Tuesday, May 21, 2019 Last Updated 47 Min 28 Sec ago English Edition
Todays E paper
Ads by Google
കെ.സുജിത്ത്‌
Saturday 16 Mar 2019 01.10 AM

ചാഞ്ചാടിയാടി കണ്ണൂര്‍

uploads/news/2019/03/294848/KNRpc160319.jpg

കണ്ണൂര്‍ : സംസ്‌ഥാനത്ത്‌ സി.പി.എമ്മിന്‌ ഏറ്റവും ശക്‌തമായ സംഘടനാ സംവിധാനമുള്ള ജില്ലയാണെങ്കിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം ആ കണക്കിനൊപ്പമല്ല. ഇടത്‌- വലത്‌ സ്‌ഥാനാര്‍ഥികളെ പലപ്പോഴായി മണ്ഡലം മാറി മാറി തുണച്ചിട്ടുണ്ട്‌.

എല്‍.ഡി.എഫിനൊപ്പമുള്ള കണ്ണൂര്‍, ധര്‍മ്മടം, തളിപ്പറമ്പ്‌, മട്ടന്നൂര്‍ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമുള്ള അഴീക്കോട്‌, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളുമാണ്‌ ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലങ്ങള്‍ കണ്ണൂരില്‍ ഉള്‍പ്പെടുന്നു.

1951-ല്‍ എകെജിയെ പാര്‍ലമെന്റിലേക്ക്‌ അയച്ചുകൊണ്ടാണ്‌ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത്‌. മണ്ഡലം പിന്നീട്‌ 1957-ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. 1962-ല്‍ എസ്‌. കെ. പൊറ്റക്കാടിനെ വിജയിപ്പിച്ച്‌ മണ്ഡലം ഇടത്തോട്ടു ചാഞ്ഞു. 1977-ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ സി.പി.ഐ.യുടെ സി.കെ. ചന്ദ്രപ്പന്‍ സി.പി.എമ്മിനെ തോല്‍പ്പിച്ചു.

1980-ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ഇടതിനൊപ്പം ചേര്‍ന്നപ്പോള്‍ എല്‍.ഡി.എഫിലെ ആന്റണി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി കെ. കുഞ്ഞമ്പു തെരെഞ്ഞെടുക്കപ്പെട്ടു. 1984-മുതല്‍ പിന്നീടങ്ങോട്ട്‌ അഞ്ചു തവണ തുടര്‍ച്ചയായി യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കണ്ണൂരിന്റെ ജനപ്രതിനിധി. 1999-ല്‍ സി.പി.എമ്മിലെ എ.പി. അബ്‌ദുള്ളക്കുട്ടി മണ്ഡലം തിരിച്ചുപിടിച്ചു.

2004-ലും അബ്‌ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായി. 2009-ല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച്‌ സംസാരിച്ചതിന്റെ പേരില്‍ അബ്‌ദുള്ളക്കുട്ടിയെ കണ്ണൂര്‍ മയ്യില്‍ ഏരിയാ കമ്മിറ്റി ഒരു വര്‍ഷത്തേക്ക്‌ സസ്‌പന്റ്‌ ചെയ്‌തു. തുടര്‍ന്ന്‌ അദ്ദേഹം സി.പി.എം. വിട്ട്‌ കോണ്‍ഗ്രസിലേക്ക്‌ ചേക്കേറി. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ കണ്ണൂര്‍ പിടിച്ചെടുത്തു. എന്നാല്‍ 2014-ല്‍ രണ്ടാമങ്കത്തിനിറങ്ങിയ സുധാകരന്‌ തിരിച്ചടി നേരിട്ടു. എല്‍.ഡി.എഫിലെ പി.കെ ശ്രീമതി 6566 വോട്ടിന്‌ സുധാകരനെ തോല്‍പ്പിച്ചു.

ഇത്തവണയും ശ്രീമതിയും സുധാകരനും തന്നെയാണ്‌ ഏറ്റുമുട്ടുന്നത്‌. നിലവിലെ സാഹചര്യത്തില്‍ നിയമസഭാ ഫലത്തിന്റെ കണക്ക്‌ നോക്കിയാല്‍ എല്‍.ഡി.എഫിന്‌ ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. അതേ സമയം2009-ലെ തിരഞ്ഞെടുപ്പില്‍ കെകെ രാഗേഷിന്‌ എതിരെ കെ. സുധാകരന്റെ ഭൂരിപക്ഷം 43,121 വോട്ടായിരുന്നു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലപരിധിയില്‍ വരുന്ന ഓരോ നിയമസഭാ മണ്ഡലത്തിലും എല്‍.ഡി.എഫിനും യു.ഡി.എഫിനും കിട്ടിയ ഭൂരിപക്ഷം ഇപ്രകാരമാണ്‌.

2014-ലെ ലോക്‌സഭ: എല്‍.ഡി.എഫ്‌- ഭൂരിപക്ഷം: തളിപ്പറമ്പ്‌ (14,219), ധര്‍മടം (14,961), മട്ടന്നൂര്‍ (19733),
യു.ഡി.എഫ്‌.: ഭൂരിപക്ഷം: ഇരിക്കൂര്‍ (22,115), അഴീക്കോട്‌ (5010), കണ്ണൂര്‍ (3053), പേരാവൂര്‍ (8209)
2016ലെ നിയമസഭ: എല്‍.ഡി.എഫ്‌: ഭൂരിപക്ഷം: തളിപ്പറമ്പ്‌ (40,617), കണ്ണൂര്‍ (1196), ധര്‍മടം(36,905), മട്ടന്നൂര്‍ (43,381).
യു.ഡി.എഫ്‌: ഭൂരിപക്ഷം: ഇരിക്കൂര്‍ (9647), അഴീക്കോട്‌ (2287), പേരാവൂര്‍ (7889)
എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യുടെ വോട്ടില്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക്‌ ലഭിച്ച 51,636 വോട്ട്‌ നിയമസഭാതിരഞ്ഞെടുപ്പില്‍ 89,346 വോട്ടായി വര്‍ധിച്ചിട്ടുണ്ട്‌.

മണ്ഡലം നിലനിര്‍ത്തുക എന്നത്‌ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നവുമാണ്‌. അതേസമയം, പുതിയ സാഹചര്യത്തില്‍ കണ്ണൂര്‍ തിരിച്ചുപിടിക്കുകയെന്നത്‌ ഇടതു മണ്ഡലങ്ങളിലെ സി.പി.എമ്മിന്റെ ഉറച്ച വോട്ട്‌ ബാങ്കിനെ നേരിടാന്‍ മലയോര മേഖലയിലെ ന്യൂനപക്ഷ വോട്ടുകളിലാണ്‌ യു.ഡി.എഫ്‌. കൂടുതല്‍ പ്രതീക്ഷ വക്കുന്നത്‌.

കണ്ണൂരിലെ അക്രമ രാഷ്‌ട്രീയമാണ്‌ യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം. എം.പി. എന്ന നിലയില്‍ പി. കെ. ശ്രീമതി അഞ്ചുവര്‍ഷം കൊണ്ട്‌ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സംസ്‌ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ്‌ എല്‍.ഡി.എഫിന്റെ പ്രധാന പ്രചാരണം, നിലവില്‍ 1212678 വോട്ടര്‍മാരാണ്‌ ഈ നിയോജക മണ്ഡലത്തില്‍ ഉള്ളത്‌.

കഴിഞ്ഞ തവണത്തേക്കാള്‍ 42412 വോട്ടര്‍മാര്‍ അധികം. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ രാഷ്ര്‌ടീയ വോട്ടുകള്‍ക്കൊപ്പം ജാതി, സാമുദായിക സമവാക്യങ്ങള്‍ ഗതിനിര്‍ണയിക്കുന്ന മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട്‌ കണ്ണൂരിന്‌.

ആകെ വോട്ടര്‍മാര്‍( 2019) -12. 12. 678
സ്‌ത്രീ വോട്ടര്‍മാര്‍-6. 42. 663
പുരുഷന്മാര്‍- 5,70,043
ട്രാന്‍സ്‌ ജെന്റേഴ്‌സ്‌-2
പ്രവാസിവോട്ട്‌:5492
വോട്ടുനില (2014)
പി.കെ. ശ്രീമതി (സി.പി.എം.)-4,27,622
കെ. സുധാകരന്‍ (കോണ്‍)-4,21,056
പി.സി. മോഹനന്‍ (ബി.ജെ.പി)-51,636

Ads by Google
കെ.സുജിത്ത്‌
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW