Saturday, March 16, 2019 Last Updated 20 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.36 AM

കര്‍മനിരതമായ മുപ്പത്‌ വര്‍ഷങ്ങള്‍ പിന്നിട്ട്‌ മംഗളം

uploads/news/2019/03/294943/editorial.jpg

മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ വേറിട്ട പാത വെട്ടിത്തുറന്ന മംഗളം ദിനപത്രം മൂന്നു പതിറ്റാണ്ട്‌ പിന്നിടുകയാണ്‌. 1989 മാര്‍ച്ച്‌ 16-നായിരുന്നു മംഗളം മലയാളികള്‍ക്കു മുന്നിലെത്തിയത്‌. ദശാബ്‌ദങ്ങള്‍ പിന്നിട്ട വിവിധ ദിനപത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിരിക്കെ മംഗളം പിറന്നത്‌ മംഗളം വാരികയിലൂടെ വായന ജനകീയമായതിനു പിന്നാലെയായിരുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്ന ഒരു പത്രം കേരളത്തിന്‌ ആവശ്യമാണെന്ന സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസിന്റെ ഉറച്ച വിശ്വാസത്തിന്റെ ചുവട്‌ പിടിച്ചായിരുന്നു പത്രം പിറവി കൊണ്ടത്‌. ഇനിയും കേരളത്തില്‍ ഒരു പത്രത്തിനു നിലനില്‍പുണ്ടാകുമോ എന്നു സംശയിച്ച എല്ലാവരെയും തിരുത്തുന്ന തരത്തിലായിരുന്നു മംഗളം ദിനപത്രത്തിന്റെ പിന്നീടുള്ള യാത്ര. പത്രവായനയും ജനകീയമാക്കുക എന്ന ദൗത്യം മുറുകെ പിടിച്ചതിനാല്‍ മറ്റെല്ലാ പത്രങ്ങളെക്കാളും വിലക്കുറവിലായിരുന്നു മംഗളത്തിന്റെ വരവ്‌. മുന്നു പതിറ്റാണ്ടു പിന്നിടുമ്പോഴും ഇതടക്കമുള്ള ജനകീയ നിലപാടുകള്‍ മംഗളം മുറുകെ പിടിക്കുന്നു.

തികച്ചും നിഷ്‌പക്ഷ നയമാണ്‌ മംഗളം ഇന്നേവരെ സ്വീകരിച്ചിട്ടുള്ളത്‌. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കോ മത-സാമുദായിക സംഘടനകള്‍ക്കോ അടിയറവ്‌ വച്ചുകൊണ്ടുള്ളതല്ല മംഗളത്തിന്റെ വാര്‍ത്തയോടുള്ള സമീപനം. അപ്രിയ സത്യങ്ങള്‍ തുറന്നെഴാന്‍ എന്നും മംഗളത്തിന്റെ താളുകള്‍ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാവും. പലരും മൂടിവയ്‌ക്കാനാഗ്രഹിക്കുന്ന വസ്‌തുതകളും വാര്‍ത്തകളും ആദ്യം ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടായിരുന്നു. ഇങ്ങനെ മംഗളം അവതരിപ്പിച്ച വാര്‍ത്തകള്‍ പിന്നീട്‌ കേരളത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളായി വളര്‍ന്നു. അധികാരസ്‌ഥാനങ്ങളിലെ നിരവധി അഴിമതികള്‍ മംഗളത്തിന്റെ താളുകളിലൂടെ പുറത്തു വന്നത്‌ ചരിത്രമാണ്‌. സത്യം സൈധര്യം വിളിച്ചു പറയുക എന്നതായിരുന്നു തുടക്കം മുതല്‍ മംഗളത്തിന്റെ രീതി. ഇതിന്റെ പേരില്‍ ഉണ്ടായ എതിര്‍പ്പുകള്‍ എല്ലാം ഞങ്ങള്‍ക്ക്‌ കൂടുതല്‍ സത്യാന്വേഷണത്തിനുള്ള ഊര്‍ജമായി. സത്യം പറഞ്ഞതിന്റെ പേരില്‍ അനേകം പേര്‍ മംഗളത്തെ എതിര്‍പക്ഷത്ത്‌ നിര്‍ത്തിയിട്ടുണ്ട്‌. പ്രീണനനയങ്ങളിലൂടെ അവരെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകാമായിരുന്നെങ്കിലും ഞങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനൊപ്പം നില്‍ക്കാനാണ്‌ എന്നും താത്‌പര്യം കാണിച്ചിട്ടുള്ളത്‌.

കാലത്തിനനുസരിച്ച എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ടായിരുന്നു മംഗളത്തിന്റെ മുന്നോട്ടുള്ള യാത്ര. വിവിധ എഡീഷനുകളിലൂടെ കേരളത്തില്‍ എല്ലായിടത്തും മംഗളമെത്തുന്നു. ഏറെ ജനപ്രിയമായ ഓണ്‍ലൈന്‍ പതിപ്പിലൂടെ ലോകമെമ്പാടും മംഗളത്തിനു വായനാവൃന്ദം സൃഷ്‌ടിക്കാനായി. ഇന്ന്‌ പത്രപ്രവര്‍ത്തന രംഗമാകെ വിവിധ ഭീഷണികള്‍ നേരിടുന്ന സമയമാണ്‌. തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത വാര്‍ത്തകള്‍, അവ സത്യമായിരിക്കുമ്പോള്‍ തന്നെ, പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്ന വിവിധ സംഭവങ്ങളാണ്‌ ദിനംപ്രതിയുണ്ടാകുന്നത്‌. കേരളവും ഇതില്‍ നിന്നു മുക്‌തമല്ല. ഉത്‌പാദനച്ചെലവ്‌ വര്‍ധിക്കുന്നതും നിലനില്‍പിനെ ബാധിക്കുന്ന പ്രശ്‌നമാണ്‌. ഇത്തരം പതിസന്ധികളെയൊക്കെ നേരിട്ട്‌ മംഗളം ജനപക്ഷത്തു നിന്നുള്ള പത്രപ്രവര്‍ത്തനം തുടരുകതന്നെ ചെയ്യും എന്നതാണ്‌ മൂന്നു പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ മംഗളം ഒരിക്കല്‍കൂടി ഉറപ്പിക്കുന്നത്‌.

Ads by Google
Saturday 16 Mar 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW