Monday, April 29, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.15 AM

ബംഗ്ലാദേശ്‌ ന്യൂസിലന്‍ഡ്‌ പര്യടനം ഉപേക്ഷിച്ചു

uploads/news/2019/03/294864/s4.jpg

ക്രൈസ്‌റ്റ്ചര്‍ച്ച്‌: ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീം ന്യൂസിലന്‍ഡ്‌ പര്യടനം ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങും. ക്രൈസ്‌റ്റ്ചര്‍ച്ചില്‍ മുസ്ലിം പള്ളിക്കു നേരെയുണ്ടായ വെടിവെയ്‌പ്പിനു പിന്നാലെയാണു പര്യടനം ഉപേക്ഷിക്കാന്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ തീരുമാനിച്ചത്‌.
ഹാഗ്ലി പാര്‍ക്കിലെ മസ്‌ജിദ്‌ അല്‍ നൂര്‍ പള്ളിയിലേക്കു ടീം അംഗങ്ങള്‍ പ്രാര്‍ഥനയ്‌ക്കായി കയറാന്‍ തുടങ്ങുമ്പോഴാണു വെടിവയ്‌പ്പുണ്ടായത്‌. ഭാഗ്യം കൊണ്ടു മാത്രമാണ്‌ ആര്‍ക്കും ഒരു പോറലു പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതെന്നു ടീം മാനേജറും മുന്‍ വിക്കറ്റ്‌ കീപ്പറുമായ ഖാലിദ്‌ മഷൂദ്‌ പറഞ്ഞു. ബസില്‍നിന്ന്‌ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. സൗമ്യ സര്‍ക്കാര്‍ ബസിറങ്ങി പള്ളിയിലേക്ക്‌ ഏതാനും ചുവടുകള്‍ വച്ചു. പെട്ടെന്നാണു സമീപത്തുനിന്നു വെടിയൊച്ചകള്‍ കേട്ടത്‌. ബസില്‍ തല പൂഴ്‌ത്തിയിരിക്കുകയായിരുന്നു പിന്നീട്‌. പത്തു മിനിറ്റുകള്‍ക്കു ശേഷമാണ്‌ എഴുന്നേറ്റുനിന്നത്‌.
മഷൂദ്‌ അടക്കം 17 പേരാണു ബസിലുണ്ടായിരുന്നത്‌. അഞ്ച്‌ മിനിറ്റ്‌ മുമ്പ്‌ പള്ളിയില്‍ കടന്നിരുന്നെങ്കില്‍ ഞങ്ങളും വെടിയുണ്ടയ്‌ക്കിരയാകുമായിരുന്നു - വിറയാര്‍ന്ന സ്വരത്തില്‍ മഷൂദ്‌ പറഞ്ഞു. ടീമിന്റെ പെര്‍ഫോര്‍മന്‍സ്‌ അനലിസ്‌റ്റ് ഇന്ത്യക്കാരനായ ശ്രീനിവാസ്‌ ചന്ദ്രശേഖരനും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ബംഗ്ലാ ടീം അംഗങ്ങളും ഏറെക്കഴിഞ്ഞാണു ഞെട്ടലില്‍നിന്നു മോചിതരായതെന്നു ശ്രീനിവാസ്‌ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണു ശ്രീനിവാസ്‌ ബംഗ്ലാദേശ്‌ ടീമിന്റെ പെര്‍ഫോര്‍മന്‍സ്‌ അനലിസ്‌റ്റായത്‌്. ടീമിന്റെ ബൗളിങ്‌ കണ്‍സള്‍ട്ടന്റ്‌ സുനില്‍ ജോഷി താമസിക്കുന്ന ഹോട്ടലില്‍ തന്നെ തുടര്‍ന്നതിനാല്‍ ദുരന്തത്തിനു ദൃക്‌സാക്ഷിയായില്ല.
ലിട്ടന്‍ ദാസ്‌, നയീം ഹസന്‍ എന്നിവരും ജോഷിക്കൊപ്പം ഹോട്ടലില്‍ തങ്ങിയിരുന്നു. താനും സുഹൃത്തുക്കളും ആദ്യമായാണ്‌ ഇത്തരം ഭീകരാന്തരീക്ഷം നേരിടുന്നതെന്നു വെറ്ററന്‍ ഓപ്പണര്‍ തമീം ഇഖ്‌ബാല്‍ പറഞ്ഞു. വെടിവയ്‌പ്പ് നടന്ന്‌ ഏറെ നേരം കഴിഞ്ഞാണു ബസില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിച്ചത്‌. അല്‍പ സമയം ഹാഗ്ലി പാര്‍ക്കില്‍ ചെലവഴിച്ച ശേഷം ഹോട്ടലിലേക്കു മടങ്ങിയെന്നും തമീം പറഞ്ഞു. പിന്നിലെ ഗേറ്റിലൂടെയാണു പുറത്തുകടന്നത്‌്. ജീവന്‍ കൈയില്‍ പിടിച്ച്‌് ഓടിയാണു ഗേറ്റിനടുത്തെത്തിയത്‌. നാട്ടുകാരുടെ സഹായത്തോടെ പെട്ടെന്നു തന്നെ ഹോട്ടല്‍ മുറിയിലെത്താനായി- തമീം ഇഖ്‌ബാല്‍ വിവരിച്ചു. നാട്ടുകാരുടെ സമയോചിത പ്രവൃത്തി ആകര്‍ഷണീയമായെന്നും ബംഗ്ലാ താരം പറഞ്ഞു. നായകന്‍ മഹ്‌മദുള്ള, കോച്ച്‌ സ്‌റ്റീവ്‌ റോഡ്‌സ് എന്നിവരാണു ബന്ധപ്പെട്ട ശേഷമാണു ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പര്യടനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌.
ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ്‌ ബോര്‍ഡും തീരുമാനത്തെ അനുകൂലിച്ചു. ന്യൂസിലന്‍ഡ്‌ പര്യടനം ഉപേക്ഷിച്ച ബംഗ്ലാദേശിന്റെ നടപടിയെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ സ്വാഗതം ചെയ്‌തു. ഇരുടീമുകളുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനത്തോടു യോജിക്കുന്നതായി ഐ.സി.സി. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡേവിഡ്‌ റിച്ചാഡ്‌സണ്‍ പറഞ്ഞു.
ക്രൈസ്‌റ്റ് ചര്‍ച്ചില്‍ ഇന്നു മൂന്നാം ടെസ്‌റ്റ് തുടങ്ങാനിരിക്കവേയാണു വെടിവയ്‌പ്പുണ്ടായത്‌. മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങളിലും ന്യൂസിലന്‍ഡ്‌ ഇന്നിങ്‌സ് ജയം നേടിയിരുന്നു. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയും ന്യൂസിലന്‍ഡ്‌ സ്വന്തമാക്കി. ടെസ്‌റ്റിനു ശേഷം ബംഗ്ലാ ടീം നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. അക്രമികള്‍ ബംഗ്ലാ താരങ്ങളെ തിരിച്ചറിഞ്ഞ്‌ ആക്രമിച്ചിരുന്നെങ്കില്‍ രാജ്യാന്തര തലത്തില്‍ തന്നെ ഗംഭീര വിഷയമാകുമായിരുന്നു. ക്രൈസ്‌റ്റ് ചര്‍ച്ചില്‍നിന്നു വിമാന മാര്‍ഗം യാത്ര തിരിച്ച ബംഗ്ലാദേശ്‌ ടീം ഇന്നു വൈകിട്ട്‌ ധാക്കയിലെത്തും.

Ads by Google
Saturday 16 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW