Monday, May 20, 2019 Last Updated 27 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.33 AM

ഒളിച്ചുകളിച്ച്‌ മധ്യകേരളം, വടക്ക്‌ വിവാദച്ചൂട്‌, തെക്ക്‌ ശാന്തം

uploads/news/2019/03/294941/bft2.jpg

തിരുവനന്തപുരം/കോട്ടയം/മലപ്പുറം: സ്‌ഥാനാര്‍ഥി നിര്‍ണയം മധ്യകേരളത്തിലെയും മുസ്ലിം ലീഗ്‌-എസ്‌.ഡി.പി.ഐ. കൂടിക്കാഴ്‌ച മലബാറിലെയും പ്രചാരണത്തിന്‌ എരിവും പുളിയും പകരുമ്പോള്‍ വിവാദങ്ങളൊഴിഞ്ഞ്‌ തെക്കന്‍ തിരുവിതാംകൂര്‍. തെക്കു-വടക്കു ഭേദമില്ലാതെ എരിപൊരികൊള്ളിക്കുന്ന അന്തരീക്ഷതാപത്തിനൊപ്പം തെരഞ്ഞെടുപ്പുചൂടിനു തിരുവിതാംകൂറിലും കുറവൊട്ടുമില്ലെന്നുമാത്രം.
മധ്യതിരുവിതാംകൂറിലെയും മലബാറിലെയും വിവാദങ്ങളുടെ ചെറു പ്രകമ്പനങ്ങളുണ്ടെങ്കിലൂം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അവ വന്‍ ഭൂകമ്പത്തിനു വഴിവച്ചിട്ടില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ച ഇടതുമുന്നണിക്കു രണ്ടു ജില്ലകളിലും കാര്യങ്ങള്‍ സുഗമമാണ്‌. തിരുവനന്തപുരത്തും ആറ്റിങ്ങലിലും സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച്‌ ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത്‌ യു.ഡി.എഫിനും ബി.ജെ.പിക്കും തലവേദന സൃഷ്‌ടിക്കുന്നു. മണ്ഡലത്തിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും ശബരിമല വിഷയവും ഇടതുമുന്നണി ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്‌. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തൊഴില്‍ മേഖലയിലെയും കാര്‍ഷികരംഗെത്തേയും പ്രശ്‌നങ്ങളാണ്‌ പ്രധാന ചര്‍ച്ച. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുടെ ബി.ജെ.പി. ബന്ധമാണ്‌ കൊല്ലത്തു പ്രധാന ചര്‍ച്ചാവിഷയം. ഒപ്പം കശുവണ്ടിമേഖലയിലെ പ്രശ്‌നങ്ങളും സജീവമാണ്‌.
മിക്ക തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്‌. മനസാണു മധ്യകേരളത്തിന്‌. സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ പോരിനെത്തുടര്‍ന്ന്‌ പ്രഖ്യാപനം വൈകുന്നത്‌ ഇത്തവണ യു.ഡി.എഫിനെ തിരിഞ്ഞുകൊത്തുമോയെന്നാണ്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. അതുതന്നെയാണ്‌ എല്‍.ഡി.എഫിനു പ്രതീക്ഷ പകരുന്ന ഘടകവും.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനോടാണു കൂറെങ്കില്‍ ലോക്‌സഭയിലേക്കു യു.ഡി.എഫിനോടു പ്രത്യേക മമത പുലര്‍ത്താറുള്ള ആലപ്പുഴയില്‍ ഇത്തവണ സ്‌ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ഇതുവരെ യു.ഡി.എഫിനായിട്ടില്ല.
പത്തനംതിട്ടയില്‍ ശബരിമല വിഷയത്തിലാണു പാര്‍ട്ടികളുടെ കണ്ണ്‌.
കേരളാ കോണ്‍ഗ്രസി(എം) ലെ സ്‌ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച കൈവിട്ട കളികളാണ്‌ കോട്ടയത്ത്‌ യു.ഡി.എഫ്‌. ക്യാമ്പിനെ അലോസരപ്പെടുത്തുന്നത്‌. അവസരം മുതലെടുത്ത്‌ ഇടതു സ്‌ഥാനാര്‍ഥി വി.എന്‍. വാസവന്‍ കളംനിറഞ്ഞു കഴിഞ്ഞു. പടലപ്പിണക്കം ശോഭകെടുത്തിയെങ്കിലും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി തോമസ്‌ ചാഴികാടന്‍ പിന്നാലെയുണ്ട്‌. രണ്ടു ക്യാമ്പുകളിലെയും അസ്വസ്‌ഥതകള്‍ ആനുകൂല്യമാക്കാന്‍ കഴിവുള്ള പി.സി. തോമസ്‌ സര്‍വ അടവുകളുമായി എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി രംഗത്തുണ്ട്‌.
ഇടുക്കിയിലും യു.ഡി.എഫ്‌. ക്യാമ്പില്‍ സ്‌ഥിതി വ്യത്യസ്‌തമല്ല. സ്‌ഥാനാര്‍ഥിക്കായുള്ള കാത്തിരിപ്പിലാണ്‌ അണികള്‍. പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള തീരുമാനത്തിലെ അവ്യക്‌തത യു.ഡി.എഫില്‍ ആശയക്കുഴപ്പമേറ്റുന്നു. എന്‍.ഡി.എയിലും കാര്യങ്ങള്‍ അത്ര സുഗമമല്ല.
പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥികളുടെ എസ്‌.ഡി.പി.ഐ. കൂടിക്കാഴ്‌ചയാണ്‌ മലബാറിനെ എരിപൊരികൊള്ളിക്കുന്നത്‌. കൂടിക്കാഴ്‌ച അവിചാരിതമെന്ന്‌ സ്‌ഥാനാര്‍ഥികളായ ഇ.ടി. മുഹമ്മദ്‌ ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫിനെ അടിക്കാനുള്ള വടി കിട്ടിയ സന്തോഷത്തിലാണ്‌ എല്‍.ഡി.എഫും ബി.ജെ.പിയും. രഹസ്യചര്‍ച്ച പൊതുചര്‍ച്ചയാക്കി മലബാറിലും വടക്കന്‍ കേരളത്തിലും പരമാവധി വോട്ടുകള്‍ സമാഹരിക്കാമെന്നാണ്‌ ഇടതുപക്ഷവും ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്‌.

Ads by Google
Saturday 16 Mar 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW