല്ലാത്തിലും ഒരു സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സൗഹൃദങ്ങള്‍ സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമാക്കിയോ?


സൗഹൃദത്തിലൂടെ മാത്രം സിനിമയിലെത്താന്‍ കഴിയില്ല. അതോടൊപ്പം കഴിവും ഭാഗ്യവുമൊക്കെ ഒത്തുചേരണം. അനുരാഗ കരിക്കിന്‍ വെള്ളം എന്നൊരു സിനിമ തേടിയെത്തിയത് എന്റെ ഭാഗ്യം. സൗഹൃദത്തിന്റെ പുറത്താണെങ്കില്‍ക്കൂടിയും ഓഡിഷനില്‍ പങ്കെടുത്ത് വിജയിച്ചിട്ടാണ് ആ സിനിമ കിട്ടിയത്.

കഠിനാധ്വാനവും ഭാഗ്യവുമൊക്കെ കൂടിച്ചേരുമ്പോഴേ നല്ലൊരു നടിയോ നടനോ ആകാന്‍ കഴിയൂ. അതല്ലാതെ സൗഹൃദമോ മറ്റ് ബന്ധങ്ങളോ ഒന്നും സിനിമയില്‍ അവസരം കിട്ടുന്നതിന് മാനദണ്ഡമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

uploads/news/2019/03/295377/rajeeshavijian180319b.jpg

സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍?


കഥ കേള്‍ക്കുമ്പോള്‍ എക്സൈറ്റ്മെന്റ് ഉണ്ടാകുന്നുണ്ടോ കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടോ, കഥ എന്നിലൂടെയാണോ പ്രേക്ഷകര്‍ കാണേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കാറുണ്ട്. ടൈപ്പ് കാസ്റ്റ് ആകാനും പാടില്ല.

ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ എലിയെ പോലുള്ള കഥകളാണ് വന്നത്. അതിനോടൊക്കെ നോ പറഞ്ഞു. ബാനര്‍, സംവിധായകന്‍, സഹതാരങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കാറുണ്ട്. ഒരു കഥ കേട്ടുകഴിഞ്ഞാല്‍ അതിനെക്കുറിച്ച് അച്ഛനോടും അമ്മയോടും സിനിമയിലെ ചില സുഹൃത്തുക്കളോടും ഡിസ്‌കസ് ചെയ്യാറുണ്ട്.

സിനിമയൊരു സ്വപ്നമായിരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സിനിമയിലെ ഭാവിയെ കുറിച്ച് സ്വപ്നം കണ്ടു തുടങ്ങിയോ?


പഠിച്ചിറങ്ങിയ സമയം മുതല്‍ ഞാന്‍ കരിയറില്‍ ഫോക്കസ്ഡായിരുന്നു. ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ആളാണ്. അതുകൊണ്ടാണ് ജൂണിന് വേണ്ടി ബ്രേക്ക് എടുത്തതും. ഇനിയും അത്തരത്തിലുള്ള വേഷങ്ങള്‍ കിട്ടിയാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന ഫിസിക്കലോ മെന്‍ഡലോ ആയിട്ടുള്ള ട്രാന്‍സ്ഫോമേഷന്‍ ചെയ്യാനും എന്റെ സമയം ചെലവഴിക്കാനും ഞാന്‍ തയാറാണ്.

ഒരിക്കലും സിനിമയില്‍ അംബീഷന്‍ ഉണ്ടായിരുന്നയാളല്ല ഞാന്‍. എല്ലാവര്‍ക്കും സിനിമ ചെയ്യണമെന്ന് അണ്‍ ഇന്റണ്‍ഷണല്‍ ആഗ്രഹമുണ്ടാകും. പക്ഷേ അവരത് ഒരിക്കലും ഗോളോ, അംബീഷനോ ആക്കി മാറ്റുന്നില്ലെന്ന് മാത്രം.

ചില സിനിമകള്‍ കാണുമ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനായിരുന്നുവെങ്കിലെന്ന് എല്ലാവരും ആഗ്രഹിക്കും. ജേര്‍ണലിസം കഴിഞ്ഞപ്പോള്‍ വന്ന ഒരുപാട് ഓപ്പര്‍ച്യൂണിറ്റികളില്‍ ഏറ്റവും ബെസ്റ്റ് സിനിമയായിരുന്നു. ഇപ്പോള്‍ ഞാന്‍ കാണുന്ന സ്വപ്നം ഞാന്‍ ചെയ്യുന്ന കരിയര്‍ മികച്ച രീതിയില്‍ ചെയ്യണമെന്നാണ്.

ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ആ ആംഗീകാരം ഉത്തരവാദിത്തം കൂട്ടുന്നുണ്ടോ ?


പ്രതീക്ഷയുടെ മാനദണ്ഡമല്ലല്ലോ അവാര്‍ഡുകള്‍. ആര്‍ട്ടിസ്റ്റ് ചെയ്ത വര്‍ക്ക് നന്നായതുകൊണ്ട് തരുന്നതാണത്. ചെയ്ത ആദ്യ സിനിമ ഹിറ്റായി, കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

തീരെ പ്രതീക്ഷിക്കാതെ ആ സിനിമയിലൂടെ എനിക്ക് അവാര്‍ഡ് കിട്ടി. ഞാന്‍ ആദ്യമായി വച്ചൊരു ചുവട് ശരിയായിരുന്നു എന്നുള്ളതിന്റെ വഴികാട്ടിയായിട്ടാണ് സംസ്ഥാന അവാര്‍ഡിനെ കണ്ടത്. അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ പ്രതീക്ഷ നിലനിര്‍ത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നുമറയാം.

uploads/news/2019/03/295377/rajeeshavijian180319c.jpg

സെലിബ്രിറ്റി ലൈഫ് എന്‍ജോയ് ചെയ്യുന്നുണ്ടോ?


പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുമെന്നല്ലാതെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. പെട്ടെന്നൊരു ദിവസം സ്റ്റാറായ ആളല്ല ഞാന്‍. ആങ്കറിംഗ് ചെയ്ത് സിനിമയിലെത്തിയ യതുകൊണ്ട് പ്രേക്ഷകര്‍ക്കെന്നെ നേരത്തെ തന്നെ അറിയാം.

രജിഷയുടെ നെഗറ്റീവും പോസിറ്റീവും?


ഞാന്‍ വളരെ സെന്‍സിറ്റീവായ, ഇമോഷണലായ ആളാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ആവശ്യത്തില്‍ കൂടുതല്‍ ഹെല്‍പ് ചെയ്യാറുണ്ട്. അത് നെഗറ്റീവാണെന്ന് തോന്നുന്നില്ല. ഇതൊക്കെ നെഗറ്റീവ് മാത്രമാണോ എന്നറിയില്ല, അതില്‍ കുറച്ചൊക്കെ പോസിറ്റിവിറ്റിയില്ലേ? എല്ലാ കാര്യങ്ങളേയും പോസിറ്റീവായി കാണാനുള്ളൊരു കാഴ്ചപ്പാട് അച്ഛനും അമ്മയും എനിക്ക് തന്നിട്ടുണ്ട്.

ജീവിതത്തില്‍ റോള്‍ മോഡല്‍?


മാതാപിതാക്കള്‍, സിനിമയിലുള്ള കുറച്ചുപേര്‍, പുസ്തകങ്ങളില്‍ വായിച്ചവര്‍ എന്നിങ്ങനെ കുറച്ചുപേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഒരാളെ മാത്രമായി റോള്‍ മോഡല്‍ എന്ന് വിശേഷിപ്പിക്കാനാവില്ല.

പുതിയ താരങ്ങളോട് പറയാനുള്ളത്?


ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് അതിനുവേണ്ടി കഠിനാധ്വാനം ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്നതെന്താണോ അത് നമ്മളെ തേടിയെത്തും. പക്ഷേ അതിനുവേണ്ടി കുറുക്കുവഴികള്‍ സ്വീകരിക്കാതെ നേര്‍വഴിയില്‍ തന്നെ വരുന്ന അവസരങ്ങള്‍ക്കായി കാത്തിരിക്കണം. മറ്റു എളുപ്പവഴികള്‍ നോക്കിയാല്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും കുറ്റബോധം തോന്നാം.

സിനിമ സ്വപ്നം കാണുന്നുണ്ടെങ്കില്‍ അതിനുവേണ്ടി പരിശ്രമിക്കണം. ഓഡീഷനുകളില്‍ പങ്കെടുക്കണം, നന്നായി പെര്‍ഫോം ചെയ്യണം. കഴിവുള്ളവരെ കാത്ത് ഒരുപാട് അവസരങ്ങളുണ്ട്. നിരാശയുണ്ടാകുന്ന രീതിയില്‍ ഒന്നിനേയും ആഗ്രഹിക്കരുത്. അല്ലെങ്കില്‍ അവസരങ്ങള്‍ കിട്ടാതെ വരുമ്പോള്‍ നിരാശ തോന്നും.

സൈബര്‍ ഇടങ്ങളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായിട്ടുണ്ടോ?


ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഒന്നും ഞാന്‍ ഉപയോഗിക്കുന്നില്ല, ആകെ അക്കൗണ്ടുള്ളത് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ്. അവിടെ മോശമായ കമന്റുകള്‍ കുറവാണ്. അങ്ങനെ പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായാലും ബ്ലോക്ക് ചെയ്യാന്‍ എളുപ്പമാണ്. സൈബര്‍ അതിക്രമങ്ങളെ നേരിടാന്‍ പറ്റാത്തതുകൊണ്ടാണ് മറ്റ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാത്തത്. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ ഒരുപരിധി വരെ നമ്മള്‍ പോരാടണം.

പിന്നെ കമന്റുകള്‍ ഒട്ടും സഹിക്കാന്‍ പറ്റുന്നില്ല, മാനസികമായി തളര്‍ത്തുന്നുവെങ്കില്‍ ആ സ്പേയ്സില്‍ നിന്ന് തന്നെ മാറിനില്‍ക്കുക. നെഗറ്റീവ് കമന്റുകള്‍ പറയാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്നതുകൊണ്ടാണല്ലോ അവര്‍ പറയുന്നത്. ആ അവസരമേ ഇല്ലാതാക്കിയാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

uploads/news/2019/03/295377/rajeeshavijian180319d.jpg

ഇപ്പോള്‍ സൈബര്‍ നിയമങ്ങളെല്ലാം വളരെ ശക്തമാണ്. പരാതി പറയാനുള്ള മടിയാണ് പ്രശ്‌നം. ആര്‍ക്കെങ്കിലുമെതിരെ സൈബര്‍ പരാതി കൊടുത്താല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. സൈബര്‍ ആക്രമണങ്ങള്‍ കൂടുന്നതിനനുസരിച്ച് സൈബര്‍ സെക്യൂരിറ്റിയും കൂടുന്നുണ്ടെന്ന് മനസിലാക്കുക. അത്തരം നിയമങ്ങള്‍ ഉപയോഗപ്പെടുത്തുക. ഫേക്ക് ഐഡികളുമായി വരുന്ന പകല്‍മാന്യന്മാരെ നന്നാക്കുന്നത് അത്ര എളുപ്പമല്ല. നമ്മുടെ സുരക്ഷിതത്വം നമ്മള്‍ തന്നെ നോക്കിയേ മതിയാവൂ.

ആഗ്രഹിച്ച കഥാപാത്രങ്ങളാണോ ലഭിച്ചത്?


ഞാന്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ ഇഷ്ടപ്പെട്ടുതന്നെ തെരഞ്ഞെടുത്തതാണ്. എന്നെ സംബന്ധിച്ചിടത്തോളം എലിയെന്ന കഥാപാത്രത്തിന്റെ എക്സ്ട്രീമായിട്ടുള്ള കഥാപാത്രങ്ങ ള്‍ക്കുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്.

ആദ്യമായി ചെയ്ത കഥാപാത്രവും സിനിമയും പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടാല്‍ അവര്‍ നമ്മളെ ആ കഥാപാത്രമായി തന്നെ കാണും. ആ കഥാപാത്രത്തില്‍ നിന്ന് പുറത്തുവരാനാണ് പിന്നീടുള്ള സിനിമകളിലൂടെ ശ്രമിക്കുന്നത്. എപ്പോള്‍ സിനിമ ചെയ്താലും അത് റിസ്‌ക്കാണ്. അഭിനേതാവാണെങ്കിലും സംവിധായകനായാലും നിര്‍മ്മാതാവായാലും റിസ്‌ക് എടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്.

കുടുംബത്തിന്റെ പിന്തുണ?


അച്ഛന്‍ വിജയന്‍. സൈന്യത്തിലായിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ്. ആര്‍മിക്കാരന്റെ കാര്‍ക്കശ്യമൊന്നുമില്ലാത്ത ഡാഡി കൂളാണ് അച്ഛന്‍. പക്ഷേ സ്വന്തം കാര്യങ്ങളിലൊക്കെ സ്ട്രിക്ടുമാണ്. അമ്മ ഷീല അധ്യാപികയായിരുന്നു. സഹോദരി അഞ്ജുഷ, ഞാന്‍ ഇവിടെവരെയെത്തിയതിന്റെ കാരണം എന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ടാണ്.

രജിഷയെന്ന പെണ്‍കുട്ടി ഒരു ആങ്കറായതിന്റെ, നടിയായതിന്റെ ഫുള്‍ ക്രെഡിറ്റും എനിക്ക് ജന്മം നല്‍കി, വളര്‍ത്തി വലുതാക്കി, എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ, എന്നെ ഞാനായി ജീവിക്കാന്‍ അനുവദിച്ച എന്റെ അച്ഛനമ്മമാര്‍ക്കാണ്.

അശ്വതി അശോക്
ഫോട്ടോ . അജ്മല്‍ ലത്തീഫ്

Ads by Google
Ads by Google
Loading...
TRENDING NOW