Tuesday, May 21, 2019 Last Updated 25 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

"നിങ്ങള്‍ മതങ്ങളിലേക്കു ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ മതമേലധികാരികളിലേക്കു പടരുന്നു"

uploads/news/2019/03/294854/k2.jpg

കണ്ണൂര്‍/കോട്ടയം: "നിങ്ങള്‍ മതങ്ങളിലേക്കു ചുരുങ്ങുമ്പോള്‍, ഞങ്ങള്‍ മനുഷ്യരിലേക്കു പടരുന്നു"- അടുത്തിടെവരെ സൈബര്‍ സഖാക്കളുടെ പ്ര?ഫൈല്‍ മുദ്രാവാക്യമായിരുന്നു ഇത്‌. ഒപ്പം ചുരുട്ടിയ മുഷ്‌ടിയുടെ പടവും. ഇതേ പ്ര?ഫൈലുകളില്‍ ഇപ്പോള്‍ ചുരുട്ടിയ വാലുമായി സ്വന്തം നേതാക്കള്‍ മത-സാമുദായികനേതാക്കളുടെ തിണ്ണ നിരങ്ങുന്ന ചിത്രങ്ങളാണ്‌.
നാലു വോട്ടിനു വേണ്ടി നട്ടെല്ല്‌ പണയം വയ്‌ക്കില്ലെന്നു പറഞ്ഞ നേതാക്കളുടെ നിറംമാറ്റം കണ്ട്‌ അണികള്‍ മൂക്കത്തു വിരല്‍വയ്‌ക്കുന്നു. നികൃഷ്‌ടജീവിയെന്നും രാക്ഷസനെന്നുമൊക്കെ ആക്ഷേപിക്കപ്പെട്ട ബിഷപ്പും തന്ത്രിയും തെരഞ്ഞെടുപ്പായതോടെ "പേരുദോഷം" മാറിയ ആശ്വാസത്തിലാണ്‌. അരമനയിലേക്കും മഠത്തിലേക്കുമൊക്കെ സ്‌ഥാനാര്‍ഥിപ്രവാഹം. ലോക്‌സഭയില്‍ "സഭ"യുണ്ടല്ലോ; ജനാധിപത്യത്തിനു "ശ്രീകോവിലും". എല്ലാവര്‍ക്കും അനുഗ്രഹം മാത്രം പോരാ; അനുഗ്രഹം വാങ്ങുന്നതിന്റെ ഫോട്ടോയും വേണം. അതിനായി വൈദികര്‍ക്കൊപ്പം കേക്ക്‌ മുറിക്കുന്നു, പൂജാരിയില്‍നിന്നു പ്രസാദം വാങ്ങിക്കഴിക്കുന്നു...എല്ലാം കണ്ട്‌ ജനം ചിരിക്കുന്നു.
എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ എല്ലാവരും പോയതു ക്രൈസ്‌തവ അരമനകളിലേക്കും എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി. തുടങ്ങിയ സാമുദായികസംഘടനകളുടെ ആസ്‌ഥാനത്തേക്കുമാണ്‌. യു.ഡി.എഫ്‌, ബി.ജെ.പി. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ഈ കാഴ്‌ച ആവര്‍ത്തിക്കും. പ്രഖ്യാപനത്തിനു മുമ്പേ സീറ്റ്‌ ഉറപ്പിച്ച ബി.ജെ.പി. നേതാവ്‌ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിലെ അരമനകളിലും ആശ്രമങ്ങളിലുമെല്ലാം മുന്‍കൂര്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ആലത്തൂരിലെ സി.പി.എം. സ്‌ഥാനാര്‍ഥി പി.കെ. ബിജുവിന്റെ പ്രചാരണയോഗത്തില്‍ ളോഹയണിഞ്ഞ വൈദികര്‍ എത്തിയതിനെതിരേ അനില്‍ അക്കര എം.എല്‍.എ. തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കിയിരിക്കുകയാണ്‌.
ളോഹ "മതചിഹ്ന"മാണെന്നും അതു പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതു പെരുമാറ്റച്ചട്ടലംഘനമാണെന്നുമാണ്‌ ആരോപണം.
1959-ലെ വിമോചനസമരകാലത്തു നായര്‍, ക്രിസ്‌ത്യന്‍ സമുദായങ്ങള്‍ രാഷ്‌ട്രീയത്തിലിടപെട്ട്‌ തെരുവിലിറങ്ങിയെങ്കിലും ഇന്നത്തെ നിലയില്‍ പ്രീണനരാഷ്‌ട്രീയം രൂപപ്പെട്ടതു പിന്നീടാണ്‌. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, ജാതിയും മതവുമടക്കം ചോദിച്ച്‌, 140 നിയമസഭാ മണ്ഡലങ്ങളിലും സി.പി.എം. സര്‍വേ നടത്തിയിരുന്നു. സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കു വേണ്ടിയാണു സര്‍വേ എന്നായിരുന്നു പുറമേക്കുള്ള പ്രചാരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പും സമാനസര്‍വേ നടന്നു. ഇതേത്തുടര്‍ന്നായിരുന്നു സ്‌ഥാനാര്‍ഥി നിര്‍ണയം പോലും. ജാതിക്കോളം പൂരിപ്പിച്ചുകിട്ടാന്‍ വീടുകള്‍ കയറിയിറങ്ങിയവര്‍തന്നെ പിന്നീടു ശബരിമല വിവാദകാലത്ത്‌, "ഞങ്ങളിലില്ലാ ഹൈന്ദവരക്‌തം, ഞങ്ങളിലില്ലാ മുസ്ലിം രക്‌തം, ഞങ്ങളിലില്ലാ ക്രൈസ്‌തവരക്‌തം. ഞങ്ങളിലുള്ളതു മാനവരക്‌തം" എന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തിയതു വൈരുദ്ധ്യാത്മകഭൗതികവാദമായിരിക്കാം!
ക്രൈസ്‌തവസ്വാധീനമുള്ള മധ്യകേരളത്തിലെ പ്രചാരണപരിപാടികളില്‍ വൈദികവേഷധാരികള്‍ കൂടിയേതീരൂവെന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിയിട്ടുണ്ട്‌. എല്‍.ഡി.എഫിന്റെ കേരളസംരക്ഷണയാത്രയില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനൊപ്പം പങ്കെടുത്ത വൈദികനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം കോട്ടയത്തു നടന്ന ഒരു തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ വൈദികനെ പങ്കെടുപ്പിക്കുന്നതിനായി പാര്‍ട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്കു കാറയച്ചു. സ്വകാര്യസ്‌ഥാപനത്തില്‍ ജീവനക്കാരനായ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അന്നാണു വൈദികവേഷത്തില്‍ കാണുന്നത്‌.
ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു പാസ്‌റ്ററെയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വേഷം കെട്ടിച്ച്‌ കൊണ്ടുവന്നു. പള്ളിത്തര്‍ക്കത്തില്‍ പരസ്‌പരം കൈയോങ്ങി നില്‍ക്കുന്ന യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍പ്പെട്ട്‌ ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ള പുലിവാല്‍ പിടിച്ചതും കഴിഞ്ഞദിവസമാണ്‌. യാക്കോബായ സുന്നഹദോസ്‌ സെക്രട്ടറി തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചശേഷം, കോട്ടയത്തു നടന്ന മറ്റൊരു ചടങ്ങില്‍ പങ്കെടുത്ത്‌, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നു പറഞ്ഞതോടെയാണു പിള്ള വെട്ടിലായത്‌. സംഗതി വലിയ പിടിയില്ലാത്ത ബി.ജെ.പിക്കാരാകട്ടെ രണ്ടും പരിപാടികളും ഫെയ്‌സ്ബുക്കിലിട്ടു. ഇടതുസ്‌ഥാനാര്‍ഥികളുടെ ആധ്യാത്മികപ്രേമം കണ്ട്‌ അങ്കലാപ്പിലായതു യു.ഡി.എഫാണ്‌. യു.ഡി.എഫിന്റെ സാമുദായികപ്രീണനം രഹസ്യമല്ലെങ്കിലും, സ്‌ഥാനാര്‍ഥി പ്രഖ്യാപനമാകുമ്പോഴേക്ക്‌ "അനുഗ്രഹം" മുഴുവന്‍ ഇടതര്‍ കൊണ്ടുപോകുമോയെന്നാണ്‌ ആശങ്ക.

കെ. സുജിത്ത്‌/ഷാലു മാത്യു

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW