Sunday, May 19, 2019 Last Updated 48 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

'കൈ' വിട്ടൊരു കളിയില്ലെന്നു രാഹുല്‍ : ഇടുക്കിയില്‍ ജോസഫല്ല ; വടകരയില്‍ രമ തനിയെ

uploads/news/2019/03/294853/k1.jpg

തര്‍ക്കങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും, സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും. ഡല്‍ഹിയില്‍ ചേരുന്ന തെരഞ്ഞെടുപ്പ്‌ സമിതി സ്‌ഥാനാര്‍ഥിപ്പട്ടികയ്‌ക്ക്‌ അംഗീകാരം നല്‍കുമെന്നാണു സൂചന. ഇന്നലെ സ്‌ക്രീനിങ്‌ കമ്മിറ്റി ചേര്‍ന്നെങ്കിലും എട്ടു മണ്ഡലങ്ങളിലെ തര്‍ക്കത്തിനു പൂര്‍ണപരിഹാരമായില്ല.
ഇടുക്കി സീറ്റില്‍ കേരളാ കോണ്‍ഗ്രസി(എം)ലെ പി.ജെ. ജോസഫിനെയും വടകരയില്‍ ആര്‍.എം.പിയിലെ കെ.കെ. രമയേയും പൊതുസ്വതന്ത്രരായി മത്സരിപ്പിക്കില്ല. സ്‌ക്രീനിങ്‌ കമ്മിറ്റി യോഗത്തിനു മുമ്പ്‌ സംസ്‌ഥാനത്തുനിന്നുള്ള നേതാക്കള്‍ പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റുകളായ എറണാകുളത്തും പത്തനംതിട്ടയിലും അനിശ്‌ചിതത്വം തുടരുകയാണ്‌. എറണാകുളത്തു കെ.വി. തോമസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും ശക്‌തമായ എതിര്‍പ്പു നേരിടുന്നു. ചര്‍ച്ചയ്‌ക്കിടെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്‌ കെ.വി തോമസിനെ വിളിച്ചുവരുത്തി സംസാരിച്ചു. പാര്‍ട്ടി പറയുന്നത്‌ അനുസരിക്കുമെന്നു തോമസ്‌ പിന്നീടു പ്രതികരിച്ചു.
കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയോട്‌ ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ സീറ്റ്‌ വിട്ടുകൊടുക്കേണ്ടതില്ലെന്നു രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ഡീന്‍ കുര്യാക്കോസ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, പി.സി. ചാക്കോ എന്നിവര്‍ കണ്ണുവയ്‌ക്കുന്ന ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌. വടകരയില്‍ ആര്‍.എം.പി. നേതാവ്‌ കെ.കെ. രമ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിന്തുണയ്‌ക്കാമെന്നായിരുന്നു കോണ്‍ഗ്രസ്‌ സംസ്‌ഥാനനേതൃത്വത്തിന്റെ നിലപാട്‌. എന്നാല്‍, സിറ്റിങ്‌ സീറ്റ്‌ വിട്ടുകൊടുക്കേണ്ടന്നു രാഹുല്‍ നിര്‍ദേശിച്ചതോടെ ഇവിടെയും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയുണ്ടാകും. സി.പി.എമ്മിന്റെ പി. ജയരാജനെതിരേ സിറ്റിങ്‌ എം.പിയും കെ.പി.സി.സി. അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.
ആലപ്പുഴയില്‍ സിറ്റിങ്‌ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനു പകരം, ആറ്റിങ്ങലില്‍ പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിനാണു മുന്‍തൂക്കം. എന്നാല്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്‌ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്തവണ മത്സരത്തില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും വേണുഗോപാലും രാഹുലിനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം ഇന്നു തെരഞ്ഞെടുപ്പ്‌ സമിതിയില്‍ ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കാമെന്നാണു രാഹുലിന്റെ നിലപാട്‌. വേണുഗോപാലിനെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയും ചര്‍ച്ചചെയ്യും.

പി.ജെ. ജോസഫിനോട്‌ എതിര്‍പ്പില്ലെന്ന്‌ ഇടുക്കി ഡി.സി.സി.

തൊടുപുഴ: ഇടുക്കിയില്‍ ആരു മത്സരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്നു ഡി.സി.സി. അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍.
കേരളാ കോണ്‍ഗ്രസ്‌(എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ സ്‌ഥാനാര്‍ഥിത്വത്തെ ഡി.സി.സി. എതിര്‍ത്തെന്ന പ്രചാരണം ശരിയല്ല. ജോസഫും വിജയസാധ്യതയുള്ള നേതാവാണ്‌. യുഡിഎഫിനുവേണ്ടി ആരു മത്സരിച്ചാലും വിജയിക്കും. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ നേതൃത്വത്തെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

ശുഭപ്രതീക്ഷയെന്ന്‌ ജോസഫ്‌

തൊടുപുഴ: സ്‌ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷയില്‍ത്തന്നെയാണെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌. കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുകയാണ്‌. കോണ്‍ഗ്രസിന്റെ തീരുമാനം അറിഞ്ഞശേഷം നിലപാട്‌ വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW