Tuesday, May 21, 2019 Last Updated 44 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

ഒറ്റയ്‌ക്കോടി എല്‍.ഡി.എഫ്‌.

uploads/news/2019/03/294847/k9.jpg

എറണാകുളം

സുരക്ഷിത മണ്ഡലമെന്നു കരുതുന്ന എറണാകുളത്തും യു.ഡി.എഫിനു കാര്യങ്ങള്‍ അത്ര പന്തിയല്ല. സി.പി.എം. ജില്ലാ സെക്രട്ടറിയും രാജ്യസഭാ മുന്‍ എം.പിയുമായ പി. രാജീവിന്റെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിത്വം തന്നെ പ്രധാന വെല്ലുവിളി.
രാജീവിന്റെ വരവോടെ മുതിര്‍ന്ന നേതാവായ കെ.വി. തോമസിനെ മാറ്റി യുവരക്‌തമായ ഹൈബി ഈഡനെ രംഗത്തിറക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്‌തമായി. ഇതോടെ ഇന്നലെ നടന്ന സ്‌ക്രീനിങ്‌ കമ്മിറ്റിയിലേക്കു കെ.വി. തോമസിനെ വിളിച്ചുവരുത്തി നിലപാട്‌ ആരാഞ്ഞു. അനിശ്‌ചിതത്വം നിലനില്‍ക്കുന്നതിനാല്‍ എറണാകുളത്ത്‌ സ്‌ഥാനാര്‍ഥിയുടെ പേര്‌ ഒഴിവാക്കിയാണു ചുവരെഴുത്തുക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. കോണ്‍ഗ്രസില്‍ അന്തിമതീരുമാനം നീളുമ്പോള്‍ അവസരം മുതലെടുത്തു പ്രചാരണത്തില്‍ എല്‍.ഡി.എഫ്‌. മുന്നിലെത്തി. ഒരാഴ്‌ച മുമ്പേ പി. രാജീവിനായുള്ള ചുവരെഴുത്തുകള്‍ നഗരത്തില്‍ കാണാമായിരുന്നു. സ്‌ഥാനാര്‍ഥിയെ സംബന്ധിച്ച അവ്യക്‌തതയില്‍ ബി.ജെ.പി. പ്രവര്‍ത്തകരും പിരിമുറുക്കത്തിലാണ്‌.

തൃശൂര്‍

നിലവിലെ ലോക്‌സഭയിലെ സി.പി.ഐയുടെ ഏകപ്രതിനിധി സി.എന്‍. ജയദേവന്‍ കളമൊഴിഞ്ഞ തൃശൂര്‍ മണ്ഡലത്തില്‍ ഇക്കുറി രാജാജി മാത്യു തോമസാണ്‌ ഇടതു സ്‌ഥാനാര്‍ഥി. മറുപക്ഷത്തു കോണ്‍ഗ്രസും ബി.ജെ.പിയും സ്‌ഥാനാര്‍ഥിക്കായുള്ള കാത്തിരിപ്പിലാണ്‌. താന്‍ മത്സരിക്കണമെന്ന ആവശ്യം നിരാകരിച്ച കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍, ഡി.സി.സി. പ്രസിഡന്റ്‌ കൂടിയായ ടി.എന്‍. പ്രതാപനെ പോരിനിറക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്‌.
കെ. സുരേന്ദ്രന്റെയും ബി.ഡി.ജെ.എസ്‌. നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പേരുകളാണു ബി.ജെ.പി. പട്ടികയില്‍ മുന്നില്‍.

ചാലക്കുടി

സിറ്റിങ്‌ എം.പി: ഇന്നസെന്റാണ്‌ ഇത്തവണയും ചാലക്കുടിയില്‍ ഇടതുമുന്നണിക്കായി അങ്കം കുറിക്കുന്നത്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി കണ്‍വീനര്‍ ബെന്നി ബെഹനാന്റെ സ്‌ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കെ സീനിയര്‍ നേതാവ്‌ പി.സി. ചാക്കോ ഗോദയില്‍ കസേരയുറപ്പിക്കാനുള്ള നീക്കത്തിലാണ്‌. ബി.ജെ.പി. നിരയില്‍ ജില്ലാ പ്രസിഡന്റ്‌ എ. നാഗേഷ്‌, ബി.ജെ.പി. വക്‌താവ്‌ അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍ എന്നിവരുടെ പേരുകള്‍ക്കാണ്‌ മുന്‍തൂക്കം. പാലക്കാട്‌ സീറ്റില്ലെങ്കില്‍ ശോഭാ സുരേന്ദ്രനും സാധ്യത കല്‍പ്പിക്കപ്പെടുന്നു.

പാലക്കാട്‌, ആലത്തൂര്‍

അസംബ്ലി മണ്ഡലംതല കണ്‍വന്‍ഷനുകളും പര്യടനവുമായി പാലക്കാട്‌, ആലത്തൂര്‍ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളായ എം.ബി. രാജേഷും പി.കെ. ബിജുവും സജീവം. യു.ഡി.എഫും ബി.ജെ.പിയും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്‌ചിതാവസ്‌ഥ തീരാനുള്ള കാത്തിരിപ്പിലാണ്‌. എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികളുടെ പേരും ചിത്രവുമുള്ള ബോര്‍ഡുകളും ചുവരെഴുത്തുകളും മണ്ഡലത്തില്‍ നിറഞ്ഞു തുടങ്ങി. അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകളും ആരംഭിച്ചു.
പാലക്കാട്‌ ഡി.സി.സി. പ്രസിഡന്റ്‌ വി.കെ. ശ്രീകണ്‌ഠന്‍ സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ ധാരണ. ഷാഫി പറമ്പില്‍ എം.എല്‍.എയെ എ.ഐ.സി.സി. നിയോഗിക്കാനുള്ള സാധ്യത വന്നതാണ്‌ ശ്രീകണ്‌ഠന്റെ കാര്യത്തിലുണ്ടായ ഏക തിരിച്ചടി. ശോഭാ സുരേന്ദ്രനും സെക്രട്ടറി സി. കൃഷ്‌ണകുമാറും തമ്മിലാണ്‌ പാലക്കാട്ട്‌ മത്സരം. ആലത്തൂരില്‍ ഇരുമുന്നണികളിലും അനിശ്‌ചിതത്വം തുടരുകയാണ്‌.
തുടരും

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW