Saturday, March 16, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Saturday 16 Mar 2019 01.10 AM

എസ്‌.ഡി.പി. ഐ. ബന്ധം പുറത്ത്‌; മുഖം നഷ്‌ടപ്പെട്ട്‌ മുസ്ലിം ലീഗ്‌, പൊന്നാനിയില്‍ ഇ.ടി.ക്ക് പരാജയഭീതി? യാദൃച്‌ഛിക കൂടിക്കാഴ്‌ചയെന്നു പറഞ്ഞ്‌ തലയൂരാനുള്ള ലീഗിന്റെ ശ്രമം പൊളിഞ്ഞു

IMUL, SDPI

മലപ്പുറം: എസ്‌.ഡി.പി.ഐ-പോപ്പലുര്‍ ഫ്രണ്ട്‌ നേതാക്കളുമായി മുസ്ലിം ലീഗിന്റെ ലോക്‌സഭാ സ്‌ഥാനാര്‍ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്‌ ബഷീറും നടത്തിയ രഹസ്യചര്‍ച്ച വന്‍വിവാദമായി. യാദൃച്‌ഛിക കൂടിക്കാഴ്‌ചയെന്നു പറഞ്ഞ്‌ തലയൂരാനുള്ള ലീഗിന്റെ ശ്രമം എസ്‌.ഡി.പി.ഐയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. രാഷ്‌ട്രീയചര്‍ച്ചയാണു നടന്നതെന്നും തെരഞ്ഞെടുപ്പില്‍ ലീഗ്‌ സഹായമഭ്യര്‍ഥിച്ചെന്നുമാണ്‌ എസ്‌.ഡി.പി.ഐ. സംസ്‌ഥാനാധ്യക്ഷന്‍ അബ്‌ദുള്‍ മജീദ്‌ ഫൈസി വ്യക്‌തമാക്കിയത്‌.

കൊണ്ടോട്ടി തുറയ്‌ക്കലില്‍ കെ.ടി.ഡി.സി. ഹോട്ടലായ ടാമറിന്‍ഡിലാണു കുഞ്ഞാലിക്കുട്ടിയും മുഹമ്മദ്‌ ബഷീറും പോപ്പുലര്‍ ഫ്രണ്ട്‌ സംസ്‌ഥാനാധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം, പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയസംഘടനയായ എസ്‌.ഡി.പി.ഐയുടെ നേതാക്കള്‍ എന്നിവരുമായി കഴിഞ്ഞദിവസം രാത്രി കൂടിക്കാഴ്‌ച നടത്തിയത്‌. നേതാക്കള്‍ ഹോട്ടലിലെത്തുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി.
കഴിഞ്ഞ ബുധനാഴ്‌ച രാത്രി എട്ടോടെയാണു നസറുദ്ദീനും മറ്റ്‌ അഞ്ചുപേരും ടാമറിന്‍ഡ്‌ റസ്‌റ്റൊറന്റില്‍ എത്തിയത്‌. ഇവര്‍ ലഘുഭക്ഷണം കഴിക്കവേ, 8.15-ന്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ ഹോട്ടലിലെത്തി 105-ാം നമ്പര്‍ മുറിയെടുത്തു. തുടര്‍ന്ന്‌ നസറുദ്ദീനും സംഘവും മുറിയിലെത്തി. 10 മിനിട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും. ചര്‍ച്ച കഴിഞ്ഞ്‌ ഒമ്പതരയോടെയാണ്‌ എല്ലാവരും മടങ്ങിയത്‌.

നസറുദ്ദീന്‍ എളമരം മുമ്പ്‌ എസ്‌.ഡി.പി.ഐ. സംസ്‌ഥാനാധ്യക്ഷനും 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ സ്‌ഥാനാര്‍ഥിയുമായിരുന്നു. അന്നു മലപ്പുറത്ത്‌ എസ്‌.ഡി.പി.ഐക്കു 47,000 വോട്ടും പൊന്നാനിയില്‍ 26,000 വോട്ടും ലഭിച്ചു. പൊന്നാനില്‍ ലീഗ്‌ സ്‌ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്‌ ബഷീറിനു ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ (25,410) വോട്ട്‌ എസ്‌.ഡി.പി.ഐ. നേടി. പൊന്നാനിയില്‍ ഇക്കുറി മുഹമ്മദ്‌ ബഷീറിനു കാര്യങ്ങള്‍ എളുപ്പമല്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ എസ്‌.ഡി.പി.ഐയുമായുള്ള കൂടിക്കാഴ്‌ചയെന്നു സൂചനയുണ്ട്‌. ലീഗിനു പരാജയഭീതിയാണെന്നും നാലു വോട്ടിനു വേണ്ടി തീവ്രവാദസംഘടനകളുമായി കൂട്ടുകൂടുകയാണെന്നും ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ്‌. നേതാക്കള്‍ രംഗത്തുവരുകയും ചെയ്‌തു.

ഇ. അഹമ്മദിന്റെ നിര്യാണത്തോടെ, 2016-ല്‍ മലപ്പുറത്തു കുഞ്ഞാലിക്കുട്ടി ലീഗ്‌ സ്‌ഥാനാര്‍ഥിയായപ്പോള്‍ എസ്‌.ഡി.പി.ഐ. സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഇതു രഹസ്യധാരണപ്രകാരമാണെന്ന്‌ എല്‍.ഡി.എഫ്‌. ആരോപിച്ചിരുന്നു. ഇക്കുറിയും ലീഗിനെ പ്രതിരോധത്തിലാക്കാന്‍ ലഭിച്ച അവസരം പരമാവധി മുതലാക്കുകയാണ്‌ ഇടതുമുന്നണി. ലീഗ്‌-എസ്‌.ഡി.പി.ഐ. ചര്‍ച്ച യു.ഡി.എഫിന്റെ അറിവോടെയാണെന്നു പൊന്നാനിയിലെ ഇടതുസ്‌ഥാനാര്‍ഥി പി.വി. അന്‍വര്‍ ആരോപിച്ചു. യു.ഡി.എഫ്‌. കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും ചര്‍ച്ചയില്‍ പങ്കെടുത്തെന്ന്‌ അന്‍വര്‍ ആരോപിച്ചെങ്കിലും ബെന്നി നിഷേധിച്ചു. പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണു ലീഗുകാരെന്ന്‌ അന്‍വര്‍ പരിഹസിച്ചു. എസ്‌.ഡി.പി.ഐയുമായി സഹകരണമില്ലെന്നും കൂടിക്കാഴ്‌ച യാദൃച്‌ഛികമായിരുന്നെന്നുമാണു കുഞ്ഞാലിക്കുട്ടിയുടെയും മുഹമ്മദ്‌ ബഷീറിന്റെയും നിലപാട്‌. ഈ വിശദീകരണം തൃപ്‌തികരമാണെന്നു ലീഗ്‌ ഉന്നതാധികാരസമിതി അംഗം പാണക്കാട്‌ സാദിഖലി തങ്ങളും വ്യക്‌തമാക്കി.

വി.പി. നിസാര്‍

Ads by Google
Ads by Google
Loading...
TRENDING NOW