Tuesday, May 21, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 01.06 PM

പത്മ പുരസ്‌കാരം ലഭിച്ചെന്ന് കരുതി മോഹന്‍ലാല്‍ വലുതാകുകയോ മമ്മൂട്ടി ചെറുതാകുകയോ ചെയ്യുമോ?

uploads/news/2019/03/295206/mammootty.jpg

ഏതിലും ഒരു മര്യാദ വേണമെന്നതാണല്ലോ നാട്ടുനടപ്പ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരം നാട്ടുമര്യാദകളോ കീഴ്വഴങ്ങളോ ഒന്നും പ്രശ്നമല്ല. സ്വന്തം പാര്‍ട്ടിയില്‍ തന്നെ കൂടുതല്‍ പ്രവര്‍ത്തനപരിചയവും സീനിയോരിറ്റിയുമുള്ള സാക്ഷാല്‍ എല്‍.കെ. അദ്വാനിയെ പോലും മൂലയ്ക്കിരുത്തിയ പാരമ്പര്യമാണ് കലാകാരന്‍മാരുടെ കാര്യത്തിലും അവരെ നയിക്കുന്നതെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകരെ നമുക്ക് കുറ്റപ്പെടുത്താനാവില്ല.

ഇപ്പോള്‍ പത്മപുരസ്‌കാരങ്ങളുടെ കാര്യം തന്നെ നോക്കാം. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ നിരവധി പണ്ഡിതന്‍മാരെ മറികടന്ന് പി.പരമേശ്വര്‍ജിക്ക് ബി.ജെ.പി പത്മഭൂഷണ്‍ സമ്മാനിച്ചപ്പോള്‍ ആരും വിയോജിപ്പ് പ്രകടിപ്പിച്ചില്ല. കാരണം പരമേശ്വര്‍ജിയുടെ അര്‍ഹതയെ ചോദ്യം ചെയ്യാനാവില്ല എന്നത് തന്നെ.

അതുപോലെ നടന്‍ മോഹന്‍ലാലിന് ബി.ജെ.പി സ്നേഹപുരസ്സരം പത്മഭൂഷണ്‍ സമ്മാനിച്ചപ്പോഴും ആരും മുഖം ചുളിച്ചില്ല. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നടനവിസ്മയങ്ങളിലൊന്നായ ലാലിന് പത്മഭൂഷണിന് അപ്പുറത്തുളള പുരസ്‌കാരങ്ങള്‍ക്കും യോഗ്യതയുണ്ട്. എന്നു കരുതി ഇതൊക്കെ മുന്‍പേ കിട്ടേണ്ട യോഗ്യന്‍മാരെ കണ്ടില്ലെന്ന് നടിക്കുന്നതും അവഗണിക്കുന്നതും ന്യായീകരിക്കാന്‍ പറ്റുമോ?

സംശയിക്കേണ്ട. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ചു തന്നെയാണ് സൂചന.

മൂന്ന് തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരവും അഞ്ച് തവണ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും പത്മശ്രീയും മോഹന്‍ലാലിനേക്കാള്‍ സീനിയോരിറ്റിയുമുള്ള മമ്മുട്ടി കഴിവിലും അഭിനയപ്രതിഭയിലും ലാലിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ബി.ജെ.പിക്കാര്‍ പോലും സമ്മതിക്കും.

കുറഞ്ഞപക്ഷം മോഹന്‍ലാലിനൊപ്പമെങ്കിലും മമ്മൂട്ടിക്കും പത്മഭൂഷണ്‍ നല്‍കാമായിരുന്നു. പേരന്‍പ് പോലെ ഒരു തമിഴ് ചിത്രത്തിലൂടെ ഈ വൈകിയ വേളയിലും തന്റെ അഭിനയസിദ്ധിയുടെ മാറ്റിന് തെല്ലൂം കുറവില്ലെന്ന് അദ്ദേഹം ഇന്ത്യന്‍ സിനിമയെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു. ഒരു പക്ഷെ ഇടതുപക്ഷസഹയാത്രികനായതാണോ മമ്മൂട്ടിയുടെ അയോഗ്യതയായി അധികൃതര്‍ കാണുന്നതെന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒരു കലാകാനെ അംഗീകരിക്കുന്നതില്‍ ജാതിമത-രാഷ്ട്രീയ വീക്ഷണങ്ങള്‍ മാനദണ്ഡമാക്കേണ്ടതുണ്ടോ എന്ന ചോദ്യവും അവശേഷിക്കുന്നു.

ഈ വിഷയം സംബന്ധിച്ച് മംഗളം ഓണ്‍ലൈനിന്റെ ചോദ്യത്തോട് ദേശീയ പുരസ്‌കാരജേതാവും പൊനന്തന്‍മാട എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പ്രമുഖ ചലച്ചിത്രകാരനുമായ ടി.വി.ചന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ.

''പൊതുവെ പത്മപുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ല. ന്യായമോ നീതിയോ ഇല്ല. പത്മ പുരസ്‌കാരം ലഭിച്ചെന്ന് കരുതി മോഹന്‍ലാല്‍ വലുതാകുകയോ മമ്മൂട്ടി ചെറുതാകുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ ലാലിന് ലഭിച്ച ഈ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നെങ്കിലും ഇത് തന്നെയാണ് എന്റെ അഭിപ്രായം. കാരണം ഇത്തരം പുരസ്‌കാരങ്ങള്‍ പലപ്പോഴും പ്രഹസനങ്ങളാണ്. ഞാനിതിനെ ഒരു തമാശയായിട്ടാണ് കാണുന്നത്. അര്‍ഹതയില്ലാത്തവര്‍ പലപ്പോഴും ഇത് വാങ്ങിക്കുട്ടുന്നതു കൊണ്ട് പത്മപുരസ്‌കാരങ്ങളുടെ പ്രസക്തി തന്നെ നഷ്ടമായിരിക്കുന്നു. എന്നാല്‍ മോഹന്‍ലാലിനെ പോലെ ഉന്നതനായ ഒരു നടന് ഇത് ലഭിച്ചാലും ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മഹത്വത്തിന് കോട്ടം തട്ടുന്നില്ല. മമ്മൂട്ടിയും അതുപോലെ തന്നെ. ആര്‍ക്ക് വേണമെങ്കിലും വാങ്ങിച്ചെടുക്കാവുന്ന പത്മപുരസ്‌കാരങ്ങള്‍ക്കൊക്കെ അതീതരാണ് ഈ രണ്ട് മഹാനടന്‍മാരെന്ന് ഞാന്‍ വിശ്വസിക്കുന്നു.''

Ads by Google
Sunday 17 Mar 2019 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW