Tuesday, May 21, 2019 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

ചാലക്കുടിയില്‍ ട്വന്റി ട്വന്റി ചാര്‍ളി പോളിലേക്ക്‌?

uploads/news/2019/03/294850/k12.jpg

കൊച്ചി : ഇരുമുന്നണികളെയും അപ്രസക്‌തരാക്കി എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത്‌ പഞ്ചായത്തുഭരണം പിടിച്ചെടുത്ത ട്വന്റി ട്വന്റി ആദ്യമായി മുഖ്യധാര രാഷ്‌ട്രീയത്തില്‍ പരീക്ഷണത്തിനിറങ്ങുന്ന ചാലക്കുടിയില്‍ സ്‌ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാവും. പരിഗണിക്കുന്ന പല പേരുകളില്‍ ഹൈക്കോടതി അഭിഭാഷകനായ ചാര്‍ളിപോളിനാണ്‌ മുന്‍ഗണന. കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥി പ്രഖ്യാപനം എത്താന്‍വേണ്ടി കാത്തുനില്‍ക്കുകയാണ്‌ ട്വന്റി ട്വന്റി.
സംസ്‌ഥാനത്തെ ഒരു വ്യവസായ പ്രമുഖനെയാണ്‌ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും സ്‌ഥാനാര്‍ഥിക്ക്‌ കോര്‍പറേറ്റ്‌ മുഖം വേണ്ടെന്ന അഭിപ്രായമുയര്‍ന്നു. ഇതോടെയാണ്‌ കെ.സി.ബി.സിയുടെ മദ്യവിരുദ്ധ സമിതി സംസ്‌ഥാന നേതാവുകൂടിയായ ചാര്‍ളി പോളിനെ പരിഗണിക്കാന്‍ ട്വന്റി ട്വന്റിയെ നയിക്കുന്ന കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ തീരുമാനിച്ചത്‌. കിഴക്കമ്പലം സമ്പൂര്‍ണ മദ്യവിരുദ്ധ പഞ്ചായത്താക്കുമെന്ന പ്രചാരണം നടത്തുന്ന സംഘടന അതിന്‌ യോജിച്ച സ്‌ഥാനാര്‍ഥിയെ പ്രതിനിധിയായി രംഗത്തിറക്കുകയാണ്‌.
പ്രത്യേക രാഷ്‌ട്രീയ ചായ്‌വ്‌ പ്രകടമാക്കാതെ ഇരുമുന്നണിയോടും അകലം പാലിക്കുന്ന സംഘടനയ്‌ക്ക്‌ ചാലക്കുടിയിലേത്‌ ഒരു പുതുപരീക്ഷണമാണ്‌. കിഴക്കമ്പലത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വവുമായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടവും സി.പി.എമ്മുമായി നേരിട്ടുള്ള ഏറ്റുമുട്ടലും നടത്തി വളര്‍ന്ന ട്വന്റി ട്വന്റി, 19 അംഗ പഞ്ചായത്തില്‍ 17 സീറ്റു നേടിക്കൊണ്ടാണ്‌ സാന്നിധ്യം ഉറപ്പിച്ചത്‌. ഈ ആത്മവിശ്വാസമാണ്‌ ചാലക്കുടി പാര്‍ലമെന്റ്‌ സീറ്റിലെ പരീക്ഷണത്തിന്‌ പ്രേരണ.
ഇടതുസ്‌ഥാനാര്‍ഥിയായ ഇന്നസെന്റിനു ലഭിക്കാവുന്ന കത്തോലിക്കാ വോട്ടുകളില്‍ വിള്ളല്‍ വരുത്താനാണ്‌ ചാര്‍ളി പോളിനെ രംഗത്തിറക്കുന്നത്‌. യു.ഡി.എഫില്‍ സ്‌ഥാനാര്‍ഥി ബെന്നി ബഹന്നാനാണെങ്കില്‍ യാക്കോബായ സഭാ നേതൃത്വവുമായി ശക്‌തമായ ബന്ധമുള്ള കിറ്റെക്‌സ്‌ ഗ്രൂപ്പിന്‌ ആ വോട്ടുകളെയും സ്വാധീനിക്കാനാവും. പുറമെ കമ്പനിയുടെ പ്രാരംഭകാലംതൊട്ട്‌ രാഷ്‌ട്രീയ എതിരാളിയായി നിലകൊണ്ടിട്ടുള്ള ബെന്നി ബഹന്നാനെ അതേ ആവേശത്തോടെ നേരിടാനൊരവസരവും. കിഴക്കമ്പലം പഞ്ചായത്ത്‌ ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി ട്വന്റിക്ക്‌ സ്വന്തമായുള്ള കാല്‍ലക്ഷത്തോളം വോട്ടും നിര്‍ണായകമാവുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്‌ അവരുടെ പ്രതീക്ഷ.

രാജു പോള്‍

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW